UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ പുരുഷന്മാരോട് ഒരു ബ്രിട്ടീഷ് യുവതിക്ക് പറയാനുള്ളത്

Avatar

ഇത് അസാധാരണമല്ല. കേട്ടുകേള്‍വി ഇല്ലാത്തതുമല്ല. ഇന്ത്യയിലെ പുരുഷന്മാര്‍ക്ക് മാന്യമായി പെരുമാറാന്‍ അറിയാത്തത് നിരവധി ബ്ലോഗ് പ്രതികരണങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും എന്തിന് പോലീസ് പരാതികള്‍ക്കും വരെ കാരണമായിട്ടുണ്ട്.

തന്റെ സമീപകാല ഇന്ത്യ സന്ദര്‍ശന സമയത്ത്, തന്നെ നോക്കി പുരുഷന്മാര്‍ പരസ്യമായി സ്വയംഭോഗം ചെയ്യുന്നതിന്റെ രണ്ട് സംഭവങ്ങള്‍ വെളിപ്പെടുത്തിയ 27കാരിയായ ബ്രിട്ടീഷ് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഒരു രാജ്യം എന്ന നിലയിലും അവിടുത്തെ സ്ത്രീകളോട് സമൂഹം പെരുമാറുന്ന രീതിയിലും ഉള്ള ഇന്ത്യയുടെ യശസിന് കൂടുതല്‍ കളങ്കം ഉണ്ടാക്കുന്ന ഒന്നായി ഈ സംഭവം മാറിക്കഴിഞ്ഞു.

മൂന്ന് മാസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ ലൂസി ഹെമ്മിംഗ്‌സ്, മുംബെയില്‍ ഒരു ബസ് സ്റ്റോപ്പില്‍ സമീപകാലത്ത് നടന്ന ഒരു സംഭവം വിശദീകരിക്കുന്നുണ്ട്.

‘മുംബെയിലെ ഒരു ബസ്‌റ്റോപ്പില്‍ ഇരിക്കുമ്പോള്‍ ഒരു പുരുഷന്‍ എന്റെ അടുത്തേക്ക് വരുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഇടങ്കണ്ണിട്ട് നോക്കിയപ്പോള്‍ അയാള്‍ എന്നെ തുറിച്ച് നോക്കിക്കൊണ്ട്, തന്റെ ലിംഗം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുന്നതാണ് ഞാന്‍ കണ്ടത്. ഞാനാകെ തകര്‍ന്നുപോയി,’ എന്ന് അവര്‍ എഴുതുന്നു.

‘ഡല്‍ഹിയെ ബസില്‍ നടന്ന കൂട്ടബലാല്‍സംഗം വിശാലമായ ഇന്ത്യന്‍ ജീവിതത്തിലെ ഒരു നിസാര സംഭവം മാത്രമാണെന്ന് യുകെയില്‍ ഞാന്‍ ജോലി ചെയ്യുന്ന ബാറിലെ നിത്യസന്ദര്‍ശകരായ വിഡ്ഢികളോട് മണിക്കൂറുകളോളം വിവരിക്കുന്ന,’ വിധത്തില്‍ കടുത്ത ഇന്ത്യന്‍ ആരാധിക എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലൂസി, 2012ലെ ഇന്ത്യ സന്ദര്‍ശനത്തിനിടയില്‍ നേരിടേണ്ടി വന്ന സമാനമായ ഒരു അനുഭവത്തെ കുറിച്ചും ഓര്‍മ്മിക്കുന്നുണ്ട്. ‘2012ലാണ് ഇത്തരത്തില്‍ ഒരുനുഭവം എനിക്ക് ആദ്യമായി ഉണ്ടായത്. അന്ന് 23 വയസുണ്ടായിരുന്ന എന്റെ ആദ്യത്തെ സന്ദര്‍ശനമായിരുന്നു അത്. യാത്രയ്ക്കിടയില്‍ ഞാന്‍ എമ്മ എന്ന ഓസ്‌ട്രേലിയന്‍ പെണ്‍കുട്ടിയെ പരിചയപ്പെടുകയും ഞങ്ങള്‍ ഒന്നിച്ച് മൂന്ന് മാസം ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങുകയും ചെയ്തു. ആ സമയത്ത് ഋഷികേശിലെ ബീറ്റില്‍സ് ആശ്രമം എന്നറിയപ്പെടുന്ന മഹര്‍ഷി മഹേഷ് യോഗി ആശ്രമത്തില്‍ ചുറ്റിക്കറങ്ങുന്നതിനിടയില്‍, കുറ്റിച്ചെടികളുടെ ഇടയില്‍ പതുങ്ങിയിരുന്ന് ഒരാള്‍ ഞങ്ങളെ നോക്കി മുഷ്ടിമൈഥുനം നടത്തുന്നത് ഞങ്ങള്‍ കണ്ടു.’

‘എന്റെ ആദ്യത്തെ ഞെട്ടല്‍ ഉന്മാദകരമായ ഒരു ചിരിക്ക് വഴിമാറി; ഞാനും എമ്മയും അയാളെ തെറി പറയുകയും ചിരിക്കുകയും അയാളുടെ നേരെ കല്ലുകള്‍ വലിച്ചെറിയുകയും ചെയ്തു. അയാള്‍ ഞങ്ങളെ ഭയപ്പെടുത്തിയില്ല എന്ന വ്യക്തമായ സന്ദേശം അയാള്‍ക്ക് ലഭിച്ചു എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അയാളുടെ അവസ്ഥ ദയനീയമാണെന്നും ഞങ്ങള്‍ക്ക് തോന്നി,’ എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘നിസാരം’ എന്ന് താന്‍ വിചാരിച്ച കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ‘എന്റെ വര്‍ണക്കണ്ണടയിലൂടെ ഞാന്‍ അടുത്ത കാലത്ത് നിരീക്ഷിച്ചതിനേക്കാള്‍ ഗൗരവതരവും വ്യാപകവുമാണോ,’ എന്ന ചോദ്യം തന്റെ മനസില്‍ ഉയരുന്നതായി ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും മടങ്ങിയ ലൂസി പറയുന്നു.

‘ഇന്ത്യയോടുള്ള എന്റെ ഇഷ്ടം നിരന്തര പരീക്ഷണങ്ങള്‍ക്ക് വിധേയമാവുകയാണ്. ഒരു സാധാരണ ദിവസത്തില്‍ ഞാന്‍ പൂര്‍ണമായും ഇന്ത്യ എന്ന ലഹരിയിലായിരിക്കും; സംശയരഹിതമായ വിധത്തില്‍ ഞാന്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന രാജ്യം ഇന്ത്യയാകുന്നതിന്റെ അന്തമില്ലാത്ത കാരണങ്ങളെ കുറിച്ച് നിറുത്താതെ സംസാരിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് മാത്രമല്ല, മറ്റുള്ളവരെയും അങ്ങോട്ട് സഞ്ചാരിക്കാന്‍ പ്രേരിപ്പിക്കുക എന്നത് ഒരു ദൗത്യമായി ഞാന്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്’

തന്റെ ബ്ലോഗില്‍, ഇന്ത്യയെ പ്രകീര്‍ത്തിക്കുന്നതിന് ലൂസി ധാരാളം സ്ഥലം ചിലവഴിച്ചിട്ടുണ്ട്.

‘എന്നെ തുറിച്ച് നോക്കിയവര്‍ ഉണ്ടായിരുന്നെങ്കിലും, ഞാന്‍ ശരിയായ ട്രെയിനിലാണ് കയറിയതെന്ന് ഉറപ്പാക്കുന്ന, വിലാസം നഷ്ടപ്പെട്ട ഗസ്റ്റ് ഹൗസ് കണ്ടുപിടിക്കാന്‍ എന്നെ സഹായിച്ച, സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ച, ഞാന്‍ തളര്‍ന്നു എന്ന് തോന്നിയപ്പോള്‍ ഭക്ഷണം തരാന്‍ തയ്യാറായ എണ്ണിയാലൊടുങ്ങാത്ത പുരുഷന്മാരും ഉണ്ടായിരുന്നു,’ എന്ന് ഈ മുന്‍ ബോണ്‍മൗത്ത് സര്‍വകലാശാല വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ക്കുന്നു.

‘ഇന്ത്യയെ കുറിച്ച് ഒരു മോശം ചിത്രം ലഭിക്കാന്‍ ഈ പോസ്റ്റ് കാരണമാകുമെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം ഇത്തരത്തിലല്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും; അതുകൊണ്ട് തന്നെ ഈ അത്ഭുതകരമായ രാജ്യം സന്ദര്‍ശിക്കുന്നതില്‍ നിന്നും ആരെയും നിരുത്സാഹപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. അവിടെയുള്ള സ്വയംഭോഗികളെക്കാള്‍, സുന്ദരന്മാരായ മനുഷ്യന്മാരും സുന്ദരമായ അനുഭവങ്ങളും ഉള്ള രാജ്യമാണത്.’

‘ഇത് ഇന്ത്യയില്‍ പെട്ടെന്ന് ഒരു ദിവസം സംഭവിക്കുന്നതല്ല എന്നതാണ് ഭയാനകം. 20 രാജ്യങ്ങളില്‍ നിന്നുള്ള 45ല്‍ അധികം പെണ്‍കുട്ടികളില്‍ നിന്നും ഇത്തരം അനുഭവങ്ങളെ കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. പ്രദര്‍ശനത്തിനോ ശാരീരിക സ്പര്‍ശനത്തിനോ ഇരയായതായി ചില പുരുഷന്മാരും പരാതി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട,’ എന്ന് ലൂസി കൂട്ടിച്ചേര്‍ക്കുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് ബ്ലോഗ് എഴുതിയ ശേഷം ക്ഷമായാചനങ്ങളുടെ പ്രളയമാണ് ഇന്ത്യക്കാരില്‍ നിന്നും ലൂസിക്ക് ലഭിച്ചത്. ‘എന്റെ രാജ്യത്തെ സഹജീവികള്‍ക്ക് വേണ്ടി, സംഭവിച്ചതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു,’ എന്നാണ് ഇന്ത്യയില്‍ ജീവിക്കുന്ന ഒരു 27കാരന്‍ കുറിച്ചത്. ‘ഒരു ബില്യണ്‍ ജനങ്ങള്‍ ജീവിക്കുന്ന രാജ്യത്ത്, ഏതാനും ചിലരുടെ ചെയ്തികള്‍ രാജ്യത്തിന് മുഴുവന്‍ അപമാനമുണ്ടാക്കുന്നു,’ എന്ന് മറ്റൊരാള്‍ എഴുതി.

ഇത്തരം ചില സംഭവങ്ങളുടെ പേരില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള പദ്ധതി ആളുകള്‍ ഉപേക്ഷിക്കില്ലെന്ന് ലൂസിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ ഈ രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കാനും അവര്‍ മറക്കുന്നില്ല.

രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് അവര്‍ പറയുന്നു. ‘വെളിച്ചം കുറവുള്ള തെരുവുകളില്‍ വച്ചാണ് ചില അവസരവാദികളായ പുരുഷന്മാരില്‍ നിന്നും എനിക്ക് ലിംഗപ്രദര്‍ശന അനുഭവങ്ങള്‍ അധികവും ഉണ്ടായിട്ടുള്ളത്.’ സാധ്യമായ എല്ലാ സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ മാത്രം ഉപയോഗിയ്ക്കാന്‍ ശ്രമിക്കണമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ നോട്ടം പിന്‍വലിക്കാതിരിക്കു. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ഭയക്കരുത്. പറ്റില്ല എന്ന് പറയാന്‍ ഭയക്കേണ്ടതില്ലെന്നും അവര്‍ ഉപദേശിക്കുന്നു.

‘നിങ്ങളുമായി നല്ല സൗഹൃദത്തിലാവാന്‍ ആളുകള്‍ ശ്രമിക്കും എന്നതാണ് ഇന്ത്യയുടെ ആകര്‍ഷണങ്ങളില്‍ ഒന്ന്. അതുകൊണ്ട് തന്നെ അവര്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയോ ഫേസ്ബുക്ക് ചങ്ങാതിയാവാന്‍ ശ്രമിക്കുകയോ ചെയ്യും. വിനീതമായ എന്നാല്‍ ഉറപ്പുള്ള ഒരു നിഷേധം തന്നെ ധാരാളമാണ്; അതിന് നിങ്ങള്‍ പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാട്ടേണ്ടതില്ല.’

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍