UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

ഇതാ, കേരളത്തിനൊരു ബദല്‍ ബജറ്റ്

ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വ്വെ ഈയിടെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറങ്ങിയിരുന്നു. ഇതിലെ പ്രധാന പ്രശ്‌നങ്ങള്‍ താഴെ പറയുന്നവയാണ്. 
 
1. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാനിരക്ക് 1.1%  മാത്രം. 
2. വ്യവസായ മേഖലയുടെ വളര്‍ച്ചാനിരക്ക് 2% മാത്രം. 
3. റവന്യൂ വരുമാനം അനുദിനം കുറയുന്നു. 
4. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. 
5. അസമത്വം വര്‍ദ്ധിക്കുന്നു. 
6. സബ്‌സിഡി അടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുറയുന്നു. 

മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ രാജ്യത്തിന് ഭീഷണിയായി നില്‍ക്കുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് കാര്‍ഷിക, ഉല്‍പ്പാദന മേഖലകളെ വിസ്മരിക്കുകയും കോര്‍പ്പറേറ്റുകളെ സഹായിക്കുകയുമാണ് ചെയ്തത്. 
 
സംസ്ഥാനത്തെ സാമ്പത്തിക സര്‍വേ പുറത്തു വന്നിട്ടില്ലെങ്കിലും കേരളത്തിന്റെ പ്രധാന പ്രശ്നങ്ങള്‍ ഇവയെല്ലാം തന്നെയാണ്. അതുകൊണ്ട് 2015-16 ലേക്ക് മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനും പരിഹരിക്കുന്നത്തിനുമായുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കേരളത്തിന്റെ ബദല്‍ ബജറ്റ് ഇവിടെ അവതരിപ്പിക്കുന്നു.   

മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളെ ദിശാബോധത്തോടെ അഭിമുഖീകരിക്കുന്നതിനായി കേരളത്തിന്റെ ബദല്‍ ബജറ്റ് 2014-15 ബജറ്റിന്റെ പദ്ധതി അടങ്കലിനേക്കാള്‍ 25 ശതമാനം വര്‍ദ്ധിപ്പിക്കുന്നു. 

കാര്‍ഷിക, പാരിസ്ഥിതിക മേഖലകള്‍ വന്‍ തിരിച്ചടി നേരിടുന്നു എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിന് വേണ്ടി 2014-15 ലെ കാര്‍ഷിക മേഖലയിലെ കാര്‍ഷിക അടങ്കലിനേക്കാള്‍ 20 % തുക ഈ ബദല്‍ ബജറ്റില്‍ വര്‍ദ്ധിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ച റബ്ബര്‍ അടക്കം വിലതകര്‍ച്ചയെ നേരിടുന്ന കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണവും മാന്യമായ വിലയും നല്‍കുവാന്‍ 1000 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കുന്നു. കേരളത്തിന്റെ കാര്‍ഷിക പരിഷ്‌ക്കരണത്തിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തണ്ണീര്‍ത്തടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് നെല്ല് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സമഗ്ര ഹരിതപദ്ധതി പ്രഖ്യാപിക്കുന്നു.

കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ക്കും, പരമ്പരാഗത, ചെറുകിട വ്യവസായങ്ങള്‍ക്കും പ്രോത്സാഹനം നല്‍കിക്കൊണ്ട് മാത്രമേ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ കഴിയൂ എന്നതിനാല്‍ ഇതിനുവേണ്ടി 2014-15 ല്‍ വകയിരുത്തിയതിനേക്കാള്‍ 20% തുക വര്‍ദ്ധിപ്പിക്കുന്നു. ഈ തുക ഉത്തേജക പാക്കേജ് എന്ന രീതിയില്‍ ബജറ്റിന്റെ ശ്രദ്ധാകേന്ദ്രമാണ്. 

എല്ലാ മണ്ഡലങ്ങളിലും കാര്‍ഷികാധിഷ്ഠിത, പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് സ്ഥാനം നല്‍കി, കൃഷിയും വ്യവസായവും പരസ്പരപൂരകമാക്കുന്നതിന്റെ ഒരു പുതുയുഗം ഈ ബജറ്റ് കുറിക്കുന്നു. ഇതിലൂടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നു. ഇലക്‌ട്രോണിക്‌സ് പോലെ പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. പരമ്പരാഗത,  പൊതുമേഖല വ്യവസായങ്ങളെ സംരക്ഷിക്കും.

പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണം, പൊതുഗതാഗതം എന്നിവ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സ്വകാര്യവല്‍ക്കരണ അജണ്ടകളില്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന സുപ്രധാന മേഖലകളാണ്. അത് കൊണ്ടുതന്നെ രാജ്യത്തും സംസ്ഥാനത്തും അസമത്വം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പണമുള്ളവര്‍ക്ക് മാത്രം കൈയെത്തിപ്പിടിക്കാവുന്ന മേഖലകളായി വിദ്യാഭ്യാസവും, ആരോഗ്യവും ഭക്ഷണവും മാറുന്നു എന്നത് സംസ്ഥാന ബജറ്റ് തിരിച്ചറിയുന്ന ഏറ്റവും പ്രധാന പ്രശ്‌നങ്ങളാണ്. അതുകൊണ്ട് തന്നെ പൊതുജനാരോഗ്യത്തിനും പൊതുവിദ്യാഭ്യാസത്തിനും പൊതുവിതരണത്തിനും പൊതുഗതാഗതത്തിനും ബജറ്റ് വിഹിതം കഴിഞ്ഞ ബജറ്റിനേക്കാള്‍ 25% വര്‍ദ്ധിപ്പിക്കുന്നു. 

ആധുനിക രീതിയിലുള്ള ചികിത്സയും വിദ്യാഭ്യാസവും ജനങ്ങളിലെത്തിക്കുവാന്‍ ഈ ബജറ്റ് പ്രതിജ്ഞാബദ്ധമാണ്. പൊതുവിതരണ ശൃംഖല ഏറ്റവും കാര്യക്ഷമമാക്കുന്നതിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തും. ഈ ലക്ഷ്യം നിറവേറ്റുന്നതിനു വേണ്ടി 2015-16 ലേക്കുള്ള പൊതുവിതരണത്തിനുള്ള തുക ഇരട്ടിയാക്കുന്നു. 

നവലിബറല്‍ അജണ്ടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍. സ്വകാര്യവല്‍ക്കരണ അജണ്ടയില്‍ സംവരണം എന്ന സങ്കല്‍പ്പം വീണുടയുന്നത് ഈ വിഭാഗം ജനങ്ങളുടെ ഏറ്റവും വലിയ ഭീഷണിയാണ്. അതുകൊണ്ട് സംസ്ഥാന തലത്തിലുള്ള സംവരണം വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പൊതുമേഖലയുടെ വികസനം ഈ ബജറ്റിന്റെ മുഖ്യലക്ഷ്യമാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും, പശ്ചാത്തല സൗകര്യങ്ങളും ഭൂപ്രശ്‌നങ്ങളും സാംസ്‌കാരിക പ്രശ്‌നങ്ങളും അഭിമുഖീകരിക്കുവാനുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. അതിനായി 2014-15 ലെ പദ്ധതി അടങ്കലിനേക്കാള്‍ 25% തുക വര്‍ദ്ധിപ്പിക്കുന്നു. 

വൈദ്യുതി ഉല്‍പ്പാദനം ഇന്ന് സ്തംഭനാവസ്ഥയിലാണ്. വൈദ്യുതി ഉല്‍പ്പാദന വളര്‍ച്ചയിലാണ് കേരളത്തിന്റെ വികസനത്തിന് ഏറ്റവും വലിയ പ്രതീക്ഷ. 5 വര്‍ഷം കൊണ്ട് കേരളത്തിന്റെ വൈദ്യുതി ഉല്‍പ്പാദനം ഇരട്ടിയാക്കുവാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. കണ്‍വെന്‍ഷണല്‍, നോണ്‍ കണ്‍വെന്‍ഷണല്‍ ഊര്‍ജ്ജ സ്രോതസ്സുകളെ സമഗ്രവും സമ്പൂര്‍ണ്ണവുമായി പ്രയോജനപ്പെടുത്തും. എല്‍.ഇ.ഡി. പോലുള്ള ഊര്‍ജ്ജ ഉപഭോഗം കുറഞ്ഞ സംവിധാനങ്ങള്‍ വ്യാപകമാക്കിക്കൊണ്ടും പ്രസരണം നഷ്ടം കുറച്ചുകൊണ്ടും കളവ് ഇല്ലാതാക്കി കൊണ്ടുമാണ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുക. ഇതിനായി ഒരു ഉദ്ഗ്രഥിiത ആക്ഷന്‍ പ്ലാന്‍ ഈ ബജറ്റില്‍ വിഭാവനം ചെയ്തിട്ടുണ്ട്. 

പശ്ചാത്തല വികസനം വെല്ലുവിളികളെ നേരിടുകയാണ് പി.പി.പി.യും ടോളും ഇല്ലാതെ സഞ്ചാരസ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ റോഡ് വികസനത്തിന് പുതിയ മാനം നല്‍കുവാന്‍ ബജറ്റ് ഉദ്ദേശിക്കുന്നു. ഇതിന് ആവശ്യമായ പണം ആഭ്യന്തരമായി തന്നെ കണ്ടെത്തും. (സഹകരണ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ഷെഡ്യൂള്‍ഡ്, കമേഴ്‌സ്യല്‍ ബാങ്കുകള്‍, ഇസ്ലാമിക് ബാങ്ക് എന്നിവയെ പ്രയോജനപ്പെടുത്തും).

കേരളത്തിന്റെ ഏറ്റവും വലിയ സാധ്യതയായ ടൂറിസത്തെ പരിസ്ഥിതി സൗഹൃദവും വികസനോന്‍മുഖവും ആക്കി മാറ്റും.

തീരദേശ മേഖല നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. മീനാകുമാരി റിപ്പോര്‍ട്ടും ആഴക്കടല്‍ മത്സ്യബന്ധന പ്രശ്‌നങ്ങളും തീരദേശത്തെ പ്രശ്‌നപ്രദേശമാക്കിയിരിക്കുന്നു. അതുകൊണ്ട് മത്സ്യതൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഉത്തേജന പാക്കേജ് ഈ ബജറ്റിന്റെ പ്രത്യേകതയാണ്. 

ഇതിനെല്ലാം ആവശ്യമായ വിഭവം കണ്ടെത്തുക എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രധാന വെല്ലുവിളി. വിഭവ സമാഹരണ  കാഴ്ചപ്പാടിന്റെ അപാകത മൂലമാണ് അഴിമതി രൂക്ഷമാകുന്നതും സമ്പദ് വ്യവസ്ഥ ദുര്‍ബലമാകുന്നതും. ഈ പ്രശ്‌നം ഒഴിവാക്കുന്നതിന് വേണ്ടി വിഭവ സമാഹരണത്തില്‍ ഈ ബജറ്റിന്റെ നിലപാട് വ്യത്യസ്തമാണ്. അതുകൊണ്ടാണ് ഇത് ബദല്‍ ബജറ്റ് ആകുന്നത്. വിഭവസമാഹരണ രീതി താഴെ വിവരിക്കുന്നു.

1. റവന്യൂ വരുമാനം നിരന്തരമായി വര്‍ദ്ധിപ്പിക്കുക. 
2. കമ്മി കുറക്കുക. 
3. കമ്മി കുറയുന്നതിനനുസരിച്ച് മൂലധനനിക്ഷേപം വര്‍ദ്ധിപ്പിക്കുക. 
4. മൂലധന നിക്ഷേപത്തിന്റെ വര്‍ദ്ധനവിലൂടെ നാളെ റവന്യൂ വരുമാനം വീണ്ടും വര്‍ദ്ധിപ്പിക്കുക. 
5. ഇതോടെ സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അടക്കം എല്ലാ ചിലവുകളും വര്‍ദ്ധിപ്പിക്കാം. 
6. ഇങ്ങനെയാണ് പെന്‍ഷനുകളും മറ്റ് ക്ഷേമാനുകൂല്യങ്ങളും സബ്‌സിഡികളും നിരന്തരമായി വര്‍ദ്ധിപ്പിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നത്. 

1,25,000 കോടി രൂപ കടമുള്ളതും റവന്യൂ കമ്മി വര്‍ദ്ധിക്കുന്നതും അഴിമതി നിറഞ്ഞതുമായ കേരളത്തെ രക്ഷിക്കുവാന്‍ ഈ സമീപനത്തിന് മാത്രമേ സാധിക്കൂ. 

റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കുന്നത് താഴെ പറയും പ്രകാരമാണ്. 

1. പരോക്ഷ നികുതി വര്‍ദ്ധിപ്പിക്കുകയില്ല. (സാധാരണ ജനങ്ങള്‍ നല്‍കുന്നതാണ് പരോക്ഷ നികുതി)
2. റവന്യൂ പിരിവ് രംഗത്തുള്ള അഴിമതി തടയും. 
3. നികുതി ചോര്‍ച്ച തടയും. 
4. വന്‍കിട നികുതിദായകര്‍ക്ക് സ്റ്റേ നല്‍കുകയില്ല. 
5. പിരിച്ച് എടുക്കുവാനുള്ള നികുതി കുടിശ്ശിക പിരിച്ചെടുക്കും. 
6. ചെക്ക് പോസ്റ്റുകള്‍ അഴിമതിരഹിതമാക്കും. 
7. Tax Net വികസിപ്പിച്ച് Non Tax റവന്യൂ പരിധി വര്‍ദ്ധിപ്പിക്കും. 

നികുതി വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ സാധാരണക്കാരെ പിഴിയുക എന്ന തെറ്റായ സമീപനം ഈ ബജറ്റ് തിരുത്തുന്നു. സാധാരണക്കാരുടെ നികുതി വര്‍ദ്ധിപ്പിക്കാതിരിക്കുകയും അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് മൊത്തം ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുക എന്നതാണ് കാഴ്ച്ചപ്പാട്. ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ച് കമ്പോളത്തെ ചലിപ്പിക്കുക എന്നതും നികുതി നല്‍കുവാന്‍ കഴിയുന്ന വിഭാഗത്തിന്റെ നികുതി കാര്യക്ഷമമായി പിരിച്ചെടുത്തും റവന്യൂ കമ്മി കുറയ്ക്കുവാനാണ് ഈ ബദല്‍ ബജറ്റ് ശ്രമിക്കുന്നത്. അതോടെ മൂലധന നിക്ഷേപത്തിന് സാധ്യതയേറും. ഇതിനിടെ ധനകമ്മി വര്‍ദ്ധിക്കുന്നെങ്കില്‍ അത് അത്ര വലിയ പ്രശ്‌നമായി ഈ ബജറ്റ് കണക്കാക്കുന്നില്ല. ഈ നിലപാടോടെ ബദല്‍ ബജറ്റ് നവലിബറല്‍ നയങ്ങള്‍ക്ക് ബദലാകുന്നു.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍