UPDATES

വിദേശം

ബ്രസ്സല്‍സ് സ്ഫോടനം; ആരാണ് നജീം ലാച്ചറോവി?

Avatar

ആഡം ടെയിലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യൂറോപ്യന്‍ അധികൃതര്‍ പറയുന്നതനുസരിച്ച് നജീം ലാച്ചറോവി ഒരു ഇസ്ലാമിക് സ്റ്റേറ്റ് ബോംബ് നിര്‍മാണ വിദഗ്ദ്ധനാണ്. ഈ വൈദഗ്ദ്ധ്യമാണ് അടുത്തകാലത്ത് യൂറോപ്പിലുണ്ടായ രണ്ടു വന്‍ ഭീകരാക്രമണങ്ങളുടെ കേന്ദ്രസ്ഥാനത്തെത്തിച്ചത്.

ലാച്ചറോവി ബല്‍ജിയന്‍ അധികൃതരുടെ പിടിയിലായെന്ന് ബുധനാഴ്ച്ച വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റായ വിവരമാണെന്ന് പിന്നീട് അധികൃതര്‍ അറിയിച്ചു. സംശയിക്കപ്പെടുന്ന ഒരാള്‍ പിടിയിലായെങ്കിലും അത് ലാച്ചറൊവിയല്ല. അയാളെ ഇനിയും കണ്ടുകിട്ടിയിട്ടില്ല.

മൊറോക്കോയില്‍ ജനിച്ച ലാച്ചറോവി പക്ഷേ വളര്‍ന്നതെല്ലാം ബ്രസല്‍സിലെ ഷായെര്‍ബീക് പ്രദേശത്താണ്. ബല്‍ജിയന്‍ പാസ്പോര്‍ടും ഉണ്ട്. സ്ഥലത്തെ ഒരു കാത്തലിക് ഹൈസ്കൂളില്‍ ഇലക്ട്റോമെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ചു എന്നാണ് കരുതുന്നത്. ഫെബ്രുവരി 2013-നു ഇയാള്‍ സിറിയയിലേക്ക്  യാത്ര ചെയ്തതായി ബല്‍ജിയന്‍ അധികൃതര്‍ പറയുന്നു. അവിടെവെച്ചാണ് ഇയാള്‍ സ്ഫോടകവസ്തു നിര്‍മാണം അഭ്യസിച്ചതെന്ന് കരുതാം.

130 പേര്‍ കൊല്ലപ്പെട്ട പാരീസ് ആക്രമണത്തിലെ മുഖ്യപ്രതികളില്‍ ഒരാളായ സലേം അബ്ദെസലാമിനൊപ്പം യാത്രചെയ്യവേ ലാച്ചറോവിയെ ഹംഗറി അധികൃതര്‍ തടഞ്ഞിരുന്നു എന്ന് ഇപ്പോള്‍ പറയുന്നുണ്ട്. ബല്‍ജിയത്തിനും ആസ്ട്രിയക്കും ഇടയിലുള്ള ഒരു പരിശോധനാകേന്ദ്രത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞത്. അന്ന് ലാച്ചറോവി സൂഫിയാണ്‍ കയാല്‍ എന്ന പേരില്‍ ഒരു വ്യാജ രേഖയും കാണിച്ചു.

പിന്നീട് ഈ പേരില്‍ ഒരാള്‍ ബല്‍ജിയത്തിലെ ചെറുപട്ടണമായ ഔവേലെയ്സില്‍ ഒരു വീട് വാടകക്കെടുത്തു. പാരീസ് ആക്രമണത്തിനുശേഷം ഇവിടെ പൊലീസ് പരിശോധന നടത്തിയിരുന്നു. ലാച്ചറോവിയുടെ ഡി‌എന്‍‌എ മാതൃകകള്‍ ഔവേലെയ്സിലും ഷായെര്‍ബീകിലും ഉള്ള വീടുകളില്‍ നിന്നും കണ്ടെടുത്തതായി കഴിഞ്ഞയാഴ്ച്ച ബല്‍ജിയന്‍ പൊലീസ് പ്രഖ്യാപിച്ചിരുന്നു. സ്ഫോടകവസ്തുക്കളുടെ-TATP- അടയാളങ്ങളും കിട്ടുകയുണ്ടായി. പാരീസ് ആക്രമണത്തില്‍ ഉപയോഗിച്ച ഒരു ചാവേര്‍ കുപ്പായത്തിലും ലാച്ചറോവിയുടെ ഡി എന്‍ എ കണ്ടെത്തിയതായി പേര് വെളിപ്പെടുത്താത്ത ഒരു ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നീണ്ട അന്വേഷണത്തിന് ശേഷം അബ്ദെസലാമിനെ ബല്‍ജിയന്‍ പൊലീസ് പിടികൂടി. ലാച്ചറോവിയെ പിടിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ബല്‍ജിയന്‍ പ്രോസിക്യൂട്ടര്‍ ഫ്രെഡറിക് വാന്‍ല്യൂ തിങ്കളാഴ്ച്ച പറഞ്ഞത് “അയാള്‍ സ്വയംആരാണെന്ന് സ്വയം വിശദീകരിക്കേണ്ട ഒരാള്‍” എന്നാണ്.

ലാച്ചറോവിയെ അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞതിന് ഹോട്ടുപിറകെ ചൊവ്വാഴ്ച്ച, ബ്രസല്‍സ് വിമാനത്താവളത്തിലും മെട്രോ ശൃംഖലയിലും ഉണ്ടായ സ്ഫോടനങ്ങളില്‍ കുറഞ്ഞത് 31 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. TATP സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കിയ ബോബുകളാണ് സ്ഫോടനത്തിന് കാരണമെന്ന് കരുതുന്നുണ്ട്. ഖാലിദ്, ബ്രാഹീം ബക്റോവി എന്ന രണ്ടു സഹോദര്‍ന്‍മാരാണ് ചാവേറുകളായതെന്ന് ബല്‍ജിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഉള്‍പ്പെട്ടിരിക്കാവുന്ന ഒരാളെന്ന നിലയിലാണ് ലാച്ചറോവിയെ അന്വേഷിക്കുന്നത്.

സ്ഫോടനത്തിന് മുമ്പ് വിമാനത്താവളത്തില്‍ നിന്നുമെടുത്ത ചാവേറുകളെന്ന് കരുതുന്നവരുടെ സി സി ടി വി ചിത്രങ്ങള്‍ ബല്‍ജിയന്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മൂന്നുപേര്‍ പെട്ടികള്‍ തള്ളിപ്പോകുന്ന ദൃശ്യമാണ്. ഒരാള്‍ ബ്രാഹീം ബാക്റോവിയാണെന്ന് കരുതുന്നു. മറ്റെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നാമത്തെയാള്‍ ആരാണെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് അധികൃതര്‍ ഇതുവരെ പറഞ്ഞിട്ടില്ല. വെള്ള ജാക്കറ്റിട്ട ഇയാള്‍ നജീം ലാച്ചറോവിയാണെന്ന് ബല്‍ജിയത്തിലെ മാധ്യമവാര്‍ത്തകളില്‍ പരക്കെ സംശയമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍