വീണ്ടുമിതാ ഒരു ബജറ്റ് കൂടി. ഓരോ ബജറ്റ് പ്രസംഗവും ഞാന്‍ ആവേശത്തോടെ ശ്രദ്ധിക്കും. കുട്ടിയായിരുന്നപ്പോള്‍ ഏതിനൊക്കെ വില കൂടി, കുറഞ്ഞു എന്നത് നോക്കാനായിരുന്നു കമ്പം. പിന്നീടത് ജി ഡി പി നിരക്കിന്റെ വര്‍ദ്ധനവും കുറവും ആയി. ഇപ്പോള്‍ പ്രവര്‍ത്തന മേഖലയായ ആരോഗ്യ രംഗത്തിന് എന്തൊക്കെ നല്‍കി/ഇല്ലാതായി എന്നതിലായി ശ്രദ്ധ.
എല്ലാ വിഭാഗങ്ങളെയും സംതൃപ്തിപ്പെടുത്തിയ ഒരു അപൂര്‍വ ബജറ്റ് ആണല്ലോ ഇപ്രാശ്യത്തേത്! സത്യത്തില്‍ ആരെയെല്ലാമാണ് ഈ ബജറ്റ് തൃപ്തരാക്കുന്നത്? കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന ജനതയെ അല്ല എന്നുറപ്പ്. എല്ലാവര്‍ക്കും സന്തോഷിക്കാനായി എന്തൊക്കെ നിര്‍ദേശങ്ങളാണ് മോദി എന്ന ‘സൂപ്പര്‍മാന്റെ’ ജറ്റ്‌ലിക്കുഞ്ഞ് ആരോഗ്യമേഖലക്കായി നല്‍കിയിരിക്കുന്നത്? നമുക്ക് നോക്കാം. ആദ്യം ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ ഒന്ന് ചിട്ടപ്പെടുത്താം:
* ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്- 5 എണ്ണം
* നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മിസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ & റിസര്‍ച്ച് – 3 എണ്ണം.
* ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന് നികുതി ഇളവുകള്‍
*സിഗരറ്റിനും മറ്റു പുകയില ഉത്പന്നങ്ങള്‍ക്കും വില വര്‍ദ്ധിപ്പിച്ചു.
അല്ല, അപ്പോള്‍ പുതിയ പദ്ധതികള്‍? ആരോഗ്യ നയത്തില്‍ ഘോരഘോരം പറഞ്ഞ വാഗ്ദാനങ്ങള്‍? നിര്‍ദേശങ്ങള്‍? അവയ്‌ക്കൊന്നും പണം നീക്കിവച്ചിട്ടില്ലേ? നമുക്കൊക്കെ സംശയം തോന്നാം. സംശയം തീര്‍ക്കു ന്നതിനു മുമ്പ് ചില പഴയ വാക്കുകള്‍ ഒന്ന് തിരഞ്ഞു നോക്കണം.
ബിജെപിയുടെ പ്രകടനപത്രികയിലെ ചില വാക്കുകള്‍ ‘തീര്‍ത്തും സമഗ്രമായ, എല്ലാവര്‍ക്കും ലഭ്യമാകുന്ന, എല്ലാവര്‍ക്കും താങ്ങാന്‍ സാധിക്കുന്ന ഉപയോഗപ്രദമാകുന്ന, അധിക ചിലവുകള്‍ ഇല്ലാതാക്കുന്ന ഒരു ആരോഗ്യസമീപനം ആണ് നമുക്കാവിശ്യം’.
ഹായ് കേള്‍ക്കാന്‍ എന്ത് രസാ… എത്ര മനോഹരമായ നടക്കാത്ത വാഗ്ദാനങ്ങള്‍ !!! ഇനി ചില കണക്കുകള്‍ നോക്കാം.
ഇന്ത്യയിലെ ആരോഗ്യ രംഗത്ത് 70 ശതമാനം അധിക ചിലവുകള്‍ ആണ് ജനങ്ങള്‍ നേരിടേണ്ടി വരുന്നത്. ഇതില്‍ തന്നെ 60 ശതമാനം മരുന്നുകള്‍ക്കായാണ് ചിലവഴിക്കേണ്ടി വരുന്നത്. ഇന്ത്യയിലെ മരുന്ന് കുത്തക സ്വകാര്യ മുതലാളിമാരുടെ കൈകളില്‍ ‘സുഭദ്രം’. ദരിദ്ര പരകോടിയിലെ 65 ശതമാനത്തിനും അവശ്യമരുന്നുകള്‍ ഇന്നും ലഭ്യമാകുന്നില്ല എന്നതാണ് ഇതിന്റെ പരിണതഫലം. WHOവിന്റെ ഒരു പ്രസ്താവന നോക്കു ‘ഈ അധികചിലവ് ഇന്ത്യയുടെ ജിഡിപിയുടെ രണ്ടു ശതമാനവും മൊത്തം ആരോഗ്യ ബജറ്റിന്റെ 58 ശതമാനവും വരും’ ഈ പ്രശ്‌നത്തിനു അല്‍പ്പമെങ്കിലും പരിഹാരം ആകട്ടെ എന്ന് പറഞ്ഞു തുടങ്ങിയ ജന ഔഷധി പദ്ധതിയ്ക്ക് വകയിരുത്തിയിരിക്കുന്ന തുക കേട്ടാല്‍ ചിരിക്കരുത്. 35 കോടി. 100 കോടി ജനതക്ക് 35 കോടി…
ഇതില്‍ തന്നെ വളരെ തന്ത്രപരമായ പല നടപടികളും സര്‍ക്കാര്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്ന പദ്ധതികളെ മൂന്നായി തരംതിരിക്കുകയാണ് അതിലൊന്ന്.
1. കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുള്ള പദ്ധതികള്‍
2. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതികള്‍
3. ബജറ്റില്‍ നിന്ന് എടുത്തുകളയുന്ന പദ്ധതികള്‍
ആരോഗ്യരംഗത്ത് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍, മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ കൊടുക്കുന്നത്.
എന്നാല്‍ ദേശീയ ഗ്രാമീണ മന്ത്രാലയം, ആയുഷ്, എയിഡ്‌സ് നിയന്ത്രണ ബോര്‍ഡ് ഇവയൊക്കെ രണ്ടാം വിഭാഗത്തില്‍ വരുന്നു. അതായത് ഈ പദ്ധതികള്‍ എല്ലാം നടപ്പിലാക്കേണ്ട ചുമതല പതിയെ സംസ്ഥാനത്തിന്റെതാകും. സംസ്ഥാനങ്ങളുടെ മേല്‍ അധികഭാരം ചുമത്തുന്ന നടപടിയിലേക്ക് നീങ്ങുന്ന ഒരു ബജറ്റ് ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്.
ദേശീയ ഗ്രാമീണ മിഷന്റെ കാര്യം തന്നെ നോക്കാം, ഇപ്പോള്‍ നിലവിലെ കുറവുകള്‍ പരിഹരിക്കുന്നത് വരെ മൂലധന ചിലവുകള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ ആയിരിക്കും. എന്നാല്‍ ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്ന റവന്യു ചിലവുകള്‍ സംസ്ഥാനത്തിന്റെ ചുമതലയില്‍ ആയിരിക്കും. ആരോഗ്യ രംഗത്ത് കൂടുതല്‍ കരാര്‍ തൊഴിലുകളും, കുറഞ്ഞ വേതനവും ജോലിസംരക്ഷണമില്ലായ്മയും ആയിരിക്കും ഇതിന്റെ അനന്തര ഫലങ്ങള്‍.
ഇതോടൊപ്പമാണ് ആരോഗ്യ ബജറ്റില്‍ 6000 കോടി രൂപയുടെ വെട്ടികുറയ്ക്കല്‍ സമ്മാനം കൂടി മോദി നല്‍കുന്നത്. കഴിഞ്ഞ തവണ (2014-2015) 37965.7 കോടി രൂപയാണ് ആരോഗ്യത്തിനായി വിലയിരുത്തിയിരുന്നത്. ഇതില്‍ 31274 കോടി രൂപ ചിലവ് ചെയ്തു. ഈ തവണ ആകെ നല്‍കുന്നത് 32068.2 കോടി മാത്രം. എങ്ങിനെയാണ് സര്‍ക്കാര്‍ ആരോഗ്യരംഗത്ത് മാറ്റങ്ങള്‍ കൊണ്ട് വരാന്‍ പോകുന്നത് എന്ന് കണ്ടറിയണം.
മറ്റൊരു കണക്കു നോക്കു. ദേശീയ ആരോഗ്യ മിഷന് കഴിഞ്ഞ ബജറ്റ് നല്‍കിയത് 22731 കോടി രൂപയാണ്. ഇത്തവണ അത് വെറും 18875.3 കോടിയും. ഒരു പരസ്യവാചകം ആണ് ഓര്‍മ്മ വരുന്നത്, ‘ ഉം … നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്….. ‘
നേരത്തെ എഴുതിയ ഒരു ലേഖനത്തില്‍ ഞാന്‍ ആരോഗ്യനയത്തിലെ ആശങ്കകള്‍ പങ്കുവച്ചിരുന്നു. ഓരോ ഗ്രാമീണ മേഖലയിലും ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യത്തെ കുറിച്ചും, മറ്റ് ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ചും എഴുതിയിരുന്നു. ഇതേ ഘടകങ്ങളുടെ ആവിശ്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന ഈ പ്രവണതയാണ് ഈ ബജറ്റില്‍ എന്നെ നിരാശയിലാഴ്ത്തിയതും. ഇനി മുതല്‍ ഈ ഒഴിവുകള്‍ നികത്തേണ്ടത് സംസ്ഥാനത്തിന്റെ ചുമതല ആണ്. ഇവരുടെ ശമ്പളം മറ്റ് ആനുകൂല്യങ്ങള്‍ എല്ലാം ഉള്‍പ്പെടെ വലിയൊരു ഭാരമാണ് ഓരോ സംസ്ഥാനത്തിന് മുകളിലും വരുന്ന അഞ്ചു വര്‍ഷം ഉണ്ടാകാന്‍ പോകുന്നത്. എന്നാല്‍ ഈ അധിക ചിലവിനു പണം നീക്കി വയ്ക്കാന്‍; സംസ്ഥാനത്തിന് അധികം പണം നല്‍കാന്‍ കേന്ദ്രം തയ്യാറാകുമോ? പതിനാലാം ഫിനാന്‍സ് കമ്മീഷന്‍ നിര്‍ദേശ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് 42 ശതമാനം തുകയാണ് നീക്കി വച്ചിരിക്കുന്നത്. പണ്ട് യേശു അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടി എന്നൊക്കെ കേട്ടിട്ടുണ്ട്. അങ്ങനെ വല്ല മാന്ത്രിക വിദ്യയും ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ ഉണ്ടായിരുന്നിരിക്കണം. അറിയില്ല. ജറ്റ്‌ലിയുടെ അത്ര ശുഭാപ്തി വിശ്വാസം എനിക്കില്ല സുഹൃത്തുക്കളെ.
കടപ്പാട്: സെന്റര്‍ ഫോര്‍ ബജറ്റ് & ഗവേണന്‍സ് അലയന്‍സ് പുറത്തിറക്കിയ ‘ഓഫ് ബോള്ഡ് സ്‌ട്രോക്ക്‌സ് & ഫൈന്‍ പ്രിന്റ്‌സ്’ എന്ന പ്രസിദ്ധീകരണത്തിന്.