UPDATES

ഇന്ത്യന്‍ ദളിതരുടെ ജീവിതം വീണ്ടെടുത്ത പോരാളി; ആ യുഗം അവസാനിക്കുന്നോ?

ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം പാര്‍ട്ടിയെന്ന് ബിഎസ്പിയിലുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്

മായാവതി നയ്‌ന കുമാരി എന്ന മായാവതി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ശക്തയായ വനിതാ വ്യക്തിത്വങ്ങളില്‍ ഒരാളാണ്. പ്രധാനമന്ത്രിയായി ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള നേതാവായി ഇവര്‍ കണക്കാക്കപ്പെട്ടിരുന്നു. ജയലളിതയുടെ നിര്യാണത്തോടെ ഇന്ത്യയിലെ കരുത്തുറ്റ വനിതാ നേതാക്കളുടെ എണ്ണം മൂന്നായി കുറഞ്ഞിരുന്നു. രാഷ്ട്രീയ യുദ്ധത്തില്‍ ശത്രുക്കളെ മുഖം നോക്കാതെ ആക്രമിക്കുന്ന, രാജ്യപരിപാലനത്തിന് അപരാജിത തന്ത്രങ്ങള്‍ മെനയുന്നതില്‍ മിടുക്കി, ആരോപണങ്ങളില്‍ തളരാതെ പ്രത്യാരോപണങ്ങളും പരിഹാരങ്ങളുമായി അചഞ്ചലമായി നിലനില്‍ക്കാനുള്ള കഴിവ് തുടങ്ങിയവയാണ് മായാവതിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തയാക്കിയിരുന്നത്.

എന്നാല്‍ ഈ വിശേഷണങ്ങളെല്ലാം ഒരു ഭാരമായ അവസ്ഥയിലാണ് ഇന്ന് അവര്‍. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അവര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വിജയം നേടിയപ്പോള്‍ മായാവതിയുടെ ബിഎസ്പി തകര്‍ന്ന് തരിപ്പണമായത് എല്ലാവരെയും ഞെട്ടിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എണ്‍പതിലേറെ സീറ്റ് ബിഎസ്പി നേടുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ഇരുപത് സീറ്റുകള്‍ മാത്രം നേടാനായിരുന്നു ബിഎസ്പിയുടെ വിധി. 2012ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം കൈവിട്ടെങ്കിലും തിരിച്ചുവരാമെന്ന പ്രതീക്ഷ മായാവതിക്കും സംഘത്തിനുമുണ്ടായിരുന്നു. എന്നാല്‍ ദലിതര്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ ഏക രാഷ്ട്രീയ പാര്‍ട്ടിയെന്ന് വിശേഷിക്കുന്ന ബിഎസ്പിയ്ക്ക് ഇക്കുറി നേരിട്ട ഈ പരാജയം ആ രാഷ്ട്രീയപാര്‍ട്ടിയുടെയും നേതാവ് മായാവതിയുടെയും പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുകയാണ്.

സംസ്ഥാനത്തെ 20-22 ശതമാനം വരുന്ന ദലിത് വോട്ടുകളും ന്യൂനപക്ഷമായ മുസ്ലിം വോട്ടുകളുമാണ് ഇക്കുറിയും മായാവതി ലക്ഷ്യമിട്ടത്. എന്നാല്‍ സ്ഥിരനിക്ഷേപം പോലെ ഉറപ്പുള്ള ദലിത് വോട്ടുകളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പാക്കാതെ മുസ്ലിം വോട്ടുകള്‍ ഉറപ്പാക്കാന്‍ നടത്തിയ ശ്രമമാണ് അവര്‍ക്ക് തിരിച്ചടിയായത്. ബിഎസ്പിയുടെ ദളിത്‌ വോട്ടുകള്‍ മറ്റെവിടേക്കുമല്ല ബിജെപിയിലേക്കാണ് പോയതെന്ന് വ്യക്തമാണ്. മായാവതി മുസ്ലിം വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ദലിതര്‍ക്കിടയില്‍ മുസ്ലിം വിരുദ്ധ വികാരം കുത്തിവച്ച് ബിജെപി അവരുടെ വോട്ടുകള്‍ നേടുന്നതില്‍ വിജയിച്ചു. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച് നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം ദലിതര്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ വന്‍തോതിലുള്ള വര്‍ദ്ധനവുണ്ടായതൊന്നും ദലിതരെ ബാധിക്കാതിരുന്നത് ഈ മുസ്ലിം വിരുദ്ധ വികാരം മൂലമാണ്. മുസ്ലിംകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളില്‍ സമീപകാലത്തായി ബിജെപി ആയുധമാക്കുന്നത് ദലിതരെയാണെന്ന് കൂടി മനസിലാക്കുമ്പോള്‍ മായാവതിക്ക് എവിടെയാണ് പിഴച്ചതെന്ന് കാണാം.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തു വന്ന കണക്കുകള്‍ അനുസരിച്ച് വോട്ടുകളുടെ എണ്ണം അനുസരിച്ച് രാജ്യത്തെ മൂന്നാമത്തെ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിഎസ്പി. അതിന്റെ അനിഷേധ്യ നേതാവായ മായാവതി ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യതകള്‍ നിലനിന്നതും അതിനാലാണ്. ഈ സാഹചര്യത്തിലാണ് ബിഎസ്പിയുടെ കനത്ത പരാജയം എല്ലാവരിലും ഞെട്ടലുളവാക്കുന്നത്. അതേസമയം ഈ പരാജയത്തെ ബിഎസ്പിയുടെ തകര്‍ച്ചയുടെ തുടക്കമായാണ് പലരും വിലയിരുത്തുന്നത്. ബിഎസ്പി എന്ന രാഷ്ട്രീയ പാര്‍ട്ടി ഇല്ലാതാകുന്ന കാലം വിദൂരമല്ലെന്ന് ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും സമ്മതിക്കുന്നുണ്ട്. തുടര്‍ച്ചയായി മൂന്നാം തെരഞ്ഞെടുപ്പ് പരാജയമാണ് അവര്‍ ഇക്കുറി നേരിട്ടിരിക്കുന്നത്. 2012ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അഴിമതി ആരോപണങ്ങളാണ് മായാവതിയുടെ പരാജയത്തിന് വഴിവച്ചത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തില്‍ ബിഎസ്പി നിലംപരിശായപ്പോള്‍ ഇക്കുറി അതേ മോദി തരംഗം ബിഎസ്പിയെ തൂത്തെറിയുന്ന കാഴ്ചയാണ് കണ്ടത്.

2007ല്‍ അധികാരത്തിലേറുകയും 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ നേടുകയും ചെയ്ത പാര്‍ട്ടിയാണ് ബിഎസ്പി. എന്നാല്‍ 2012-ല്‍ അഖിലേഷ് യാദവ് സൈക്കിളിലേറി യുപി ഭരണം പിടിച്ചപ്പോള്‍ 2014-ല്‍ മോദിയായിരുന്നു രംഗത്ത്‌. പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും നേടിയില്ലെങ്കിലും 19 ശതമാനം വോട്ട് അവര്‍ നേടിയത് ബിഎസ്പി എന്ന പാര്‍ട്ടിയെ എഴുതിത്തല്ലാറായില്ല എന്നതിന്റെ സൂചനയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തവണത്തെതും ഉള്‍പ്പെടെ നേരിട്ടിരിക്കുന്ന മൂന്നു പരാജയങ്ങളില്‍ നിന്ന് കരകയറി വരാന്‍ അവര്‍ക്ക്  ഊര്‍ജ്ജമുണ്ടോയെന്ന ചോദ്യം ഉയരുന്നത്. ഉന്നത സമുദായങ്ങളെയും പിന്നോക്കക്കാരെയും മുസ്ലിംകളെയും കോര്‍ത്തിണക്കി മായാവതി ഒരിക്കല്‍ പരീക്ഷിച്ചു വിജയിച്ച രാഷ്ട്രീയ തന്ത്രം പക്ഷെ പിന്നീടൊരിക്കലും ക്ലച്ചു പിടിച്ചില്ല. അതേ സമയം, ഹിന്ദു വികാരമുയര്‍ത്തി ബിജെപി ഇത്തരമൊരു മുന്നണി രൂപീകരിച്ചതോടെ ഒപ്പം നിന്ന ദളിത്‌ സമുദായത്തില്‍ നിന്നും വോട്ടുകള്‍ ബിജെപിയിലേക്ക് പോയി. ഇതോടെ പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുക എന്നത് മാത്രമാണ് മായാവതിക്ക് മുന്നിലുള്ള മാര്‍ഗ്ഗം. എന്നാല്‍ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ളില്‍ അത്തരമൊരു തന്ത്രം തയ്യാറാക്കാനുള്ള ബാല്യം അവരില്‍ ഇനിയും ബാക്കിയുണ്ടോയെന്ന് സംശയമാണ്. നിലവില്‍ 61 വയസ്സുള്ള മായവതിയെ സംബന്ധിച്ച് അധികാരമില്ലാത്ത അഞ്ച് വര്‍ഷമെന്നത് വളരെ വലിയ കാലയളവാണ്.

പാര്‍ട്ടി സ്ഥാപകന്‍ കാന്‍ഷി റാമിന് പകരക്കാരിയായി മായാവതിയെ വളര്‍ത്തിയെടുത്തത് പോലെ മായാവതിക്കൊരു പിന്‍ഗാമിയെ കണ്ടെത്താനും ബിഎസ്പിയ്ക്ക് സാധിച്ചിട്ടില്ല. ഭാവിയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയാണെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിയ്ക്കാന്‍ ഇത് കാരണമായിട്ടുണ്ട്. എന്നാല്‍ സംസ്ഥനത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം യുവനേതാക്കളെ മുന്‍നിര്‍ത്തുന്നതില്‍ വിജയിച്ചു.

കാന്‍ഷി റാമിന്റെ ആശയങ്ങള്‍ കൈവിട്ട മായാവതി പാര്‍ട്ടിയിലെ പിന്നോക്ക നേതാക്കളെ പാര്‍ശ്വവല്‍ക്കരിച്ചുവെന്നും ഉന്നത സമുദായാംഗങ്ങളെ പാര്‍ട്ടിയില്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും നേരത്തെ തന്നെ ആരോപണം ഉണ്ടായിട്ടുണ്ട്. നിരവധി നേതാക്കളാണ് ഇതേ തുടര്‍ന്ന് ബിഎസ്പി വിട്ട് ബിജെപിയില്‍ ചേക്കേറിയത്. ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം പാര്‍ട്ടിയെന്ന് ബിഎസ്പിയിലുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. ദലിതര്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ട ഈ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെടുന്നതും അതിനാലാണ്.

മോദി തരംഗം ആഞ്ഞടിച്ച പൊതുതെരഞ്ഞെടുപ്പില്‍  മായാവതിയുടെ സ്വന്തം ജാതിയായ ജാദവരെ മാത്രമായിരുന്നു അന്ന് ബിഎസ്പിക്ക് ഒപ്പം നിന്നത്. എന്നാല്‍ ഇത്തവണ ജാദവ സമുദായത്തിന് പുറത്തുള്ള ദളിതരെ കൂടി തങ്ങള്‍ക്കൊപ്പം നിര്‍ത്തുന്നതില്‍ ബിജെപി വിജയിച്ചു. ഒപ്പം, ജാദവ വോട്ടുകളും ഇത്തവണ ബിജെപ്പിക്ക് മറിഞ്ഞു എന്നാണ് ഇപ്പോഴുള്ള കണക്കുകള്‍ കാണിക്കുന്നത്.

മായാവതിക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. എസ്.പിയെ അപേക്ഷിച്ച് മായാവതി ഭരണത്തിലേറിയാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചമാണ് എന്ന് എല്ലാ പാര്‍ട്ടിക്കാരും സമ്മതിച്ചിരുന്ന കാര്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പകരം ജനം ബദല്‍ കണ്ടെത്തിയിരിക്കുന്നു. ദളിത്‌ സമുദായത്തില്‍ നിന്ന് എല്ലാ അടിച്ചമര്‍ത്തലുകളെയും എതിരിട്ട് ഉയര്‍ന്നു വരികയും ദളിതരുടെ ആത്മാഭിമാനം സംരക്ഷിക്കുകയും ചെയ്ത ഒരു ഭരണാധികാരി കൂടിയായിരുന്നു അവര്‍. ആ ഒരു അധ്യായത്തിന് അവസാനമാകുന്നോ എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം.

 

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍