തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരോടും ,രക്ഷിതാവിനോടുള്ള പെരുമാറ്റത്തെ വിമര്‍ശിക്കുന്നവരോടുമാണ് സ്‌കൂള്‍ അധികൃതര്‍ മോശമായി പെരുമാറുന്നത്.
വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മൂവാറ്റുപുഴ, വാളകം ബ്രൈറ്റ് പബ്ലിക്ക് സ്‌കൂള്‍. കുട്ടിയുടെ പഠന വിവരം അന്വേഷിക്കാന്‍ എത്തിയ രക്ഷിതാവിനെ സ്‌കൂളിലെ അധ്യാപകര്‍ കടുത്ത ഭാഷയില്‍ അപമാനിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കും എതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് പുതിയ വിവാദം.
സ്‌കൂളിന്റെ ഫെയ്‌സ് ബുക്കപേജിലെ പോസ്റ്റിലുണ്ടായിരുന്ന അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയവര്‍ക്ക് നേരെയാണ് ഇത്തവണ ചീത്തവിളി. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരോടും, രക്ഷിതാവിനോടുള്ള പെരുമാറ്റത്തെ വിമര്‍ശിക്കുന്നവരോടുമാണ് സ്‌കൂള്‍ അധികൃതര്‍ മോശമായി പെരുമാറുന്നത്.
പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ അക്ഷരത്തെറ്റുകള്‍ ചൂണ്ടി കാണിച്ചയാളോട് ‘ നീ പോടാ, നിന്റെ പേര് ആദ്യം എഴുതി പഠിക്ക് ‘ എന്നായിരുന്നു സ്‌കൂളിന്റെ തിരി്‌കെയുള്ള മറുപടി. സ്‌കൂളിനോട് ശത്രുതയുള്ള ആരോ ആണ് അഡ്മിന്‍ എന്ന കമന്റിന് ‘ ഞാന്‍ ജോര്‍ജ് സര്‍ ‘ എന്നുമായിരുന്നു മറുപടി.
സ്‌കൂളിന്റെ അധികൃതരും ഫെയ്‌സ് ബുക്ക് യൂസര്‍മാരും തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്‌കൂളിന്റെ പെരുമാറ്റത്തെ ചൂണ്ടിക്കാട്ടി ട്രോളന്‍മാരും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ ബുക്ക് കാണാതായതിനെ തുടര്‍ന്ന് അധികൃതര്‍ സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയ രക്ഷിതാക്കളെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് ചീത്ത വിളിച്ചത്. അവിടെയുണ്ടായിരുന്ന ഒരാള്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുകയും ചെയ്തതോടെയാണ് വിവാദമായത്. ഒട്ടനവധി പേര്‍ അധ്യാപകരുടെ പെരമാറ്റത്തെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. ചീത്തവിളി കേള്‍ക്കേണ്ടിവന്ന രക്ഷിതാവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.