UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രെക്സിറ്റ് കഴിഞ്ഞപ്പോള്‍ ബ്രിട്ടീഷുകാര്‍ ചോദിക്കുന്നു: ‘അല്ല, എന്താണീ യൂറോപ്യന്‍ യൂണിയന്‍?’

അഴിമുഖം പ്രതിനിധി

മാസങ്ങള്‍ നീണ്ട ക്യാംപെയിനുകള്‍, ചര്‍ച്ചകള്‍, വാദപ്രതിവാദങ്ങള്‍, മാധ്യമ ഇടപെടലുകള്‍, ഒടുവില്‍ പാര്‍ലമെന്റിലെ ബ്രെക്സിറ്റ് വിരുദ്ധ വിഭാഗത്തിലെ എംപി ആയിരുന്ന ജോണ്‍ കോക്സിന്റെ കൊലപാതകം വരെ.

എല്ലാറ്റിനുമൊടുവില്‍ 48-നെതിരേ 52 ശതമാനം വോട്ടിന്‍റെ പിന്‍ബലത്തില്‍ ബ്രെക്സിറ്റ് തീരുമാനമായി. ഒടുവില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുമായി. അതോടെ മൂന്നു മാസത്തിനുള്ളില്‍ രാജി വയ്ക്കുമെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചു. ഓഹരി വിപണി ചരിത്രത്തിലെ തന്നെ വലിയ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്രതലത്തില്‍ രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നു.

ഇത്രയൊക്കെ ആയപ്പോള്‍ ബ്രിട്ടനിലെ ആളുകള്‍ക്ക് ഒരു സംശയം. “എന്താണ് ഈ യൂറോപ്പ്യന്‍ യൂണിയന്‍?”

 

ഗൂഗിള്‍ തിരച്ചിലുകളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന്‍റെ നിലപാടുകള്‍ മനസ്സിലാക്കിയെടുക്കാമെങ്കില്‍ ഒന്നുറപ്പിക്കാം. ഇപ്പോഴാണ് ബ്രിട്ടീഷുകാര്‍ക്ക് തങ്ങള്‍ വോട്ട് ചെയ്തത് എന്തിനെന്നറിയാന്‍ ആഗ്രഹമുണ്ടായത്. വോട്ട് ചെയ്യാന്‍ പോകും മുന്‍പ് ആളുകള്‍ തിരഞ്ഞതും ഇതേ ചോദ്യങ്ങള്‍ തന്നെ. എന്താണ് യൂറോപ്യന്‍ യൂണിയന്‍ എന്ന് വോട്ടിന് മുന്‍പ് തിരഞ്ഞ ആളുകള്‍ ബ്രെക്സിറ്റ് ഉണ്ടായാല്‍ എന്തൊക്കെ സംഭവിക്കും എന്നറിയാനായിരുന്നു വോട്ടെടുപ്പിന് ശേഷം താല്പര്യം.

ഗൂഗിള്‍ ട്രെന്‍ഡ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്  “എന്താണ് യൂറോപ്യന്‍ യൂണിയന്‍?”, “എന്താണ് ബ്രെക്സിറ്റ്?” എന്നീ കാര്യങ്ങളാണ് ഇന്നലെ ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത്.

നോര്‍ത്ത് അയര്‍ലന്റ്, വെയില്‍സ്, ഇംഗ്ലണ്ട്, സ്കോട്ട്ലാന്‍ഡ് എന്നിവിടങ്ങളിലെ കണക്കുകളാണ് ഗൂഗിള്‍ ട്രെന്റ്സ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെ ട്വീറ്റ് ചെയ്തത്.

‘എന്താണ് യൂറോപ്യന്‍ യൂണിയന്‍’, ‘യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും പിന്മാറുക എന്നാല്‍ എന്താണ്?’, ‘യൂറോപ്പ്യന്‍ യൂണിയനില്‍ ഏതൊക്കെ രാജ്യങ്ങളാണ് ഉള്ളത്?’, ‘യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോയാല്‍ എന്താണ്  ഉണ്ടാകുക?’എന്നിവയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ചോദ്യങ്ങള്‍.

ബ്രിട്ടനിലെ ഒട്ടുമിക്ക സ്റ്റേറ്റുകളിലെയും പ്രധാന സേര്‍ച്ച്‌ ഇതുതന്നെയായിരുന്നു എന്നാണ് ഗൂഗിള്‍ പറയുന്നത്.

ഗൂഗിളില്‍ തിരഞ്ഞിട്ടായിരിക്കും ആളുകള്‍ വോട്ട് ചെയ്യാന്‍ പോയത് എന്നാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍