UPDATES

പ്രവാസം

ബ്രൌണ്‍ നേഷന്‍; നെറ്റ്ഫ്ലിക്സിനുവേണ്ടി ഇന്ത്യക്കാര്‍ തയ്യാറാക്കിയ ആദ്യ സിറ്റ്കോമിന്റെ വിശേഷങ്ങള്‍-ജോര്‍ജ്ജ് കാനാട്ട്/അഭിമുഖം

ഇന്ത്യന്‍ -അമേരിക്കക്കാരുടെ ജീവിതത്തിന്റെ കഥ പറയുന്ന ഈ ഹാസ്യ പരമ്പരയുടെ സംവിധായകന്‍ അബി വര്‍ഗീസാണ്

ആദ്യ മൂന്നു എപ്പിസോഡുകള്‍ കടം വാങ്ങിയ കാശും കയ്യിലെ സമ്പാദ്യവും എടുത്താണ് ചിത്രീകരിച്ചത്. അടുത്ത രണ്ടു കൊല്ലം കാശിരക്കാന്‍ ആളുകളെ തേടി നടക്കലായിരുന്നു. ഒടുവില്‍ 10 എപ്പിസോഡുള്ള ഹാസ്യ പരമ്പരയായ ബ്രൌണ്‍ നേഷന്‍ (Brown Nation) Netflix-ലൂടെ 190 രാജ്യങ്ങളില്‍ ആഗോള പ്രദര്‍ശനത്തിനെത്തി. ഡിസംബര്‍ 15-നു ഒരു മാസം പൂര്‍ത്തിയാക്കിയ ബ്രൌണ്‍ നേഷന്‍ Netflixനു വേണ്ടി ഇന്ത്യക്കാര്‍ തയ്യാറാക്കിയ ആദ്യ സ്വതന്ത്ര പരിപാടിയാണ്. ഇന്ത്യന്‍ -അമേരിക്കക്കാരുടെ ജീവിതത്തിന്റെ കഥ പറയുന്ന ഈ ഹാസ്യ പരമ്പര അബി വര്‍ഗീസ് സംവിധാനം ചെയ്തിരിക്കുന്നു. മാറ്റ് ഗ്രബ്, ജോര്‍ജ് കാനാട്ട്, വര്‍ഗീസ് എന്നിവരാണ് രചന. മോശം കമ്പനികളിലെ തങ്ങളുടെ ജോലി അനുഭവങ്ങളും ഒരു ബഹു-സംസ്കാര സമൂഹത്തിലെ ജീവിതവും അടിസ്ഥാനമാക്കിയ പരമ്പര നാലു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഇതിന്റെ രചന-നിര്‍മ്മാണ സംഘത്തിലെ ഒരാളായ ജോര്‍ജ് കാനാട്ടിനോട് പ്രിയ സോളമന്‍ സംസാരിക്കുന്നു. 

പ്രിയ സോളമന്‍:നിങ്ങള്‍ യു.എസില്‍ ജീവിക്കാന്‍ തുടങ്ങിയിട്ടു കുറച്ചു കൊല്ലങ്ങളല്ലെ ആയുള്ളൂ. എങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്?

ജോര്‍ജ്ജ് കാനാട്ട്:  ഡല്‍ഹിയിലെ NIFT-യില്‍ നിന്നും ബിരുദമെടുത്ത് ഡല്‍ഹിയില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍. പരസ്യ രംഗത്തെ ചിലരുമായി ഞാന്‍ സൌഹൃദത്തിലായി. കോപ്പിറൈറ്റിംഗില്‍ ഞാന്‍ ഒരു കൈ പരീക്ഷിച്ചത് അവര്‍ക്കിഷ്ടപ്പെട്ടു. യു.എസില്‍ ഞാന്‍ ചില തെക്കനേഷ്യന്‍ പ്രസിദ്ധീകരണങ്ങള്‍ക്കായി എഴുതിയിരുന്നു. ആയിടെയാണ് ‘അക്കരക്കാഴ്ചകള്‍’ എന്ന മലയാളം ഹാസ്യ പരമ്പരയുടെ ചിത്രീകരണ സ്ഥലത്തു ഞാന്‍ ചെന്നത്. അവിടെവെച്ചാണ് അബി വര്‍ഗീസീനെ ആദ്യമായി കാണുന്നത്. 2007-ലാണ്. അബിയുടെ വീട്ടില്‍ വെച്ചുതന്നെയായിരുന്നു ചിത്രീകരണം. അബിയുടെ അമ്മയായിരുന്നു പ്രധാന ഭക്ഷണ ചുമതലക്കാരി. പരമ്പരയുടെ ആദ്യ സമയമായിരുന്നു അത്. പിന്നെ ഞാനൊരു സ്ഥിരം സന്ദര്‍ശകനായി (ഭക്ഷണത്തിന് വേണ്ടിയല്ല), ചില എപ്പിസോഡുകളുടെ ആശയം ഉണ്ടാക്കാന്‍ തുടങ്ങി. എല്ലാവരും ഒത്തുകൂടുന്ന രസകരമായ ദിവസങ്ങളായിരുന്നു അത്. രചയിതാവായ അജയന്‍ വേണുഗോപാലന്‍ എനിക്കും അവസരം തന്നു. ഞാന്‍ മൂന്നു എപ്പിസോഡുകള്‍ക്കും പിന്നെ യൂറോപ്പിലും യു.എസിലുമായി ചെയ്ത 26-ഓളം സ്റ്റേജ് ഷോകള്‍ക്കും വേണ്ടി എഴുതി.

പ്രിയ: നിങ്ങള്‍ വലിയ കോടീശ്വരന്മാരോ വലിയ കലാകാരന്മാരോ ആയിരുന്നില്ല. എന്തു ധൈര്യത്തിലാണ് ഇത് തുടങ്ങിയത്?

ജോര്‍ജ്ജ്: അക്കരക്കാഴ്ച്ചകള്‍ കഴിഞ്ഞപ്പോള്‍ ഓരോരുത്തരും സ്വന്തമായി വളരാന്‍ തുടങ്ങിയെങ്കിലും ആ ബന്ധം നിലനിന്നു. സ്റ്റേജ് ഷോകള്‍ അതിനു വലിയ ശക്തിയായിരുന്നു. ആളുകളെ ശരിക്കും കാണുന്നു, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയുന്നു. വലിയ വിജയങ്ങളുടെ ചരിത്രമില്ലാത്തതിനാല്‍ നിക്ഷേപകരെ കിട്ടുക പാടായിരുന്നു. അത് അമേരിക്കയില്‍ വന്നിറങ്ങി ഒരു പണി കിട്ടുന്നതുപോലെയാണ്. ആളുകള്‍ക്ക് അമേരിക്കയിലെ തൊഴില്‍ പരിചയമാണാവശ്യം. പക്ഷേ ആദ്യമൊരു പണി തരാതെ നിങ്ങളതെങ്ങിനെ ഉണ്ടാക്കും. പിടിച്ചുനില്‍ക്കലാണ് നിര്‍ണായക സംഗതി. ധൈര്യം വരുന്നത് ആത്മവിശ്വാസത്തില്‍ നിന്നുമാണ്, ആത്മവിശ്വാസം അനുഭവങ്ങളില്‍ നിന്നും- നല്ലതോ ചീത്തയോ ആവട്ടെ.

പ്രിയ: മുഖ്യധാര മാധ്യമങ്ങളില്‍ നിന്നും അകന്നു നില്ക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍പ് പറഞ്ഞതോര്‍മ്മയുണ്ട്. എന്തുകൊണ്ടാണ്, എന്താണുദ്ദേശിച്ചത്?

ജോര്‍ജ്ജ്: സത്യം കേള്‍ക്കാനുള്ള ആഗ്രഹം. ഉദാഹരണത്തിന് അമേരിക്കന്‍ തെരഞ്ഞെടുപ്പോ, പാകിസ്ഥാനിലെ ഇന്ത്യയുടെ മിന്നലാക്രമണമോ നോക്കൂ. ആളുകള്‍ക്ക് വസ്തുതകള്‍ നല്‍കൂ, അഭിപ്രായം അവരുണ്ടാക്കട്ടെ. ഉഴപ്പരുത്. കഠിനമായി പണിയെടുക്കണം. അന്വേഷിക്കൂ, നിങ്ങളുടെ ജോലി ചെയ്യൂ. സത്യത്തെ കൈകാര്യം ചെയ്യാന്‍ ജനങ്ങള്‍ക്കാകില്ലെന്ന ഒരു കാഴ്ച്ചപ്പാടുണ്ട്. എന്തായാലും അതിപ്പോള്‍ നാം കാണുന്നതിനെക്കാള്‍ മോശമാകില്ല. ഞാന്‍ എല്ലാ മാധ്യമങ്ങളെയും സാമാന്യവത്കരിക്കുകയല്ല. പക്ഷേ ആദ്യം എത്തിക്കാനും അതിനെ കൊഴുപ്പിക്കാനുമുള്ള ശ്രമങ്ങള്‍ വസ്തുതകളെ ദുര്‍ബ്ബലമാക്കുന്നു.

പ്രിയ: ഇന്ത്യന്‍ സിനിമ/ടി വി/ ഡിജിറ്റല്‍ രംഗം ശ്രദ്ധിക്കാറുണ്ടോ?

ജോര്‍ജ്ജ്: ടി വി അങ്ങനെ നോക്കാറില്ല, പക്ഷേ ഇന്ത്യന്‍ സിനിമകള്‍ സൂക്ഷ്മമായി കാണാറുണ്ട്. ഷൂജിത്ത് സര്‍ക്കാര്‍, അഭിഷേക് ചൌബേ, രാം റെഡ്ഡി, രാജീവ് രവി എന്നിവരെയൊക്കെ ഇഷ്ടമാണ്. നമുക്കിപ്പോള്‍ സിനിമ വ്യവസായത്തില്‍ കഴിവുള്ളവര്‍ നിരവധിയുണ്ട്. പടിഞ്ഞാറ് ഇപ്പോള്‍ സംഭവിക്കുന്നതുപോലെ കഴിവുള്ളവര്‍ ഇവിടെയും ടി വിയിലേക്ക് വരും എന്ന് കരുതാം. ഡിജിറ്റല്‍ പ്രതലത്തിന്റെ കാര്യത്തിലാണെങ്കില്‍ Netflix ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. അനുരാഗ് കശ്യപും വീര്‍ദാസുമായി അവര്‍ ഒത്തുചേരുന്നു. ആമസോണും ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമാകും. ഇന്‍റര്‍നെറ്റ് വേഗത കൂടുകയും ഫോണുകള്‍ ആധുനികമാവുകയും ചെയ്യുന്നതോടെ ഇന്റര്‍നെറ്റ് വഴിയുള്ള പരിപാടികള്‍ കൂടുതല്‍ ജനകീയമാകും.

പ്രിയ: ഇപ്പോള്‍ ബ്രൌണ്‍ നേഷന്‍ വന്നു ഒരു മാസമാകുന്നു. എന്താണ് വിലയിരുത്തല്‍? പ്രതീക്ഷകളും യാഥാര്‍ത്ഥ്യവും തമ്മില്‍?

ജോര്‍ജ്ജ്: വമ്പിച്ച പ്രതികരണമാണ്. Netflix 180 രാജ്യങ്ങളില്‍ ലഭ്യമാണ്. ലോകത്തെല്ലായിടത്ത് നിന്നും സന്ദേശങ്ങള്‍ കിട്ടുന്നു. അര്‍ജന്‍റീന, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നൊക്കെ ആളുകള്‍ അഭിപ്രായം അറിയിക്കുമ്പോള്‍ അതൊരു അനുഭവമാണ്. വിവിധ സംസ്കാരങ്ങളെ ബന്ധിപ്പിക്കുകയൂം മറികടക്കുകയും ചെയ്യുന്നു ഇത് എന്നറിയുമ്പോള്‍.

പ്രിയ: റിവ്യൂസ് എങ്ങനെയാണ്?

ജോര്‍ജ്ജ്: അമേരിക്കന്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലും ഏഷ്യന്‍ പ്രവാസി മാധ്യമങ്ങളിലും റിവ്യൂസ് വന്നുതുടങ്ങിയതേ ഉള്ളൂ. സാമൂഹ്യ മാധ്യങ്ങളില്‍ സ്ഥിരം പ്രേക്ഷകരുടെ അഭിപ്രായങ്ങളും വരുന്നുണ്ട്.  ഇതുവരെയും ഭൂരിഭാഗം വിലയിരുത്തലുകളും നല്ലതാണ് പറയുന്നത്.

പ്രിയ: ഇന്ത്യയില്‍ നിന്നുള്ള ചില വിലയിരുത്തലുകള്‍ അത്ര നല്ല അഭിപ്രായമല്ല പറയുന്നത്, എന്തായിരിക്കും കാരണം?

ജോര്‍ജ്ജ്: പരിപാടി കണ്ട എല്ലാവര്‍ക്കും സ്വന്തമായ അഭിപ്രായമുണ്ടാകാന്‍ അവകാശമുണ്ട്. അനുകൂലമല്ലാത്ത റിവ്യൂസും ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം. ഇതാണോ ഏറ്റവും നല്ല പരിപാടി? തീര്‍ച്ചയായും അല്ല. പക്ഷേ ഇത് സത്യസന്ധമായ ഒരു പരിപാടിയാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ബുദ്ധിശക്തിയെ വിലകുറച്ചു കാണരുത്. വാസ്തവത്തില്‍, അതാണ് നിര്‍മ്മാതാക്കളെന്ന നിലയില്‍ നമ്മെ സത്യസന്ധരാക്കുന്നതും കൂടുതല്‍ നല്ല ഉത്പ്പന്നം ഉണ്ടാക്കാന്‍ സഹായിക്കുന്നതും.

പ്രിയ: കാഴ്ച്ചക്കാരുടെ എണ്ണം?

ജോര്‍ജ്ജ്: Netflix-നു കാഴ്ച്ചക്കാരുടെ എണ്ണം കണക്കാക്കാനും മറ്റും അവരുടേതായ രീതികളുണ്ട്. നമുക്കോ പൊതുജനത്തിനോ ലഭ്യമാകില്ല. എന്നാലും Brown Nation ‘ജനപ്രിയം’ ‘trending’ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട് എന്നതില്‍ സന്തോഷം.

പ്രിയ: എന്തായിരിക്കും നിങ്ങള്‍ കൊണ്ടുവന്ന വ്യത്യസ്തത?

ജോര്‍ജ്ജ്: ഇവിടെയെത്തുക വളരെ ബുദ്ധിമുട്ടായിരുന്നു, പക്ഷേ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഇതുവരെയുള്ള യാത്ര വിസ്മയകരമാണ്, എല്ലാവരോടും നന്ദിയുണ്ട്. Netflix പോലെ ആഗോള ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ എത്തി ഭാവിയിലേക്ക് സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനമാകാന്‍ കഴിഞ്ഞതിലും സന്തോഷം.

പ്രിയ: അതില്‍ സ്വന്തം അനുഭവങ്ങള്‍ എത്രയുണ്ട്?

ജോര്‍ജ്ജ്: അബിയും മാറ്റും ഞാനും കോര്‍പ്പറേറ്റും, മോശവുമായ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. ആ അനുഭവങ്ങള്‍ ഓഫീസ് രംഗങ്ങള്‍ എഴുതുമ്പോള്‍ സഹായിച്ചിട്ടുണ്ട്. കഷ്ടപ്പെടുന്ന ഭര്‍ത്താവ്, തല പെരുത്ത ഭാര്യ, അല്ലെങ്കില്‍ അത്യാര്‍ത്തിക്കാരനായ സുഹൃത്ത്  ഇതൊക്കെ കണ്ടുകിട്ടാന്‍ അത്ര പാടൊന്നുമില്ലല്ലോ. ഞങ്ങള്‍ കണ്ടതും അനുഭവിച്ചതുമായി എന്തെങ്കിലും ബന്ധമുള്ളതാണ് ഞങ്ങള്‍ എഴുതുന്നത്.

പ്രിയ: ഹാസ്യം വളരെ ഗൌരവമുള്ള സംഗതിയാണ്!

ജോര്‍ജ്ജ്: 100%. ഒരാളെ ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. ഞങ്ങളുടെ മലയാളം പരമ്പര, സ്റ്റേജ് ഷോ അനുഭവങ്ങള്‍ ഇതില്‍ സഹായിച്ചിട്ടുണ്ട്. തത്സമയ സ്റ്റേജ് പരിപാടിയില്‍ പ്രതികരണം അപ്പപ്പോള്‍ കിട്ടും. ടിവി, സിനിമ ഇതിലൊന്നും പ്രേക്ഷകര്‍ കണ്ടുകഴിയും വരെ അത് ഫലിച്ചോ എന്ന് പറയാനാകില്ല.

പ്രിയ: നിങ്ങളെ സ്വാധീനിച്ചത് എന്താണ്?

ജോര്‍ജ്ജ്: നേരെ കാര്യങ്ങള്‍ നടത്താത്ത കഥാപാത്രങ്ങളുള്ള ഒരു ബഹുസാംസ്കാരിക പശ്ചാത്തലമുള്ള ഓഫീസാണ് ഞങ്ങളുടെ ആദ്യ ആശയം. കഥ വികസിച്ചുവന്നപ്പോള്‍ കഥാപാത്രങ്ങളുടെ ജീവീതം അവഗണിക്കാന്‍ കഴിയാത്തവണ്ണം പ്രധാനമായി. ദൃശ്യ ശൈലിയില്‍ ‘Modern Family’ യുടെ പ്രചോദനം ഉണ്ടെന്ന് പറയാം. എന്നാല്‍ അതൊഴിച്ചു ഇതൊരു തനതായ പരമ്പരയാക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

പ്രിയ: മുന്‍മാതൃകകള്‍ എത്രത്തോളം കടന്നുവന്നു?

ജോര്‍ജ്ജ്: മുന്‍ മാതൃകകളില്‍ നിന്നും സാംസ്കാരിക സംഘട്ടനങ്ങളില്‍ നിന്നും കുതറി മാറാനും കഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഒരു ഗുജറാത്തി വ്യാപാരിക്ക് ഒരു ലെബനീസ് സുഹൃത്തിനെയോ സല്‍മാന്‍ ഖാനെ ആരാധിക്കുന്ന തമിഴനെയോ നിങ്ങള്‍ പ്രതീക്ഷിക്കില്ല. തന്നെ ചപ്പാത്തിയുണ്ടാക്കുന്ന യന്ത്രം വരെ ഞങ്ങള്‍ അവതരിപ്പിച്ചു. ദൈനംദിന കഷ്ടപ്പാടുള്ള ശരാശരി മനുഷ്യരാണ് എല്ലാ കഥാപാത്രങ്ങളും.

പ്രിയ: Netflix മാതൃക

ജോര്‍ജ്ജ്: ഞങ്ങള്‍ ബ്രൌണ്‍ നേഷന്‍ ഉണ്ടാക്കിയപ്പോള്‍ അത് ഇന്ത്യന്‍ ചാനലുകള്‍ക്ക് അല്പം കൂടുതല്‍ പാശ്ചാത്യവും പാശ്ചാത്യ ചാനലുകള്‍ക്ക് അല്പം ഇന്ത്യനും ആണെന്ന് ഞങ്ങള്‍ മനസിലാക്കി. Netflix ഞങ്ങളെ സമീപിച്ചപ്പോള്‍ അത് ആഗോള പ്രേക്ഷകരെ ലക്ഷ്യം വെക്കുന്നതിനാല്‍ തികച്ചും യോജിച്ച ഒന്നാകുമെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. സാമ്പ്രദായിക ടി വിയില്‍ നിന്നും ആധുനിക ഉള്ളടക്കത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഭാവി streaming ആണ് എന്ന് പറയേണ്ടിയിരിക്കുന്നു.

പ്രിയ: ഭാവി പരിപാടികള്‍?

ജോര്‍ജ്ജ്: ഒരു സീസണ്‍ 2-നു വേണ്ട ആശയങ്ങള്‍ ഉണ്ടാക്കുകയാണ്. ചില ചലച്ചിത്ര, ടി വി പദ്ധതികളും ഉണ്ട്. ഹോളിവുഡിനെ പിന്നിലാക്കിക്കൊണ്ടു പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ടി വി മികച്ച എഴുത്തുകളിലൂടെ മുന്നേറുകയാണ്.  ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ആശയങ്ങള്‍ ഉണ്ടാക്കുകയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഞങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നത്.

(ഡല്‍ഹിയില്‍ ജേര്‍ണലിസ്റ്റായ പ്രിയ അഴിമുഖം സ്ഥാപകാംഗം) 

പ്രിയ സോളമന്‍

പ്രിയ സോളമന്‍

മാധ്യമപ്രവര്‍ത്തക, അഴിമുഖം സ്ഥാപകാംഗം

More Posts

Follow Author:
Twitter

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍