UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടൈംസ് ഓഫ് ഇന്ത്യക്കെതിരെ റിലയന്‍സ്; കോടികള്‍ കിലുങ്ങുന്ന മാനനഷ്ടക്കേസ്

കഴിഞ്ഞ ഓഗസ്റ്റില്‍ സിഎജി റിപ്പോര്‍ട്ടിനെ അധികരിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖന പരമ്പരയുടെ പേരില്‍, അനില്‍ ധീരൂഭായി അംബാനി ഗ്രൂപ്പിലെ ഒരു കമ്പനിയായ ബിഎസ്ഇഎസ്, ബെനറ്റ് കോള്‍മാന്‍ ആന്റ് കമ്പനി ലിമിറ്റഡിന്റെ (ബിസിസിഎല്‍) പേരില്‍ 5,000 കോടി രൂപ എന്ന ആശ്ചര്യജനകമായ തുകയ്ക്കുള്ള മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ സിഎജി റിപ്പോര്‍ട്ടിനെ അധികരിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖന പരമ്പരയുടെ പേരില്‍, അനില്‍ ധീരൂഭായി അംബാനി ഗ്രൂപ്പിലെ ഒരു കമ്പനിയായ ബിഎസ്ഇഎസ്, ബെനറ്റ് കോള്‍മാന്‍ ആന്റ് കമ്പനി ലിമിറ്റഡിന്റെ (ബിസിസിഎല്‍) പേരില്‍ 5,000 കോടി രൂപ എന്ന ആശ്ചര്യജനകമായ തുകയ്ക്കുള്ള മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്.

ഇന്ത്യയിലെ കോര്‍പ്പറേറ്റ് കമ്പനികള്‍ ആകാശസമാനമായ തലത്തിലുള്ള നേട്ടങ്ങള്‍ കൊയ്യുന്നുണ്ടെന്നും ഇത്രയും വലിയ തുക തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നുമുള്ള പ്രസിദ്ധീകരണത്തിന്റെ ആരോപണം തങ്ങള്‍ക്ക് മാനനഷ്ടം ഉണ്ടാക്കി എന്ന് കാണിച്ച് അതിനുള്ള പരിഹാരം എന്ന നിലയിലാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളായ ബെനറ്റ് കോള്‍മാന്‍ ആന്റ് കമ്പനിക്കെതിരെ കൊടുത്തിരിക്കുന്ന ഈ നഷ്ടപരിഹാര കേസ് ഇത്തരത്തിലുള്ള നഷ്ടപരിഹാര കേസുകളില്‍ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ്.

ഡല്‍ഹിയിലെ വൈദ്യുത വിതരണ കമ്പനികള്‍ സൂക്ഷിക്കുന്ന കണക്കുകളില്‍ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നതായുള്ള കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (സിഎജി) കരട് റിപ്പോര്‍ട്ടിനെ അധികരിച്ച് ജോസി ജോസഫ് എഴുതിയ വാര്‍ത്ത പരമ്പര-ഇതില്‍ ഒന്ന് അവരുടെ ഒന്നാം പേജ് വാര്‍ത്തയായിരുന്നു- ഓഗസ്റ്റ് പതിനെട്ടിനാണ് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്. അന്നേ ദിവസം തന്നെ ബിഎസ്ഇഎസ് രാജധാനി പവര്‍ ലിമിറ്റഡിന്റെയും ബിഎസ്ഇഎസ് യമുന പവര്‍ ലിമിറ്റഡിന്റെയും (രണ്ടും എഡിഎജിയുടെ ബിഎസ്ഇഎസ് ലിമിറ്റഡിന്റെ ഭാഗം) അഭിഭാഷകരായ മുല്ല ആന്റ് മുല്ലയും ക്രെയ്ജി ബ്ലന്റ് ആന്റ് കാരോയും ബിസിസിഎല്ലിന് നോട്ടീസ് അയച്ചു.

‘ഡല്‍ഹി വിതരണ കമ്പനികള്‍ ഊതിവീര്‍പ്പിച്ച കുടിശ്ശിക 8,000 കോടി രൂപ: സിഎജി’, ‘വിതരണ കമ്പനികളിലെ ഡല്‍ഹി സര്‍ക്കാര്‍ പ്രതിനിധികള്‍ക്കെതിരെ നിശിത വിമര്‍ശനം’, ‘വിതരണ കമ്പനി ഓഡിറ്റ്: ഇടപാടുകളില്‍ താല്‍പര്യങ്ങളുടെ ഏറ്റുമുട്ടലെന്ന് സിഎജി’, മീറ്ററുകളില്‍ വഴി വിതരണ കമ്പനികള്‍ തട്ടിപ്പ് നടത്തിയതായി സിഎജി’ എന്നീ തലക്കെട്ടുകളിലാണ് മാനനഷ്ടമുണ്ടാക്കി എന്ന് ആരോപിക്കപ്പെടുന്ന വാര്‍ത്തകള്‍ ടൈംസ് ഓഫ് ഇന്ത്യയും അവരുടെ വെബ്‌സൈറ്റായ timesofindia.indiatimes.com ഉം പ്രസിദ്ധീകരിച്ചത്.

ഈ കഥയുമായി ബന്ധപ്പെട്ട വക്കീല്‍ നോട്ടീസും അതിന് ബിസിസിഎല്‍ നല്‍കിയ മറുപടിയും ഞങ്ങള്‍ പരിശോധിക്കുകയുണ്ടായി.

റിപ്പോര്‍ട്ടിലുള്ള വിവരങ്ങള്‍ ‘തെറ്റായതും കെട്ടിച്ചമച്ചതും മാത്രമല്ല അസ്വീകാര്യമായ രീതിയില്‍ അവഹേളിക്കുന്ന തരത്തിലുള്ള അവകാശവാദങ്ങളും പ്രസ്താവനകളും അനുമാനങ്ങളും നിഗമനങ്ങളും’ അടങ്ങുന്നതുമാണെന്നും പ്രസ്തുത റിപ്പോര്‍ട്ടുകള്‍ ‘വിദ്വേഷത്താല്‍ പ്രചോദിതവും അതിനാല്‍ തന്നെ അപകീര്‍ത്തികരവും’ ആണെന്നും വക്കീല്‍ നോട്ടീസ് പറയുന്നു. മാത്രമല്ല, കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഈ വിഷയത്തില്‍ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് 2014 ജനുവരി 24ന് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കരട് റിപ്പോര്‍ട്ട് ലഭ്യമാക്കിയത് കോടതിയലക്ഷ്യമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

തങ്ങളുടെ കക്ഷിയായ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ ‘സല്‍പ്പേര്’ തകര്‍ക്കുന്നതിനായി ‘വളച്ചൊടിച്ച’ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ‘പത്രധര്‍മ്മം ലംഘിച്ചത്’ കൂടാതെ കോടതി അലക്ഷ്യം എന്ന കുറ്റവും ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകള്‍ക്കും പ്രസാധകര്‍ക്കും പ്രതിനിധിക്കും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ക്കുമെതിരെ എഡിഎജി കമ്പനികള്‍ ആരോപിച്ചിട്ടുണ്ട്. താഴെ പറയുന്ന ആളുകള്‍ക്കാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്:

-ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളായ ബെനറ്റ്, കോള്‍മാന്‍ ആന്റ് കമ്പനി ലിമിറ്റഡ്
-ടൈംസ് ഓഫ് ഇന്ത്യയുടെ പ്രസാധകനായ ബല്‍രാജ് അറോറ
-ടൈംസ് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അരിന്ദം സെന്‍ഗുപ്ത
-ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകന്‍ ജോസി ജോസഫ് (എഡിറ്റര്‍- സ്‌പെഷല്‍ പ്രോജക്ട്‌സ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക പദവി. സമീപകാലത്ത് അദ്ദേഹം ദ ഹിന്ദു പത്രത്തില്‍ ചേര്‍ന്നു).

‘സാങ്കേതികവും വാണിജ്യപരവുമായ സഞ്ചിത'(എടി&സി) നഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് ഊര്‍ജ്ജ കമ്പനികള്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചും ബിഎസ്ഇഎസ് രാജധാനി പവര്‍ ലിമിറ്റഡിനും ബിഎസ്ഇഎസ് യമുന പവര്‍ ലിമിറ്റഡിനും ‘വൈദ്യുതി വിതരണ ലോകത്തുള്ള ഉയര്‍ന്ന മൂല്യങ്ങളെയും വിശ്വാസ്യതയെയും’ കുറിച്ചും നോട്ടീസ് വിശദമായി പ്രതിപാദിക്കുന്നു. ‘ആരോപണവിധേയമായ ലേഖനത്തില്‍’ ഉള്ള പരാമര്‍ശങ്ങള്‍ ‘ഞങ്ങളുടെ കക്ഷികളുടെ യഥാര്‍ത്ഥ പ്രകടനത്തെ പൂര്‍ണമായും അനാദരിക്കുന്നതായതിനാല്‍ തന്നെ വീണ്ടുവിചാരമില്ലാത്തതും വിഷലിപ്തവും അവജ്ഞ ഉളവാക്കുന്നതും അവഹേളനപരവുമാണ്’ എന്നും നോട്ടീസ് ആരോപിക്കുന്നു.

എന്നാല്‍ വാര്‍ത്തകള്‍ ‘വസ്തുനിഷ്ഠമായതും’, ‘കോടതിയുടെ മുന്നിലുള്ള നടപടികളുടെ അടിസ്ഥാനത്തിലുള്ളതും’, ‘വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ളതും’ ആയതിനാല്‍ തന്നെ പൊതുതാല്‍പര്യ പ്രകാരം പ്രസിദ്ധീകരിക്കപ്പെട്ടതാണെന്ന് ബിസിസിഎല്ലും അതിന്റെ പ്രതിനിധികളും നല്‍കിയ മറുപടിയില്‍ പറയുന്നു. വാര്‍ത്ത പരമ്പര പ്രസിദ്ധീകരിക്കപ്പെട്ട് നാല് ദിവസത്തിന് ശേഷം ഓഗസ്റ്റ് 22ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ‘സിഎജി റിപ്പോര്‍ട്ടില്‍ ഒരു നടപടിയുമില്ല’ എന്ന തലക്കെട്ടിലുള്ള മറ്റൊരു വാര്‍ത്തയില്‍, ജസ്റ്റീസുമാരായ ജീ രോഹിണിയും രാജീവ് സഹായി എന്റ്‌ലോയും അടങ്ങുന്ന ഹൈക്കോടതി ബഞ്ചിന്റെ സമാന പരമാര്‍ശവും രേഖപ്പെടുത്തിയിട്ടുണ്ട്.

കോടതി മറ്റൊരു ഉത്തരവിലൂടെ മറിച്ച് ആവശ്യപ്പെടാതിരിക്കുന്നപക്ഷം വൈദ്യതി വിതരണ കമ്പനികള്‍ക്കെതിരെ ഇടക്കാല ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ബഞ്ച് ഡല്‍ഹി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ദേശീയ തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഊര്‍ജ്ജ വിതരണ കമ്പനികള്‍, സ്ഥാപിച്ച മീറ്ററുകളുടെ എണ്ണം തെറ്റായി കാണിച്ചുകൊണ്ട് ‘ഉപഭോക്താക്കളുടെ കണക്കുകളില്‍ കൃത്രിമം കാണിച്ചതായും,’ ‘വിലകൂടിയ വൈദ്യുതി വാങ്ങുകയും ചിലവുകള്‍ പെരുപ്പിച്ച് കാണിക്കുകയും വരുമാനം താഴ്ത്തി കാണിക്കുകയും തങ്ങളുടെ സഹോദര കമ്പനികള്‍ക്ക് അവിഹിത സഹായങ്ങള്‍ നല്‍കുകയും’ ചെയ്യുക മാത്രമല്ല ‘തങ്ങളുടെ നിയന്ത്രിത ആസ്തികള്‍ 8,000 കോടിയായി പെരുപ്പിച്ച് കാണിച്ചതായും’ സിഎജി റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിട്ടുണ്ടെന്ന് അവസാനം പറഞ്ഞ വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 


ജോസി ജോസഫ് (ഫോട്ടോ കടപ്പാട്: ദി കാരവന്‍)

‘പ്രസ്തുത വാര്‍ത്തയില്‍ ഏകപക്ഷീയമായ കാഴ്ചപ്പാടല്ല ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്’ എന്നും സിഎജി റിപ്പോര്‍ട്ടിനെ സംബന്ധിച്ച ‘നിങ്ങളുടെ കക്ഷിയുടെ നിലപാടും,’ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും അതിന്റെ മറുപടിയില്‍ ബിസിസിഎല്‍ ചൂണ്ടിക്കാട്ടുന്നു. ‘എന്നാല്‍, കമ്പനികള്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക മാത്രമല്ല ആരോപണങ്ങള്‍ അപൂര്‍ണവും കോടതിയലക്ഷ്യവും ആണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്,’ എന്ന് വ്യക്തമായി ഞങ്ങള്‍ പരാമര്‍ശിച്ചിട്ടുമുണ്ട് എന്നും അവരുടെ മറുപടിയില്‍ പറയുന്നു.

‘ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ഉയര്‍ന്ന വിശ്വാസ്യത പുലര്‍ത്തുന്ന ഒരു ഭരണഘടന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിന് അതര്‍ഹിക്കുന്ന ബഹുമാന്യത നല്‍കേണ്ടതുണ്ട്. സിഎജി ഇന്ത്യയുടെ സര്‍ക്കാര്‍ ഓഡിറ്റര്‍ മാത്രമല്ല. ഐക്യരാഷ്ട്രസഭയുടെ ഓഡിറ്റര്‍മാരുടെ ബോര്‍ഡിലെ ഒരംഗം കൂടിയാണത്. സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സിഎജിയുടെ അധികാരത്തെയും കാര്യക്ഷമതയെയും സ്വയംഭരണാധികാരത്തെയും ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് മാത്രമല്ല അങ്ങനെ ചെയ്യാന്‍ സാധിക്കുകയുമില്ല,’ എന്ന് ബിസിസിഎല്ലിന്റെ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.

‘ഡല്‍ഹിയിലെ ഊര്‍ജ്ജ വിതരണ കമ്പനികളുമായി ബന്ധപ്പെട്ട ഏതൊരു വാര്‍ത്തയും പ്രസിദ്ധീകരിക്കുന്നതിന് ഏതെങ്കിലും കോടതി എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തുകയോ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല അത്തരത്തിലുള്ള ഒരു നിരോധനം ഏര്‍പ്പെടുത്തുന്നത് പത്രസ്വാതന്ത്ര്യത്തിനുള്ള ഭീഷണിയും ജനാധിപത്യത്തോട് കാണിക്കുന്ന അതിക്രമവുമാണ്. വിശാലമായ പൊതുതാല്‍പര്യങ്ങള്‍ നിലനില്‍ക്കെ വിതരണ കമ്പനികള്‍ക്ക് സ്വകാര്യതയുടെയും രഹസ്യാത്മകതയും അവകാശപ്പെടാനുള്ള നിയമപരമായ യാതൊരു അവകാശവുമില്ല. വ്യക്തിപരമായ അഭിപ്രായങ്ങളുടെയോ ആരോപണങ്ങളുടെയോ അടിസ്ഥാനത്തിലല്ല മറിച്ച് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.’

പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകള്‍ പിന്‍വലിക്കുകയും നിരുപാധികമായി ക്ഷമ പറയുകയും ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, ‘അവഹേളനപരമായ’ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിലൂടെ ‘തങ്ങളുടെ വിശ്വാസ്യതയും സല്‍പ്പേരും കളങ്കപ്പെടുത്തിയതിനുള്ള നഷ്ടപരിഹാരമായി’ 5000 കോടി രൂപയുടെ അവകാശവാദവും എഡിഎജി വിതരണ കമ്പനികള്‍ ഉന്നയിച്ചിട്ടുണ്ട്.

(എഡിഎജി കമ്പനികള്‍ക്ക് പുറമെ, ടാറ്റ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള ഡല്‍ഹിയിലെ എല്ലാ വൈദ്യുതി വിതരണ കമ്പനിളെയും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്.)

 

 

സമീപകാലത്ത് ഇത്തരം അപകീര്‍ത്തി കേസുകളില്‍ ആവശ്യപ്പെട്ടിരുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന തുകയാണ് ഇവിടെ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ചില ഉദാഹരണങ്ങള്‍ താഴെ നല്‍കുന്നു:

1) ഓഗസ്റ്റില്‍, കമ്പനിക്കെതിരായി അപകീര്‍ത്തികരം എന്ന് ആരോപിക്കപ്പെട്ട ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന് കാരവന്‍ പത്രത്തിനും അതിന്റെ പ്രസാധകരായ ഡല്‍ഹി പ്രസിനും അവരുടെ നിരവധി എഡിറ്റര്‍മാര്‍ക്കും ലേഖകനായ ക്രിഷ്ണ് കൗശിക്കിനുമെതിരെ എസ്സാര്‍ സ്റ്റീല്‍ ഇന്ത്യ അഹമ്മദാബാദ് നഗര സിവില്‍ കോടതിയില്‍ 250 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

2) കഴിഞ്ഞ ജൂലൈയില്‍, ഓഹരി വില്‍പന കേന്ദ്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു അല്‍ഗോരിതം വ്യാപാര സംവിധാനത്തെ കുറിച്ചുള്ള ‘തെറ്റായ’ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഓണ്‍ലൈന്‍ പോര്‍ട്ടലായ മണിലൈഫിന് എതിരെ ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 100 കോടി രൂപയുടെ മാനനഷ്ടക്കേസ് മുംബെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു; തൊട്ടടുത്ത മാസം, സമാനമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മറ്റൊരു ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇന്ത്യ സംവാദിന്റെ പേരിലും എന്‍എസ്ഇ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുകയുണ്ടായി.

3) കഴിഞ്ഞ ഫെബ്രുവരിയില്‍, കര്‍ണാടക നിയമസഭയിലെ ഏറ്റവും സമ്പന്നനായ അംഗവും ബംഗലൂരുവിലെ ഗോവിന്ദരാജനഗര മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രതിനിധിയുമായ പ്രിയ കൃഷ്ണ, വനഭൂമി കൈയേറിയതായി ആരോപിച്ചുകൊണ്ട് ഒരു കന്നട ടെലിവിഷന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്ത അപകീര്‍ത്തികരമാണെന്ന് കാണിച്ച് ചാനലിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി; കോടതി ഫീസായി അദ്ദേഹം 52 ലക്ഷം രൂപ കെട്ടിവയ്ക്കുകയും ചെയ്തു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.

4) ഭൂമി തട്ടിപ്പ്, പിടിച്ചുപറി കേസുകളില്‍ ഒള്‍പ്പെട്ട ബാലി ധന്‍ഗാറുമായി തനിക്കും തന്റെ വ്യാപാര പങ്കാളിയായ ജെനേസി അജമേരയ്ക്കും ബന്ധമുണ്ട് എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജ രാജ്‌കോട്ട് ആസ്ഥാനമായുള്ള അബ്തക് ദിനപത്രത്തിനെതിരെ 51 കോടി രൂപയുടെ അപകീര്‍ത്തി കേസ് നല്‍കി.

5) കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജി പി കെ സാമന്തിന്റെ ചിത്രമാണെന്ന് തെറ്റിധരിച്ചുകൊണ്ട്, പ്രോവിഡന്റ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയില്‍ ടൈംസ് നൗ ന്യൂസ് ചാനല്‍ ജസ്റ്റീസ് പി ബി സാവന്തിന്റെ ചിത്രം 2008 സപ്തംബര്‍ എട്ടിന് സംപ്രേക്ഷണം ചെയ്തു. മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷനുമായ ജസ്റ്റിസ് സാവന്ത് ഇത് അപകീര്‍ത്തികരമായ നടപടിയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പരാതി നല്‍കുകയും പൂനെയിലെ വിചാരണ കോടതി ടിവി ചാനല്‍ 100 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു.

ടൈംസ് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം അപകീര്‍ത്തി കേസുകള്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. നേരത്തെ വിവരിച്ച ടൈംസ് നൗ കേസ് കൂടാതെ ലളിത് മോദി, ഷാഹിദ് ബല്‍വയുടെ നേതൃത്വത്തിലുള്ള ഡിബി റിയാലിറ്റി ഗ്രൂപ്പ്, വിദേശകാര്യ, വടക്ക് കിഴക്കന്‍ പ്രദേശ വികസന സഹമന്ത്രി ജനറല്‍ വികെ സിംഗ്, മുംബെയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കൃപാശങ്കര്‍ സിംഗും അദ്ദേഹത്തിന്റെ പുത്രനും തുടങ്ങി നിരവധി പേര്‍ ടൈംസ് ഗ്രൂപ്പിന് വക്കീല്‍ നോട്ടീസുകള്‍ അയച്ചിട്ടുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന പരഞ്ചോയ് ഗുഹ തകുര്‍ത്ത 35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പരഞ്ചോയ് 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ഗ്യാസ് വാര്‍' എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ്കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറായി പ്രവര്‍ത്തിച്ചു വരുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍