UPDATES

വിദേശം

ലോകാധികാരം പടിഞ്ഞാറു നിന്ന് കിഴക്കോട്ട് മാറുമോ?

Avatar

പങ്കജ് മിശ്ര
(ബ്ലൂംബര്‍ഗ്)

ചില വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത ഒരു പദം ബ്രിക്‌സ് പോലെ ആകര്‍ഷക സങ്കല്‍പമായി വളരുന്ന അപൂര്‍വ സന്ദര്‍ഭങ്ങളെ ഉണ്ടായിട്ടുള്ളു. വളര്‍ന്നു വരുന്ന പ്രതീക്ഷാ നിര്‍ഭരമായ കമ്പോളങ്ങളെ വിശേഷിപ്പിക്കുന്നതിനായി മുന്‍ ഗോള്‍ഡ്മാന്‍ സാച്ചസ് സാമ്പത്തിക വിദഗ്ധനും ബ്ലൂംബര്‍ഗ് വ്യൂവിലെ കോളമിസ്റ്റുമായ ജിം ഒ’നീല്‍ കണ്ടെത്തിയ പദം യഥാര്‍ത്ഥത്തില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ വിദുരസ്ഥ രാജ്യങ്ങളുടെ നേതാക്കളെ ഒന്നിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ മാസം ബ്രസീലില്‍ പടിഞ്ഞാറിന്റെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ മേല്‍ക്കോയ്മയെ സാരമായി വെല്ലുവിളിക്കാന്‍ സാധ്യതയുള്ള ഒരു സ്ഥാപനം തുടങ്ങുന്നതിനുള്ള നിര്‍ണായക തീരുമാനം അവര്‍ കൈക്കൊള്ളുകയും ചെയ്തു. 

ഷാങ്ഹായി ആസ്ഥാനമായി രൂപംകൊള്ളുന്ന പുതിയ വികസന ബാങ്ക്, അടിസ്ഥാനസൗകര്യ, വികസന പദ്ധതികള്‍ക്ക് ധനസഹായം ചെയ്യും. ലോകബാങ്കിനും അന്താരാഷ്ട്ര നാണയ നിധിക്കും മാത്രമല്ല 1944 ല്‍ ബ്രണ്ടന്‍ വുഡ്‌സില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് രൂപകല്‍പന ചെയ്ത സാമ്പത്തിക മാതൃകയ്ക്ക് പോലും ഇതൊരു ഭീഷണിയായി വളര്‍ന്നേക്കാം.

ഇത് സ്ഥാപിച്ചെടുക്കുന്നതിനായി ചൈന കഠിനപ്രയത്‌നം ചെയ്യുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. ലോക ജനസംഖ്യയുടെ 40 ശതമാനത്തില്‍ കൂടുതല്‍ ബ്രിക്‌സ് രാജ്യങ്ങളില്‍ വരുമെന്ന് മാത്രമല്ല ലോകത്തിന്റെ സാമ്പത്തിക രംഗത്തിന്റെ നാലില്‍ ഒന്നും ഈ രാജ്യങ്ങളുടെ കീഴിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പദ്ഘടന (ആഭ്യന്തര വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തില്‍) എന്ന കണക്കെടുപ്പില്‍ ചൈന വലിയ താമസമില്ലാതെ തന്നെ യുഎസിനെ കടത്തിവെട്ടിയേക്കാം. എന്നിട്ടും ലോക ബാങ്കിന്റെയും അന്താരാഷ്ട്ര സാമ്പത്തിക നിധിയുടെയും ഉടമാസ്ഥാവകാശം ഇപ്പോഴും യുഎസിന്റെയും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും സ്വകാര്യ സ്വത്തായി പരിലസിക്കുന്നു. 

ഈ സ്ഥാപനങ്ങളെ സംബന്ധിച്ച വാഗ്ദത്ത പരിഷ്‌കരണങ്ങളൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല; ബ്രിക്‌സിന്റെ സഹായത്തോടെ സ്വന്തമായ ഒരു ആഗോള സംവിധാനം സൃഷ്ടിക്കാന്‍ ചൈന വ്യക്തമായും ആഗ്രഹിക്കുന്നു. പടിഞ്ഞാറുള്ള തങ്ങളുടെ ഏറ്റവും അടുത്ത സാമ്പത്തിക പങ്കാളിയായ ജര്‍മ്മനിയുമായുള്ള പുതിയ ‘പ്രത്യേക ബന്ധവും’ സമീപകാലത്ത് ഫ്രാങ്ക്ഫര്‍ട്ടിനെ റെന്‍മിന്‍ബിയുടെ ക്ലിയറിംഗ് ഹൌസായി അംഗീകരിച്ചുതുമെല്ലാം അടവ്, കരുതല്‍ നാണയം എന്നീ നിലകളിലുള്ള ഡോളറിന്റെ അധീശത്വം അവസാനിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു. 

ദരിദ്രരും ചൈനയോട് വിദ്വേഷം ഉള്ളവരുമായ ബ്രിക്‌സ് അര്‍ദ്ധസഹോദരര്‍ ആഗോള സ്വയം സ്ഥാപനത്തിനുള്ള ചൈനയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നത് എന്തിനാണെന്നതും മനസിലാക്കാവുന്നതേയുള്ളു. ലോകത്തിലെ ഏറ്റവും വലിയ സംരംഭത്തിലേക്കുള്ള പെട്ടെന്നുള്ള പ്രാപ്യത ആഗ്രഹിക്കുന്നവരാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും; ക്രിമിയയിലെ കടന്നുകയറ്റത്തിന്റെയും കിഴക്കന്‍ ഉക്രൈനില്‍ നടത്തുന്ന നീക്കങ്ങളുടേയും പേരില്‍ ബഹിഷ്‌കരണം നേരിടുന്ന റഷ്യയെ സംബന്ധിച്ചിടത്തോളം ഒരു അന്താരാഷ്ട്ര വേദി സംഭാവന ചെയ്യുന്ന ബഹുമാന്യത അത്യാവശ്യമാണ്.

ഉക്രൈനില്‍ മലേഷ്യന്‍ വിമാനം വെടിവെച്ചിടപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ബ്രസീലില്‍ പ്രത്യക്ഷപ്പെട്ടത് മാത്രമല്ല പടിഞ്ഞാറന്‍ മേല്‍ക്കോയ്മയ്‌ക്കെതിരെ സ്വീകാര്യമായ ധാര്‍മിക, രാഷ്ട്രീയ ബദല്‍ മുന്നോട്ട് വയ്ക്കാന്‍ ബ്രിക്‌സിനുള്ള കഴിവില്ലായ്മയുടെ ദൃഷ്ടാന്തം. അഴിമതി, ബലാല്‍സംഗ ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പ്രതീക്ഷകള്‍ ഒന്നും ഉണര്‍ത്തുന്നുമില്ല. തന്റെ പ്രിയ അനുയായിയെ ഭരണകക്ഷിയുടെ പ്രസിഡന്റായി വാഴിച്ചതിന് തൊട്ടു പിന്നാലെയാണ് മോദി ബ്രസീലിലേക്ക് പറന്നത്: ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘മൂന്ന് കൊലപാതകത്തിനും സാക്ഷികളെ തട്ടിക്കൊണ്ട് പോയതിനും പിടിച്ചുപറി സംഘത്തെ നയിക്കുന്നതിനും പ്രതിയോഗികളുടെ കേന്ദ്ര ഓഫീസുകള്‍ വെടിവച്ച് തകര്‍ക്കുന്നതിന് കുറ്റവാളികളെ വാടയ്‌ക്കെടുത്തനും വിചാരണ’ നേരിടുന്ന ആളാണ് ഈ മനുഷ്യന്‍. 

അധികാരത്തിലിരിക്കുന്നവര്‍ക്ക് ഏല്ലാ തരം കുറ്റകൃത്യങ്ങളും തമസ്‌കരിക്കാനും ന്യായീകരിക്കാനും സാധിക്കും എന്ന നിരാശജനകമായ രീതിയില്‍ അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യത്തില്‍ വിശ്വസിക്കുന്നവരാണ് പുടിനെയും മോദിയെയും പോലെയുള്ള നേതാക്കള്‍. എന്നിരുന്നാലും സാധാരണമായി അവകാശപ്പെടുന്നത് പോലെ, ധാര്‍മ്മിക മേല്‍ക്കോയ്മയ്ക്കപ്പുറം അധികാരം, പടിഞ്ഞാറ് നിന്നും കിഴക്കോട്ട് മാറിയിട്ടുണ്ടോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.

ജൈവ ഇന്ധന കയറ്റുമതിയെ അമിതമായി ആശ്രയിക്കുന്നതിന്റെ എല്ല രാഷ്ട്രീയ, സാമ്പത്തിക സാഹസങ്ങളും റഷ്യ ഇപ്പോള്‍ ഏറ്റെടുക്കുന്നുണ്ട്. അഴിമതിയും തൊഴില്‍ പ്രശ്‌നവും പോലെയുള്ള അടിസ്ഥാന മൂന്നാം ലോക പ്രശ്‌നങ്ങളില്‍ നിന്നും കരകയറാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. അടിപതറുന്ന സമ്പദ്ഘടനയുടെയും അസംതൃപ്തരായ മധ്യവര്‍ഗ്ഗത്തിന്റെയും പ്രശ്‌നങ്ങളില്‍ കുടുങ്ങി കിടക്കുകയാണ് ബ്രസീല്‍.

കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, സോഫ്റ്റുവെയര്‍ രംഗങ്ങളില്‍ ഇന്ത്യയുടേയും ബഹിരാകാശ, പ്രതിരോധ മേഖലകളില്‍ ബ്രസീലിന്റെയും വളര്‍ച്ച പ്രശംസാര്‍ഹമാണെങ്കിലും ഈ രംഗങ്ങളിലൊന്നും അവര്‍ക്കിപ്പോഴും യുഎസിനെ വെല്ലുവിളിക്കാന്‍ സാധിക്കില്ല. ജ്വാഗര്‍ ലാന്റ് റോവറിനെയും കോറസിനെയും പോലെയുള്ള കമ്പനികളെ ഏറ്റെടുക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ കൊട്ടിഘോഷിക്കപ്പെട്ട നീക്കം, ഒരു ഇന്ത്യന്‍ ഉത്പന്നവും ആഗോളതരത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചു പിടിക്കുക മാത്രമേ ചെയ്യുന്നുള്ളു. 

സ്ഥരിമായി ഉയര്‍ന്ന വാണിജ്യ മിച്ചവും മൊത്തം ആഭ്യന്തര ഉല്‍പന്നവുമുള്ള ചൈന മാത്രമേ യുഎസിന് യഥാര്‍ത്ഥ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ളു. ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, വിവരവിനിമയം, വാണിജ്യ കമ്പനികള്‍, ഗതാഗതം തുടങ്ങിയ നിരവധി കാര്യങ്ങളില്‍ അവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഒന്ന് നിലനിറുത്തുകയും ചെയ്യുന്നു.

എന്നാല്‍ ഇപ്പോഴും പാശ്ചാത്യ സാമ്പത്തിക മേല്‍ക്കോയ്മയ്ക്ക് യഥാര്‍ത്ഥ വെല്ലുവിളിയുയര്‍ത്താന്‍ സാധ്യയുള്ള ജപ്പാനുമായി ചൈനയെ താരതമ്യം ചെയ്യുന്നത് രസകരമായിരിക്കും. ആഗോളതലത്തില്‍ തന്റെ കുടുംബ നാമങ്ങളായി മാറിക്കഴിഞ്ഞ സോണി, പാനസോണിക് പോലെയുള്ള ഉത്പന്നങ്ങളെല്ലാം ജപ്പാന്റെ നവീകരണത്തിന്റെയും ഗവേഷണ വികസനത്തിന്റെയും നിക്ഷേപങ്ങളുടെയും ഫലമായി ഉണ്ടായതാണ്. ഇലക്ട്രോണിക് സാധനങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരാണെങ്കിലും ചൈനയ്ക്ക് ഇതുമായി താരതമ്യം ചെയ്യാവുന്ന നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല (വിവിധ സ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ ചൈനയിലെ തായ്വാന്‍ ഉടമസ്ഥതയിലുള്ള ഫോക്‌സ്‌കോണില്‍ കൂട്ടിയിണക്കി ചൈനീസ് ഉല്‍പന്നമെന്ന പേരില്‍ വില്‍ക്കുന്ന ഐഫോണിനെ ഈ പട്ടികയില്‍ നിങ്ങള്‍ പെടുത്തുന്നില്ലെങ്കില്‍).

മൂലധനം ആഗോളീകൃതമാകുന്ന നാളുകള്‍ക്ക വളരെ മുമ്പ് തന്നെ ജപ്പാന്‍ വന്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നിരുന്നു. ഇന്ന്, വന്‍ സാമ്പത്തിക ശക്തിയാവുന്നതിന്റെ സാമ്പ്രദായിക അളവുകോലായ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ച വിദേശ നിക്ഷേപകരുടെയും നിര്‍മാതാക്കളുടെയും അദ്ധ്വാനഫലത്തെ ക്രമാതീതമായി ആശ്രയിക്കുന്നു. ഇത് ബ്രിക്‌സ് രാജ്യങ്ങള്‍ക്കെല്ലാം ബാധകവുമാണ്. ഇതു കൊണ്ടാണ് ആഗോള സാമ്പത്തിക വളര്‍ച്ചയുടെ ചാലക ശക്തിയായി ചൈന ഇപ്പോഴും യുഎസിനെ നോക്കിക്കാണുന്നതും സുലഭ വായ്പകളുടെ ഒഴുക്കില്‍ വരുന്ന ചെറിയ തടസങ്ങളില്‍ പോലും ഇന്ത്യയും ബ്രസീലും അസ്വസ്ഥരാകുന്നതും. 

ബെസ്റ്റ് ഓഫ് അഴിമുഖം 

സുരക്ഷയ്ക്ക് ജപ്പാനെ കൂട്ടുപിടിക്കാന്‍ മോദി
ചിന്ത്യ മോശം ഐഡിയയല്ല; ബോള്‍ മോദിയുടെ കോര്‍ട്ടില്‍
സൌദി-അമേരിക്കന്‍ ബന്ധം തകര്‍ച്ചയിലേക്കോ?
റഷ്യന്‍ കരടി പശ്ചിമേഷ്യയില്‍
ഇറാന്‍ പ്രസിഡന്‍റിന്‍റെ അമേരിക്കന്‍ ചങ്ങാത്തം

രണ്ടായിരത്തിന്റെ തുടക്കത്തിലുണ്ടായ ഉല്‍പ്പന്ന വളര്‍ച്ചയും സുലഭ വായ്പകളും ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ എളുപ്പത്തിലുള്ള വളര്‍ച്ചയ്ക്ക് കളമൊരുക്കി. ഈ രാജ്യങ്ങളില്‍ ഇതിന്റെ വലിയ ഗുണഭോക്താക്കളായി മാറിയ ‘നവ മധ്യവര്‍ഗ്ഗങ്ങള്‍’ – അങ്ങിനെയാണ് മോദി അവരെ വിശേഷിപ്പിക്കുന്നത്- അതാത് രാജ്യങ്ങളിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ കൂടുതല്‍ പ്രസക്തരാവുകയും അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ദൃശ്യരാവുകയും ചെയ്തു (‘ബാക്കിയുള്ളവരുടെ വളര്‍ച്ച’ എന്ന ഒരു തരത്തിലുള്ള പ്രചണ്ഡമായ ഊഹാപോഹത്തിന് കൂടുതല്‍ പ്രചാരം നല്‍കുകയും ചെയ്തു). 

കിഴക്കിന്റെ സ്വന്തം എന്ന വിശേഷിപ്പക്കപ്പെടുന്ന യുക്തിരഹിതമായ സമൃദ്ധി അധികം നീണ്ടുനില്‍ക്കില്ല എ്ന്നതിനുള്ള ആദ്യ ഉദാഹരണമായിരുന്നു 2008-ലെ സാമ്പത്തിക പ്രതിസന്ധി. അതിന് ശേഷം ബ്രിക്‌സിന് മുന്നിലുള്ള രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികള്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ വന്‍ശക്തി സ്ഥാനലബ്ധിയില്‍ ഉന്മത്തരാവാത്ത, മറ്റ് ബ്രിക്‌സ് രാജ്യങ്ങളെക്കാള്‍ സുസ്ഥിര വികസനത്തിന് വലിയ സാഹചര്യങ്ങള്‍ ഉള്ള ചൈന അതിന്റെ നിക്ഷേപാധിഷ്ടിത വളര്‍ച്ചാ മാതൃകയില്‍ നിന്നും ആഭ്യന്തര ഉപഭോഗത്തിലേക്ക് മാറേണ്ടിയിരിക്കുന്നു. ഈ ഭീമാകാര ലക്ഷ്യം നേടിയെടുക്കാതെ നിലവിലെ സ്ഥിതിഗതികളെ ചോദ്യം ചെയ്യാനുള്ള ചൈനയുടെ ശ്രമങ്ങള്‍ വിജയിക്കില്ല. അതുവരെ ബ്രിക്‌സ് എന്ന ചുരുക്ക നാമം യഥാര്‍ത്ഥമായ ശേഷികള്‍ക്ക് അപ്പുറം അതിരു കവിഞ്ഞ ആഗ്രഹത്തിന്റെ സൂചകമായി തുടരും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍