UPDATES

ബജറ്റ് മാറ്റി വയ്ക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍; രേഖകള്‍ പാര്‍ലമെന്റില്‍

ബജറ്റ് രേഖകള്‍ പാര്‍ലമെന്റില്‍ എത്തിച്ചു. ബജറ്റ് അവതരണം സംബന്ധിച്ച് അന്തിമ തീരുമാനം ലോക്സഭ സ്പീക്കര്‍ എടുക്കും.

യൂണിയന്‍ ബജറ്റ് മാറ്റി വയ്ക്കേണ്ടതില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഇ അഹമ്മദ് എംപി അന്തരിച്ച സാഹചര്യത്തില്‍ ബജറ്റ് മാറ്റി വയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണുന്നുണ്ട്. ബജറ്റ് രേഖകള്‍ പാര്‍ലമെന്റില്‍ എത്തിച്ചു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ലോക്സഭ സ്പീക്കര്‍ എടുക്കും.

ഒരു അംഗം മരിച്ച സ്ഥിതിക്ക് ബജറ്റ് അവതരണം മാറ്റി വയ്ക്കണമെന്നും ഇല്ലെങ്കില്‍ സഭ ബഹിഷ്കരിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ബജറ്റുമായി സഹകരിക്കില്ലെന്നും ബജറ്റ് മാറ്റി വയ്ക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം ബജറ്റ് മാറ്റി വയ്ക്കേണ്ട കാര്യമില്ലെന്നും മാറ്റി വച്ചാല്‍ ബജറ്റ് രേഖകള്‍ ചോരാന്‍ സാധ്യതയുണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ മുസ്ലീം ലീഗ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്‍റെ മരണം പുറത്ത് വിടുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തടഞ്ഞുവയ്ക്കുകയായിരുന്നു എന്ന ആരോപണമാണ് ഉയരുന്നത്. മക്കളടക്കമുള്ള ബന്ധുക്കളെ അഹമ്മദിനെ കാണാന്‍ അനുവദിക്കാതെ തടഞ്ഞു വച്ചത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാത്രി രണ്ട് മണിയോടെ ബന്ധുക്കളെ കടത്തി വിടുകയും അല്‍പ്പ സമയത്തിനകം മരണം സ്ഥിരീകരിക്കുകയും ആയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍