UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിപക്ഷം രാജിവയ്ക്കണം; കൊള്ളക്കാര്‍ ഭരണം തുടരട്ടെ

കേരളത്തിലെ പ്രതിപക്ഷം ശക്തമാണ്. അംഗസംഖ്യയില്‍. ഭരണപക്ഷത്തിന് നേര്‍ത്ത ഭൂരിപക്ഷമേ ഉള്ളു. പക്ഷെ, ഇങ്ങനെയുള്ള ഒരു പ്രതിപക്ഷം ഉള്ളപ്പോള്‍ ഭൂരിപക്ഷം തന്നെ വേണമെന്നില്ല, ഭരിയ്ക്കാന്‍. ഭരണം എന്നാല്‍ സംസ്ഥാനത്തെയും നാട്ടുകാരേയും കൊള്ളയടിക്കുകയാണെന്നര്‍ത്ഥം എന്നിരിയ്‌ക്കെ, എട്ടോ പത്തോ മന്ത്രിമാര്‍ തന്നെ അധികം. കേരളം ഒരു കൊച്ചു സംസ്ഥാനമാണല്ലോ. അപ്പോള്‍ 21 പേരും കൊള്ളനടത്തിയാല്‍ എന്താകും ഫലം? ഒരു കൊള്ളക്കാരന്‍ മറ്റൊരു കൊള്ളക്കാരന്‍ കൊള്ളയടിച്ചതോ കൊള്ളയടിക്കാന്‍ നോക്കി വച്ചതോ ആയ മുതല്‍ കൊള്ളയടിക്കും. അത് കൊള്ളക്കാരുടെ ഇടയില്‍ തന്നെ വിള്ളല്‍ വീഴ്ത്തും. കൊള്ളക്കാര്‍ തമ്മിലുള്ള പടലപിണക്കം കണ്ട് അവരെ കീഴടക്കി വേഗം അടുത്ത കൊള്ള തുടങ്ങാം എന്ന് പ്രതിപക്ഷത്തെ കൊള്ളക്കാര്‍ ആഗ്രഹിക്കുകയും അവര്‍ ഭരണപക്ഷത്തെ കൊള്ളസംഘത്തെ  ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും ചെയ്യുമ്പോള്‍ ഭരണപക്ഷം ഒന്നാകും. അവര്‍ ആക്രമിയ്ക്കപ്പെടാന്‍  സാധ്യതയുള്ള കൊള്ളക്കാരനു ചുറ്റുമതില്‍ തീര്‍ക്കും. അതില്‍ തലതല്ലി പ്രതിപക്ഷം ആര്‍ത്തലയ്ക്കും. ആര്‍ത്തലയ്ക്കുന്നത് കൊള്ളനിര്‍ത്താന്‍ വേണ്ടിയല്ല. തങ്ങള്‍ക്ക് കൊള്ള ചെയ്യാന്‍ ഇനി ഒന്നും വയ്ക്കാത്ത വിധത്തിലുള്ള പാലായിലേയും പുതുപ്പള്ളിയിലേയും കൊള്ളമുഖ്യരുടെ കടുംവെട്ടു കണ്ട് അന്ധാളിച്ചിട്ടാണ്. 

സത്യസന്ധമായി പറഞ്ഞാല്‍ ഇത്രയൊക്കെയേ ബജറ്റ് അവതരണസമയത്ത് നിയമസഭയില്‍ നടന്നുള്ളു. അതിനെ നിയമത്തിന്റെയും സാങ്കേതികതയുടെയും ധാര്‍മ്മികതയുടേയും ജനാധിപത്യമര്യാദയുടെയും ഒക്കെ മാനദണ്ഡങ്ങള്‍ വച്ച് വിശകലനം ചെയ്താല്‍ ഒത്തിരി കാര്യങ്ങള്‍ കണ്ടെത്താം. അത്തരം വിശകലനങ്ങളില്‍ ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ താല്‍പ്പര്യമില്ല. താല്‍പ്പര്യമില്ലായ്മ അജ്ഞത കൊണ്ടോ അഹങ്കാരം കൊണ്ടോ ആകാം. പക്ഷേ, അത്തരം വിശകലനങ്ങളിലാണ് മാധ്യമങ്ങള്‍ക്കും ചാനല്‍ ചര്‍ച്ച തൊഴിലാളി സംഘടനകള്‍ക്കും താല്‍പ്പര്യം. സാധാരണജനത്തിന് ഇതൊന്നും വലിയ കാര്യമല്ല. കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി എന്തെല്ലാം കാണുന്നു. കേള്‍ക്കുന്നു. അവരെ ബാധിക്കുന്നത് ബജറ്റിലെ ഉള്ളടക്കമാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ  വില കൂടുന്ന ബജറ്റ്.

ഇത് മാണിയുടെ മാണിസം. ബാര്‍ കോഴക്കേസ് കൊണ്ടുവന്ന് തന്നെ നാണംകെടുത്തി, ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നിയമസഭാംഗം എന്ന നിലയിലുള്ള 50-ാം വര്‍ഷത്തില്‍ മുഖ്യമന്ത്രിയാകാനുള്ള തന്റെ മോഹത്തെ തല്ലിത്തകര്‍ത്ത്, വെടക്കാക്കി തനിക്കാക്കിയ ഉമ്മന്‍ചാണ്ടിയോടുള്ള പ്രതികാരം. വാസ്തവത്തില്‍, സഭയില്‍ നടത്തിയ കോലാഹലത്തിന് പകരം ബജറ്റ് കമ്പോട്കമ്പ് ചര്‍ച്ച ചെയ്ത് ജനസമൂഹത്തില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ പാലായിലേക്കും പുതുപ്പള്ളിയിലേക്കും  കൊള്ളത്തലവന്‍മാരെ ജനം ഓടിച്ചിട്ട് തല്ലുമായിരുന്നു. ബജറ്റിന്റെ ഉള്ളടക്കം ജനത്തിന്റെ ഉറക്കം  കെടുത്തുമെന്ന് മാണിയ്ക്ക് നല്ലവണ്ണമറിയാം. ഒരേ ബജറ്റ് കമ്മിയെന്നും മിച്ചമെന്നും കാണിച്ചുതന്ന മഹാമാന്ത്രികനാണദ്ദേഹം. ഇത്തവണത്തെ മാജിക്കിനൊടുവില്‍ ഇനിയൊരു കോണ്‍ഗ്രസുകാരനും സമീപഭാവിയിലെങ്കിലും, മുഖ്യമന്ത്രിയാകാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കിക്കൊണ്ട്, പഴുതടച്ചുള്ള, ഒരു ബജറ്റാണ് മാണി അവതരിപ്പിച്ചത്.

ബജറ്റ് അവതരിപ്പിച്ചുവെന്നും അവതരിപ്പിച്ചില്ല എന്നും പറയുന്നു. വാസ്തവം ആര്‍ക്കറിയാം?  നിയമസഭാ രേഖകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. സി.സി.ടി.വി. ദൃശ്യങ്ങള്‍ മാഞ്ഞുപോയ നാടാണ്. പാറ്റൂരിലെ വിവാദഭൂമി സര്‍ക്കാരിന്റേതാണെന്ന് തെളിയിക്കാനുള്ള സര്‍ക്കാര്‍ രേഖകള്‍   സര്‍ക്കാരിന്റെ കൈയില്‍ നിന്ന് തന്നെ നഷ്ടമായ നാടാണ്. ഒരു പ്രതി മജിസ്‌ട്രേറ്റിന് മുന്നില്‍ കൊടുത്ത 164 സ്റ്റേറ്റ്‌മെന്റ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്താത്ത നാടാണ്. കള്ളക്കടത്തുകാരന്‍ സെക്യൂരിറ്റിക്കാരനെ ഇടിച്ചു കൊന്ന കേസില്‍ മരണമൊഴി എടുക്കാത്ത പൊലീസിന്റെ നാടാണ്. കള്ളക്കടത്തുകാരനെ രക്ഷിക്കാന്‍ ഡി.ജി.പി. നേരിട്ടിറങ്ങിയ നാടാണ്. അതുകൊണ്ടുതന്നെ, നിയമസഭാ രേഖകള്‍ കാണാതായേക്കാം. പുതിയവ സൃഷ്ടിക്കപ്പെട്ടേക്കാം. അതിലൊന്നും അത്ഭുതത്തിനു വകയില്ല. നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ആണ് എന്നൊക്കെ ഇനിയും ആരെങ്കിലും കരുതുന്നുണ്ടോ എന്ന് സംശയമാണ്. ഉണ്ടെങ്കില്‍, ആ ശുദ്ധാത്മാക്കള്‍ക്ക് നമോവാകം.

ലഭ്യമായ രേഖകള്‍ വച്ച് വെള്ളിയാഴ്ച (മാര്‍ച്ച് 13 ന്) നിയമസഭ കൂടിയിട്ടില്ല. ബജറ്റ് അവതരിപ്പിച്ചിട്ടും ഇല്ല, കാരണങ്ങള്‍ ഇവയാണ്. ഭരണഘടനയുടെ 202-ാം അനുച്ഛേദമനുസരിച്ച് ബജറ്റ് അവതരിപ്പിക്കേണ്ടത് ഗവര്‍ണര്‍ ആണ്. കാരണം, ഗവര്‍ണറാണ് സംസ്ഥാനത്തിന്റെ ഭരണത്തലവന്‍. ആ അധികാരം ഗവര്‍ണര്‍ മന്ത്രിസഭയ്ക്ക് കൊടുക്കുന്നു. സാധാരണഗതിയില്‍ ബജറ്റ് ധനമന്ത്രി അവതരിപ്പിക്കുന്നു. ഈ അവതരണത്തിന് ചില വ്യക്തമായ ചട്ടങ്ങള്‍ ഉണ്ട്. റൂള്‍സ് ഓഫ് ബിസിനസ്. അതനുസരിച്ച് ഏതു ദിവസവും സഭ തുടങ്ങുന്നതിന് മുമ്പ് സ്പീക്കര്‍ സഭയില്‍ വരണം. സ്പീക്കര്‍ വരുന്നുണ്ട് എന്ന വിവരം അംഗങ്ങളെ വാക്കാല്‍ തന്നെ അറിയിക്കണം. സ്പീക്കര്‍ സഭയിലെത്തി സ്വന്തം സീറ്റിലിരിക്കണം. ‘ഓര്‍ഡര്‍ ഓര്‍ഡര്‍’ എന്ന് പറയുന്നതോടെ അന്നത്തെ സഭ തുടങ്ങുന്നു. സഭ അവസാനിയ്ക്കുമ്പോഴാ, ഇടയ്ക്കുവച്ചു നിര്‍ത്തുമ്പോഴോ സ്പീക്കര്‍ ആ വിവരം സഭയെ അറിയിക്കണം. അപ്പോഴാണ് സഭ ആ ദിവസത്തേയ്‌ക്കോ കുറച്ചു നേരത്തേയ്‌ക്കോ പിരിയുന്നത്. മാര്‍ച്ച് 13ന് അജണ്ടയില്‍ ഒറ്റ ഇനമേ ഉണ്ടായിരുന്നുള്ളു. ബജറ്റ് അവതരണം. സഭയില്‍ ഇരുന്ന്, സഭാനടപടികള്‍ തുടങ്ങിയശേഷം സ്പീക്കര്‍ ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രിയെ ക്ഷണിക്കണം. അത് വാക്കാല്‍ തന്നെ വേണം. ആംഗ്യത്തില്‍ പോര. ഇങ്ങനെയൊന്നും സഭയില്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തം. സ്പീക്കറും കസേര പോലും തല്ലിത്തകര്‍ത്ത പ്രതിപക്ഷം സ്പീക്കറെ വരാന്‍ അനുവദിച്ചില്ല എന്ന വാദത്തിന് പ്രസക്തിയില്ല. സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. പ്രശ്‌നക്കാരായ സഭാംഗങ്ങളെ താക്കീതു ചെയ്യാനോ സസ്‌പെന്‍ഡ് ചെയ്യാനോ അധികാരമുണ്ട്.

ഇനി, സഭാചട്ടങ്ങളില്‍ ഏതെങ്കിലും സസ്‌പെന്‍ഡ് ചെയ്യാനും സ്പീക്കര്‍ക്ക് അധികാരമുണ്ട്.  പക്ഷെ, അതും സ്പീക്കര്‍ അംഗങ്ങളെ അറിയിച്ചിരിക്കണം. ബജറ്റ് സഭയുടെ മേശപ്പുറത്തുവച്ച് മാര്‍ച്ച് 31നകം വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കണമെന്നേ നിയമമുള്ളു. 13 ന് തന്നെ ബജറ്റ് അവതരിപ്പിക്കണമെന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, കേവലം ഒരു ദിവസം പ്രായമുള്ള സ്പീക്കര്‍ എന്തിനുവേണ്ടിയാണ് സഭാചട്ടങ്ങള്‍ ലംഘിച്ചത്? മാര്‍ച്ച് 13 ന് തന്നെ ബജറ്റ് അവതരിപ്പിക്കണമെന്നുള്ള നിര്‍ബന്ധം ഭരണപക്ഷത്തിനു മാത്രമല്ലേ ഉണ്ടായിരുന്നുള്ളു? സ്പീക്കര്‍ ഭരണപക്ഷത്തിനു വേണ്ടിയാണോ ചട്ടങ്ങള്‍ പോലും മറികടക്കുന്നത്?

ആണെന്നു വേണം കരുതാന്‍. കാരണം സഭയ്ക്കുള്ളില്‍ നിന്ന് വാച്ച് ആന്റ് വാര്‍ഡിനെ പിന്‍വലിക്കാനുള്ള റൂളിംഗ് നടത്തിയത് മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയനായിരുന്നു. ആ റൂളിംഗ് നിലനില്‍ക്കേ, അതു തിരുത്തിക്കൊണ്ട് മറ്റൊരു റൂളിംഗ് നടത്താതെ, എങ്ങനെയാണ് പുതിയ സ്പീക്കറായ ശക്തന്‍ നാടാര്‍ക്ക് വാച്ച് ആന്റ് വാര്‍ഡിനെ സഭയ്ക്കുള്ളിലെത്തിക്കാന്‍ കഴിയുന്നത്? അതും അംഗങ്ങളെക്കാള്‍ കൂടുതല്‍ വാച്ച് ആന്റ് വാര്‍ഡുകാരെ? ആഭ്യന്തര മന്ത്രിയുടെ പോലീസ് ഭരണം സഭയ്ക്കു പുറത്തുപോരേ?

സ്പീക്കര്‍ ആംഗ്യം കാണിച്ചും മാണി മാത്രം അതു കണ്ടും ഒക്കെ ബജറ്റ് അവതരിപ്പിയ്ക്കാമെങ്കില്‍ മാണിക്ക് സ്പീക്കര്‍ എസ്.എം.എസില്‍ കൂടി അനുവാദം നല്‍കിയാലും മതിയല്ലോ. അങ്ങനെയാണെങ്കില്‍ മാണി ബജറ്റ് സഭയുടെ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്താലും പോരേ?  അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും തത്സമയം ഡൗണ്‍ലോഡും ചെയ്യാം. ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ക്ക് എസ്.എം.എസ്. ചെയ്യാം. അതോടെ ജനകീയ പങ്കാളിത്തത്തോടെ ബജറ്റ് പാസ്സാക്കാം. യഥാര്‍ത്ഥ ജനാധിപത്യം. Deepening democracy, grass-root democracy, people’s participation എന്നൊക്കെ പറഞ്ഞ്  ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട ജനകീയാസൂത്രണത്തില്‍ പോലും പ്ലാനിംഗിന്റെ ആദ്യഘട്ടങ്ങളിലെ ജനപങ്കാളിത്തത്തെക്കുറിച്ചു മാത്രമേ പറയുന്നുള്ളു. ബജറ്റിന് അംഗീകാരം കൊടുക്കാന്‍ പോലും ജനങ്ങള്‍ക്ക് അധികാരം കൊടുക്കുന്ന മഹത്തായ ജനാധിപത്യവിപ്ലവത്തെക്കുറിച്ച് ആരും ചിന്തിച്ചിട്ടുപോലുമില്ല. ആ രീതിയിലും ചിന്തിയ്ക്കാം. കേരളം എന്നും ഇന്ത്യയ്ക്കു മാതൃകയാണല്ലോ!

നടത്തിയ എല്ലാ സമരങ്ങളും നേതാക്കള്‍ ഒറ്റുകൊടുത്തതുകൊണ്ടുമാത്രം പരാജയപ്പെട്ട ഇടതുമുന്നണിയ്ക്ക് ഏറെ നിര്‍ണ്ണായകമായിരുന്നു മാണിയുടെ ബജറ്റ് അവതരണം തടയുക എന്നതീരുമാനം. പക്ഷെ, മറ്റു പലതിലുമെന്നപോലെ, ഈ സമരത്തിനെയും ആരോ തുരങ്കം വച്ചു. മാണിയെ തടയണം എന്നതായിരുന്നു തീരുമാനമെങ്കില്‍ ബജറ്റ് അവതരണത്തിന് മുന്നോടിയായി  മാണി നടത്തിയ പത്രസമ്മേളനം നടത്തിയ അന്നുതന്നെ മാണിയുടെ വീട് ഉപരോധിക്കണമായിരുന്നു. അല്ലാതെ, സഭയില്‍ തന്നെ തങ്ങാന്‍ മാണി തീരുമാനിച്ച ശേഷം മാണിയെ തടയാന്‍ സഭാ കവാടങ്ങള്‍ മുഴുവന്‍ ഉപരോധിച്ചത് ആരെ വിഡ്ഡിയാക്കാനാണ്? എന്തിനാണ് മാണിയുടെ ഇരിപ്പിടത്തിനു ചുറ്റുമായി വനിതാ എം.എല്‍.എ. മാരെ നിരത്തിയത്? വനിതകളായതുകാരണം അവരെ തൊട്ടു, പിടിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നൊക്കെ പറഞ്ഞ് പിന്നീട് ഈ അസംബന്ധ നാടകത്തിന് പുതിയ രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനോ? എന്തിനാണ് സ്ത്രീകള്‍ ഇപ്പോഴും പുരുഷന്റെ ഇത്തരം ചെയ്തികള്‍ക്ക് കൂട്ടു നില്‍ക്കുന്നത്? മാണിയുടെ കൈയ്യില്‍ നിന്ന് ബജറ്റ് പേപ്പര്‍ പിടിച്ചുവാങ്ങാനായിരുന്നെങ്കില്‍ അതിന് ഏറ്റവും നല്ല അംഗം വി.ശിവന്‍കുട്ടി തന്നെയായിരുന്നില്ലേ? ആ ജോലിയാണ് ഏല്‍പ്പിച്ചിരുന്നതെങ്കില്‍ ശിവന്‍കുട്ടി സഭാധ്യക്ഷന്റെ മേശപ്പുറത്തുകയറി സഭാദ്ധ്യക്ഷന്റെ മേശപ്പുറത്തുകയറി നിന്ന് കാബറെ കളിക്കുമായിരുന്നില്ലല്ലോ! എത്ര ആഭാസകരമായിരുന്നു കവലച്ചട്ടമ്പിയെപ്പോലെ മുണ്ടും ഉയര്‍ത്തിക്കെട്ടിക്കൊണ്ടുള്ള ആ നില്‍പ്പ്! റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസിന് തീ വയ്ക്കുകയും വഴിയാത്രക്കാരെ കല്ലെറിയുകയും ചെയ്യുന്ന ഒരു ശരാശരി എസ്.എഫ്.ഐ. നേതാവിന്റെ മനോനിലയില്‍ നിന്ന് ഒരിഞ്ചുപോലും വളരാത്ത ഇത്തരം മന്ദബുദ്ധികള്‍ എങ്ങനെയാണ്, എക്കാലവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് അണമുറിയാതെ എത്തുന്നത്?

ഏറ്റവും അപഹാസ്യമായി തോന്നിയത് യുവമോര്‍ച്ച – ബി.ജെ.പി. യുടെ സമരമാണ്. ധനമന്ത്രിയും മന്ത്രിസഭാഗംങ്ങളും സഭയില്‍തന്നെ തലേരാത്രി മുതലേ നില്‍ക്കാന്‍ തീരുമാനിച്ചുകഴിഞ്ഞശേഷവും എന്തിനാണ് ഇവര്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിനടുത്തുള്ള വഴിയില്‍ തമ്പടിച്ചത്? മാണിയെ തടയാന്‍ കഴിയില്ല. മാണി സഭയ്ക്ക് അകത്താണ്. സഭയ്ക്കകത്ത് ബി.ജെ.പി. അംഗങ്ങളൊന്നും ഇല്ല. അടുത്തകാലത്തൊന്നും ഉണ്ടാകാനും പോകുന്നില്ല. സഭയ്ക്കകത്ത് മാണിയെ തടയാനുള്ള പ്രവൃത്തികള്‍ ഇടതുപക്ഷം ചെയ്തുകൊള്ളും. അവര്‍ക്കാണ് സഭയില്‍  അംഗങ്ങളുള്ളത്. അവര്‍ക്ക് കരുത്തേകാന്‍ പുറത്ത് ഇടതുമുന്നണിക്കാര്‍ തമ്പടിക്കുന്നതിനും ഒരു ന്യായീകരണമുണ്ട്. ഏറ്റവും കുറഞ്ഞപക്ഷം തങ്ങളുടെ എം.എല്‍.എ.മാരെ ദേഹോപദ്രവമേല്‍പ്പിച്ചെന്ന് പറഞ്ഞ്, അവര്‍ക്ക് വഴിയാത്രക്കാരന്റെ നെഞ്ചത്ത് കേറാമല്ലോ. പൊതുമുതല്‍ നശിപ്പിക്കാമല്ലോ. പക്ഷെ, ഈ രംഗത്തൊക്കെ ബി.ജെ.പിക്ക് എന്ത് പങ്കാണുള്ളത്? ഒരു പങ്കുമില്ല എന്ന് അവര്‍ക്കു തന്നെ ബോധ്യമുണ്ട്. അതുകൊണ്ടാണ് സഭയ്ക്ക് പുറത്തുള്ള ഇടതുമുന്നണിയുടെ അഡ്ജസ്റ്റ്‌മെന്റ് സമരത്തിന് ബി.ജെ.പി. ഇതോടെ വിരാമമിട്ടു എന്നൊക്കെ പ്രസിഡന്‍ന്റ് മുരളീധരന്‍ പ്രസ്താവിച്ചത്. സ്വന്തം പാര്‍ട്ടിയുടെ വോട്ടുകള്‍ മറിച്ചുവിറ്റവര്‍ എത്ര പെട്ടെന്നാണ്  ജനാധിപത്യത്തിന്റെ ഉത്തരം താങ്ങിക്കളായത്!

ഇടതിന്റെ ജനാധിപത്യധ്വംസനത്തിനെതിരെ യു.ഡി.എഫ്. ഞായറാഴ്ച കരിദിനം ആചരിയ്ക്കുന്നു. കഴിഞ്ഞ നാലുവര്‍ഷമായിട്ട്, ഉമ്മന്‍ചാണ്ടിയുടെ ഭരണഭാരം അനുഭവിക്കുന്ന മലയാളികള്‍ നാലു കരിവര്‍ഷങ്ങള്‍ കഴിഞ്ഞുഎന്നും ഇനി ഒരു കരിവര്‍ഷം മാത്രമല്ലേ ഉള്ളുവെന്നും ആശ്വസിച്ചിരിക്കുമ്പോഴാണ് കരിദിനവുമായി യു.ഡി.എഫ്. വരുന്നത്.

മാണിയാണെങ്കില്‍ സഭയില്‍ നടന്നതില്‍ ഒരു ദുഃഖമില്ല എന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ദേശീയ മാധ്യമങ്ങളില്‍ പോലും കേരളം ഇത്രയും നാണംകെട്ട മറ്റൊരു ദിവസമില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പോലും അമ്പരന്നു ചോദിക്കുന്നു, കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന്. എന്നിട്ടും, മാണിയ്ക്ക് അതില്‍ തെല്ലും പശ്ചാത്താപവുമില്ല. ദുഃഖവും ഇല്ല. ബജറ്റുവിറ്റ് പണം സമ്പാദിച്ചതിലും നാട്ടിലെ സകല കച്ചവടക്കാരില്‍ നിന്നും പിരിവു നടത്തിയതിലും ബാര്‍ അടയ്ക്കാനും തുറക്കാനും കോഴ വാങ്ങിയതിലും ഒന്നും ദുഃഖം തോന്നാത്ത മാണിക്ക് ആകെയുള്ള ദുഃഖം ബജറ്റ് അവതരണത്തിന് മുമ്പ് പള്ളിയില്‍ പോയില്ല എന്നതാണ്. എന്തൊരു സത്യക്രിസ്ത്യാനി!  മാണി ഓര്‍ക്കണം, പണ്ട് മാണിയെപ്പോലെ ചിലരെയാണ് ക്രിസ്തു പള്ളിമുറ്റത്തു നിന്ന് ചാട്ടവാര്‍ കൊണ്ട് അടിച്ചോടിച്ചത്.

ഏറ്റവും അപഹാസ്യമായി തോന്നിയത് സഭയ്ക്ക് നാശനഷ്ടമുണ്ടാക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് നിയമസഭാ സെക്രട്ടേറിയറ്റ് പോലീസിന് പരാതി കൊടുത്തു എന്നതാണ്.  പൊതുമുതല്‍ നശിപ്പിക്കാന്‍ പാടില്ലാത്രെ! അതും അഞ്ചാറ് ലക്ഷം രൂപയുടെ പൊതുമുതല്‍. പക്ഷെ ഈ സമരമൊക്കെ തുടങ്ങിയത് പൊതുമുതല്‍ കൊള്ളയടിച്ചതിനെതിരെയാണ്, സാര്‍. അതും കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍. അത്തരം കൊള്ളകളെ കുറിച്ചുള്ള ചര്‍ച്ചകളാണ്, ബഹുമാനപ്പെട്ട സ്പീക്കര്‍, കഴിഞ്ഞ നാലുവര്‍ഷങ്ങളായി നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനൊടുവിലത്തെ ഒരു രംഗമാണ്, സാര്‍, സഭയ്ക്കുള്ളില്‍ അരങ്ങേറിയത്. വസൂരിവന്ന് അഴുകിപ്പൊട്ടിക്കിടക്കുന്ന ശരീരത്തിലെ മുഖക്കുരു അങ്ങ് കണ്ടെത്തിയിരിക്കുന്നു. അത്ഭുതം തന്നെ!  അതിനുള്ള മരുന്ന് അങ്ങ് നിര്‍ദ്ദേശിച്ചിരിക്കുന്നു. പോലീസ് കേസ്. കേസൊതുക്കുന്നതിന്റെ ഭാഗമായി കുറച്ച് പോലീസുകാര്‍ക്ക് കൂടി കുറച്ചു ലക്ഷം വരുമാനമുണ്ടാക്കാനുള്ള വഴി. കേസന്വേഷണത്തിനൊടുവില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കുന്നത് ഇത് എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങള്‍ക്കുമെതിരായിരിക്കും. അതാണെടാ പോലീസ്. അതാകണമെടാ പോലീസ്.

ഒരു മന്ത്രിസഭ അന്തസോടെ അവതരിപ്പിക്കേണ്ട ബജറ്റാണ് മാണി എലിയെപ്പോലെ മാളത്തിലൂടെ പൊന്തിവന്ന് വായിച്ചത്. അതിനെത്തുടര്‍ന്നാണ് യു ഡി എഫുകാര്‍ സഭയ്ക്കുള്ളില്‍ ലഡു വിതരണം നടത്തിയത്.  മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍റെ മരണത്തെ തുടര്‍ന്നുള്ള ഒരാഴ്ചത്തെ ദുഖാചരണം കഴിഞ്ഞിട്ടില്ല എന്ന കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിപോലും ഓര്‍ത്തില്ലല്ലോ എന്നു തോന്നാം. പക്ഷേ, അവരെല്ലാം അത് ഓര്‍ത്തു എന്നതാണ് സത്യം. സഭയ്ക്കുള്ളില്‍ നിന്ന് വാച്ച് ആന്ഡ് വാര്‍ഡിനെ പിന്‍വലിച്ചുകൊണ്ട് റൂളിംഗ് നടത്തിയ കാര്‍ത്തികേയന്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരം ഒരു പോലീസ് രാജ് സഭയ്ക്കുള്ളില്‍ അനുവദിക്കില്ലായിരുന്നു. കാര്‍ത്തികേയന്‍ ഇല്ലല്ലോ എന്നതാണ് ഈ ലഡു വിതരണത്തിന്റെ കാരണം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍