UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ ബഡ്ജറ്റ് എത്രത്തോളം യാഥാര്‍ഥ്യബോധമുള്ളതാണ്?

Avatar

ടീം അഴിമുഖം

വികസനം പുനരുജ്ജീവിപ്പിക്കാനും കടം വാങ്ങല്‍ വെട്ടിക്കുറയ്ക്കാനും ഉദ്ദേശിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് വ്യാഴാഴ്ച പുറത്ത് വന്നു. എന്നാല്‍ പുതിയ ബഡ്ജറ്റ് എങ്ങനെയാണ് ധനകമ്മി കുറയ്ക്കുകയും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യുക തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ അലയടിക്കുകയാണ്. മൊത്തം സബ്‌സിഡി സംവിധാനം പുനപരിശോധിക്കുമെന്നും ബാങ്കുകളുടെ പൊതുമേഖല ഓഹരികള്‍ വിറ്റഴിക്കും എന്നുമുള്ള സൂചനകളും അത് നല്‍കുന്നുണ്ട്.

രാജ്യത്ത് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ ഒരു കാലഘട്ടം സമ്മാനിച്ച 1991ലെ കമ്പോള പരിഷ്‌കാരങ്ങളുമായി താരതമ്യം ചെയ്യാവുന്ന തരത്തിലുള്ള അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയത്തെ മോദി സര്‍ക്കാര്‍ ഉപയോഗിക്കും എന്ന പ്രതീക്ഷ വ്യാപകമായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ വളര്‍ച്ചാ മുരടിപ്പിന്റെ പശ്ചാത്തലത്തില്‍, ഏഷ്യയിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയില്‍ മൂലധന നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വിദേശ നിക്ഷേപകര്‍ക്ക് മാന്യമായ പരിഗണന ലഭ്യമാക്കും എന്ന് ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.

എന്നാല്‍ വിദേശ നിക്ഷേപര്‍ക്ക് പ്രതികൂലമായ നികുതി നിര്‍ദ്ദേശങ്ങള്‍ തടയുന്ന നടപടികളില്‍ നിന്നും ധനമന്ത്രി പിന്നോക്കം പോയിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് ചുമത്തിയ 2.2 മില്യണ്‍ ഡോളര്‍ മുന്‍കാലപ്രാബല്യ നികുതിക്കെതിരായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള വോഡാഫോണ്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘2012 ലെ മുന്‍കാലപ്രബല്യ നികുതി നിയമ (restrospective tax law) പ്രകാരം ചുമത്തപ്പെട്ടിട്ടുള്ളതും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളതുമായ കേസ്, നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന ഞങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നു,’ എന്നാണ് വോഡാഫോണ്‍ ഒരു പ്രസ്താവനയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ-നെതര്‍ലണ്ട്‌സ് ഉഭകക്ഷി നിക്ഷേപ കരാറിന്റെ പരിധിയില്‍ വരുന്ന അന്താരാഷ്ട്ര പരാതി പരിഹാര പ്രക്രിയയുമായി വോഡാഫോണ്‍ മുന്നോട്ട് പോകുമെന്ന് പ്രസ്താവന കൂട്ടിച്ചേര്‍ക്കുന്നു.

2012-ലെ സാമ്പത്തിക ചട്ടത്തിലൂടെ 1961-ലെ വരുമാന നികുതി ചട്ടത്തില്‍ വരുത്തിയിട്ടുള്ള ഭേദഗതികള്‍ ചില കോടതികളുടേയും മറ്റ് ചില നീതി നിര്‍വഹണ സമിതികളുടേയും പരിഗണനിയിലാണെന്ന് തന്റെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. ‘ഇത്തരം കേസുകള്‍ നീതിപീഢങ്ങളുടെ പരിഗണനയിലാണ്. അവയ്ക്ക് സ്വഭാവികമായ അന്ത്യമുണ്ടാകും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഊര്‍ജ്ജസ്വലവും ശക്തവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന് തടസം നില്‍ക്കുന്ന എല്ലാം നമ്മള്‍ മാറ്റി മറിക്കും.’ ഇപ്പോഴത്തെ അഞ്ച് ശതമാനത്തില്‍ കുറവുള്ള സാമ്പത്തിക വളര്‍ച്ച വരുന്ന മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ 7-8 ശതമാനമായി ഉയര്‍ത്തും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജയ്റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരില്‍ നിന്നും പിന്തുടര്‍ന്ന് കിട്ടിയ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 4.1 ശതമാനം ധനകമ്മി ഈ വര്‍ഷവും ഉണ്ടാവും എന്ന് 61-കാരനായ ജയ്റ്റ്‌ലി പറയുന്നു. എന്നാല്‍ ഇത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസാധ്യമായ തരത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയെ പെരുപ്പിച്ച് കാട്ടി ഈ ശതമാനക്കണക്കുകളില്‍ കുറവ് കാണിക്കുകയാണ് ധനമന്ത്രി ചെയ്യുന്നതെന്ന് സിപിഎമ്മിലെ സീതാറാം യെച്ചൂരിയെ പോലെയുള്ള വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

പണപ്പെരുപ്പം കണക്കിലെടുത്തുകൊണ്ട് ചിലവുകളില്‍ എട്ട് ശതമാനം വര്‍ദ്ധനയുണ്ടാകുമെന്ന് ധനമന്ത്രി കണക്ക് കൂട്ടുന്നു. ഇത് കഴിഞ്ഞ സര്‍ക്കാരിന്റെ കണക്കുകളില്‍ നിന്നും വ്യത്യസ്ഥമല്ല. ആസ്തി വില്‍പനയിലൂടെ 13 ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കാം എന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണ നീക്കങ്ങളിലൂടെ പിരിച്ചെടുത്തതിന്റെ നാലിരട്ടിയോളം വരും.

തന്റെ രണ്ടര മണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടയില്‍ അദ്ദേഹം വരുമാന നികുതിയുടെ പരിധി വര്‍ദ്ധിപ്പിക്കുകയും സിഗററ്റിന്റെയും ശീതള പാനീയങ്ങളുടെയും തീരുവ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിരോധ, ഇന്‍ഷ്യുറന്‍സ് മേഖലകളിലെ വിദേശ നിക്ഷേപപരിധി വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഉപഭോക്താവിന്റെ പദ്ധതികളില്‍ ഭൂരിപക്ഷം ഓഹരികള്‍ കൈയാളുന്നതില്‍ നിന്നും വിദേശകളെ അദ്ദേഹം ഇപ്പോഴും തടഞ്ഞിരിക്കുകയാണ്.

ഇരു മേഖലയിലേയും വിദേശ നിക്ഷേപ പരിധി അദ്ദേഹം 26 ശതമാനത്തില്‍ നിന്നും 49 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വേളയില്‍ നടത്തുന്ന സാങ്കേതിക കൈമാറ്റത്തിന് വിദേശ കരാറുകാര്‍ ആവശ്യപ്പെട്ടിരുന്ന അളവിലും കുറവാണിത്. 

സംസ്ഥാനങ്ങള്‍ക്കിടയിലുള്ള വില്‍പന നികുതി അന്തരം എടുത്ത് കളയുന്നതിനുള്ള നിയമനിര്‍മ്മാണം ഈ വര്‍ഷം നടപ്പാക്കും എന്ന വാഗ്ദാനമാണ് എടുത്ത് പറയേണ്ട മറ്റൊന്ന്. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വാണിജ്യരംഗത്തെ നൂലാമാലകള്‍ കുറയ്ക്കുന്നതിനും ഈ തീരുമാനം സഹായിക്കും.

സഖ്യകക്ഷികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം അദ്ദേഹത്തിന്റെ മുന്‍ഗാമിയായ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന് എടുക്കേണ്ടി വന്ന ചില നടപടികള്‍ പല പരിഷ്‌കാരങ്ങളെയും പിന്നോക്കം വലിയ്ക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ മോദി സര്‍ക്കാര്‍ ഈ തടസങ്ങള്‍ നീക്കും എന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ വന്‍ നിക്ഷേപം നടത്തിവരികയായിരുന്നു.

എന്നാല്‍ ജയ്റ്റ്‌ലിയുടെ പ്രത്യക്ഷ നടപടികള്‍ ദീര്‍ഘകാല നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്കൊത്ത് വളര്‍ന്നില്ല. അതുകൊണ്ട് തന്നെ ബഡ്ജറ്റ് കണക്കുകളില്‍ ഉണ്ടായ സംശയങ്ങള്‍ നിമിത്തം ഇന്ത്യന്‍ ഓഹരികളുടേയും ബോണ്ടുകളുടേയും വിലയില്‍ ഇടിവുണ്ടായി. രൂപയുടെ മുല്യവും താഴേക്ക് പോകുന്ന കാഴ്ചയാണ് ബഡ്ജറ്റ് ദിനത്തിന്റെ അന്ത്യത്തില്‍ കണ്ടത്.

ഇന്ത്യന്‍ തൊഴില്‍ കമ്പോളത്തില്‍ ഓരോ മാസവും പ്രവേശിക്കുന്ന ഒരു മില്യണ്‍ ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന വാഗ്ദാനത്തോടെയാണ് 63-കാരനായ മോദി മെയിലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചത്. എന്നാല്‍ അധികാരം ഏറ്റെടുത്തത് മുതല്‍ ‘കടുത്ത നടപടികള്‍’ പ്രതീക്ഷിക്കണമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വരികയായിരുന്നു.

ഈ വാക്കുമാറ്റം നടപ്പില്‍ വരുത്തിക്കൊണ്ട്, കഴിഞ്ഞ സര്‍ക്കാര്‍ പിന്തുടര്‍ന്ന ബഡ്ജറ്റ് കമ്മിയായ 4.1 ശതമാനം തുടരാന്‍ തന്നെയാണ് ജയ്റ്റ്‌ലിയുടെ നീക്കം. അടുത്ത രണ്ട്  വര്‍ഷത്തില്‍ ഇത് മൊത്തം പ്രതിവര്‍ഷം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.6 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കുന്നു.

ഇന്ത്യയുടെ ഭക്ഷ്യ വിതരണ സമ്പ്രദായത്തിന്റെ നിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍ അദ്ദേഹം ബഡ്ജറ്റില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. രാസവളങ്ങളുടെ സബ്‌സിഡി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പ്രതീക്ഷയ്ക്ക് വിരുദ്ധമായി ഇന്ധന സബ്‌സിഡിയും വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്. ഈ വര്‍ഷത്തെ മോശം മണ്‍സൂണ്‍ മൂലം കഷ്ടപ്പെടുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഈ സഹായങ്ങള്‍ നിര്‍ണായകമാകും എന്ന കാര്യത്തില്‍ സംശയം ഇല്ല. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍