UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഡ്ഢിദിനത്തിന്റെ ചരിത്രം (പറ്റിപ്പീരല്ല)

Avatar

സാറാ കപ്ലാന്‍ 
(വാഷിങ്ടണ്‍ പോസ്റ്റ്)

‘ആഹാ ഏപ്രില്‍’ 

‘ചെറികള്‍ പൂക്കുകയും പക്ഷികള്‍ ചിലയ്ക്കുകയും തണുപ്പുകുറയുകയും ചെയ്യുന്ന കാലം. സ്വിറ്റ്‌സര്‍ലണ്ടിലെ ലോകപ്രശസ്തമായ സ്പാഗട്ടി വിളവെടുപ്പിന്റ കാലം. 1957ല്‍ അപൂര്‍വമായി ലഭിച്ച സമശീതോഷ്ണ കാലാവസ്ഥയില്‍ വിളവ് ഗംഭീരം.’

‘എന്ത്? സ്പാഗട്ടി വിളവെടുപ്പോ?’ എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അക്കാലത്തെ ശരാശരി ബിബിസി പ്രേക്ഷകനെക്കാള്‍ അറിവുള്ളയാളെന്ന നിലയില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. സ്വിസ് സ്പാഗട്ടി കര്‍ഷകര്‍ പാസ്റ്റ നൂലുകള്‍ നേരിട്ട് മരങ്ങളില്‍നിന്നു പറിച്ചെടുക്കുന്നതിന്റെ മൂന്നുമിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യവിവരണം കണ്ട നൂറുകണക്കിനു പ്രേക്ഷകര്‍ ബിബിസിയില്‍ ഫോണ്‍ ചെയ്തു ചോദിച്ചത് സ്വന്തമായി സ്പാഗട്ടി മരം കൃഷി ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളാണ്.

ബ്രിട്ടീഷുകാരുടെ ആര്‍ജവത്തോടെ ബിബിസി എല്ലാവര്‍ക്കും മറുപടി നല്‍കി: ‘സ്പാഗട്ടി ശാഖ ഒരു ടിന്‍ തക്കാളി സോസില്‍ മുക്കിവയ്ക്കുക. പിന്നീട് കാത്തിരിക്കുക’.

1857 ഏപ്രില്‍ ഒന്നിന് ബിബിസി സംപ്രേഷണം ചെയ്ത ‘ ദ് സ്വിസ് സ്പാഗട്ടി ഹാര്‍വെസ്റ്റ്’  എല്ലാക്കാലത്തെയും ഏറ്റവും മികച്ച വിഡ്ഢിദിന തമാശ എന്നാണ് കരുതപ്പെടുന്നത്. ഒരു പ്രമുഖ വാര്‍ത്താസ്ഥാപനം ടെലിവിഷന്‍ ഉപയോഗിച്ച് പ്രേക്ഷകരെ മണ്ടന്മാരാക്കുന്നത് അതാദ്യമായാണ്.

എന്നാല്‍ അത് ആദ്യത്തെ ഏപ്രില്‍ ഫൂള്‍ തമാശയായിരുന്നില്ല. ആ ബഹുമതി ആര്‍ക്കാണ് എന്നതിനെപ്പറ്റി ഇന്നും തര്‍ക്കം തുടരുന്നു.

റോമിലെ ഹിലാരിയ എന്ന ആഘോഷത്തോടനുബന്ധിച്ചാണ് വിഡ്ഢിദിനം ആരംഭിച്ചതെന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു. മാര്‍ച്ച് 25ന് നടന്നിരുന്ന ഈ ആഘോഷം വില്യം സ്മിത്തിന്റെ ‘ ഡിക്ഷ്ണറി ഓഫ് ഗ്രീക്ക് ആന്‍ഡ് റോമന്‍ ആന്റിക്വിറ്റീസ്’ അനുസരിച്ച് ഗയിമുകള്‍, പ്രച്ഛന്നവേഷങ്ങള്‍, നിരന്തരമായ പരിഹാസം എന്നിവ നിറഞ്ഞതായിരുന്നു. പ്രദേശത്തെ മജിസ്‌ട്രേറ്റിനുപോലും ഇതില്‍നിന്നു രക്ഷ നേടാനായിരുന്നില്ല.

രണ്ടുദിവസം നീളുന്ന ഹിന്ദു ആഘോഷമായ ഹോളി, പേഴ്‌സ്യന്‍ ആഘോഷമായ സിസ്ദാ ബേദര്‍, ജൂതന്മാരുടെ പുരിം എന്നിവയും വസന്തത്തിന്റെ തുടക്കത്തിലാണ്. ആളുകളെ വിഡ്ഢികളാക്കുകയല്ല ഇവ ചെയ്യുന്നതെങ്കിലും ഈ ആഘോഷങ്ങളെല്ലാം ആഹ്ലാദപ്രകടനങ്ങളും ചപലതകളും നിറഞ്ഞതാണ്. നിറമുള്ള പൊടി പരസ്പരം വിതറുക, പുറത്ത് വിനോദയാത്ര നടത്തുക, പ്രച്ഛന്നവേഷം ധരിക്കുക എന്നിങ്ങനെ.  ‘ ദ് മ്യൂസിയം ഓഫ് ഹോആക്‌സസ്’ അനുസരിച്ച് ഇതില്‍ ഏതെങ്കിലും ആഘോഷത്തില്‍നിന്നാണ് ഏപ്രില്‍ ഫൂള്‍സ് ദിനം ആരംഭിച്ചത് എന്നതിന് തെളിവൊന്നുമില്ല. ‘ ഏപ്രില്‍ ഫൂള്‍സ് ദിനാഘോഷങ്ങള്‍ മറ്റ് ആഘോഷങ്ങളുമായി സാമ്യമുള്ളവയാണ് എന്നേയുള്ളൂ. കാരണം ഇവയെല്ലാം നാടോടി സ്വഭാവമായ, വസന്തത്തിന്റെ വരവിനു തൊട്ടുമുന്‍പുള്ള  കുസൃതികളുടെയും ബഹളത്തിന്റെയും ആനന്ദോത്സവങ്ങളാണ്.’

മധ്യകാലത്ത് ഇംഗ്ലണ്ടിലും ഫ്രാന്‍സിലും കത്തോലിക്കാസഭ ആഘോഷിച്ചിരുന്ന ‘ഫീസ്റ്റ് ഓഫ് ഫൂള്‍സും’ വിഡ്ഢിദിനാഘോഷത്തിനു തുടക്കമിട്ടവയില്‍പ്പെടും. അമേരിക്കന്‍ ആഘോഷങ്ങളുടെ ചരിത്രം എഴുതിയ പുരാണകഥാകാരന്‍ ജാക്ക് സാന്റിനോയുടെ അഭിപ്രായ പ്രകാരം തുടക്കത്തില്‍ സഭാ അധികാരികള്‍ കാര്‍ണിവലിനു സമാനമായ ഈ ആഘോഷത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. പ്രച്ഛന്നവേഷം, കഴുതകളെ ആരാധനാലയങ്ങളില്‍ കൊണ്ടുവരിക, അധികാരസ്ഥാനങ്ങളെ കളിയാക്കുക എന്നിങ്ങനെയായിരുന്നു പരിപാടികള്‍. പുരോഹിതര്‍ക്കെതിരെ ആളുകള്‍ അമര്‍ത്തിവയ്ക്കുന്ന അമര്‍ഷം ഈ ആഘോഷം വഴി ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നു സങ്കല്‍പം.  എന്നാല്‍ അതിരുവിടുന്നുവെന്നു കണ്ട് 15ാം നൂറ്റാണ്ടില്‍ ഫീസ്റ്റ് നിരോധിച്ചു. അധികാരികളെ പരിഹസിക്കാനും പൊതുവെ ആഘോഷിക്കാനും കിട്ടുന്ന ഏതൊരു അവസരവുമെന്ന പോലെ ഈ ഫീസ്റ്റും എളുപ്പം ഇല്ലാതായില്ല. പല നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഈ ആഘോഷം കെട്ടടങ്ങിയത്.

ഏപ്രില്‍ ഫൂള്‍സ് ദിനത്തെപ്പറ്റിയുള്ള ഏറ്റവും പ്രചാരത്തിലുള്ള സിദ്ധാന്തത്തിലും ക്രിസ്തീയസഭ ഉള്‍പ്പെടുന്നു. ക്രിസ്ത്യന്‍ രാജ്യങ്ങള്‍ ഒരു പൊതു കലണ്ടര്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് 1563ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രിഗോറിയന്‍ കലണ്ടര്‍ പുതുവര്‍ഷത്തെ മാര്‍ച്ച് അവസാനത്തേതില്‍നിന്ന് ജനുവരി ഒന്നിലേക്കു മാറ്റി. എന്നാല്‍ പലരും പഴയ ദിവസത്തില്‍നിന്നു മാറാന്‍ തയാറായില്ല. 16ാം നൂറ്റാണ്ടിലെ വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ പരിമിതി മൂലം  വാര്‍ത്ത എല്ലായിടത്തും എത്താന്‍ താമസിച്ചതാകാം ഒരു കാരണം. മറ്റു ചിലര്‍ റിബലുകളാകുന്നതില്‍ ആനന്ദം കണ്ടു. ഇങ്ങനെ മാര്‍ച്ചില്‍ത്തന്നെ പുതുവര്‍ഷം ആഘോഷിച്ചവരെ മറ്റുള്ളവര്‍ ‘ഏപ്രില്‍ ഫൂള്‍സ്’ എന്നു കളിയാക്കിത്തുടങ്ങി.

ഓരോ സ്ഥലത്തും ആഘോഷം പലതരത്തിലായിരുന്നു. ഫ്രാന്‍സില്‍ കുട്ടികള്‍ കടലാസ് മീനുകളെ ആളുകളുടെ പിന്നില്‍ കൊളുത്തിയിട്ടു. സ്‌കോട്‌ലാന്‍ഡില്‍ നിതംബത്തില്‍ ഒട്ടിക്കപ്പെടുന്ന ‘ കിക്ക് മി’ കടലാസുകളായിരുന്നു തമാശ.

ഈ സിദ്ധാന്തത്തില്‍ ചില പിഴവുകളുണ്ട്. തട്ടിപ്പുകളുടെ മ്യൂസിയം പറയുന്നതനുസരിച്ച്  ഏപ്രില്‍ ഫൂള്‍സ് ദിനത്തെപ്പറ്റി ആദ്യത്തെ സ്പഷ്ടമായ പരാമര്‍ശം വന്നത് കലണ്ടര്‍ മാറ്റത്തിന് മൂന്നുവര്‍ഷം മുന്‍പുള്ള ഒരു ഫ്‌ളെമിഷ് കവിതയിലാണ്. ‘റിഫ്രെയിന്‍ ഓണ്‍ ഫൂള്‍സ് എറാന്‍ഡ് ഡേ/ വിച്ച് ഈസ് ദ് ഫസ്റ്റ് ഓഫ് ഏപ്രില്‍’ എന്ന തലക്കെട്ടിലുള്ള കവിത തന്റെ ജോലിക്കാരനെ ഏപ്രില്‍ ഒന്നിന് പലവിധ മണ്ടന്‍ ജോലികള്‍ക്കായി അയയ്ക്കുന്ന ഒരാളെപ്പറ്റിയാണ്.

എങ്ങനെയായാലും അടുത്ത നൂറ്റാണ്ടിന്റെ ആദ്യത്തോടെ ഏപ്രില്‍ ഫൂള്‍സ് ദിനാഘോഷം വളര്‍ന്നു പന്തലിച്ചു. ഏപ്രില്‍ ഒന്നിന് ഗൗരവമായ എന്തെങ്കിലും ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാന്‍ പോലും ആളുകള്‍ മടിക്കുന്ന അവസ്ഥയെത്തി. ഓട്ടോമാന്‍ സാമ്രാജ്യത്തിനെതിരെ പോളണ്ടും റോമും തമ്മിലുണ്ടാക്കിയ ഉടമ്പടിയില്‍ തീയതി 1683 ഏപ്രില്‍ ഒന്ന് എന്നതിനുപകരം മാര്‍ച്ച് 31 എന്നുകാണിച്ചുവെന്നു പറയപ്പെടുന്നു.

ഗൂഗിള്‍ പോലും ഇതില്‍നിന്നു വിമുക്തമല്ല. 2004 ഏപ്രില്‍ ഒന്നിന് ഇ മെയില്‍ സര്‍വീസ് പ്രഖ്യാപിച്ചപ്പോള്‍ അത് ഗൂഗിളിന്റെ വിഡ്ഢിദിന തമാശയാണെന്നാണ് ആളുകള്‍ കരുതിയത്.  (അന്നുതന്നെയാണ് ചന്ദ്രനില്‍ ജോലിക്ക് ആളെ വേണമെന്നുകാണിച്ച് ഗൂഗിള്‍ പരസ്യം ചെയ്തതെന്നത് വേറെ കാര്യം.) ഒരു ഗിഗാബൈറ്റ് സ്‌റ്റോറേജ് സൗജന്യമോ? അസാധ്യം!

ഗൂഗിളിന്റെ പുതിയ ഉത്പന്നങ്ങളുടെ തലവനായിരുന്ന ജോര്‍ജസ് ഹാരിക് 2010ല്‍ ടൈമുമായുള്ള അഭിമുഖത്തില്‍ ആ സംഭവം ഇങ്ങനെ ഓര്‍മിച്ചു: ‘ജേണലിസ്റ്റുകള്‍ ഞങ്ങളെ വിളിച്ചു ചോദിച്ചു: സംഭവം സത്യമാണോ അതോ തമാശയാണോ? അത് രസകരമായിരുന്നു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍