UPDATES

പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു ബിഎസ്എഫ്

അഴിമുഖം പ്രതിനിധി

പാകിസ്താനും ഇന്ത്യയ്ക്കുമിടയില്‍ ഉരുണ്ടുകൂടിയിരിക്കുന്ന യുദ്ധഭീതി രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നുവോ? അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കുന്നതായി ഉറപ്പിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യ നടത്തിയതായി പറയുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനു പിന്നാലെയാണ് ഏതു നിമിഷവും സംഭവിക്കാവുന്നൊരു യുദ്ധഭീതി ഇന്ത്യക്കും പാകിസ്താനുമിടയില്‍ ഉയര്‍ന്നുവന്നത്. സൈന്യങ്ങള്‍ എന്തിനും തയ്യാറാണെന്ന നിലപാട് എടുത്തതും അധികാരകേന്ദ്രങ്ങള്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങിയതും ജനങ്ങള്‍ക്കിടയില്‍ ആശങ്കകളും ഭീതിയും വളര്‍ത്തി. ഇതേറ്റവും കൂടുതല്‍ ബാധിച്ചത് പഞ്ചാബ്, രാജസ്ഥാന്‍, കശ്മീര്‍ തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളിലാണ്‌.

പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലത്തിലായി താമസിക്കുന്നവരോട് സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി വീടു മാറിപ്പോകാന്‍ സൈന്യം ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകളും പലായന ചിത്രങ്ങളും തുടര്‍ദിവസങ്ങളില്‍ പുറത്തുവന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ചില വാര്‍ത്തകള്‍ പല സംശയങ്ങളും ഉയര്‍ത്തുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്(ബിഎസ്എഫ്) ഡയറക്ടര്‍ ജനറല്‍ കെ കെ ശര്‍മ ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഇന്ത്യ-പാക് നിയന്ത്രണരേഖയ്ക്ക് പത്തു കിലോമീറ്റര്‍ മാറിയുള്ള പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ബിഎസ്എഫ് ഒരു നോട്ടീസും പുറത്തിറക്കിയിട്ടില്ലെന്ന്. സിവില്‍ അഡ്മിനിസ്‌ട്രേഷനും ഇത്തരത്തിലൊരു നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നാണു തങ്ങള്‍ക്ക് അറിവുള്ളതെന്നും ശര്‍മ വ്യക്തമാക്കുന്നു.

ബിഎസ്എഫ് ഡയറക്ടര്‍ ജനറലിന്റെ പ്രസ്താവന വന്നതിനു പിന്നാലെ പഞ്ചാബില്‍ രാഷ്ട്രീയപ്രതികരണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സൈന്യത്തിന്റെ പേരില്‍ പിന്നെയാരാണ് ഇത്തരം ഗൂഢനീക്കങ്ങള്‍ ഉയര്‍ത്തുന്നതെന്നാണു ഭരണകക്ഷികളായ അകാലിദള്‍-ബിജെപി പാര്‍ട്ടികളോട് പ്രതിപക്ഷപാര്‍ട്ടികള്‍ ചോദിക്കുന്നത്.

2017 ജനുവരിയില്‍ നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള തന്ത്രങ്ങളാണോ ഭരണമുന്നണി നടത്തുന്നതെന്നാണു ആം ആദ്മി പാര്‍ട്ടി ചോദിക്കുന്നത്.

ജനങ്ങളില്‍ യുദ്ധഭീതി നല്‍കികൊണ്ട്, അവരോട് വീടും ഗ്രാമങ്ങളും വിട്ടുപോകാന്‍ ആജ്ഞ നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നാണു ആം ആദ്മി ആരോപിക്കുന്നത്. ഭരണവിരുദ്ധവികാരം സര്‍ക്കാരിനെ ശക്തമായി നിലനില്‍ക്കുമ്പോള്‍ അതിനെ മറികടന്നു വരുന്ന തെരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാനുള്ള വഴിയായിട്ടാണ് ‘ യുദ്ധഭീതിയും പലായനവും’ അടിച്ചേല്‍പ്പിച്ച്, അതുവഴി ദേശസ്‌നേഹത്തിന്റെ മുതലെടുപ്പ് നടത്താന്‍ അകാലിദളും ബിജെപിയും ശ്രമിക്കുന്നതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും വേണമെന്നു പറയുന്നില്ല. എന്നാല്‍ ജനങ്ങളോട് മാറിപ്പോകാന്‍ ഉത്തരവിട്ടത് ആരാമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തേണ്ടതുണ്ട്. എന്തിന്റെ പേരിലായിരുന്നു അത്തരമൊരു നിര്‍ദേശം നല്‍കിയത്. ആ ഉത്തരവിന്റെ നിലവിലെ അവസ്ഥയെന്താണ്? ഇതൊക്കെ അറിയേണ്ടതുണ്ട്- ആം ആദ്മി പാര്‍ട്ടി പഞ്ചാബ് കണ്‍വീനര്‍ ഗുര്‍പ്രീത് സിംഗ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനോടായി ചോദിക്കുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനു പിന്നാലെ ഗുരുദ്വാരകളിലെ ഉച്ചഭാഷിണികളിലൂടെയാണു സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരോട് മാറിപ്പോകാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഏതാണ്ട് 15 ലക്ഷത്തോളം പേര്‍ ഇതുവരെ വിവിധ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവരില് ഭൂരിഭാഗവും തന്നെ കര്‍ഷകരാണ്. കാര്‍ഷികവൃത്തിയിലൂടെ മാത്രം ഉപജീവനം കഴിക്കുന്നവര്‍. ഇപ്പോള്‍ അവരെ സ്വന്തം ഗ്രാമത്തില്‍ നിന്നും മാറിപ്പോകാന്‍ നിര്‍ബന്ധിക്കുമ്പോള്‍ തകരുന്നതും കൃഷിയും അതോടൊപ്പം ജീവിതവുമാണ്. 

ഫിറോസ്പൂര്‍, ഫരീദ്‌കോട്ട്, അമൃത്സര്‍, തര്‍ണ് തറാണ്‍, ഗുരുദാസ്പൂര്‍ തുടങ്ങിയ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇപ്പോള്‍ വിളപ്പെടുപ്പ് കാലമാണ്. പലായനത്തിനു നിര്‍ബന്ധിതരായ ജനങ്ങള്‍ തങ്ങളുടെ കൃഷി ഉപേക്ഷിച്ചു പോകേണ്ട അവസ്ഥ. എന്നാല്‍ ഇത്തരമൊരു സാഹര്യത്തില്‍ കൃഷി വിട്ടുപോകുന്നത് ആത്മഹത്യക്കു തുല്യമാണെന്ന് അവര്‍ക്കറിയാം. ഒക്ടോബര്‍ രണ്ടാം വാരത്തോടെയാണു വിളവെടുപ്പ് നടത്തേണ്ടത്. താമസിച്ചാല്‍ വിള നശിക്കും. വലിയ സാമ്പത്തിക നഷ്ടമാണ് കൃഷിക്കാര്‍ക്ക് ഇതുമൂലം സംഭവിക്കുന്നത്. ഭൂരിഭാഗം കര്‍ഷകരും വലിയ കടത്തില്‍ മുങ്ങും. അതവരെ ജീവനൊടുക്കാന്‍ വരെ നിര്‍ബന്ധിക്കും.

ഇത്തരമൊരു അവസ്ഥ തങ്ങള്‍ക്കു മുന്നില്‍ സംജ്ജാതമായി നില്‍ക്കുന്നൂവെന്ന കാണുന്ന കര്‍ഷകരില്‍ മിക്കവരും അവരിപ്പോള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ നിന്നും രാവിലെ കൃഷിസ്ഥലങ്ങളിലേക്കു പുറപ്പൈടും, അവിടെ ജോലികള്‍ ചെയ്തശേഷം രാത്രി വൈകിയാണ് തിരികെ ക്യാമ്പിലെത്തുന്നത്. ഈ യാത്രയ്ക്കു തന്നെ ഓരോ ദിവസും അവര്‍ക്ക് വലിയ സാമ്പത്തിക ചെലവ് ഉണ്ടാക്കുന്നുണ്ട്. കടത്തില്‍ മുങ്ങുന്നതും ശത്രുവിന്റെ വെടിയേല്‍ക്കുന്നതും തങ്ങളുടെ മരണത്തിന് ഒരേ വേഗത നല്‍കുമെന്നാണ് ഈ കര്‍ഷകര്‍ പറയുന്നത്.

സ്‌ക്രോള്‍ ഡോട്ട് ഇന്‍ പാകിസ്താനുമായി വളരെയടുത്ത് അതിര്‍ത്തി പങ്കിടുന്ന ജല്ലോ കെ, ഭാനെ വാലെ, ചുഡിയ, തിന്‍ഡിയ, ഗാട്ടി റഹീം കെ, ഗാട്ടി രാജോ കെ തുടങ്ങിയ ഗ്രാമങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും മനസിലാക്കിയതായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇവിടങ്ങളിലൊന്നും തന്നെ യാതൊരുവിധത്തിലുള്ള സൈനികസാന്നിധ്യവും കാണാനില്ലെന്നാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനു പകരംവിട്ടാനെന്നവണ്ണം പാകിസ്താന്‍ നടത്തിയേക്കാവുന്ന തിരിച്ചടി ഇവിടങ്ങളില്‍ ഇന്ത്യ ഭയക്കുന്നതായിട്ടുള്ള സൂചനകളും ഈ ഗ്രാമങ്ങളില്‍ നിന്നും കാണാനാകുന്നില്ലെന്നും സ്‌ക്രോള്‍ പറയുന്നു. ഇത്തരം ഭയമാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്. ഇത്രയേറെ ഭീഷണി ഇവിടെ നിലനില്‍ക്കുമ്പോഴാണോ മുഖ്യമന്ത്രി ഈ മേഖലകളില്‍ ഹെലികോപ്റ്ററില്‍ പറക്കാന്‍ തീരുമാനിച്ചതെന്നാണു പലായനത്തിനു വിസമ്മതിച്ചു ഗ്രാമങ്ങളില്‍ തന്നെ തുടരാന്‍ തീരുമാനിച്ച ജനങ്ങള്‍ ചോദിക്കുന്നതെന്നാണു സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇപ്പോഴും നിരവധിപേര്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും വിട്ടുപോകാന്‍ വിസമ്മതിച്ചു തങ്ങളുടെ വീടുകളില്‍ തന്നെ കഴിയുന്നുണ്ട്. അതില്‍ ചിലര്‍ ചോദിക്കുന്നത് ഇങ്ങനെയാണ്; സംസ്ഥാനത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമാണെങ്കില്‍ നിങ്ങള്‍ക്ക് എങ്ങനെയാണ്, ഒരേ സമയം ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കുകയും അതേസമയം ഈ നിര്‍ദേശം നിങ്ങള്‍ക്കു വേണമെങ്കില്‍ അനുസരിക്കാം, അതല്ലെങ്കില്‍ ഇഷ്ടമുള്ളതുപോലെ ചെയ്യാം എന്നു പറയാന്‍ കഴിയുന്നത്?

ഒഴിപ്പിക്കല്‍ നടപടി തികച്ചും രാഷ്ട്രീയപ്രേരിതമായ പ്രവര്‍ത്തി മാത്രമാണാണെന്ന് ഇവിടുത്തെ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വങ്ങളും ആക്ഷേപിക്കുന്നു. കേന്ദ്രത്തില്‍ നിന്നും പണം വാങ്ങിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രമായി ഇതിനെ കാണാണമെന്നും ചിലര്‍ പറയുന്നു.

യുദ്ധം ഉണ്ടാകണമെന്നു ആരും ആഗ്രഹിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചാല്‍ അതിര്‍ത്തിയിലെ ജനങ്ങളെ തുറന്ന കൈയോടെ സ്വീകരിക്കാനും ഞങ്ങളുടെ സഹോദരങ്ങള്‍ക്കു സുരക്ഷിതമായ ഇടങ്ങള്‍ ഒരുക്കി കൊടുക്കാനും തയ്യാറാണ്. പക്ഷേ അതിനുള്ളില്‍ രാഷ്ട്രീയക്കാര്‍ വിലകുറഞ്ഞ കളികള്‍ നടത്തിയാല്‍ അത് അംഗീകരിക്കാന്‍ പറ്റില്ല; പഞ്ചാബിലെ ജനങ്ങള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍