UPDATES

വിദേശം

ബ്രക്‌സിറ്റിനെപ്പറ്റി അറിയേണ്ടതെല്ലാം

Avatar

ടീം അഴിമുഖം

യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടേ എന്നുള്ളത് തീരുമാനിക്കാന്‍ ജനഹിതപരിശോധന ഇന്ന് ബ്രിട്ടനില്‍  നടക്കും. ജനഹിതപരിശോധന ബ്രിട്ടന്റെ പിന്മാറ്റത്തിന് (ബ്രക്‌സിറ്റ്) അനുകൂലമാണെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും.  ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിങ്ങള്‍ക്കറിയേണ്ടതെല്ലാം

എന്താണ് ജനഹിതപരിശോധന?

വോട്ടെടുപ്പ് പ്രായപൂര്‍ത്തി പൂര്‍ത്തിയായ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വോട്ടെടുപ്പാണ് ജനഹിതപരിശോധന. സാധാരണ ഒരു ചോദ്യമുണ്ടാകും. അതിനു എസ് അല്ലെങ്കില്‍ നോ എന്ന് ഉത്തരം നല്‍കാം. ഏത് ഉത്തരമാണോ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ വരികയും ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് അത് പൊതുജനങ്ങളുടെ അഭിപ്രായമായി സ്വീകരിക്കും.

എപ്പോഴാണ് ജനഹിതപരിശോധന?

ജൂണ്‍ ഇരുപത്തിമൂന്ന് വ്യാഴാഴ്ച്ച ഇന്ത്യന്‍ സമയം 11 മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ച 2 മണി വരെയാണ് വോട്ടെടുപ്പ്. 

എന്താണ് യൂറോപ്യന്‍ യൂണിയന്‍?

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രൂപംകൊണ്ട രാജ്യങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്യന്‍ യൂണിയന്‍. അംഗങ്ങളായ രാജ്യങ്ങളില്‍ ഒരേ തരം കറന്‍സിയടക്കമുള്ള തീരുമാനം യൂറോപ്യന്‍ യൂണിയന്‍ കൈക്കൊണ്ടു. സാമ്പത്തിക സഹകരണം നടപ്പിലാക്കുക വഴി രാജ്യങ്ങള്‍ തമ്മില്‍ സമാധാനം നിലനിര്‍ത്തുക എന്നതാണ് പ്രഥമ ലക്ഷ്യം. ബ്രസ്സല്‍സിലാണ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്. 19 അംഗങ്ങളുള്ള രാജ്യങ്ങളിലെല്ലാം യൂറോ ആണ് കറന്‍സിയായി പൊതുവില്‍ അംഗീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് സ്വന്തമായി പാര്‍ലമെന്റ് സമ്പ്രദായമുണ്ട്. അതിലൂടെയാണ് പരിസ്ഥിതി, ഗതാഗതം, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ തുടങ്ങി മൊബൈല്‍ഫോണുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വരെ പാസ്സാക്കുന്നത്. അംഗങ്ങളായുള്ള രാജ്യങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും യഥേഷ്ടം സഞ്ചരിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അവിടങ്ങളില്‍ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാവുന്നതിനുള്ള അവകാശം യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ 28 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ ഉള്ളത്. ചില രാജ്യങ്ങള്‍ അംഗങ്ങളായി അംഗീകരിക്കണമെന്ന് അപേക്ഷിച്ച് കാത്തിരിക്കുകയാണ്.

ഇപ്പോള്‍ ജനഹിതപരിശോധന എന്തിനാണ്?

1950കളില്‍ യൂറോപ്യന്‍ യൂണിയന്‍ എന്ന സങ്കല്പം ആരംഭിച്ചതു മുതല്‍ ബ്രിട്ടന്‍ അക്കാര്യത്തില്‍ അസ്വസ്ഥരായിരുന്നു. 1975ല്‍ ഇതേപോലെ ബ്രിട്ടന്‍ ജനഹിതപരിശോധന നടത്തിയെങ്കിലും അന്ന് യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നതായിരുന്നു ഭൂരിപക്ഷാഭിപ്രായം. അന്നുമുതല്‍ തന്നെ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതില്‍ ബ്രിട്ടന് അത്ര താല്‍പര്യമൊന്നും ഇല്ലായിരുന്നു. 2000മാണ്ടിന്റെ തുടക്കത്തില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് ആളുകളുടെ വലിയ ഒഴുക്കുണ്ടായി. ഇത് ബ്രിട്ടനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. പബ്ലിക്ക് സര്‍വീസ് മുതല്‍ തങ്ങളുടെ തനത് പാരമ്പര്യം വരെ ഇതുകാരണം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ടെന്ന് വലിയൊരു വിഭാഗം ആളുകള്‍ വാദിച്ചു. 2004ല്‍ പത്ത് രാജ്യങ്ങള്‍ കൂടി യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നു. 2007ല്‍ രണ്ടു രാജ്യങ്ങള്‍ കൂടി ചേര്‍ന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം കിട്ടി. അതോടെ അത്രയും ജനങ്ങള്‍ക്ക് പരസ്പരം സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചുകിട്ടുകയും ചെയ്തു. 2015 തിരഞ്ഞടുപ്പില്‍ താന്‍ ജയിക്കുകയാണെങ്കില്‍ ജനഹിതപരിശോധന നടത്തുമെന്ന് 2013ല്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞിരുന്നു.

എന്താണ് ജനഹിതപരിശോധനയുടെ ചോദ്യം?

‘യൂറോപ്യന്‍ യൂണിയനില്‍ അംഗമായി ബ്രിട്ടന്‍ തുടരണം എന്നാണോ അതോ പിന്‍വാങ്ങണം എന്നാണോ നിങ്ങളുടെ അഭിപ്രായം?’.

ആരാണ് കാംപയിനിംഗ് നടത്തുന്നത്?

ഇലക്ഷന്‍ കമ്മീഷന്റെ പ്രസ്താവന പ്രകാരം രണ്ട് വിഭാഗങ്ങളാണ് പ്രധാനമായും കാംപയിനിംഗ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. ക്യംപൈന്‍ ലിമിറ്റഡ്, വോട്ട് ലീവ് ലിമിറ്റഡ് എന്നീ വിഭാഗങ്ങളാണ് അവ. ആദ്യത്തെ വിഭാഗം തുടരണം എന്നാവശ്യപ്പെടുമ്പോള്‍ രണ്ടാമത്തെ വിഭാഗം തുടരേണ്ട ആവശ്യമില്ല എന്നും ആവശ്യപ്പെടുന്നു. ഡേവിഡ് കാമറൂണ്‍ പക്ഷവും അദ്ദേഹത്തിന്റെ കൂടെയുള്ള എംപി മാരും യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ അനുകൂലിക്കുന്ന വിഭാഗമാണ്. അതുകൊണ്ടുതന്നെ ലേബര്‍ പാര്‍ട്ടിയും ഇക്കാര്യത്തെ അനുകൂലിക്കുന്നു. എന്നാല്‍ പിന്‍വാങ്ങണം എന്നാവശ്യപ്പെടുന്നവരില്‍ ആറു മന്ത്രിമാരാണ് പ്രധാനമായും ഉള്ളത്. അതില്‍ ജസ്റ്റിസ് സെക്രട്ടറി മിഷേല്‍ ഗോവ്. തൊഴില്‍ മന്ത്രി പ്രിത് പട്ടേല്‍, ബോറിസ് ജോണ്‍സണ്‍ എന്നിവരും ഉള്‍പ്പെടുന്നു. യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നിഗേല്‍ പരാഗിന്റെ നേതൃത്വത്തിലുള്ള സംഘം പിന്‍വാങ്ങണം എന്ന് ആവശ്യപ്പെടുന്നവരുടെ കൂടെയുണ്ട്.

തുടരണമെന്ന് പറയുന്നവരുടെ പ്രധാനമായ വാദങ്ങള്‍ എന്താണ്?

സാമ്പത്തിക രംഗം തന്നെയാണ് വാദങ്ങളില്‍ പ്രധാനപ്പെട്ട വാദമായി ഇവര്‍ ഉന്നയിക്കുന്നത്.യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ അംഗമായതിനുശേഷം ബ്രിട്ടന്റെ സാമ്പത്തികമേഖല വളര്‍ന്നിട്ടുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു.500 മില്ല്യന്‍ ഡോളറിന്റെ വലിപ്പമുള്ള വിപണിയിലേക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആളുകള്‍ക്കും യഥേഷ്ടം കടന്നുചെല്ലാന്‍ അംഗത്വം കാരണം സാധിക്കുന്നുവെന്നു ഇവര്‍ വാദിക്കുന്നു. കാലാവസ്ഥാമാറ്റം, കൃഷി, മത്സ്യബന്ധനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ യൂണിയന്‍ എടുത്തിട്ടുള്ള നിലപാടുകള്‍ ബ്രിട്ടനെ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ടെന്ന് ഇവര്‍ പ്രത്യേകം എടുത്തുകാട്ടുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചാല്‍ അത് സാമ്പത്തികമേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. അതുകൂടാതെ തൊഴില്‍ നഷ്ടപെടുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും പൊതുചിലവിനത്തില്‍ വലിയ വ്യതിയാനം സംഭവിക്കുമെന്നും കൂടി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്റെ സ്ഥാനം ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ പോന്ന ഉറപ്പുകള്‍ ബ്രസ്സല്‍സില്‍ നിന്നും കാമറൂണ്‍ നേടിയെടുത്തിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ബ്രിട്ടനിലെ ബിസിനസ് നിര്‍മാണ മേഖല ഒന്നടങ്കം തുടരണം എന്ന അഭിപ്രായത്തെ പിന്താങ്ങുന്നവരാണ്.

പിന്‍വാങ്ങണം എന്നാവശ്യപ്പെടുന്നവരുടെ വാദങ്ങള്‍ എന്തൊക്കെയാണ്?

കുടിയേറ്റം തന്നെയാണ് പിന്‍വാങ്ങണം എന്ന് വാദിക്കുന്നവര്‍ പറയുന്ന പ്രധാനകാരണം. ഇത് അടുത്ത ദിവസങ്ങളില്‍ നടന്ന സര്‍വേകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ക്ക് നിലവിലുള്ള കര്‍ക്കശമായ കുടിയേറ്റ നിയമങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലെ ആളുകള്‍ക്കും ബാധകമാക്കണം എന്നാണ് ഇവരുടെ പ്രധാന ആവശ്യം. ‘അവകാശങ്ങള്‍ തിരിച്ചെടുക്കുക’ എന്നതാണ് ഇവരുടെ സുപ്രധാന ആവശ്യം. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനാണ് തങ്ങളുടെ ആഭ്യന്തര കാര്യങ്ങള്‍ പോലും തീരുമാനിക്കുന്നത് എന്നും ഇനിയും ഇത്തരം ‘സൂപ്പര്‍ സ്റ്റേറ്റ്’ ഭരണം അനുവദിക്കരുതെന്നും ഇവര്‍ പറയുന്നു. ബ്രിട്ടനിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികള്‍ തങ്ങളെ ഭരിച്ചോട്ടെ എന്നും തങ്ങള്‍ യാതൊരു തരത്തിലും തിരഞ്ഞെടുത്ത് അയക്കാത്ത ബ്രസ്സല്‍സിലെ ബ്യൂറോക്രാറ്റുകള്‍ തങ്ങളെ ഭരിക്കേണ്ട കാര്യമില്ലെന്നും ഇവര്‍ വാദിക്കുന്നു.യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങി ഇന്ത്യയും മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുമായി കച്ചവടം നടത്തുന്നതാണ് നല്ലത് എന്ന വാദിക്കുന്നവരാണ് ഇവര്‍.

ആര്‍ക്കൊക്കെ വോട്ട് ചെയ്യാം?

ബ്രിട്ടീഷുകാര്‍, ഐറിഷ്, ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും പതിനെട്ട് വയസ്സ് പൂര്‍ത്തിയായാല്‍ വോട്ട് ചെയ്യാവുന്നതാണ്. അയര്‍ലാന്‍ഡ്, മാള്‍ട, സൈപ്രസ് ഒഴികെയുള്ള മറ്റൊരു യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും വോട്ട് ചെയ്യാനാകില്ല.

ഇതില്‍ ഇന്ത്യക്കാരുടെ പ്രാധാന്യം എന്താണ്?

ചില സര്‍വേകള്‍ പറയുന്നത്, രണ്ട് വിഭാഗക്കാര്‍ക്കും ഏകദേശം തുല്യ വോട്ടുകള്‍ കിട്ടാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ആളുകളുടെ വോട്ട് സുപ്രധാനമാകും. മിക്കവാറും ഇന്ത്യക്കാരും തുടരുന്നതിനെ അനുകൂലിക്കുമ്പോള്‍ അപൂര്‍വം ചില ബിസിനസ്സുകാരായ ഇന്ത്യക്കാര്‍ പിന്‍വാങ്ങുന്നതിനെ അനുകൂലിക്കുന്നു. പിന്‍വാങ്ങണമെന്നാവശ്യപ്പെടുന്ന ഇന്ത്യക്കാരെ നയിക്കുന്നത് പ്രിതി പട്ടേല്‍ തന്നെയാണ്. മറ്റ് എംപി മാരായ സുവേല്ല ഫെര്‍ണാണ്ടസ്, ഋഷി സുനക്ക് എന്നിവരുടെ കൂടെ പ്രിതി പട്ടേലും പിന്‍വാങ്ങലിനെ ശക്തമായി അനുകൂലിക്കുന്നു. എന്നാല്‍ നിയമനിര്‍മാണം നടത്തുന്ന 15 ഇന്ത്യക്കാര്‍ തുടരണം എന്നാവശ്യപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്. കാമറൂണ്‍ ചാന്‍സലര്‍ ജോര്‍ജ് ഒസ്‌ബോനുമൊത്ത് പ്രചാരണത്തിന്റെ ഭാഗമായി അമ്പലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

ജനഹിതപരിശോധനയില്‍ ഇന്ത്യയുടെ റോള്‍ എന്താണ്?

ഒഫീഷ്യലായിട്ട് ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ പ്രാധാന്യം ഒന്നുമില്ല. പക്ഷേ 2015ല്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ച വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന പ്രാധാന്യമര്‍ഹിക്കുന്നതാണ്. യൂറോപ്പിലെക്കുള്ള പ്രവേശനകവാടമായി ഇന്ത്യ കാണുന്നത് ബ്രിട്ടനെ ആണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ബ്രിട്ടനിലെ മൂന്നാമത്തെ വലിയ നിക്ഷേപക രാജ്യം ഇന്ത്യയാണ്. 800 ഓളം ഇന്ത്യന്‍ കമ്പനികളാണ് ബ്രിട്ടനില്‍ ഉള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നാസ്‌കോം അടക്കമുള്ള ഇന്ത്യന്‍ ഓര്‍ഗനൈസേഷനുകളും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ജനഹിതപരിശോധനയുടെ ഫലം വരുന്നതുവരെ തല്‍ക്കാലം നിക്ഷേപങ്ങള്‍ നിര്‍ത്തിവയ്ക്കാനാണ് ഇന്ത്യന്‍ കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്.

ജനഹിതപരിശോധന പ്രാധാന്യമുള്ളതാണോ?

തീര്‍ച്ചയായും അതേ. ഈ ജനഹിതപരിശോധനയുടെ ഫലം അനുസരിച്ചിരിക്കും അന്താരാഷ്ട്രതലത്തില്‍ ബ്രിട്ടന്റെ സ്ഥാനം നിര്‍ണയിക്കുന്നത്. പക്ഷേ തുടരാന്‍ തീരുമാനിച്ചാലും പിന്‍വാങ്ങാന്‍ തീരുമാനിച്ചാലും അത് ബ്രിട്ടന്റെ സാമ്പത്തികമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കും. 2015 ഇലക്ഷനില്‍ പോള്‍ ഫലങ്ങള്‍ എല്ലാം മാറിമറിയുന്ന അവസ്ഥയാണ് കണ്ടത്. അതിനാല്‍ത്തന്നെ പ്രീപോള്‍ ഫലങ്ങളെ അധികം വിശ്വസിക്കാന്‍ സാധിക്കില്ലെങ്കിലും നേരിയ മുന്‍തൂക്കം തുടരുന്നതിന് തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍