UPDATES

വിദേശം

ബ്രിട്ടന്‍ വീസ ഫീ കൂട്ടുന്നു

അഴിമുഖം പ്രതിനിധി

വീസ അപേക്ഷാഫീസ് കൂട്ടാനുള്ള ബ്രിട്ടിഷ് സര്‍ക്കാരിന്റെ തീരുമാനം വെള്ളിയാഴ്ച നിലവില്‍ വരും. യുകെയിലേയ്ക്കു ധാരാളമായി സഞ്ചരിക്കുന്ന ഇന്ത്യക്കാരെയാവും ഇത് കാര്യമായി ബാധിക്കുക.

2015ല്‍ 85,403 ഇന്ത്യക്കാരാണ് ബ്രിട്ടനിലേക്കുള്ള പ്രവേശനവിസ നേടിയത്. ബ്രിട്ടനിലെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 93,076 പേര്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ച ചൈനയാണ് ഒന്നാം സ്ഥാനത്ത്. ജോലി പെര്‍മിറ്റ്, സ്‌കില്‍ഡ് മൈഗ്രേഷന്‍, വിദ്യാര്‍ത്ഥി വീസ എന്നീ വിഭാഗങ്ങളിലെല്ലാം യുകെയിലേക്കു പോകുന്നവര്‍ ആദ്യം പ്രവേശനവീസ നേടണം.

എല്ലാ വിഭാഗങ്ങളിലും കാര്യമായ വര്‍ദ്ധനയാണു വരുത്തിയിട്ടുള്ളത്. സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെടുത്തിയാണ് നിരക്ക് വര്‍ദ്ധന. ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വര്‍ദ്ധന രണ്ടുശതമാനമാണ്. കുടിയേറ്റം, വീട്, നാഷനാലിറ്റി എന്നിവയ്ക്കുള്ള വീസ നിരക്കില്‍ 25 ശതമാനമാണ് വര്‍ദ്ധന.

ഇന്ത്യയിലെ ഐടി കമ്പനികള്‍ അവരുടെ ജീവനക്കാരെ വിദേശത്ത് നിയമിക്കാന്‍ ഉപയോഗിക്കുന്ന കമ്പനി അന്തര സ്ഥലംമാറ്റ വീസ ഫീസ് 1,151 പൗണ്ടായി ഉയരും.

ആറുമാസത്തെ ടൂറിസ്റ്റ് വീസ നിരക്ക് ഇപ്പോഴത്തെ 85 പൗണ്ടില്‍നിന്ന് 87 ആകും. രണ്ടുവര്‍ഷത്തേക്കുള്ള ടൂറിസ്റ്റ് വീസ ഫീസ് ആറു പൗണ്ടില്‍നിന്ന് 330 പൗണ്ടാകും. അഞ്ചുവര്‍ഷത്തേക്ക് ഇത് 600 പൗണ്ടും (ഇപ്പോള്‍ 588) 10 വര്‍ഷത്തേക്ക് 752 (ഇപ്പോള്‍ 737) പൗണ്ടുമാകും.

ബ്രിട്ടനില്‍ കുടിയേറിത്താമസിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ പ്രഫഷനലുകളുടെ ഫീസില്‍ 375 പൗണ്ട് വര്‍ദ്ധനയുണ്ട്  ‘ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയ്ന്‍” എന്ന വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്കാണ് ഈ വര്‍ദ്ധന ബാധകമാകുന്നത്. 1500 പൗണ്ടായിരുന്നത് 1875 പൗണ്ടാക്കി. സൂപ്പര്‍ പ്രീമിയം സര്‍വീസ്, പ്രയോരിറ്റി വീസ എന്നിവയുടെ നിരക്കില്‍ 33 ശതമാനമാണ് വര്‍ദ്ധന.

മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം ‘സ്വയം ഫണ്ടിങ് സംവിധാനം’ സൃഷ്ടിക്കുകയാണ് നിരക്കുവര്‍ദ്ധനയുടെ ഉദ്ദേശ്യമെന്ന് യുകെ ഹോം ഓഫിസ് നോട്ടിഫിക്കേഷന്‍ പറയുന്നു. ബിസിനസുകാര്‍ക്കും കുടിയേറ്റക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആകര്‍ഷകമായ നിരക്ക് നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് യുകെ സര്‍ക്കാരും അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍