UPDATES

രവിചന്ദ്രന്‍

കാഴ്ചപ്പാട്

രവിചന്ദ്രന്‍

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് കെ ടി ശങ്കരന്റെ തുറന്നു പറച്ചിലും കാശിനു കിട്ടാത്ത വിധികളും

ഒരു വിധിക്ക് എന്തു വില വരും. കിട്ടുന്നതെന്തും കാല്‍ക്കുലേറ്ററുകളില്‍ കൂട്ടിക്കിഴിക്കുന്ന പുതിയ ലോകത്ത് ഇങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍ ലോകത്തെ മികച്ചതെന്ന് പേരുകേട്ട ഇന്ത്യന്‍ ജുഡീഷ്യറിക്കു വിലപറയാന്‍ ഒരാള്‍ ഒരുമ്പെട്ടു എന്ന വാര്‍ത്ത തികഞ്ഞ അമ്പരപ്പോടെയാണ് ഓരോ മലയാളിയും ശ്രദ്ധിച്ചിട്ടുണ്ടാവുക. ഭരണസിരാകേന്ദ്രങ്ങളെ ഒന്നാകെ ഗ്രസിച്ച കോഴയെന്ന ദുര്‍ഭൂതം ഇനിയും പിടിതരാത്ത ജുഡീഷ്യറിക്കു നേരെ തിരിയുന്നു എന്നതാണ് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.ടി ശങ്കരന്റെ തുറന്നു പറച്ചിലിലൂടെ മനസിലാകുന്നത്. ക്രിമിനല്‍ കുറ്റങ്ങള്‍ പെരുകി വരുന്ന ഒരു സമൂഹത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ നീതി നടപ്പാക്കലാണ് ധാര്‍മിക സമൂഹത്തിന്റെ നിലനില്‍പിന് അടിസ്ഥാനം. ഈ നീതി നടപ്പാക്കലിനു വിലയിടുന്നത് ധാര്‍മിക സമൂഹത്തിന് വിലയിടുന്നതിനു തുല്യമാണ്. അതാകട്ടെ നാട്ടില്‍ നിലനില്‍ക്കുന്ന സ്വതന്ത്ര ജീവിത ക്രമത്തെ അട്ടിമറിക്കുന്നതിന് തുല്യവുമാണ്. 

നെടുമ്പാശേരി സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികള്‍ക്കെതിരെ ചുമത്തിയ കോഫെപോസ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഒഴിവാക്കാന്‍ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജിയെ വിലക്കു വാങ്ങാന്‍ ശ്രമം നടന്നത്. പലതരത്തിലുള്ള ഭേദഗതികള്‍ കടന്നാണ് കോഫെപോസ നിയമം നാമിന്നു കാണുന്ന തരത്തില്‍ രൂപപ്പെട്ടത്. രാജ്യത്തിനകത്തെ വിദേശ നാണയ വിനിമയത്തെ നിയമപരമായി നിയന്ത്രിക്കാനും കള്ളക്കടത്തിനെ പ്രതിരോധിക്കാനും ഫലപ്രദമായ നടപടികള്‍ ഉള്‍പ്പെടുന്ന കോഫെപോസ നിയമം ഒരു പ്രതിക്കെതിരെ ചുമത്തുന്നതിനും ചില ചട്ടങ്ങളുണ്ട്. കള്ളക്കടത്തു കേസിലെ പ്രതിയെ തുടര്‍ക്കുറ്റങ്ങളില്‍ നിന്ന് തടയുന്നതിനും അന്വേഷണത്തിന്റെ പിടിയില്‍ നിന്ന് പ്രതി രക്ഷപ്പെടാതിരിക്കുന്നതിനും കരുതല്‍ തടങ്കല്‍ എന്നതടക്കമുള്ള കര്‍ശന നടപടികള്‍ക്ക് കോഫെപോസ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത്തരം കര്‍ശന വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. ഇതു പ്രതിക്ക് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം. എന്നാല്‍ നെടുമ്പാശേരി സ്വര്‍ണ്ണക്കടത്തിലെ പ്രതികള്‍ ഹൈക്കോടതിയില്‍ കോഫെപോസ നടപടിയെ ചോദ്യം ചെയ്യുന്നതിന് പകരം ജഡ്ജിയെ വിലയ്‌ക്കെടുക്കാനാണ് ശ്രമിച്ചത്. ഈ നടപടി അത്യന്തം ഗൗരവവും കടുത്ത ശിക്ഷയ്ക്ക് അര്‍ഹവുമാണെന്നതില്‍ സംശയമില്ല. 

രണ്ടായിരം കിലോയോളം സ്വര്‍ണ്ണം 2013 മുതല്‍ 2015 വരെയുള്ള കാലയളവില്‍ നെടുമ്പാശേരി വിമാനത്താവളം വഴി പ്രതികള്‍ കടത്തിയെന്നത് കസ്റ്റംസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ ജാബിന്‍. കെ. ബഷീര്‍ ഈ കടത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തതിനാലാണ് രണ്ടു വര്‍ഷക്കാലം സുഗമമായി കള്ളക്കടത്തു നടന്നതെന്ന് കസ്റ്റംസ് അധികൃതര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിലകൊണ്ടവരൊക്കെ കോടികളാണ് ഇടപാടില്‍ സമ്പാദിച്ചത്. കേരളത്തിലെ പല പ്രമുഖ ജൂവലറികളിലേക്കുമാണ് സ്വര്‍ണ്ണം പോയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. 

കരുതല്‍ തടങ്കല്‍ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇരുപത്തിയഞ്ച് ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ഹൈക്കോടതി ജഡ്ജി തുറന്ന കോടതി മുറിയില്‍ തുറന്നു പറഞ്ഞത്. 

ജഡ്ജിക്ക് വില പറയുന്നതിലൂടെ പ്രതികള്‍, അല്ലെങ്കില്‍ പ്രതികളിലൊരാള്‍ രണ്ടു കാര്യങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. പണം നല്‍കി കരുതല്‍ തടങ്കല്‍ ഒഴിവാക്കുകയെന്നതാണ് ഒരു ലക്ഷ്യം. കോഴ വാഗ്ദാനത്തിലൂടെ ജസ്റ്റിസ് കെ.ടി. ശങ്കരനെ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവാക്കുകയെന്നതാണ് രണ്ടാമത്തെ ലക്ഷ്യം. കോഴ വാഗ്ദാനം ചെയ്തുവെന്നതിനാലും കേസിന്റെ നടത്തിപ്പിനിടെ പ്രതികള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നതിനാലും ജഡ്ജിമാര്‍ സ്വമേധയാ കേസുകള്‍ ഒഴിയാറുണ്ട്. ഇത്തരമൊരു നിലപാട് ജഡ്ജിയെക്കൊണ്ട് എടുപ്പിക്കാനാണോ കോഴ വാഗ്ദാനമെന്ന് സംശയിക്കണം. ഏതു ലക്ഷ്യമാണ് പ്രതികള്‍ ഉന്നം വച്ചതെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ. 

കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ ഒഴിവാകുന്നത് ഉന്നതമായ ധാര്‍മ്മികതയുടെ പേരിലാണ്. ഒരു ജഡ്ജി കേസില്‍ നിന്ന് പിന്‍മാറുന്നതിന് പല കാരണങ്ങളുണ്ട്. ജഡ്ജിക്ക് വ്യക്തിപരമായി അടുപ്പമുള്ളവര്‍ ഉള്‍പ്പെടുകയോ കേസ് വാദിക്കാനെത്തുകയോ ചെയ്യുകയാണെങ്കില്‍ നിഷ്പക്ഷമായി നീതി നടപ്പാക്കാന്‍ കേസില്‍ നിന്ന് ജഡ്ജിമാര്‍ ഒഴിവാകുന്നത് പതിവാണ്. വ്യക്തിപരമായ അടുപ്പം വിധിന്യായത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഒഴിവാക്കാനും ഇത്തരം നടപടികളിലൂടെ സാധ്യമാകും. കേസിന്റെ നടത്തിപ്പിനിടെ ഹര്‍ജിക്കാരോ എതിര്‍ കക്ഷികളോ ഇവരുടെ അഭിഭാഷകരോ ജഡ്ജിയുമായി നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചാലും ജഡ്ജിമാര്‍ കേസുകളില്‍ നിന്ന് പിന്‍മാറാറുണ്ട്. കേരളത്തിലെ മദ്യനയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ച സമയത്ത് ബാറുടമകളുടെ അഭിഭാഷകന്‍ വീട്ടില്‍ വന്നു കണ്ട് സംസാരിക്കാന്‍ ശ്രമിച്ചതു ചൂണ്ടിക്കാട്ടി ജസ്റ്റിസ് സി.ടി. രവികുമാര്‍ കേസില്‍ നിന്ന് പിന്‍മാറിയത് വലിയ വാര്‍ത്തയായിരുന്നു. ഈ കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കെയാണ് ജഡ്ജി കേസില്‍ നിന്ന് പിന്‍മാറിയത്. പിന്നീട് സര്‍ക്കാരും ബാറുടമകളുമൊക്കെ പരസ്പരം ചെളിവാരിയെറിഞ്ഞ് ബാര്‍ കേസ് ബാര്‍ കോഴക്കേസായി മാറി. വിവാദ മദ്യനയം തിരഞ്ഞെടുപ്പില്‍ പോലും വിഷയമായി. ഈ ഘട്ടത്തിലാണ് ജസ്റ്റിസ് സി.ടി. രവികുമാര്‍ ധാര്‍മ്മികബോധം ഉയര്‍ത്തിപ്പിടിച്ച് കേസില്‍ നിന്ന് ഒഴിവായതിന്റെ മൂല്യം വിലയിരുത്തേണ്ടത്. ആദ്യം പരിഗണിച്ച ബാര്‍ കേസില്‍ ഏതു തരത്തില്‍ വിധി പറഞ്ഞിരുന്നാലും വക്കീല്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിവരം പുറത്തു വരുന്നതോടെ വിധി പറഞ്ഞ ജഡ്ജിയും വിധിന്യായവും പൊതു വിമര്‍ശനത്തിന് വിധേയരാകുമായിരുന്നു. എന്നാല്‍ ധാര്‍മിക ബോധം നിമിത്തം അദ്ദേഹം കേസൊഴിഞ്ഞതു വഴി ഇതിനുള്ള അവസരമില്ലാതായെന്നു മാത്രമല്ല, ജുഡീഷ്യറിയുടെ അന്തസ് നിലനില്‍ക്കുകയും ചെയ്തു. എന്നാല്‍ ജഡ്ജിമാര്‍ കേസൊഴിയുന്നത് ലാക്കാക്കി അനുയോജ്യമായ ബെഞ്ചില്‍ കേസ് മാറ്റിക്കൊണ്ടു വന്ന് വിജയിപ്പിക്കാമെന്ന മറ്റൊരു വശം കൂടി ഇതിനുണ്ട്. അടുത്തിടെ ഒരു ഹൈക്കോടതി ജഡ്ജി ജാമ്യമോ മുന്‍കൂര്‍ ജാമ്യമോ അനുവദിക്കില്ലെന്നതിനാല്‍ ഇത്തരം ഹര്‍ജികളുടെ എണ്ണം വളരെ കുറഞ്ഞെന്ന സംസാരം ഹൈക്കോടതി അഭിഭാഷകര്‍ക്കിടയില്‍ തന്നെയുണ്ട്. 

അനുയോജ്യമായ ബഞ്ചിലേക്ക് കേസ് കൊണ്ടുവരുന്നതിനായി അഭിഭാഷകര്‍ സ്വീകരിക്കുന്ന നടപടി ഫോറം ഷോപ്പിംഗ് എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ കരുതല്‍ തടങ്കല്‍ ഒഴിവാക്കാന്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ഉള്‍പ്പെട്ട ബെഞ്ചില്‍ നിന്ന് മാറ്റാനാണോ ഇത്തരമൊരു ശ്രമം പ്രതികള്‍ നടത്തിയതെന്ന സംശയം ജഡ്ജി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരുപരിധി വരെ ഇതിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. കേരള ഹൈക്കോടതി മധ്യവേനലവധിക്ക് അടയ്ക്കുന്നതിന് മുമ്പ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസുകള്‍ കേട്ടിരുന്നത്. മധ്യവേനവലധിക്ക് ശേഷം ഹൈക്കോടതി തുറക്കുമ്പോള്‍ ജഡ്ജിമാരുടെയും ബെഞ്ചിന്റെയും പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരും. സാധാരണ ഗതിയില്‍ നേരത്തെ ഒരു ബെഞ്ച് കേട്ടിരുന്ന വിഷയം പാര്‍ട്ട് ഹേഡാക്കി (പകുതി കേട്ടതാണെന്ന്) രേഖപ്പെടുത്തിയില്ലെങ്കില്‍ അവധിക്കു ശേഷം മറ്റൊരു ബെഞ്ചാകും പരിഗണിക്കുക. ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങിയ ബെഞ്ച് ഈ ഹര്‍ജികള്‍ പാര്‍ട്ട് ഹേഡാക്കി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഹര്‍ജികളില്‍ വേഗം തീര്‍പ്പുണ്ടാകണമെന്ന പ്രതികളുടെ ആവശ്യവും ഈ ഹര്‍ജികള്‍ കേള്‍ക്കാന്‍ മാത്രമായി രണ്ടു ജഡ്ജിമാരും ഒരുമിച്ചിരിക്കാനുള്ള സാഹചര്യം ഇല്ലാത്തതും കണക്കിലെടുത്ത് പാര്‍ട്ട് ഹേഡ് ഒഴിവാക്കി നല്‍കി. ഇതുമൂലം മധ്യവേനവലധിക്കു ശേഷം ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് എ. ഹരിപ്രസാദ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിലാണ് ഹര്‍ജികള്‍ വന്നത്. എന്നാല്‍ ബെഞ്ച് മാറുമെന്ന് കരുതിയെങ്കിലും സീനിയര്‍ ജഡ്ജായ കെ.ടി. ശങ്കരന്‍ വീണ്ടും ഈ കേസ് കേള്‍ക്കാനെത്തിയത് പ്രതികളില്‍ ചിലര്‍ക്കെങ്കിലും സ്വീകാര്യമല്ലാതായി തോന്നിയിരിക്കാമെന്നും ഇവര്‍ നടത്തിയ ആസൂത്രിത നീക്കമായിരിക്കാമിതെന്നും ഒരു വാദമുണ്ട്. സത്യമെന്തായാലും അന്വേഷണത്തിലൂടെയാണ് പുറത്തു വരേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍