UPDATES

ബ്രണ്ണന്‍ കോളേജ് മാഗസിന്‍; വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനം

രാജ്യത്ത് തെരുവുകളില്‍ പോലും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്വതന്ത്രമായ ചിത്രീകരമാണ് മാഗസിനിലുള്ളതെന്ന് എസ്എഫ്‌ഐ

തലശേരി ബ്രണ്ണന്‍ കോളേജ് മാഗസിനിലെ വിവാദമായ ഭാഗങ്ങള്‍ പിന്‍വലിക്കാന്‍ ബ്രണ്ണന്‍ കോളേജ് കൗണ്‍സില്‍ തീരുമാനിച്ചു. മാഗസിനിലെ 12, 84 പേജുകളാണ് പിന്‍വലിക്കുക എന്ന് സ്റ്റാഫ് എഡിറ്റര്‍ കെ.വി. സുധാകരന്‍ അഴിമുഖത്തോട് പറഞ്ഞു.

‘കോളജ് മാഗസിനായ പെല്ലറ്റിലെ വിവാദമായ പേജുകള്‍ നീക്കം ചെയ്യാനാണ് കൗണ്‍സില്‍ തീരുമാനം. മാഗസിനില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്നു എന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ കോളേജ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പേജുകള്‍ ഒഴിവാക്കുമെങ്കിലും മാഗസിന്‍ പിന്‍വലിക്കില്ല. രാജ്യത്തെ രാഷ്ട്രീയസംഭവ വികാസങ്ങള്‍ക്കും അതിര്‍ത്തിയില്‍ നടക്കുന്ന സംഭവങ്ങള്‍ക്കും എതിരായ പ്രതിഷേധമായിട്ടാണ് ലേഖനങ്ങളും രേഖാചിത്രങ്ങളും ഉള്‍പ്പെടുത്തിയത്.’ മാഗസിന്റെ പേരിലുയരുന്ന വിവാദം അനാവശ്യമാണെന്നാണ് എസ്.എഫ്.ഐ യുടെ പ്രതികരണം.

‘രാജ്യത്ത് തെരുവുകളില്‍ പോലും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്വതന്ത്രമായ ചിത്രീകരമാണ് മാഗസിനിലുള്ളത്. എ.ബി.വി.പിയും സംഘപരിവാര്‍ ശക്തികളും മാഗസിനിനെ കുറിച്ച് തെറ്റായ പ്രചരണങ്ങളാണ് നടത്തുന്നത്. ദേശീയഗാനത്തെ അപമാനിക്കാനുന്ന രീതിയിലില്ല ഒന്നും മാഗസീനിലില്ല.’ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം ഹസ്സന്‍ പറയുന്നു.

എന്നാല്‍ എസ്.എഫ്.ഐ ഭരിക്കുന്ന യൂണിയന്റെ നേതൃത്വത്തില്‍ ഇറക്കിയ മാഗസിന്‍ തീര്‍ത്തും രാജ്യദ്രോഹ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നാണ് എ.ബി.വി.പിയുടെ വാദം. ‘തിയറ്ററില്‍ സിനിമാപ്രദര്‍ശനത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുമ്പോള്‍ കസേരകളിലിരുന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രേഖാചിത്രം ദേശീയ ഗാനത്തെ അപമാനിക്കുന്നതാണ്. സി.പി.എം അനുകൂല ലേഖനങ്ങളാണ് മാഗസിന്റെ ഉള്ളടക്കം. സംഭവത്തില്‍ എ.ബി.വി.പി പോലീസിനും കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കി. മാഗസിന്‍ പിന്‍വലിച്ച് യൂണിയനും സ്റ്റുഡന്റ് എഡിറ്ററും മാപ്പ് പറയണമെന്നാണ് എ.ബി.വി.പിയുടെ ആവശ്യം.

രാഷ്ട്രീയ വിഷയങ്ങള്‍ പ്രമേയമാക്കി വരച്ചിരിക്കുന്ന കാരിക്കേച്ചറുകളാണ് വിവാദത്തിനിടയാക്കിയത്. തോക്കിന്‍ കുഴലിനെഅശ്ശീലമാക്കിയും ഹിന്ദുത്വ ചിഹ്നമാക്കിയും ചില സന്യാസിമാരെ അനുസ്മരിപ്പിക്കും വിധവും അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം തരംതാണ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് കെ.എസ്.യുവും ആരോപിക്കുന്നത്.

‘കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാജ്യസ്നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്ര സ്നേഹം’ എന്ന ഹൈക്കു കവിതയോടെയാണ് ചിത്രം നല്‍കിയിരിക്കുന്നത്. മാഗസീന്‍ കോളേജില്‍ വിതരണം ചെയ്ത് കഴിഞ്ഞു. കോളേജ് 125 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലെ മാഗസീനാണ് വിവാദത്തിലായിരിക്കുന്നത്. അതുകൊണ്ടു തന്നെയാകാം വിവാദം പെട്ടെന്ന് അവസാനിപ്പിക്കാന്‍ കോളേജും മുന്‍കൈയെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖര്‍ പഠിച്ചിറങ്ങിയ ബ്രണ്ണന്‍ കോളേജ് കാലങ്ങളായി എസ്.എഫ്.ഐ യൂണിയനാണ് ഭരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍