UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനാധിപത്യത്തിന് ശ്രീകോവിലില്ല; ജന പ്രതിനിധികള്‍ വിശുദ്ധ പശുക്കളുമല്ല

Avatar

വി കെ അജിത്‌ കുമാര്‍

ജനാധിപത്യത്തിന് ശ്രീകോവിലില്ല. അതൊരു തെറ്റിദ്ധാരണയാണ്. ശ്രീകോവില്‍, അമ്പലം എന്നൊക്കെ അസംബ്ലികളെപ്പറ്റിപറയുമ്പോള്‍ അതിലൊരു വിഗ്രഹവും പുജാരിയുമൊക്കെയുണ്ടാകുമല്ലോ. അങ്ങനെ ചിന്തിക്കുമ്പോള്‍ തന്നെ ജനാധിപത്യത്തിന്‍റെ പള്ളിയെന്നോ മസ്ജിദെന്നോ ഒക്കെ പറയാനുള്ള ഓപ്ഷനും കൂടി അവശേഷിക്കപ്പെടുന്നുണ്ട്. സെക്കുലറായ ചിന്തയില്‍ ജനസഭകള്‍ പള്ളിയരമനകളോ അമ്പല പരിസരമോ ആയി കാണേണ്ടതില്ല.  തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ വിശുദ്ധപശുക്കളുമല്ല. പരിപാവനമായ ജനാധിപത്യ വ്യവസ്ഥയെന്നും പാലിക്കേണ്ട മര്യാദയെന്നുമൊക്കെ പറഞ്ഞു നാം സദാചാരവാദികളാകുമ്പോള്‍ നഷ്ടമാകുന്നത് പ്രതികരണത്തിന്‍റെ രാഷ്ട്രിയവും വളരുന്നത് ആരാഷ്ട്രീയതയുടെയും അഴിമതിയുടെയും പുതിയ രൂപങ്ങളുമാണ്. അങ്ങനെ വരുമ്പോള്‍  ബഡ്ജറ്റുകള്‍ സ്വകാര്യ സംഭാഷണങ്ങളായും ആറുമണിക്കുറില്‍ നിന്നും ആറു മിനിറ്റായുമൊക്കെ മാറ്റപ്പെടും. ബഡ്ജറ്റു അവതരിപ്പിക്കാന്‍ ധനമന്ത്രിക്ക് സീറ്റ്‌ മാറ്റി കൊടുക്കേണ്ടതായും പിന്‍വാതില്‍ തുറന്നു കൊടുക്കേണ്ടതായും വരും. ഒടുവില്‍ മഞ്ഞലഡു കൊടുത്ത് വിജയം ആഘോഷിക്കുകയുംചെയ്യും.

ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ  രാഷ്ട്രിയവും അതിന്‍റെ ജനങ്ങളോടുള്ള കടപ്പാടുമാണ് ബഡ്ജറ്റുകള്‍. അത്തരത്തില്‍ ഒന്നായിരിന്നുവോ ഇന്നലെ കേരളത്തിനു കിട്ടിയതും   അത് അവതരിപ്പിച്ച രീതിയും. ഇവിടെ ചര്‍ച്ചചെയ്യുന്നത് കോഴയും അഴിമതിയുമാണെങ്കില്‍ അതിനെയെല്ലാം ശരിവയ്ക്കുന്നതാണ് ഇന്നലെ കണ്ട ഒളിച്ചുകളികള്‍. കേരളത്തിന്‍റെ ലജിസ്ലെറ്റിവ് ഭരണക്രമത്തില്‍ ഇത്രയേറെ പ്രക്ഷുബ്ദമായ ഒരു കാഴ്ച ഇതേവരെ ഉണ്ടായിട്ടില്ല.

രാത്രിയില്‍ കണ്ട നവമാധ്യമപ്രതികരണങ്ങള്‍ തെളിയിച്ച മലയാളിയുടെ ചിന്തയും പ്രതികരണ ശേഷിയും ഹാസ്യബോധവും ഇനിയും നഷ്ടമായില്ല എന്ന ആത്മ ബോധത്തെയാണ് രാവിലെ ഒരു മുത്തശ്ശിയും മുത്തപ്പനും കുടി കടന്നാക്രമിച്ചത്. മാധ്യമങ്ങളെ ഇത്രയധികം ആധികാരികമായി ആശ്രയിക്കുന്ന ഒരു ജനത മലയാളിയെപ്പോലെ ഇല്ല. അതുകൊണ്ടുതന്നെയാണ് ‘ഹെയര്‍ഡൈ’ പുരട്ടിയിറങ്ങുന്ന ഇത്തരം  പത്രങ്ങളുടെ പ്രചാരം കൂടിവരുന്നത്‌. ഈ മുത്തപ്പനും മുത്തശ്ശിയും കൂടി കേരളത്തിലെ ഒരു വിഭാഗത്തെ ഒരുവഴിക്കാക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. പോര്‍ക്കളം, രണഭുമി, യുദ്ധം ഇത്തരത്തിലുള്ള വാക്കുകള്‍ ഇവര്‍ സുക്ഷിച്ചു വച്ച് നമുക്ക് മുന്‍പില്‍ നിരത്തിയപ്പോള്‍ നേരത്തെ പറഞ്ഞ ശ്രീകോവില്‍ സങ്കല്‍പം ശക്തമാകുകയായിരുന്നു.

അഴിമതിയിലും കോഴയിലും വ്യക്തമായ തെളിവുകളാല്‍ ആരോപിതനായ ഒരാള്‍ അടുത്ത ഒരു വര്‍ഷത്തെ കാലയളവില്‍ ഒരു തെറ്റും ചെയ്യാത്ത ജനങ്ങളെ നയിക്കണം എന്ന് പറയുന്നതില്‍ എന്ത് അന്തസാണുള്ളത്. എല്ലാം കേട്ട്, അനുഭവിച്ച ജനത്തിന്‍റെ പ്രതികരണം മാത്രമാണ് ഇന്നലെ അസംബ്ലിയില്‍ സംഭവിച്ചത്. അവിടെ തകര്‍ക്കപ്പെട്ടത് ജനങ്ങളുടെ നികുതിപ്പണം ആണെങ്കില്‍ പോലും അതിലുമേറെ ചില സ്വകാര്യ പോക്കറ്റുകളിലേക്ക് പോകുന്നത് നമ്മള്‍ കാണരുതെന്നാണ് മുത്തപ്പനും മുത്തശ്ശിയും നമ്മോട് ആവശ്യപ്പെടുന്നത്. ഇന്നലെ കളികണ്ടു കയ്യടിച്ചവരാണ് അധികവും. കാരണം ശിവന്‍കുട്ടിയും തോമസ്‌ ഐസക്കും ജമീല പ്രകാശവുമെല്ലാം ഇന്നലെ സാധാരണക്കാരന്‍റെ പ്രതികരണ മനസായാണ് മാറിയത്. ഇത് കുടുതല്‍ മനസിലാക്കണമെങ്കില്‍ ഇന്നലത്തെ നവമാധ്യമ രംഗത്ത് കുടി കടന്നുപോയാല്‍ മതിയാകും. 

ജയവും പരാജയവും വിലയിരുത്തി ഇന്ന് പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താല്‍ ഉള്‍പ്പടെ ‘പൊതുജനത്തിന്’ ദുരിതം വലിച്ചു വയ്ക്കുമെന്നു  വാദിച്ചു നില്ക്കാന്‍ ഈ മുത്തപ്പനും മുത്തശ്ശിക്കും ആരാണ് അധികാരം നല്‍കിയത്. നിങ്ങള്‍ നിരത്തുന്ന പൊതുജനത്തിനുള്ളില്‍ വരാത്തവര്‍  ഇവിടെയുണ്ട്. അപ്പോള്‍ പിന്നെ എന്തിനുവേണ്ടിയാണ്‌ ഇത്തരം മുഖപ്രസംഗങ്ങള്‍ എഴുതിവിടുന്നത്.വ്യക്തമായ രാഷ്ട്രിയ ചായ് വ് പ്രകടിപ്പിക്കുകയും ഞങ്ങള്‍ ഇപ്പോഴും സാധാരണക്കാരന്‍റെ കുടെയാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ഇവര്‍ മുതലാളിയുടെ ‘വിശ്വാസം അതല്ലേ എല്ലാം’ എന്ന ആപ്തവാക്യം മാത്രമാണ് വിളംബരം ചെയ്യുന്നത്.

നമ്മള്‍ പറയുന്ന ഈ ശ്രീകോവില്‍ അത്തരത്തില്‍ ഒരു പുണ്യഭുമിയൊന്നുമല്ലെന്ന് വ്യക്തമാകാന്‍  റോമന്‍ സെനറ്റില്‍ വച്ച് വധിക്കപ്പെട്ട സീസറില്‍ തുടങ്ങി ജാനകി രാമചന്ദ്രന്‍റെയും ജയലളിതയുടെയും തമിഴ് മണ്ട്രത്തില്‍  സംഭവിച്ച കഥവരെ പരിശോധിച്ചാല്‍ മതിയാകും. നിയമാനുസൃതമായ പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ സത്യപ്രതിജ്ഞ ലംഘനം നടത്തുമ്പോള്‍ അവരെ തെരുവില്‍ തടഞ്ഞാലും അതിനെതിരെ സമരം ചെയ്താലും അതെല്ലാം തെറ്റാണെന്ന് നമ്മെ ഈ വൃദ്ധമാനസം ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. അനുരഞ്ജനത്തിന്‍റെ എല്ലാ വാതിലുകളും അടച്ചുപുട്ടി ഒരു പിന്‍വാതിലില്‍ കുടി വന്നു ആറുമിനിട്ടുകൊണ്ടു വായിച്ചു തിര്‍ക്കേണ്ടതാണോ അടുത്ത ഒരു വര്‍ഷത്തെ കേരളത്തിന്‍റെ പ്രവര്‍ത്തന രൂപരേഖ. അതും ഒരുപാട് മാറുന്ന രാഷ്ട്രിയ സാമ്പത്തിക സാഹചര്യത്തില്‍.  ഇത്തരം ഒരു ഉത്തരവാദിത്ത്വത്തിലും മനസുടക്കാതെ വെറും മസില്‍ പോളിറ്റിക്സ് മാത്രം മതിയായിരുന്നോ ഉത്തരവാദിത്വബോധമുള്ള ഒരു ഭരണകക്ഷിക്ക്? പ്രതിപക്ഷം എപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. ആ പ്രശ്നങ്ങളെ ഇങ്ങനെയായിരുന്നോ നേരിടേണ്ടിയിരുന്നത്? ഇത് ഏതു ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നുവെന്ന് കുടി വൃദ്ധജ്ഞാനികള്‍ പറഞ്ഞു തരുമെന്ന് പ്രതിക്ഷിക്കുന്നു.. 

*Views are Personal

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍