UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടാറ്റാ സ്റ്റീല്‍ പ്രതിസന്ധി: ബ്രിട്ടീഷ് പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചു

അഴിമുഖം പ്രതിനിധി

ബ്രിട്ടണിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ടാറ്റാ സ്റ്റീല്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് 15,000 പേരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിന് പരിഹാരമാര്‍ഗം കണ്ടെത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രധാനപ്പെട്ട മന്ത്രിമാരുടെ യോഗം വിളിച്ചു.

ബ്രിട്ടണിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ടാറ്റ സ്റ്റീല്‍ പ്ലാന്റ് കനത്ത നഷ്ടത്തെ തുടര്‍ന്ന് വില്‍പനയ്ക്ക് വച്ചതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. പ്ലാന്റ് മറ്റൊരു കമ്പനി വാങ്ങുന്നതുവരെ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് ഉറപ്പില്ലെന്നാണ് ടാറ്റ സ്റ്റീല്‍സ് അറിയിച്ചിട്ടുള്ളത്.

കറന്‍സി, ഇറക്കുമതി, വില്‍പ്പന കുറഞ്ഞത് തുടങ്ങിയ കാരണങ്ങളാല്‍ കഴിഞ്ഞ 12 മാസത്തിനിടെ യുകെയിലെ കമ്പനിയുടെ പ്രകടനം തികച്ചും മോശമായതായി കമ്പനി അധികൃതര്‍ പറയുന്നു.

ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ കമ്പനി ദേശസാല്‍ക്കരിക്കുന്നത് വരെയുള്ള എല്ലാ വഴികളും നോക്കുമെന്ന് വ്യവസായ മന്ത്രി അന്ന സൗബ്രി പറഞ്ഞു.

യുകെയില്‍ ടാറ്റ സ്റ്റീല്‍ ഒരു ദിവസം ഒരു മില്ല്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഡിസംബര്‍ 31-ന് അവസാനിച്ച ത്രൈമാസ പാദത്തില്‍ 2,127 കോടി രൂപയുടെ കനത്ത നഷ്ടമുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഓഹരി മൂല്യത്തില്‍ പകുതിയോളം ഇടിവുണ്ടായിട്ടുണ്ട്.

സമ്പദ് വ്യവസ്ഥയെ കുറിച്ച് ഏറെ ആശങ്കകള്‍ നിലനില്‍ക്കുന്ന ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യത്തിന്റെ അംഗത്വത്തെ കുറിച്ച് റഫറണ്ടം നടത്താനിരിക്കവേയാണ് ടാറ്റയുടെ പ്രഖ്യാപനം വന്നത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ജൂണ്‍ 23-നാണ് ബ്രിട്ടീഷുകാര്‍ വോട്ടു ചെയ്യുക. ടാറ്റയുടെ നീക്കം വോട്ടിങ്ങിനെ ബാധിക്കുമെന്നാണ് ആശങ്ക. ഇരുമ്പുരുക്കു വ്യവസായത്തെ രക്ഷപ്പെടുത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും ലണ്ടനെ തടഞ്ഞത് യൂറോപ്യന്‍ യൂണിയനാണെന്ന് വ്യവസായികള്‍ ആരോപിക്കുന്നു.

ചൈനയില്‍ നിന്നും വിലക്കുറവില്‍ ഇരുമ്പ് ബ്രിട്ടണിലേക്ക് ഇറക്കുമതി ചെയ്യുന്നത് രാജ്യത്തെ ഇരുമ്പുരുക്കു വ്യവസായത്തെ തകര്‍ക്കുകയായിരുന്നു. ആന്റി-ഡമ്പിങ് നികുതി ഏര്‍പ്പെടുത്തണമെന്ന് ഉല്‍പാദകര്‍ സര്‍ക്കാരിനോടും യൂറോപ്യന്‍ യൂണിയനോടും ആവശ്യപ്പെട്ടിരുന്നു.

പ്ലാന്റ് വാങ്ങാന്‍ ഒരാളെ ഉടന്‍ തന്നെ കണ്ടെത്തുക ദുഷ്‌കരമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. തകര്‍ന്നു കൊണ്ടിരിക്കുന്ന വ്യവസായത്തെ രക്ഷിക്കാന്‍ തക്ക ശുഭാപ്തിവിശ്വാസവും ആഴമേറിയ കീശയുമുള്ള ഒരാള്‍ രക്ഷകനായി അവതരിക്കണം.

ആഗോള സാമ്പത്തിക മാന്ദ്യത്തിന് തൊട്ടു പിന്നാലെ 2007-ല്‍ ആഗ്ലോ-ഡച്ച് സ്റ്റീല്‍ കമ്പനിയായ കോറസിനെ ഏറ്റെടുത്തതു മുതലാണ് ടാറ്റയുടെ ബ്രിട്ടണിലെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കനത്ത നിക്ഷേപം നടത്തിയിട്ടും യൂറോപ്പിലെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ ടാറ്റയ്ക്ക് കഴിഞ്ഞില്ല.

യൂറോപ്പിലെ രണ്ടാമത്തെ വലിയ സ്റ്റീല്‍ ഉല്‍പാദകരാണ് ടാറ്റ സ്റ്റീല്‍. വര്‍ഷം 18 മില്ല്യണ്‍ ടണ്‍ ഉല്‍പാദന ശേഷിയുണ്ടെങ്കിലും 14 മില്ല്യണ്‍ ടണ്‍ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ. യൂറോപ്പില്‍ ടാറ്റയുടെ മൂന്ന് പ്രധാന യൂണിറ്റുകളില്‍ രണ്ടെണ്ണം ബ്രിട്ടണിലാണ്. മൂന്നാമത്തേത് നെതര്‍ലന്റ്‌സിലും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍