UPDATES

വിദേശം

കലിയടങ്ങാതെ ബ്രിട്ടന്‍; അമേരിക്കയോട് ഒരു വിവരവും പങ്കുവയ്ക്കില്ല

മാഞ്ചസ്റ്റര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ യുഎസ് വിശ്വാസ വഞ്ചന കാണിച്ചെന്നാണു ബ്രിട്ടന്‍ കുറ്റപ്പെടുത്തുന്നത്

മാഞ്ചസ്റ്റര്‍ സഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചതിനു പിന്നാലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ നിന്നും ഇനി ലഭിക്കുന്ന വിവരങ്ങള്‍ അമേരിക്കയ്ക്ക് കൈമാറേണ്ടതില്ലെന്ന കടുത്ത തിരുമാനം ബ്രിട്ടന്‍ എടുത്തിരിക്കുന്നു. തങ്ങളുടെ സുരക്ഷാപങ്കാളിയായ അമേരിക്കയ്‌ക്കെതിരേ ഇത്തരത്തില്‍ കടുത്ത നിലപാട് എടുത്തതില്‍ നിന്നു തന്നെ ഈ വിഷയത്തില്‍ ബ്രിട്ടന്‍ എത്രമാത്രം രോഷാകുലരാണെന്നു വ്യക്തമാവുകയാണ്.

സ്‌ഫോടന സാമഗ്രിയുടെതെന്നു കരുതുന്ന ചിത്രം ന്യുയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ചു വന്നതിനെ കടുത്ത രീതിയിലാണ് ബ്രിട്ടന്‍ വിമര്‍ശിച്ചത്. ഇതെന്നെ തീര്‍ത്തും അസ്വസ്ഥയാക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേ പ്രതികരിച്ചത്. ബ്രസ്സല്‍സില്‍ നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ പറയാനുള്ളത് നേരില്‍ തന്നെ ഡൊണാള്‍ഡ് ട്രംപിനോട് പറയുമെന്നും മേ വ്യക്തമാക്കിയിട്ടുണ്ട്. വൈറ്റ് ഹൗസ് അറിഞ്ഞുതന്നെയായിരിക്കും വിവരങ്ങള്‍ പോയതെന്നു ബ്രിട്ടീഷ് ഉന്നത ഉദ്യോഗസ്ഥരും ഉറപ്പിക്കുകയാണ്. ഇനിയിങ്ങനെ ആവര്‍ത്തിക്കരുതെന്ന് അവരോട് കര്‍ശനമായി അവിശ്യപ്പെട്ടിട്ടുണ്ടെന്നു ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആമ്പെര്‍ റൂഡ് പറഞ്ഞു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബ്രിട്ടീഷ് പൊലീസ് സ്ഥിരീകരിക്കുന്നതിനു മുമ്പ് തന്നെ അമേരിക്കന്‍ മാധ്യമങ്ങളില്‍ വിശദമായ വാര്‍ത്തകളായി വന്നിരുന്നു. സല്‍മാന്‍ അബേദി എന്ന 22 കാരനായിരുന്നു ചാവേറായി പൊട്ടിത്തെറിച്ചതെന്നടക്കം അബേദിയെ കുറിച്ച് കിട്ടാവുന്ന വിവരങ്ങളെല്ലാം ചേര്‍ത്ത് വാര്‍ത്ത കൊടുക്കാനും അമേരിക്കന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞു. ഇതിനു പുറമെയാണ് സ്‌ഫോടകവസ്തുവിന്റെ ചിത്രം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്.

ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ എന്നാണ് ബ്രിട്ടന്‍ ഇതിനെയെല്ലാം കുറ്റപ്പെടുത്തിയത്.

അമേരിക്കയ്ക്കും ബ്രിട്ടനും ഇടയില്‍ അതിശക്തമായ സുരക്ഷാകാര്യങ്ങളിലെ പങ്കാളിത്തം ഉണ്ടായിരുന്നു. തീവ്രവാദം, ചാരപ്രവര്‍ത്തി തുടങ്ങി വിവിധവിഷയങ്ങളില്‍ അന്യോനം വിവരങ്ങള്‍ പങ്കുവച്ചിരുന്നു. ഇതുകൂടാതെ ‘ഫൈവ് ഐ’ കരാര്‍ പ്രകാരം ബ്രിട്ടന്‍, അമേരിക്ക, കാനഡ, ഓസട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ സുരക്ഷാസംബന്ധമായ വിവരങ്ങളും രേഖകളും പരസ്പരം കൈമാറിയിരുന്നു.

വിശ്വാസമായിരുന്നു ആ സംവിധാനത്തിന്റെ അടിസ്ഥാനം. നിബന്ധനകള്‍ പാലിക്കലും. കരാര്‍ പ്രകാരം ഒരു വിവരം കിട്ടുകയാണെങ്കില്‍ എല്ലാവരുടെയും അനുമതിയില്ലാതെ അത് പുറത്തുവിടാന്‍ ഒരു രാജ്യത്തിനും അവകാശമില്ല. അനുമതിയില്ലാതെയുള്ള പരസ്യമാക്കല്‍ വിശ്വാസവഞ്ചനയാണ്, ഇതു ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ; യു കെയിലെ നാഷണല്‍ പൊലീസ് ചീഫ് കൗണ്‍സില്‍ ബിബിസിയോടു പറഞ്ഞു.

എന്നാല്‍ അമേരിക്കയുടെ ഇത്തരം ചോര്‍ത്തല്‍ പരിപാടിയില്‍ പുതുമയില്ലെന്നു ബ്രിട്ടീഷ് പൊലീസ് കുറ്റപ്പെടുത്തുന്നുണ്ട്. 2005 ലെ ലണ്ടന്‍ സ്‌ഫോടനത്തിന്റെ സമയത്തും യു എസ്സിന്റെ ഭാഗത്തു നിന്നും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. 7/7 അറ്റാക്കിന്റെ സമയത്തും അമേരിക്കയുട ഭാഗത്തു നിന്നു ഇതേപോലെ സംഭവിച്ചിട്ടുണ്ടെന്നു ലണ്ടന്‍ സ്‌ഫോടനസമയത്ത് മെട്രോപോളിറ്റന്‍ പൊലീസിന്റെ തലവനായിരുന്ന ലോഡ് ബ്ലയര്‍ പറയുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍