UPDATES

വിദേശം

ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ സൂര്യനസ്തമിക്കുമ്പോള്‍

Avatar

ഫരീദ് സക്കറിയ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരിക്കല്‍ പിറ്റ്, ഗ്ലാഡ്സ്റ്റണ്‍, ഡിസ്‌റായേലി, ചര്‍ച്ചില്‍, താച്ചര്‍ തുടങ്ങിയ രാഷ്ട്രീയ മഹാന്മാര്‍ ഇരുന്ന ബ്രിട്ടന്റെ പ്രധാനമന്ത്രി കസേരയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം തിങ്കളാഴ്ച്ച ഡേവിഡ് കാമറൂണ്‍ തന്റെ ആദ്യത്തെ പ്രബലമായ പ്രസംഗം നടത്തി. യൂറോയില്‍ നിന്നും പിന്‍വാങ്ങാനുള്ള ഗ്രീസിന്റെ ശ്രമം, വന്‍ തോതില്‍ യൂറോപ്യന്‍ തീരങ്ങളില്‍ വന്നടിയുന്ന അഭയാര്‍ഥികളുയര്‍ത്തുന്ന പ്രശ്നങ്ങള്‍, യുക്രേനിലെ ആപല്‍ക്കരമായ ഭരണകൂടം, മര്‍ക്കടമുഷ്ടിയുമായി വരുന്ന റഷ്യ, അലങ്കോലമായിക്കിടക്കുന്ന മിഡില്‍ ഈസ്റ്റ്, വിജയക്കൊടി പാറിക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് എന്നിങ്ങനെയുള്ള ഭീകരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്ത് കാമറൂണ്‍ സംസാരിക്കാന്‍ തെരഞ്ഞെടുത്ത വിഷയമോ? വാരാന്ത്യത്തില്‍ ആശുപത്രികളില്‍ ആവശ്യമുള്ള ജോലിക്കാരുണ്ടെന്ന കാര്യം ഉറപ്പുവരുത്താനുള്ള പദ്ധതിയെക്കുറിച്ച്. 

ഒറ്റ നോട്ടത്തില്‍ നീതിയുക്തമല്ലെന്നു തോന്നിക്കുന്ന സമീപനമാണിത്. അമേരിക്കയുള്‍പ്പടെയുള്ള ലോക രാജ്യങ്ങളുടെ നേതാക്കള്‍ ‘എല്ലാ രാഷ്ട്രീയവും പ്രാദേശികമാണെന്ന്’ തിരിച്ചറിവുള്ളവരാണെങ്കിലും ബ്രിട്ടനില്‍ ചിലവഴിച്ച ഏതാനും ദിവസങ്ങള്‍ രാജ്യം എത്രമാത്രം സങ്കുചിത മനോഭാവിയായ് മാറിയെന്ന സത്യം എനിക്ക് മനസ്സിലാക്കിത്തന്നു. 300 വര്‍ഷങ്ങളോളം കൈയാളിയ ലോകശക്തി പട്ടത്തില്‍ നിന്നും ഒടുവില്‍ രാജ്യം തിരിച്ചിറങ്ങുകയാണ്.

വരാനിരിക്കുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രിട്ടന്റെ സേനാബലം വെറും 80,000 ആയി ചുരുങ്ങും. റോയല്‍ യുണൈറ്റഡ് സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഈ സംഖ്യ 50,000 മായി മാറുമെന്ന പ്രവചനം നടത്തിയപ്പോള്‍ മാധ്യമ ലോകം ഞെട്ടലോടെയാണത് ശ്രവിച്ചത്. 1770 ശേഷമുള്ള ഏറ്റവും ചെറിയ ബ്രിട്ടീഷ് സേനയെന്ന് ഡെയ്‌ലി ടെലിഗ്രാഫ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഫോറിന്‍ പോളിസി മാഗസിനിലെ ഡേവിഡ് റോത്ത്‌കോഫ് ന്യൂയോര്‍ക്ക് പോലീസ് വിഭാഗത്തിനോടാണ് താരതമ്യപ്പെടുത്തിയത്. 

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റെജിക് സ്റ്റഡീസിന്റെ നിഗമനപ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ബ്രിട്ടണ്‍ പ്രതിരോധച്ചിലവിന്റെ 89 ശതമാനം വെട്ടിക്കുറച്ചപ്പോഴത് മൊത്ത കാര്യപ്രാപ്തിയില്‍ 20-30 ശതമാനത്തിന്റെ ഫലമാണ് ചെയ്തത്. അതുകൊണ്ട് തന്നെയാണ് ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെയുള്ള വ്യോമാക്രമണങ്ങളില്‍ ബ്രിട്ടണ്‍ നിസാരനായൊരു സഖ്യ കക്ഷിയുടെ വേഷം മാത്രം എടുത്തണിഞ്ഞത്. അമേരിക്കയുടെ എഫ്22 വിമാനങ്ങളുടെ ഒരു തലമുറ ഇളയവനാണ് ബ്രിട്ടന്റെ ടൊര്‍ണഡോ യുദ്ധവിമാനങ്ങള്‍. ഒരുകാലത്ത് സമുദ്രങ്ങളെ ഇളക്കി മറിച്ച രാജകീയ നാവിക സേനയിലിന്ന് ഒരു വിമാനവാഹിനിക്കപ്പല്‍ പോലുമില്ലെന്നതാണ് സത്യം (രണ്ടെണ്ണം പണിപ്പുരയിലുണ്ടെങ്കിലും ഇല്ലാത്തതിനു തുല്യമാണ്). 

നാറ്റോയിലെ അംഗങ്ങളെല്ലാം തങ്ങളുടെ ജി.ഡി.പിയുടെ രണ്ടു ശതമാനത്തില്‍ പ്രതിരോധച്ചിലവുകള്‍ നിലനിര്‍ത്തണമെന്നാണ് നിയമമെങ്കിലും ബ്രിട്ടണ്‍ ഇതൊന്നും കേട്ട ഭാവം നടിക്കുന്നില്ല. രാജ്യത്തിന്റെ മറ്റു മേഖലകളിലുള്ള ആഗോള പ്രാധിനിത്യവും ഇതേ രീതിയില്‍ കുറഞ്ഞു വരികയാണ്. കാമറൂണ്‍ ആദ്യ ഭരണ കാലഘട്ടത്തില്‍ വിദേശ ഓഫിസുകളുടെ ബജറ്റിന്റെ നാലിലൊന്ന് കുറയ്ക്കുകയും രാജ്യത്തിന്റെ ആഗോള പൊതുനയങ്ങളുടെ സന്ദേശവാഹകനായ ബി.ബി.സി വേള്‍ഡ് സര്‍വീസിന്റെ അഞ്ചു വിദേശ ഭാഷ പ്രക്ഷേപണങ്ങള്‍ നിര്‍ത്തലാക്കുകയും സംഘടനയുടെ മൊത്തം ബജറ്റ് തന്നെ കാര്യമായ രീതിയില്‍ കുറച്ചുകൊണ്ട് വരികയും ചെയ്തു. 

കരുത്തുള്ള വിദേശ നയങ്ങളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് രാജ്യം ചെയ്യുന്നത്. റഷ്യക്കെതിരെ ഗൗരവമായ ഉപരോധം കല്‍പിക്കുന്നതിലും, ചൈനയുമായുള്ള വ്യാപാര ഇടപാടുകളില്‍ കയര്‍ത്തു പറയുന്നതിലും, മിഡില്‍ ഈസ്റ്റില്‍ സേനയെ വിന്യസിക്കുന്നതിലും എല്ലാറ്റിനുമപരി മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും തണുപ്പന്‍ സമീപനമാണ് രാജ്യം കൈക്കൊണ്ടുവരുന്നത്. 

എന്തിനാണ് നമ്മളിതിനെക്കുറിച്ച് വാചാലരാവുന്നത്? ഒട്ടുമിക്ക ആഗോള പ്രശ്‌നങ്ങളിലും യുക്തിപരവും, പ്രാവാചക തുല്യവുമായ ശബ്ദമുയര്‍ത്തുന്ന രാജ്യമാണ് ബ്രിട്ടണ്‍. കൂടാതെ, വ്യക്തി സ്വാതന്ത്ര്യവും നീതിയും പ്രോത്സാഹിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര സമൂഹത്തെ വളര്‍ത്തിയെടുക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് നല്ല ബോധമുള്ള ഒരു രാജ്യം കൂടിയാണത്.

ഇത് വെറും യാദൃച്ഛികമല്ല. നമ്മളിന്ന് ജീവിക്കുന്ന ലോകം സൃഷ്ടിച്ചത് തന്നെ ബ്രിട്ടനാണ്. വാള്‍ട്ടര്‍ റസ്സല്‍ മേഡ് തന്റെ ‘ഗോഡ് ആന്‍ഡ് ഗോള്‍ഡ് ‘ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയത് പോലെ, പതിനാറാം നൂറ്റാണ്ടില്‍ വടക്കന്‍ ഇറ്റലിയിലെ നഗരങ്ങള്‍, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തികമായും രാഷ്ട്രീയപരമായും വളര്‍ന്നു തുടങ്ങിയെങ്കിലും ബ്രിട്ടനാണ് മറ്റുള്ളവരെ മറികടന്ന് ആദ്യത്തെ ആധുനിക വ്യാവസായിക-സാമ്പത്തിക-രാഷ്ട്രീയ ശക്തിയായും ലോകശക്തിയായും മാറിയത്. ബ്രിട്ടീഷ് രാജകുടുംബവും വ്യവസായികളും ഓസ്‌ട്രേലിയ മുതല്‍ ഇന്ത്യവരേയും അവിടെ നിന്ന് ആഫ്രിക്കന്‍ ഭൂഖണ്ഡവും, പടിഞ്ഞാറന്‍ അര്‍ദ്ധഗോളവും ഭരിച്ചപ്പോള്‍ പുതിയ രാജ്യങ്ങള്‍ ഉടലെടുക്കുകയും മിശ്ര സംസ്‌കാരങ്ങള്‍ പൊങ്ങിവരുകയും ചെയ്തു. ഇങ്ങനെ ലോകം മുഴുവന്‍ മാറ്റിമറിച്ച രാജ്യമെന്ന ബഹുമതി ബ്രിട്ടനു മാത്രം അര്‍ഹിക്കുന്നതാണ്, ജര്‍മനിയോ സ്‌പെയിനോ ആയിരുന്നു ആ സ്ഥാനത്തെങ്കില്‍ ലോകത്തിന്റെ മുഖം വേറൊന്നാവുമായിരുന്നു. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആഗോള കേന്ദ്രമായി ലണ്ടന്‍ വളര്‍ന്നുകൊണ്ടിരിക്കുകയും വിശ്വപൗരന്‍മാരായി ജനങ്ങള്‍ മാറുകയും ചെയ്യുന്നത് നേരില്‍ കാണുന്ന ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം വിരോധാഭാസമായി തോന്നന്നാവുന്നതാണിത്. ലണ്ടന്‍കാരില്‍ മൂന്നിലൊന്നും രാജ്യത്തിന് പുറത്താണ് ജനിച്ചത്. കൂടാതെ ചൈനയിലും, അറേബ്യയിലും, അതിലുമുപരി റഷ്യയില്‍ പോലും സഞ്ചരിച്ച് നിക്ഷേപങ്ങള്‍ നടത്താന്‍ രാജ്യം തയ്യാറാണ്. സാമ്പത്തിക നൗകയായ് വളരാനുള്ള ഈ ശ്രമത്തെ ഞാന്‍ കുറ്റപ്പെടുത്താന്‍ ഒരുങ്ങുന്നില്ല, പക്ഷെ സാമ്പത്തിക ഭദ്രതയുള്ള വെറുമൊരു രാജ്യമെന്നതിലുപരി നൂറ്റാണ്ടുകളുടെ രാഷ്ട്രീയസാമൂഹിക പാരമ്പര്യമുള്ള ബ്രിട്ടണ്‍ ആഗോള പ്രശ്‌നങ്ങളെയും അന്താരാഷ്ട്ര അതിര്‍ത്തിയേയും ശരിയായ മാര്‍ഗത്തിലേക്ക് നയിക്കാനുള്ള തന്റെ കഴിവും ഉള്‍ക്കരുത്തും അടിയറവ് വെക്കരുതെന്ന അപേക്ഷയാണ് ഞാനിവിടെ നടത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ ബ്രിട്ടന് മാത്രമല്ല ലോകത്തിനു തന്നെ നികത്താന്‍ സാധിക്കാത്ത നഷ്ടമായത് മാറും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍