UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുബജറ്റ്: മന്‍മോഹനില്‍ നിന്ന്‍ മോദിയിലേക്ക് എന്തു ദൂരംവരും?

Avatar

ടീം അഴിമുഖം

ഈ മാസം മൂന്നിന് നടന്ന ചെറുകിട, ഇടത്തരം വ്യവസായികളുടെ ഒരു പരിപാടിക്കിടെ ബി ജെ പിയുടെ മുതിര്‍ന്ന നേതാവും കാബിനറ്റ് മന്ത്രിയുമായ കല്‍രാജ് മിശ്ര ഉറക്കം തൂങ്ങുന്നത് മാധ്യമപ്രവര്‍ത്തകര്‍ കണ്ടു. ആ ചിത്രം എടുക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പത്രക്കാരോട് അഭ്യര്‍ഥിച്ചത്. തങ്ങളുടെ നേതാവിനെതിരെ ആ ചിത്രങ്ങള്‍ ഉപയോഗിക്കപ്പെടും എന്നായിരുന്നു അവരുടെ ഭയം. 

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളൂ. തങ്ങളുടെ വകുപ്പുകളുടെ ഉള്ളുകളികളൊക്കെ പഠിച്ചുവരാന്‍ മന്ത്രിമാര്‍ ഇനിയും സമയമെടുക്കും. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ആശങ്കകളൊക്കെ പങ്കുവെക്കുന്ന ഒരു ചടങ്ങില്‍ മിശ്രയെപ്പോലെ പ്രായമായൊരു നേതാവ് ഒന്നു മയങ്ങിപ്പോവുന്നതും സ്വാഭാവികം. പക്ഷേ പുതിയ മന്ത്രി സര്‍ക്കാരിന്റെ ആദ്യദിനങ്ങളിലെങ്കിലും അല്പം ഉത്സാഹം കാണിക്കുമെന്ന് ആരും പ്രതീക്ഷിക്കും.

ചെറുകിട വ്യവസായത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാവില്ല മിശ്രയുടെ ഈ ഉത്സാഹക്കുറവ്. മുതിര്‍ന്ന ഒരു നേതാവെന്ന നിലക്ക് അദ്ദേഹത്തിന് രാജ്യത്തെ ചെറുകിട വ്യവസായത്തിന്റെ കുഴപ്പങ്ങളൊക്കെ അറിയുകയും ചെയ്യുമായിരിക്കും. കാരണം അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഇതുവരെ അവയെ പുനരുജ്ജീവിപ്പിക്കാന്‍ ശരിക്കുള്ള നടപടികളൊന്നും എടുക്കാത്ത സ്ഥിതിക്ക്, കാര്യമായൊന്നും ചെയ്യാനില്ലെന്നും തോന്നിയിരിക്കണം. ഈ തിരച്ചറിവാകാം മിശ്രയെ നിഷ്ക്രിയനും ഉറക്കംതൂങ്ങിയുമാക്കിയത്. സര്‍ക്കാര്‍ വന്നു ഒരുമാസം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും കാര്‍ഷിക പ്രശ്നങ്ങളും വ്യാവസായിക സ്തംഭനവും വളര്‍ച്ചാ മുരടിപ്പും നേരിടാനുള്ള കുറിപ്പടികള്‍ക്കായി ഇനിയും കാത്തിരിക്കുകയാണ്. ഇതുവരെ നല്കിയതൊക്കെ മന്‍മോഹന്‍സിംഗ് നല്കിയ മരുന്നുകള്‍ തന്നെ. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ‘ശരിക്കുള്ള’ ചില നടപടികള്‍ എടുക്കുമെന്നാണ് കരുതുന്നത്.

പക്ഷേ, 80-കളുടെ അവസാനം രൂപപ്പെട്ട വാഷിംഗ്ടണ്‍ അഭിപ്രായ സമന്വയത്തിന്റെ (WashingtonConsensus) വക്താവായ ജെയ്റ്റ്ലി യഥാര്‍ത്ഥത്തില്‍ ജനസാമാന്യത്തിനുവേണ്ട നടപടികളെടുക്കുമോ? സര്‍ക്കാരിന്റെ ആദ്യനടപടികള്‍ അത്തരമൊരു സൂചനയല്ല തരുന്നത്. പ്രതിരോധമേഖലയില്‍ 100% നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി കൊടുക്കാനുള്ള ശ്രമമായാലും, കുറഞ്ഞ താങ്ങുവില നിശ്ചയിക്കാനുള്ള എം എസ് സ്വാമിനാഥന്‍ റിപ്പോര്‍ട് തള്ളിക്കളഞ്ഞപ്പോഴും, പണപ്പെരുപ്പം തടയാനുള്ള നടപടികളും എല്ലാം തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പറഞ്ഞതൊന്നുമല്ല സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്നതിന്റെ തെളിവാണ്.

ജെയ്റ്റ്ലി ഇപ്പോള്‍ സര്‍ക്കാര്‍ ചെലവുകളെക്കുറിച്ചാണ് ആകുലപ്പെടുന്നത്. ഏതാണ്ട് അസാധ്യമെന്ന് തോന്നുന്ന ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) 4.1 ശതമാനമാക്കുക എന്ന ചുമതല നിറവേറ്റാതെ കൈമാറിയതിന് ജെയ്റ്റ്ലി തന്റെ മുന്‍ഗാമി ചിദംബരത്തെ പഴിക്കുന്നു. പുതിയ ധനകാര്യവര്‍ഷത്തിലേക്ക് കടന്ന് രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും ചെലവ് വരുമാനത്തെക്കാള്‍ 40 ബില്ല്യണ്‍ ഡോളര്‍ കവിഞ്ഞിരിക്കുന്നു. വാര്‍ഷിക ലക്ഷ്യത്തിന്റെ ഏതാണ്ട് പകുതി വരുമിത്.

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കേന്ദ്രം തീരുമാനിച്ചതില്‍ അതുകൊണ്ടുതന്നെ അത്ഭുതമൊന്നുമില്ല. കാലവര്‍ഷം ഇപ്പോള്‍ ദുര്‍ബ്ബലമാണ്. ഇനിയും ശക്തിപ്പെട്ടില്ലെങ്കില്‍ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ കാര്‍ഷികപ്രധാനമായ സംസ്ഥാനങ്ങളടക്കം മിക്ക പ്രദേശങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മഴക്കുറവുണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ ജെയ്റ്റ്ലി കുറച്ചു പണം കരുതിവെക്കുമോ? ബജറ്റ് വന്നാലെ അറിയാനാകൂ.

ജെയ്റ്റ്ലിയെ കാത്തിരിക്കുന്ന മറ്റൊരു കടമ്പ തെരഞ്ഞെടുപ്പുകാലത്ത് മോദി വീശിയെറിഞ്ഞ വാഗ്ദാനങ്ങള്‍ക്കായി പണം കണ്ടെത്തുക എന്നതാണ്. റോഡുകള്‍, വ്യവസായശാലകള്‍, വൈദ്യുതിബന്ധങ്ങള്‍, അതിവേഗ തീവണ്ടികള്‍, പുതിയ 100 നഗരങ്ങള്‍ എന്നീ അടിസ്ഥാനസൌകര്യ വികസന പദ്ധതികളില്‍ നിക്ഷേപമിറക്കി എല്ലാവര്‍ക്കും തൊഴില്‍ നല്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. ജെയ്റ്റ്ലിക്ക് മുന്നിലുള്ള വഴി വളം, പാചകവാതകം, കര്‍ഷകര്‍ക്കുള്ള വൈദ്യുതി എന്നീ പൊതുചെലവുകള്‍ വെട്ടിച്ചുരുക്കുക എന്നതാണ്. അതായത് യു പി എയുടെ അതേ പാത പിന്തുടരുക എന്നര്‍ത്ഥം. ഇന്റെര്‍നെറ്റില്‍ പ്രചരിക്കുന്ന തമാശപോലെ, മോദി സംസാരിക്കാന്‍ കഴിയുന്നൊരു മന്‍മോഹന്‍ സിംഗാണ്.

ചരക്ക്-സേവന നികുതി എന്നു നടപ്പാക്കിത്തുടങ്ങും എന്ന് ജെയ്റ്റ്ലി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് കമ്മി ചുരുക്കാന്‍ ഈ നടപടി സഹായിക്കും എന്ന് നിരവധി വിദഗ്ധര്‍ കരുതുന്നു. പക്ഷേ ബി ജെ പിയുടെ ഉന്നതതല നേതൃത്വം ഇക്കാര്യത്തില്‍ ഒരന്തിമതീരുമാനം ഇതുവരെ എടുത്തിട്ടില്ല. സംസ്ഥാനങ്ങളില്‍ നിന്നും വലിയതോതിലുള്ള സഹകരണവും ഇതിനാവശ്യമാണ്. അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കുന്ന വിലസ്ഥിരതാ നിധി രൂപവത്ക്കരിക്കലാണ് മറ്റൊരു നിര്‍ദ്ദേശം. ജെയ്റ്റ്ലി ഇതിന് സമ്മതം മൂളുമൊ? കാത്തിരുന്ന് കാണാം.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കൂടുതല്‍ സ്വകാര്യമൂലധനത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ് സാമ്പത്തിക മുതലാളിത്തവാദികള്‍ ആവശ്യപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇനിയും വില്‍ക്കാന്‍ അവര്‍ ധനമന്ത്രിയോട് ആവശ്യപ്പെടുന്നു. എയര്‍ ഇന്ത്യയും ഇന്ത്യന്‍  റെയില്‍വേയും വില്‍പ്പനക്ക് വെക്കുന്നത് ഇന്ത്യ വാണിജ്യത്തിന് തുറന്ന വാതിലുകളുമായി കാത്തിരിക്കുകയാണെന്ന ശക്തമായ സന്ദേശം നല്കുമെന്നാണ് അവര്‍ വാദിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതില്‍ എന്‍ ഡി എ കുപ്രസിദ്ധരാണ്. അതിനൊരു വകുപ്പ് തന്നെ സൃഷ്ടിച്ചുകളഞ്ഞു അവര്‍. ജെയ്റ്റ്ലി അത് പുനരാരംഭിക്കുമോ? ഈ ബജറ്റ് അതിന്റെ സൂചന നല്കും.

ഇന്നത്തെ നിലവച്ച് ജെയ്റ്റ്ലിയുടെ പ്രചോദനം വാഷിംഗ്ടണ്‍ അഭിപ്രായ സമന്വയമാണ്. ലോകം ഈ രണ്ടര പതിറ്റാണ്ടു പഴക്കമുള്ള അഭിപ്രായസമന്വയത്തില്‍നിന്നും അകലാന്‍ തുടങ്ങിയിരിക്കുന്നു. സാമ്പത്തിക അച്ചടക്കം-ബജറ്റ് കമ്മി നിയന്ത്രിക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍, പൊതുചെലവിലെ മുന്‍ഗണനകള്‍-സബ്സിഡികള്‍ കുറക്കുക, ഉയര്‍ന്ന സാമ്പത്തിക ലാഭമുള്ള, മുമ്പ് അവഗണിച്ച മേഖലകളിലേക്ക് ശ്രദ്ധ തിരിക്കുക, നികുതി പരിഷ്കാരം-നികുതി അടിത്തറ വിപുലമാക്കുക, നികുതി നിരക്കുകള്‍ കുറക്കുക, സാമ്പത്തിക ഉദാരവത്ക്കരണം- പലിശനിരക്കുകള്‍ വിപണി നിശ്ചയിക്കുക, വിനിമയ നിരക്കുകള്‍-സാമ്പ്രദായികമല്ലാത്ത കയറ്റുമതിയെ ദ്രുതഗതിയില്‍ വളര്‍ത്തുക, വാണിജ്യ ഉദാരവത്കരണം, നേരിട്ടുള്ള വിദേശനിക്ഷേപം ഉയര്‍ത്തുക-ഇതിന് വിഘാതമായ സംഗതികള്‍  നീക്കം ചെയ്യുക, സ്വകാര്യവത്കരണം–സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുക, നിയന്ത്രണങ്ങള്‍ എടുത്തുകളയുക- വിപണി മത്സരവും, പുതിയ സ്ഥാപനങ്ങളുടെ വരവ് തടയുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുക (രാജ്യ സുരക്ഷ, പരിസ്ഥിതി, ധനകാര്യം എന്നീ മേഖലകള്‍ ഒഴിച്ച്), ബൌദ്ധിക സ്വത്തവകാശം സുരക്ഷിതമാക്കുക, സര്‍ക്കാരിന്റെ ഇടപെടല്‍ പരമാവധി കുറക്കുക എന്നിവയാണ് ഈ പ്രക്രിയയിലെ ഘടനാപരമായ മാറ്റങ്ങള്‍.

ബി ജെ പി ഇതിലൊന്നുപോലും നമുക്ക് വാഗ്ദാനം ചെയ്തിട്ടില്ല. മോദി നമുക്ക് നല്കുമെന്ന് പറഞ്ഞിരിക്കുന്നത് ഒരു ദേശീയ സമ്പദ് വ്യസ്ഥയാണ്. പക്ഷേ വാചകമടി നടപ്പാക്കുമോ?ബജറ്റിന്റെ മണിച്ചിത്രത്താഴ് തുറക്കുമ്പോഴേ അകത്തു കുടിപാര്‍പ്പുറപ്പിച്ചത് ദുര്‍ദ്ദേവതയാണോ, ഐശ്വര്യലക്ഷ്മിയാണോ എന്നൊക്കെ അറിയാനാകൂ!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍