UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അങ്ങനെയൊരു ജനാധിപത്യത്തിലാണ് സാര്‍, സാറിന്റെ കസേര!

Avatar

പ്രിയന്‍ അലക്സ്  റബെല്ലോ

ജനാധിപത്യകക്ഷികള്‍ക്ക് ജനാധിപത്യത്തോടുള്ള മനോഭാവമെന്താണെന്ന് നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. അതുമാത്രമല്ല, ഡെല്യൂസ് പറഞ്ഞതുമാതിരി ജനാധിപത്യമെന്നുപറയുന്നത് ഭരണഘടനാധിഷ്ഠിതമായ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന തരത്തിലുള്ള ജനാധിപത്യം അല്ലായെന്ന് വാദിക്കാം. പക്ഷെ നമ്മുടേത് ഒരു ഭരണഘടനാ ജനാധിപത്യമാണല്ലോ. നമ്മുടെ ജനാധിപത്യം അതിന്റെ പരമാധികാരത്തോടാണ് കടപ്പെട്ടിരിക്കുന്നത്. പരമാധികാരം ഭരണഘടനയുടെ പരമാധികാരമാണ്. പൌരനെ പരിമിതപ്പെടുത്തുകയും ജനപ്രതിനിധിയെ ശാക്തീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് കാര്യങ്ങള്‍. പൌരന് നീതിതേടി സുപ്രീം കോടതി വരെ പോകാം. എന്നാല്‍ ജനപ്രതിനിധിക്ക് നിയമസഭ തല്ലിത്തകര്‍ക്കാം.

അതായത് സ്പീക്കര്‍ സാറേ, സാറിന്റെ കസേര കുത്തിമറിക്കപ്പെട്ടത് അങ്ങനത്തെയൊരു നിയമസഭയിലാണ് സാര്‍.

ജനാധിപത്യം അങ്ങനെ സ്വയം നശിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യകക്ഷികള്‍ (തല്പരകക്ഷികള്‍) തന്നെ അതിനെ നശിപ്പിക്കുന്നു. ദെരീദ ഇതിനെ autoimmunity എന്നാണ് വിളിച്ചത്.  ആരും എതിരാളികളില്ലെങ്കില്‍ അത് സ്വയം നശിക്കും. ക്രാറ്റോസ് (അധികാരം) ഇല്ലാത്ത വെറും ഡെമോസ് (ജനം) മാത്രമേ ഇവിടുള്ളൂ. അതിനുള്ള തൊടുന്യായം എന്താണ്. അഞ്ചുവര്‍ഷത്തേക്ക് ജനമില്ല ജനപ്രതിനിധികളുമില്ല, ഭൂരിപക്ഷസര്‍ക്കാരേ ഉള്ളൂ എന്ന അഹം ഭാവമാണ്. അങ്ങനെയൊരു നിയമസഭയിലാണ് സാര്‍ കസേരകള്‍ കുത്തിമറിക്കേണ്ടത്. ജനാധിപത്യം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എങ്കില്‍, അത്രയ്ക്കു ശുഭോദര്‍ക്കമാണെങ്കില്‍ വരാനിരിക്കുന്ന ജനാധിപത്യം ശിവ ശിവ ശിവന്‍ കുട്ടി, മേശപ്പുറത്ത് മലയാളിയെ തന്നെ വെക്കുക, ബജറ്റിനെ അല്ല.

ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമെന്നാണ്. ജനപ്രതിനിധികളുടെ ശബ്ദം ജനങ്ങളുടെ ശബ്ദമാണെന്ന് ഭംഗിയായി പറയാന്‍ കഴിയും. അപ്പോള്‍ ജനപ്രതിനിധികള്‍ സ്വയം ദൈവങ്ങളാവുകയാണോ?  സൃഷ്ടിയും സ്ഥിതിയും സംഹാര താണ്ഡവുമാടിത്തീര്‍ക്കുകയാണോ?

പോകപ്പോകെ എല്ലാവരും എല്ലാവരോടും യുദ്ധം ചെയ്യുന്ന അവസ്ഥയാണ്. bellum omnium contra omnes എന്നും പറയാം. ജനപ്രതിനിധികളുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ജനങ്ങളോടാണെങ്കില്‍ അത് പാര്‍ട്ടിക്കൂറിനെയും കക്ഷിവിധേയത്വത്തെയും വെല്ലുവിളിക്കുന്നതാണ്. പക്ഷെ ഇത്തരമൊരു സദുദ്ദേശ്യം സഹനീയമല്ലാത്തതിനാല്‍ അവര്‍തന്നെ കൂറുമാറ്റനിരോധനനിയമം കൊണ്ടുവന്നിരിക്കുന്നു. നിയമത്തിന്റെ അധീശത്വം അതിനെ നിഷേധിക്കാനുള്ള തരം അധീശത്വത്തിലേക്കും നയിക്കും. അത് കസേര മറിച്ചിട്ടും കമ്പ്യൂട്ടര്‍ തകര്‍ത്തും മുന്നേറും. ശിക്ഷിക്കാനുള്ള അധികാരം തനിക്കുണ്ടെന്നു കരുതുന്ന രാഷ്ട്രീയക്കാരന്‍ അപകടകാരിയാണ്. അയാല്‍ സ്വയം ഒരു ആത്മസംതൃപ്തമായ ആള്‍ക്കണ്ണാ‍ടിയെയാണ് മുന്നില്‍ക്കാണുന്നത്. വിജയിച്ചു വിജയിച്ചു എന്ന് ചുറ്റും നിക്കുന്നോര്‍ പറയുകയും നമ്മടെ self fulfilling stereotype പിറവിയെടുക്കുകയും അത് മറ്റൊരു അധീശത്വമാവുകയും ചെയ്യുന്നു. ഇത്തരം അധികാരചോദന ഒരു ഇമേജ് തടവറയുമാണ്. തങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ജനകീയമാണെന്നും ഇവര്‍ ധരിച്ചേക്കാം. യഥാര്‍ത്ഥത്തില്‍ ഇവരുടെ സ്റ്റീരിയോടൈപ്പിങ്ങും അധീശത്വത്തവുമാണ് ഉണ്ടാവുന്നത്, അല്ലാതെ ജനകീയമായ ഒന്നുമല്ല. ജനങ്ങള്‍ തങ്ങളുടെ പരമാധികാരം ചില സംരക്ഷണങ്ങള്‍ക്കുവേണ്ടിയാണ് രാഷ്ട്രീയത്തില്‍ അടിയറവെക്കുന്നത്. അത് എന്നെന്നേക്കുമുള്ളതല്ല.മറ്റൊരു തരത്തില്പറഞ്ഞാല്‍ നീതിപൂര്‍വ്വകമായ (legitimate) വയലന്‍സ് നടപ്പിലാവാത്ത എല്ലാ സ്റ്റേറ്റും പരാജയപ്പെട്ട സ്റ്റേറ്റാണ്. യഥാര്‍ത്ഥത്തില്‍ വികസനമോ ദാരിദ്ര്യമില്ലായ്മയോ  അഴിമതിയില്ലായ്മയോ അല്ല, വയലന്‍സിനു കീഴ്പ്പെടുന്ന പൌരന്മാരാണ് സ്റ്റേറ്റിന്റെ വിജയത്തിനാധാരം. സോഷ്യല്‍ കോണ്ട്രാക്ട് എന്നുപറഞ്ഞാല്‍ ഭരണഘടന തന്നെയാണ്. എഫ് ഐ ആറില്‍ പ്രതിയാക്കപ്പെട്ട ആള്‍ അതേ സ്റ്റേറ്റിന്റെ ഭരണം നിര്‍വ്വഹിക്കുന്നതില്‍ത്തന്നെ ഈ കോണ്ട്രാക്ട് തകര്‍ന്നു. ഇനി എല്ലാവരും എല്ലാവരോടും യുദ്ധം ചെയ്യുന്ന അവസ്ഥയാണ് വരിക. അവിടെ സ്റ്റേറ്റിന് വയലന്റ് ആവാം. അങ്ങനെ പരാജയത്തില്‍നിന്ന് ഒഴിവാകാം. അതായത് ജനാധിപത്യത്തിന്റെ പ്രാഗ് രൂപമേ നമുക്കുള്ളൂ- അത് താക്കോലൊഴിയാത്ത തമ്പ്രാക്കളുടേതാണ്.

അങ്ങനെയൊരു രാഷ്ട്രത്തില്‍ പ്രസംഗവും പ്രവൃത്തിയും തമ്മില്‍ വലിയ അന്തരമുണ്ട്. പ്രസംഗം പലപ്പോഴും മനപ്പൂര്‍വ്വമായ വായുകോപമായി (intentional flatulence) മാറുന്നു. അത് ദുര്‍ഗന്ധം വമിക്കുന്ന സത്യപ്രസ്താവനകളും ആണയിട്ടുള്ള കള്ളങ്ങളും നിറഞ്ഞതാവുന്നു. എന്നാലും ഈ വായുകോപത്തിന്റെ ദുര്‍ഗന്ധം നമുക്ക് സഹിക്കേണ്ടിവരുന്നു. ഇതിന്റെ കാരണം ഫൂക്കോയുടെ വാക്കുകളില്‍ ഗവണ്മെന്റ് ഗവണ്മെന്റാലിറ്റിയായി മാറുന്നതാണ്. അധികാരത്തിന്റെ സങ്കേതം എല്ലാത്തിനെയും സ്പര്‍ശിക്കുന്നു. അവരുടെ പ്രകടനങ്ങള്‍ നമ്മുടേതാണെന്ന് തോന്നിപ്പിക്കുന്നു, പൌരന് രാജ്യഭാരം മൂലം തലപൊക്കാന്‍ കഴിയാതെയാവുന്നു. എന്തെങ്കിലുമാവട്ടെ എന്നുപറഞ്ഞ് ഉപേക്ഷിച്ചു രക്ഷപെടാന്‍ പ്രേരിപ്പിക്കുന്ന തരം ടെക്നോളജിയാണ് അവനവനില്‍നിന്ന് മറ്റുള്ളവരിലേക്ക് പകരുന്ന ഗവണ്മെന്റാലിറ്റി. രാജാവിന്റെ തല കൊയ്തതിനുശേഷവും ഒരു തലയുള്ളതുപോലെ നമുക്ക് തോന്നുകയും ആശയക്കുഴപ്പം വര്‍ധിക്കുകയും ചെയ്യുന്നതാണ് അവസ്ഥ. ജനങ്ങളിലേക്ക് അധികാരം മാത്രമല്ല മടങ്ങിയെത്തുക, അഴിമതിയും ദാരിദ്ര്യവും വികസനമുരടിപ്പും തൊഴില്പ്രശ്നങ്ങളും, വിലക്കയറ്റവും എല്ലാമാണ്. പിന്നെയും തലയ്ക്കുവേണ്ടി തിരയുന്നവരാകും നമ്മള്‍.  മാണി രാജിവെച്ചാലുമീ പ്രശ്നങ്ങള്‍ തീരുകയില്ല. അതുകൊണ്ട് മാണി രാജിവെക്കേണ്ടതില്ല എന്നു വിചാരിക്കുന്നയിടത്താണ് അധികാരത്തിന്റെ ടെക്നോളജി പ്രവര്‍ത്തിക്കുന്നത്. അത് ഗവണ്മെന്റാലിറ്റിയുടെ വിജയമാണ്.

ഇതൊരു നിയോലിബറല്‍ ജനാധിപത്യത്തിന് ശീലമാവുന്നതാണ്. നിയോലിബറലുകളുടെ വിമോചനരാഷ്ട്രീയത്തെക്കുറിച്ച് നമുക്ക്  ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ബാര്‍ മുതലാളിമാരില്‍നിന്ന് കേരളത്തെ മോചിപ്പിക്കുന്നതിനുള്ള ശ്രമം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി സാധ്യമാവുന്നുണ്ട്.  എന്നാല്‍ അതിനുശ്രമിക്കാതെ സമ്പൂര്‍ണമദ്യനിരോധനമാണ് അജണ്ട എന്നൊക്കെ പറഞ്ഞുകേട്ടിരുന്നു. ബാര്‍ മുതലാളിമാര്‍, നടത്തുന്ന വിലപേശല്‍ മാത്രമല്ല രാഷ്ട്രീയക്കാര്‍ മുതലാളിമാരോട് നടത്തുന്ന വിലപേശലുമുണ്ട്. സ്റ്റേറ്റിനുമീതേ മുതലാളിത്തം വിജയിക്കുന്നത് നിയോലിബറല്‍ എക്കോണമിയിലും സ്റ്റേറ്റിലും പതിവായിരിക്കുന്നു. അത്തരമൊരു രാഷ്ട്രീയത്തില്‍നിന്ന് വിമോചിപ്പിക്കും എന്ന് നിയോലിബറല്‍ രാഷ്ട്രീയക്കാരന്‍ തന്നെ വാഗ്ദാനം ചെയ്യുന്നതാണ് ഈ മദ്യനിരോധനവാഗ്ദാനത്തിലുമുള്ളത്. എന്താണിതിനു കാരണം? തിയറൈസ് ചെയ്യപ്പെടേണ്ട നിയോലിബറല്‍ വിമോചനരാഷ്ട്രീയദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് കേരളത്തിലെ വെളിപ്പെടുത്തല്‍ രാഷ്ട്രീയം. ആരോപണം എന്നത് വെളിപ്പെടുത്തല്‍ എന്ന വാക്കിലേക്ക് മൊഴിമാറ്റിയിരിക്കുന്നു. ഈ വെളിപ്പെടുത്തലുകളും ക്യാപിറ്റലൈസ് ചെയ്യപ്പെടുന്നുണ്ട്. വെളിപ്പെടുത്തലിന്റെ നന്മതിന്മകള്‍ ഒരിക്കലും പ്രസ്താവ്യമല്ല. തലകള്‍ ഉരുളുമോ എന്നാണറിയേണ്ടത്. തലമാറുമ്പോള്‍ മാറാത്തതാണ് ഗവണ്മെന്റാലിറ്റി എന്ന് ആരാണ് വിളിച്ചുപറയുക?


ചിത്രം-മിച്ചെല്‍ ലുക് ബെല്ലിമോര്‍

സാമ്പത്തികശാസ്ത്രവും ഗവണ്മെന്റും തമ്മിലുള്ള അന്തരം ഇല്ലാതാവുന്നതുപോലെ തന്നെയാണ് ( വെറുതെയല്ല പൊളിറ്റിക്കല്‍ എക്കോണമി എന്ന് ആഡം സ്മിത്ത് വിളിച്ചത് ) മുതലാളിത്തവും ഗവണ്മെന്റും തമ്മിലുള്ള അന്തരവും ഇല്ലാതാവുന്നത്. ഇത്തരത്തില്‍ ക്യാപ്പിറ്റലൈസ് ചെയ്യപ്പെടുക നിമിത്തം പുതിയ പുതിയ തരത്തിലുള്ള അഴിമതികളും വിലപേശലുകളുമുണ്ടാവുകയും പ്രശ്നവല്‍ക്കരണത്തിന്റെ അനന്തമായ സാധ്യതകള്‍ സംജാതമാവുകയും  ചെയ്യുന്നു.

അതായത് ഏതെങ്കിലുമൊരു രീതിയില്‍ ഗവണ്മെന്റ് അതിന്റെ എല്ലാ അഴുക്കുകളോടും കൂടി തുടര്‍ന്നുപോവുക തന്നെ ചെയ്യും. പുതിയ വെളിപ്പെടുത്തലുകള്‍ വരും, കൂടുതല്‍ വാര്‍ത്തകള്‍, ചര്‍ച്ചകള്‍ നടക്കും. രാഷ്ട്രീയ വ്യവഹാരത്തില്‍ ഇതൊക്കെ പതിവാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. ജനക്കൂട്ടത്തിലെ ഗവണ്മെന്റാലിറ്റി സ്റ്റേറ്റിന് പകരം നില്‍ക്കുമ്പോഴാണ് നിയമം കയ്യിലെടുക്കുക എന്നത് പൌരന്മാര്‍ക്ക് സാധ്യമല്ല എന്ന പ്രശ്നവല്‍ക്കരണം സംഭവിക്കുന്നത്. അതായത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില നടപടികള്‍ ഇഷ്ടപ്പെടാത്ത ഒരു പൌരന്‍, നിയമസഭ പാസാക്കിയ ഒരു ബില്ലില്‍ പ്രതിഷേധമുള്ള ഒരാള്‍ക്ക് നിയമസഭയില്‍ കയറി കസേരകള്‍ മറിക്കാനും, കമ്പ്യൂട്ടര്‍ തകര്‍ക്കാനും, അല്ല ബോംബിടാനും പറ്റുമോ? (നിയമസഭയ്ക്ക് ബോംബിടണമെന്ന് പറഞ്ഞത് എം വി ദേവനാണ് മറ്റൊരു സന്ദര്‍ഭത്തില്‍)

കേരളത്തിലെ യു ഡി എഫ് – എല്‍ ഡി എഫ് രാഷ്ട്രീയത്തില്‍ത്തന്നെ മുതലാളിത്തവും നിയോലിബറല്‍ രാഷ്ട്രീയവും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ആ നിയോലിബറല്‍ രാഷ്ട്രീയത്തില്‍ തന്നെയാണ് വിമോചനദുരന്താത്മകതയും സൃഷ്ടിക്കപ്പെടുന്നത്. അന്തിചര്‍ച്ചകളിലൂടെ അന്നന്ന് തീരുമാനമാക്കി നമുക്ക് പിരിയുകയുമാവാം. കാരണം നാളത്തേക്ക് എന്തെങ്കിലുമവശേഷിക്കേണ്ടതുണ്ടോ? അങ്ങനത്തെ നിയമസഭയില്‍ സാറെന്തിനിരിക്കണം. അങ്ങനെയൊരു ജനാധിപത്യത്തിലാണ് സാര്‍, സാറിന്റെ കസേര !

*Views are Personal

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍