UPDATES

വിദേശം

കറുത്തവനോട് വെള്ള പോലീസുകാര്‍ക്ക് ഇങ്ങനെയൊക്കെ ആവാം; വര്‍ണ്ണവെറിയുടെ മറ്റൊരു വീഡിയോ കൂടി

Avatar

ക്രിസ്റ്റീന ഗുവേര
(വാഷിംഗ്ടണ്‍ പോസ്റ്റ്)

രണ്ട് പോലീസുകാര്‍ എത്തുമ്പോള്‍ ദെജുവാന്‍ യുവര്‍സെ, എന്‍ സി ഗ്രീന്‍സ്‌ബ്രോയിലുള്ള തന്റെ അമ്മയുടെ വീടിന്റെ മുന്‍വശത്തെ പോര്‍ച്ചില്‍ ഇരിക്കുകയായിരുന്നു. ഒരു ഭവനഭേദന ശ്രമത്തെ കുറിച്ചും ഒരാള്‍ ഒരു മണ്‍കോരി ഉപയോഗിച്ച് ഒരു വീടിന്റെ ഗ്യാരേജ് തുറക്കാന്‍ ശ്രമിച്ചതിനെ കുറിച്ചും അവര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്താണ് ചെയ്യുന്നതെന്നും എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നും പോര്‍ച്ചിലിരുന്ന യുവര്‍സെയോട് അവര്‍ ചോദിച്ചു.

അമ്മയുടെ വീടിന്റെ താക്കോല്‍ തന്റെ കൈയിലില്ലെന്നും അവര്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണെന്നും യുവര്‍സെ വിശദീകരിച്ചു. അവരില്‍ ഒരാള്‍ക്ക് സംശയം തീരുന്നില്ലെന്ന് കണ്ടപ്പോള്‍, തന്റെ അമ്മയുമായി ഫോണില്‍ ബന്ധപ്പെടാന്‍ യുവര്‍സെ ശ്രമിച്ചെങ്കിലും അത് വോയ്‌സ് കോളായി മാറുകയായിരുന്നു. തന്നെ കുറിച്ച് അയല്‍പക്കക്കാരോട് അന്വേഷിക്കാനും യുവര്‍സെ അവരോട് അപേക്ഷിച്ചു.

കറുത്തവനായ യുവര്‍സെയും വെള്ളക്കാരനായ പോലീസ് ഓഫീസര്‍ ട്രെവിസ് കോളും തമ്മില്‍ കാമറയില്‍ പതിഞ്ഞ വാഗ്വാദം ഒരു സൗഹൃദസംഭാഷണമായാണ് ആരംഭിച്ചതെങ്കിലും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അതിന്റെ സ്വഭാവം മാറി. ജൂണില്‍ നടന്ന സംഭവം വകുപ്പുതല അന്വേഷണത്തിന് വഴിവെക്കുകയും, യുവര്‍സെക്കെതിരെ കോള്‍ അമിതമായ അധികാരം പ്രയോഗിക്കുകയും, മുപ്പത്താറുകാരനെ മര്‍ദ്ദിക്കുകയും കുറ്റകൃത്യമൊന്നും ചെയ്യാത്തയാളെ അറസ്റ്റ് ചെയ്തത് ഉള്‍പ്പെടെയുള്ള ഏജന്‍സിയുടെ മറ്റ് നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ തെളിയുകയും ചെയ്തു.

സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ ഓഗസ്റ്റ്, കോള്‍ രാജിവെച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടെ മറ്റൊരു ഉദ്യോഗസ്ഥയായ സി എന്‍ ജാക്‌സണ്‍ കഴിഞ്ഞ ആഴ്ച തന്റെ സ്ഥാനം ഒഴിഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എവിടെയാണ് ജീവിക്കുന്നതെന്നും, എന്തുകൊണ്ടാണ് വീടിന് വെളിയില്‍ ഇരിക്കുന്നതെന്നും അയാള്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള വാറണ്ട് ഉണ്ടോയെന്നും എന്താണ് ശരീരത്തില്‍ തടവറ മുദ്രകള്‍ കാണുന്നതെന്നും യുവര്‍സെയോട് കോള്‍ ചോദിക്കുന്നത് പരസ്യമാക്കപ്പെട്ട കാമറ ദൃശ്യങ്ങളില്‍ കാണാം. ഇതോടെ പ്രക്ഷുബ്ദനാകാന്‍ തുടങ്ങിയ യുവര്‍സെ, താന്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് മറുപടി നല്‍കി. ഇവര്‍ തമ്മില്‍ വാഗ്വാദം തുടരവെ, യുവര്‍സെയുടെ വിവരങ്ങള്‍ പരിശോധിക്കാനായി ജാക്‌സണ്‍ തന്റെ പട്രോള്‍ കാറിനടുത്തേക്ക് നടന്നു.

ഒരു ഘട്ടത്തില്‍, മറ്റാരുമായോ സംസാരിച്ചുകൊണ്ടു നിന്ന യുവര്‍സെയുടെ ഫോണ്‍ കോള്‍ പിടിച്ചുവാങ്ങി. നിമിഷങ്ങള്‍ക്ക് ശേഷം യുവര്‍സെയുടെ മുഖത്ത് കോള്‍ ഇടിച്ചു.

‘നിങ്ങളത് ചെയ്യാന്‍ പാടില്ല! എന്താണ് നിങ്ങള്‍ ചെയ്യുന്നത്?! യുവര്‍സെ ചോദിച്ചു. ‘എന്റെ കണ്ണില്‍ ഇടിക്കേണ്ട കാര്യം നിങ്ങള്‍ക്കില്ല!’

‘അതെ ഞാന്‍ അത് ചെയ്തു!’ കോള്‍ മറുപടി പറഞ്ഞു.

‘ഞാന്‍ പ്രതിരോധിക്കുന്നില്ല! ഞാന്‍ പ്രതിരോധിക്കുന്നില്ല! ഞാന്‍ പ്രതിരോധിക്കുന്നില്ല!’ എന്ന് യുവര്‍സെ നിലവിളിക്കുന്നതിനിടയില്‍ യുവര്‍സെയെ കോള്‍ നിലത്തേക്ക് ഇരുത്തി.

‘ഈ സമയം മുഴുവന്‍ നിങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു!’ കോള്‍ പറഞ്ഞു.

ഈ സമയം യുവര്‍സെ തറയിലിരിക്കുകയോ മുട്ടുകുത്തി നില്‍ക്കുകയോ ചെയ്യുകയും അയാളുടെ ഇരുകൈകളും കോള്‍ പിറകിലേക്ക് ഇറുക്കിപ്പിടിച്ചിരിക്കുകയുമായിരുന്നു.

‘എന്തിനാണ് നിങ്ങള്‍ എന്നോട് ഇങ്ങനെ പെരുമാറുന്നത്? ഞാന്‍ സഹകരിക്കാന്‍ ശ്രമിക്കുകയാണ് സഹോദരാ! ഞാന്‍ പ്രതിരോധിക്കാന്‍ ശ്രമിക്കാതിരിക്കുന്നിടത്തോളം നിങ്ങള്‍ക്കിത് ചെയ്യാനാവില്ല!’ നിലത്തിരുന്ന യുവര്‍സെ പറഞ്ഞു.

നിമിഷങ്ങള്‍ക്കിള്ളില്‍ തന്റെ അമ്മയുടെ വീടിന്റെ പുല്‍ത്തകിടിയില്‍, വിലങ്ങണിഞ്ഞ് കമിഴ്ന്ന് കിടക്കുന്ന യുവര്‍സെയാണ് കാണാന്‍ കഴിയുന്നത്. കോള്‍ തന്റെ വലതുകാല്‍മുട്ട് യുവര്‍സെയുടെ തോളത്ത് വച്ചിട്ടുണ്ടായിരുന്നു.

‘നീ അനങ്ങരുത്. ഇനിയൊരക്ഷരം മിണ്ടരുത്,’ നിലവിളിക്കുകയും പ്രാകുകയും ചെയ്തുകൊണ്ടിരുന്ന യുവര്‍സെയോട് കോള്‍ ആക്രോശിച്ചു.

‘ഇത് പരിഹാസ്യമാണ് സഹോദരാ’, യുവര്‍സെ പറഞ്ഞു.

‘അതെ അത് ശരിയാണ്,’ കോള്‍ മറുപടി പറഞ്ഞു.

കോളിന്റെ നടപടി ‘വൃത്തികെട്ടതും’ ‘ക്രൂരവും’ ‘തീര്‍ത്തും അനാവശ്യവും’ ആണെന്ന് സെപ്റ്റംബര്‍ 26ന് ചേര്‍ന്ന് ഗ്രീന്‍സ്‌ബ്രൊ നഗരസഭയുടെ പ്രത്യേക യോഗത്തില്‍ മേയര്‍ നാന്‍സി വോഗന്‍ വിശേഷിപ്പിച്ചു. 

അറസ്റ്റ് പ്രതിരോധിക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു എന്ന കുറ്റങ്ങള്‍ യുവര്‍സെക്കെതിരെ ചുമത്തിയെങ്കിലും പിന്നീടത് പിന്‍വലിച്ചു.

അധികാരം ഉപയോഗിക്കുന്നതിനും പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും അന്വേഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നതിനുമുള്ള ഗ്രീന്‍ബ്രൊ പോലീസ് വകുപ്പിന്റെ നിയമങ്ങള്‍ കോള്‍ ലംഘിക്കുകയും നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തതായി ഓഗസ്റ്റ് 30ന് പൂര്‍ത്തിയായ വകുപ്പുതല അന്വേഷണം കണ്ടെത്തി. അന്വേഷണം നടക്കുന്നതിനിടയില്‍ കോള്‍ രാജിവച്ചതായി സ്‌കോട്ട് നഗരസഭ യോഗത്തില്‍ വ്യക്തമാക്കി.

കോളിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൊബൈല്‍ നമ്പറില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. യുവര്‍സെയുടെ ഒരു ബന്ധുവിനെ വാഷിംഗ്ടണ്‍ പോസ്റ്റ് സമീപിച്ചെങ്കിലും അഭിപ്രായം പറയാന്‍ അദ്ദേഹം തയ്യാറായില്ല.

കോളിനെതിരായി പോലീസ് വകുപ്പ് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചെങ്കിലും കേസ് ചാര്‍ജ് ചെയ്യാന്‍ ഗില്‍ഫോര്‍ഡ് കൗണ്ടി ജില്ല അറ്റോര്‍ണി ഓഫീസ് വിസമ്മതിച്ചു.

തിങ്കളാഴ്ച ജില്ല അസിസ്റ്റന്റ് അറ്റോര്‍ണി ഹോവാര്‍ഡ് ന്യൂമാനെ ബന്ധപ്പെടാന്‍ പോസ്റ്റ് ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. എന്നാല്‍ കോള്‍ കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഗ്രീന്‍സ്‌ബ്രൊ ന്യൂസ് ആന്റ് റെക്കോഡ്‌സിനോട് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അവര്‍ കുറ്റകൃത്യം ചെയ്തു എന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമുള്ളത്ര ബലം പ്രയോഗിക്കാന്‍ നിയമപാലന ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് അദ്ദേഹം ആ പത്രത്തോടു പറഞ്ഞു.

അമേരിക്കയിലെ വര്‍ണ്ണവിവേചനം ചൂണ്ടിക്കാട്ടി വിതുമ്പിക്കരഞ്ഞ് ഏഴുവയസ്സുകാരി; വികാരഭരിതരായി കാഴ്ച്ചക്കാര്‍

‘അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുന്നത് പ്രോസിക്യൂട്ടര്‍ എന്ന നിലയിലുള്ള എന്റെ ചുമതലകളുടെ ലംഘനമായിരിക്കും,’ ന്യൂമാന്‍ പറഞ്ഞു.

സംഭവം പുനഃപരിശോധിക്കാന്‍ ജില്ല അറ്റോര്‍ണി ഓഫീസിനോട് പോലീസ് വകുപ്പ് ആവശ്യപ്പെടുമെന്ന് കാണിച്ചുള്ള ഒരു പ്രമേയം ഗ്രീന്‍ബ്രൊ നഗരസഭ കഴിഞ്ഞയാഴ്ച പാസാക്കിയിട്ടുണ്ട്. കോളിന്റെ നിയമപാലന സര്‍ട്ടിഫിക്കറ്റ് അനിശ്ചിതമായി അസാധുവാക്കണമെന്ന് സ്റ്റേറ്റ് കമ്മീഷനോടും നഗരസഭ ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, ഇനി നിയമപാലന ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കാന്‍ കോളിന് സാധിക്കില്ല. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍