UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയഗാനത്തിനിടെ ലൈംഗിക ബന്ധത്തിന്റെ ചിത്രം; എസ്എഫ്‌ഐ മാഗസിന്‍ വിവാദത്തില്‍

ചിത്രത്തിലൂടെ ദേശീയ ഗാനത്തെയും പതാകയെയും അപമാനിക്കുകയാണെന്നാണ് ഒരുവിഭാഗം പറയുന്നത്

ദേശീയ ഗാനം ആലപിക്കുമ്പോള്‍ തിയറ്ററില്‍ നടത്തേണ്ടത് ലൈംഗിക ബന്ധമാണെന്ന് ചിത്രീകരിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് എസ്എഫ്‌ഐയുടെ കോളേജ് മാഗസിനെതിരെ പ്രതിഷേധം ശക്തം. തലശേരി ബ്രണ്ണന്‍ കോളേജ് മാസികയ്‌ക്കെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തിലൂടെ ദേശീയ ഗാനത്തെയും പതാകയെയും അപമാനിക്കുകയാണെന്നാണ് ഒരുവിഭാഗം പറയുന്നത്. തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനും ദേശീയ പതാക കാണിക്കുന്നതിനുമെതിരെയാണ് മാസികയില്‍ പരാമര്‍ശമുള്ളത്. എന്നാല്‍ ‘സിനിമ തിയറ്ററില്‍ കസേര വിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം.. തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം..’ എന്ന ഹൈക്കു കവിതയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്ന രേഖാചിത്രമാണ് പലരെയും ചൊടിപ്പിച്ചത്. പെല്ലെറ്റ് എന്ന് പേരിട്ടിരിക്കുന്ന മാസികയുടെ 13-ാം പേജിലാണ് ദേശീയഗാനത്തെയും ദേശീയപതാകയെയും അപമാനിക്കുന്നുവെന്ന് ആരോപിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിയറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ രണ്ട് പേര്‍ കസേരകള്‍ക്ക് പിന്നില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ രേഖാ ചിത്രമാണ് ഈ പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ ഉദ്ദരിച്ച ലിംഗത്തിന്റെ രേഖാ ചിത്രം മാഗസിനില്‍ ഉള്‍പ്പെടുത്തിയതും ഇവരെ പ്രകോപിതരാക്കുന്നു.

നേരത്തെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ എസ്എഫ്‌ഐയുടെ തന്നെ മാസികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചുവെന്ന ആരോപണമുണ്ടായപ്പോള്‍ പിന്‍വലിച്ചിരുന്നു. അതേസമയം മാഗസിന്‍ തങ്ങള്‍ കണ്ടിട്ടില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസും സെക്രട്ടറി എം വിജിനും അറിയിച്ചു. മാഗസിന്‍ കണ്ട ശേഷം പ്രതികരിക്കാമെന്നാണ് ഇരുവരുടെയും നിലപാട്.

അതേസമയം മാഗസിനില്‍ പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ എസ്എഫ്‌ഐ മാപ്പ് ചോദിക്കുമെന്നും വിജിന്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍