UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രസ്സല്‍സ് ആക്രമണം: യൂറോപ്പിലെ സുരക്ഷ സംവിധാനം ഇയാളുടെ പിന്നാലെയാണ്

അഴിമുഖം പ്രതിനിധി

ബ്രസ്സല്‍സിലെ വിമാനത്താവളത്തില്‍ ആക്രമണം നടത്തിയ മൂന്നു ചാവേറുകളുടെ സിസി ടി വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു. ഈ ചാവേറുകളില്‍ രണ്ടു പേര്‍ സ്വയം പൊട്ടിത്തെറിക്കുകയും ഒരാള്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.ആക്രമണത്തിനുശേഷം രക്ഷപ്പെട്ട മൂന്നാമനുവേണ്ടിയുള്ള ശക്തമായ തെരച്ചിലാണ് പൊലീസ് നടത്തുന്നത്. ഇയാള്‍ വെളുത്ത ജാക്കറ്റും ഒരു തൊപ്പിയും ധരിച്ചിരുന്നു. പൊട്ടിത്തെറിച്ച ചാവേറുകള്‍ ഇടതു കൈയില്‍ മാത്രം കൈയുറ ധരിച്ചിരുന്നു. 

ബ്രസ്സല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും ചാവേറാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി വ്യാപകമായ തെരച്ചിലാണ് സുരക്ഷ സേന നടത്തുന്നത്.

മരിച്ച രണ്ടു ചാവേറുകള്‍ ഖാലിദ്, ബ്രാഹിം എല്‍ ബക്രൗയി സഹോദരന്‍മാരാണെന്ന് പൊലീസ് പറഞ്ഞു. ബ്രസ്സല്‍സ് നിവാസികളായ ഇരുവരും കുറ്റവാളികളാണ്. എന്നാല്‍ ഇവര്‍ക്ക് ഭീകരബന്ധമുണ്ടെന്ന് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞയാഴ്ച നടന്ന റെയ്ഡില്‍ ഒരു തോക്കുധാരിയെ പൊലീസ് വെടിവച്ചു കൊന്ന ഫ്‌ളാറ്റ്‌ വാടകയ്ക്ക് എടുത്തത് ഖാലിദായിരുന്നു. ഈ ഫ്‌ളാറ്റില്‍ നിന്നും പൊലീസിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും തോക്കും കണ്ടെത്തിയിരുന്നു. കൂടാതെ പാരീസ് ആക്രമണ കേസിലെ പ്രതിയായ സാല അബ്ദെസ്ലാമിന്റെ വിരലടയാളവും ഇവിടെ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഈ റെയ്ഡ് നടത്തി മൂന്നാം ദിനമാണ് അബ്ദെസ്ലാം അറസ്റ്റിലാകുന്നത്. ഇയാളുമായി ഈ സഹോദരന്‍മാര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫ്‌ളാറ്റിലെ റെയ്ഡിനുശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. 2010 ഒക്ടോബറില്‍ ഇബ്രാഹിം പൊലീസിനെ കലാഷ്‌നിക്കോവ് തോക്കുമായി ആക്രമിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഇന്നലത്തെ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍