UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം; അന്ധവിശ്വാസങ്ങള്‍ക്കെതിരെ വേണ്ടത് കടുത്ത നടപടി

Avatar

ഇന്നലെ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ജനിച്ച കൊച്ചു കുഞ്ഞിനു അന്ധ വിശ്വാസത്തിന്റെ പേരില്‍ സ്വന്തം പിതാവ് മുലപ്പാല്‍ നിഷേധിച്ച സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഒരു സിദ്ധന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അച്ഛന്‍ കുഞ്ഞിന് 24 മണിക്കൂര്‍ നേരം മുലപ്പാല്‍ നിഷേധിച്ചത്. ഒരു ചോരക്കുഞ്ഞിന് കിട്ടേണ്ട ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശം പോലും നിഷേധിക്കുന്ന ഇത്തരം അന്ധവിശ്വാസത്തെ ഗൌരവതരമായി കാണണം എന്നഭ്യര്‍ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചിരിക്കുക നാസിറുദ്ദീന്‍ ചേന്നമംഗല്ലൂര്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് നാസിറുദ്ദീന്‍ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന സമഗ്രമായ അന്വേഷണവും തുടര്‍ നടപടികളും വഴി മാത്രമേ കേരളത്തിലെ ആരോഗ്യ, സാമൂഹിക മേഖലയെ ബാധിച്ച ഈ അര്‍ബുദത്തെ തോല്‍പിക്കാനാവൂ. നിഷ്‌ക്രിയമായ ഭരണ നടപടികള്‍ കൂടിയാണിവരെ വളര്‍ത്തിയത്. ജനകീയ സര്‍ക്കാര്‍ എന്ന വാക്കിനോട് നീതി പുലര്‍ത്തുന്ന രീതിയില്‍ താങ്കളുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ അടിയന്തിര തിരുത്തല്‍ നടപടികള്‍ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം; 

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, 

ഇന്നലെ ഒരു ചോരക്കുഞ്ഞിന് ക്രൂരമായി മുലപ്പാൽ നിഷേധിക്കപ്പെട്ട കാര്യം താങ്കളുടെ ശ്രദ്ധയിൽ പെട്ടു കാണുമല്ലോ? ഒരു കുഞ്ഞിന് കിട്ടേണ്ട ഏറ്റവും അടിസ്ഥാനമായ മനുഷ്യാവകാശമാണ് മുലപ്പാലും നല്ല ചികിൽസയും. ഒരക്ഷരം ഉരിയാടാൻ പോലും സാധിക്കാത്ത കുട്ടിയുടെ ഇത്ര സ്വാഭാവികമായ അവകാശത്തെ പോലും നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തീർത്തും ഗൗരവമുള്ളതും അപകടകരമായ കുറേ സൂചനകൾ നൽകുന്നതുമാണ്.

ഞങ്ങളുടെ നാട്ടിൽ നിന്നും നാല് കിലോമീറ്റർ മാത്രം അപ്പുറത്താണ് ഈ സംഭവം നടന്നത്. കുഞ്ഞിന്റെ പിതാവിന്റെ വാശിക്ക് കാരണമായത് സമീപ പ്രദേശത്തുള്ള സിദ്ധന്റെ/തങ്ങളുടെ ‘ചികിൽസ’ യുടെ ഭാഗമായ മാർഗ നിർദേശങ്ങളാണ്. ഇവിടെ ശ്രദ്ധേയമായ കാര്യം ഈയൊരു സംഭവം വാർത്തയിൽ ഇടം പിടിച്ചത് അപൂർവ്വത കൊണ്ടല്ല, യാദൃശ്ചികത മൂലമാണെന്നതാണ്. ഇതേ പിതാവ് ഇപ്പോൾ 8 വയസ്സായ തന്റെ കുഞ്ഞിനും ഇങ്ങനെ നൽകിയില്ലായിരുന്നു എന്ന് പറയുന്നുണ്ട്. ഈ പറയുന്ന സിദ്ധന്റെയടുത്ത് നൂറ് കണക്കിന് രോഗികളാണ് ഓരോ ദിവസവും വന്ന് ‘ചികിൽസ’ തേടുന്നത്. തൊട്ടടുത്തുള്ള മറ്റൊരു സിദ്ധന്റെയടുത്ത് ഇതിൽ കൂടുതലും. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച NIT, IIM എന്നിവ അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തൊട്ടടുത്താണ് ഇവരുടെ പ്രവർത്തനങ്ങൾ എന്നത് വിരോധാഭാസമായി തോന്നാം. പ്രകൃതി ചികിൽസയെന്ന പേരിൽ നടക്കുന്ന തട്ടിപ്പ് സ്ഥാപനങ്ങൾ വേറെയും. നിഗൂഢതയും ദുരൂഹതയും മുഖമുദ്രയാക്കിയ ഈ സ്ഥാപനങ്ങളുടെ വയൽ നികത്തൽ അടക്കമുള്ള നിയമ ലംഘനങ്ങൾ പലരും ചൂണ്ടിക്കാണിച്ചെങ്കിലും നടപടിയൊന്നും ഉണ്ടാവുന്നില്ല. ഇവർ ‘ചികിൽസിച്ച് ‘ രോഗം മൂർച്ചിച്ചതും ജീവൻ നഷ്ടപ്പെട്ടതുമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും അന്വേഷണം പോലുമില്ലാതെ പോവുന്നതാണ് പതിവ്. സമീപ പ്രദേശങ്ങളിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളേക്കാൾ വലിയ കെട്ടിട സമുച്ചയങ്ങളുമായി ഇവർ തട്ടിപ്പ് തുടരുകയാണ്. മതവും വിശ്വാസവുമെല്ലാം ഇവർ സമർത്ഥമായി ചൂഷണം ചെയ്യുന്നു. വാക്സിനേഷൻ പോലുള്ള പല വിഷയങ്ങളിലും ഇതിന്റെ ഭീകരത നമ്മൾ കണ്ടു കഴിഞ്ഞു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടമാണ് നമ്മളേറെ അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന കേരള മോഡലിന്റെ കാതലായ വശം. ഇത് രണ്ടിനെയും അട്ടിമറിക്കുന്ന രീതിയിൽ ഇവിടെ അന്ധവിശ്വാസവും ചികിൽസാ രംഗത്തെ തട്ടിപ്പുകളും പിടിമുറുക്കിക്കഴിഞ്ഞു. യുക്തി ചിന്തയും ശാസ്ത്ര ബോധവും ഇല്ലാതെ വളരുന്ന തലമുറ അപകടകരമാണ്. അതിന്റെ പ്രത്യാഘാതങ്ങൾ കേവലം ആരോഗ്യരംഗത്ത് മാത്രം ഒതുങ്ങി നിൽക്കുമെന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തവുമാണ്. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഒരുപാട് സാമൂഹിക പരിഷ്കർത്താക്കളുടേയും മുന്നേറ്റങ്ങളുടേയും പ്രവർത്തന ഫലമായുണ്ടായ വലിയൊരു നേട്ടമാണ് ഇതിലൂടെ നഷ്ടപ്പെടാൻ പോവുന്നത്. മതവും വിശ്വാസവും ചൂഷണം ചെയ്ത് ഹിംസാത്മകമായ പ്രത്യയ ശാസ്ത്രങ്ങൾ അടിച്ചേൽപിക്കുന്ന വർത്തമാന സാഹചര്യത്തിൽ ഈ ഭീതി വളരെ വലുതാണ്.

മുലപ്പാൽ ഒരു വിസ്മയമാണ്. കുഞ്ഞിന്റെ ആരോഗ്യ, വൈകാരിക തലങ്ങളെ മുലപ്പാലിനോളം സ്പർശിക്കുന്ന മറ്റ് ഘടകങ്ങൾ അധികമുണ്ടാവില്ല. അതുപോലും നിഷേധിക്കുന്ന തലത്തിലേക്ക് ഇവിടെയുള്ള ചികിൽസാ തട്ടിപ്പുകളും മാഫിയകളും എത്തിച്ചേർന്നെങ്കിൽ സർക്കാർ നടപടികൾ ഇനിയൊട്ടും വൈകരുതെന്ന സന്ദേശമാണത് നൽകുന്നത്. ഈ തട്ടിപ്പുകാർ ഒറ്റപ്പെട്ട വ്യക്തികൾ എന്നതിനപ്പുറം ആരോഗ്യ രംഗത്ത് ഒരു സമാന്തര മാഫിയാ വ്യവസ്ഥിതി തന്നെ പടുത്തുയർത്തിയെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം.

അത് കൊണ്ട് കേവലം ഈയൊരു കേസിൽ ഇതിനെ ഒതുക്കി നിർത്താതെ സമീപ പ്രദേശങ്ങളിലും കേരളത്തിൽ മറ്റിടങ്ങളിലും ഉള്ള സമാന തട്ടിപ്പു സംഘങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് അപേക്ഷിക്കുന്നു. നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന സമഗ്രമായ അന്വേഷണവും തുടർ നടപടികളും വഴി മാത്രമേ കേരളത്തിലെ ആരോഗ്യ, സാമൂഹിക മേഖലയെ ബാധിച്ച ഈ അർബുദത്തെ തോൽപിക്കാനാവൂ. നിഷ്ക്രിയമായ ഭരണ നടപടികൾ കൂടിയാണിവരെ വളർത്തിയത്. ജനകീയ സർക്കാർ എന്ന വാക്കിനോട് നീതി പുലർത്തുന്ന രീതിയിൽ താങ്കളുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ അടിയന്തിര തിരുത്തൽ നടപടികൾ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.

സ്നേഹത്തോടെ,

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍