UPDATES

ട്രെന്‍ഡിങ്ങ്

പ്രതീക്ഷിച്ചത് കൈയ്യടി; കിട്ടിയത് ‍അപ്രതീക്ഷിത തിരിച്ചടി; ഐസക്ക് മറുപടി പറയേണ്ടി വരും

തങ്ങള്‍ക്ക് വീണുകിട്ടിയ വടിയുമായി ഭരണപക്ഷത്തെ അടിക്കാന്‍ പ്രതിപക്ഷം തയ്യാറായി കഴിഞ്ഞു

രാവിലെ എട്ട് മണിയോടെ മാധ്യമങ്ങളോട് സംസാരിച്ച് ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയിലേക്ക് പുറപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിറഞ്ഞു നിന്നത് ആത്മവിശ്വാസമായിരുന്നു. ബജറ്റില്‍ താന്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വമ്പന്‍ പദ്ധതികളെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിനാകില്ലെന്നും എല്ലാവരുടെയും കൈയടി നേടുമെന്നും അദ്ദേഹത്തിന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.

നോട്ട് അസാധുവാക്കലിനെക്കുറിച്ച് എംടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തെ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം ആരംഭിച്ച അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളും അത്തരത്തിലുള്ളവയായിരുന്നു. നോട്ട് അസാധുവാക്കല്‍ സംസ്ഥാനത്ത് സൃഷ്ടിച്ച പണക്ഷാമത്തിനിടയിലും ഈ പദ്ധതികള്‍ നടപ്പാക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും ഉണ്ടായിരുന്നു. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഇത്തരമൊരു ബജറ്റ് സ്വപ്‌നം കാണാന്‍ സാധിക്കാത്തതിനാല്‍ തങ്ങള്‍ക്കെതിരായ രൂക്ഷവിമര്‍ശനങ്ങള്‍ പോലും പ്രതിപക്ഷം കേട്ടിരിക്കുകയും ചെയ്തു.

രാവിലെ ഒമ്പത് മണി മുതല്‍ പതിനൊന്ന് മണി വരെയുള്ള രണ്ട് മണിക്കൂര്‍ നിയമസഭയില്‍ തോമസ് ഐസകിന്റെ സമയമായിരുന്നെങ്കില്‍ നാടകീയമായാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ശാന്തമായി നടന്ന ബജറ്റ് അവതരണത്തിനിടെ പെട്ടെന്ന് ബഹളമുണ്ടായപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ പോലും അമ്പരന്നു. ബജറ്റ് പ്രഖ്യാപനത്തിന്റെ സുപ്രധാനമായ ഭാഗത്തേക്ക് കടന്നപ്പോഴായിരുന്നു ഇത്. സ്പീക്കര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സംസാരിക്കാന്‍ അനുമതി കൊടുത്തതോടെ കാര്യങ്ങള്‍ ധനമന്ത്രിയുടെ കൈവിട്ട് പോകുകയും ചെയ്തു. ഇനി ധനമന്ത്രിക്ക് പറയാനുള്ളതെല്ലാം തന്റെ കൈയിലുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ സഭയില്‍ അവതരിപ്പിക്കപ്പെടുന്ന ബജറ്റിന്റെ പൂര്‍ണ രൂപം പ്രചരിക്കുന്നുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇതിന് തെളിവായി ബജറ്റില്‍ മന്ത്രി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പല പദ്ധതികളും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുവരെയും ആത്മവിശ്വാസത്തോടെ സഭയില്‍ നിന്ന് സംസാരിച്ച മന്ത്രി തോമസ് ഐസകിന് പോലും ഇതോടെ നിശബ്ദനാകേണ്ടി വന്നു. പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസ് വളഞ്ഞതോടെ അദ്ദേഹവും വിശദീകരണം ചോദിച്ചു. ധനമന്ത്രിയുടെ പ്രഖ്യാപനം നടക്കുമ്പോള്‍ തന്നെ അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന വാര്‍ത്തകളാണ് അതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. ധനമന്ത്രിക്കാകട്ടെ രാവിലെ മുതല്‍ താനിവിടെയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാമെന്നുമുള്ള മറുപടി മാത്രമാണ് നല്‍കാനുണ്ടായത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ അത്യാവേശമാണ്. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ വിശദമായ പത്രക്കുറിപ്പ് ധനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പത്തുമണിയോടെ തന്നെ തന്റെ സുഹൃത്തുക്കള്‍ക്ക് ഇമെയില്‍ ചെയ്തതാണ് അബദ്ധമായത്. ഇതില്‍ ധനകമ്മിയും റവന്യൂ കമ്മിയും ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ എത്തിയത്. ഇത്തരം ധനസൂചകങ്ങളും ശ്രദ്ധയില്‍പ്പെട്ടതോടെ ബജറ്റ് ചോര്‍ന്നെന്ന വാദം ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചു.

ഏതായാലും ബജറ്റ് അവതരണം അലങ്കോലമായതിന്റെ നീരസം മുഖ്യമന്ത്രി സഭയ്ക്കുള്ളില്‍ വച്ച് തന്നെ തോമസ് ഐസകിനോട് പ്രകടിപ്പിച്ചു. വീഴ്ച വരുത്തിയ സ്റ്റാഫിനെതിരെ കടുത്ത നടപടിയെടുക്കാന്‍ അദ്ദേഹം മന്ത്രിയോട് നിര്‍ദ്ദേശിക്കുമെന്നാണ് അറിയുന്നത്.

തങ്ങള്‍ക്ക് വീണുകിട്ടിയ വടിയുമായി ഭരണപക്ഷത്തെ അടിക്കാന്‍ പ്രതിപക്ഷം തയ്യാറായി കഴിഞ്ഞു. ബജറ്റ് ചോര്‍ച്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ധനമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഏതായാലും കയ്യടി പ്രതീക്ഷിച്ച് ബജറ്റ് അവതരിപ്പിക്കാനെത്തിയ തോമസ് ഐസക്കും ഭരണപക്ഷവും പണ്ട് കൊടുത്തതിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി കിട്ടിയതിന്റെ ഷോക്കിലാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍