UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേണം നമുക്ക് ബുള്ളറ്റ് ട്രെയിന്‍; പക്ഷേ നിലവിലെ റെയില്‍ സുരക്ഷ ആര് നോക്കും?

Avatar

ടീം അഴിമുഖം

90,000 കോടി രൂപ ചെവവ് കണക്കാക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ജപ്പാനില്‍ നിന്നും ധനസഹായ വാഗ്ദാനം ലഭിച്ചിരിക്കുന്നു. ഇത്രയും തുക ഒരു ശതമാനത്തില്‍ കുറഞ്ഞ നിരക്കിലുള്ള പലിശക്കാണ് വായ്പ നല്‍കുന്നത്. വിശദമായ സാധ്യതാ പഠനങ്ങള്‍ക്ക് ശേഷം 505 കിലോമീറ്റര്‍ വരുന്ന മുംബയ്-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കൊറിഡോര്‍ നിര്‍മ്മാണം സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണെന്നാണ് ജപ്പാന്റെ വിലയിരുത്തല്‍. പദ്ധതി ആഗോള ടെന്‍ഡര്‍ അടിസ്ഥാനത്തിലാണെങ്കിലും ധനസഹായ വാഗ്ദാനത്തിലൂടെ ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ അതീവ താല്‍പര്യം പ്രകടിപ്പിക്കുന്ന ചൈനയ്ക്കു മേല്‍ ജപ്പാന് മേല്‍ക്കൈ ലഭിച്ചിരിക്കുന്നു. മുംബയ്-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പദ്ധതിയേക്കാള്‍ രണ്ടിരട്ടി ചെലവ് വരുന്ന 1200 കിലോമീറ്റര്‍ ദല്‍ഹി-മുംബയ് ഹൈസ്പീഡ് ട്രെയിന്‍ പദ്ധതിയുടെ സാധ്യതാ പഠനത്തിനുള്ള കരാര്‍ കഴിഞ്ഞ മാസം ചൈന നേടിയിരുന്നെങ്കിലും വായ്പ നകുന്ന കാര്യത്തില്‍ ചൈനയുടെ തീരുമാനം ഇതുവരെ വന്നിട്ടില്ല. ദല്‍ഹി, മുംബയ്, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പതിനായിരം കിലോമീറ്ററിലേറെ വരുന്ന ഹൈസ്പീഡ് റെയില്‍വേ പദ്ധതിയുടെ ഭാഗമാണ് ഈ രണ്ടു പദ്ധതികളും.

“ഹൈസ്പീഡ് റെയില്‍ സാങ്കേതികവിദ്യ നല്‍കാന്‍ തയാറുള്ള പലരുമുണ്ടെങ്കിലും സാങ്കേതിക വിദ്യയും ധനസഹായവും ഒന്നിച്ച് വാഗ്ദാനം ചെയ്തത് ജപ്പാന്‍ മാത്രമാണ്”. ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ കെ മിത്തല്‍ പറഞ്ഞു. മുംബയ്-അഹമ്മദാബാദ് പദ്ധതിയുടെ 80 ശതമാനം ചെലവും ജപ്പാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കോച്ചുകളും എഞ്ചിനുകളും അടക്കം 30 ശതമാനം ഉപകരണങ്ങളും ജാപ്പനീസ് കമ്പനികളില്‍ നിന്ന് വാങ്ങണം എന്ന വ്യവസ്ഥയിലാണിത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മുംബയ്-അഹമ്മദാബാദ് ട്രെയിന്‍ യാത്ര ഏഴു മണിക്കൂറില്‍ നിന്ന് രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് സാധ്യതാ പഠനം നടത്തിയ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി വ്യക്തമാക്കുന്നു. ഈ റൂട്ടില്‍ കടലിനടിയിലൂടെയുള്ള ഒരു തുരങ്കം അടക്കം 11 പുതിയ തുരങ്കങ്ങള്‍ ആവശ്യമായി വരും.

ഇന്തൊനേഷ്യയുടെ പ്രഥമ ഹൈസ്പീഡ് റെയില്‍ നിര്‍മ്മാണ കരാര്‍ നഷ്ടമായതിനു തൊട്ടുപിറകെയാണ് ജപ്പാന്‍ ഇന്ത്യയിലെ പദ്ധതിക്ക് പുതിയ വാഗ്ദാനം നല്‍കിയത്. ഇന്തൊനേഷ്യന്‍ പദ്ധതിക്ക് ഒരു ഗ്യാരണ്ടിയുടെ ഇല്ലാതെ അഞ്ചു ശതകോടി ഡോളര്‍ വായ്പ ഉറപ്പു നല്‍കിയാണ് ചൈന കരാര്‍ സ്വന്തമാക്കിയതെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജക്കാര്‍ത്തയെ വസ്ത്ര വ്യവസായത്തിന്റെ ഹബായ  ബാദുംഗുമായി ബന്ധിപ്പിക്കുന്നതാണ് ഈ ലൈന്‍. 

ആവശ്യം ബുള്ളറ്റ് ട്രെയിനോ അതൊ മെച്ചപ്പെട്ട സുരക്ഷയോ?
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയോളം വലുതും ചെലവേറിയതുമായ ഒരു പദ്ധതിയും ഇതുവരെ ഇന്ത്യന്‍ റെയില്‍വേ നടപ്പിലാക്കിയിട്ടില്ല. എന്നിരുന്നാലും ഗൗരവമേറിയ സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു റെയില്‍വേയുടെ ഈ തീരുമാനം ബുദ്ധിപൂര്‍വ്വമല്ലെന്ന് പലരും കരുതുന്നു. വളരെ വലിയ തുക കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ വ്യത്യസ്ത വകുപ്പുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഒരു ഹൈസ്പീഡ് റെയില്‍ ലൈനിനു മാത്രമായി എല്ലാ വിഭവങ്ങളും മാറ്റിവയ്‌ക്കേണ്ടതുണ്ടോ എന്ന് ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു. ദുര്‍ബലമായ റെയില്‍വേ ശൃംഖല മെച്ചപ്പെടുത്തുന്നതിനു പകരം ഉയര്‍ന്ന യാത്രാ ചെലവ് വഹിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ഉപകാരപ്പെടുന്ന ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മ്മിക്കാന്‍ ഇത്രയും വലിയ തുക ഇന്ത്യന്‍ റെയില്‍വേ മുടക്കേണ്ടതുണ്ടോ എന്നതാണ് വലിയ ചോദ്യം. സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ വളരെ പിന്നിലാണ്. ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്ന അപകടങ്ങളില്‍ നൂറ് കണക്കിനാളുകളുടെ ജീവന്‍ പൊലിയുന്നു. ആധുനികവത്കരണത്തിനായി കേഴുന്ന ഈ റെയില്‍വേ ശൃംഖലയില്‍ ദിവസേന 2.3 കോടി ആളുകളാണ് യാത്ര ചെയ്യുന്നത്.

മണിക്കൂറില്‍ 54 കിലോമീറ്റര്‍ ആണ് സാധാരണ ട്രെയിനുകളുടെ ശരാശരി വേഗത. നിലവിലുള്ള റൂട്ടുകളുടേയും ട്രെയിനുകളുടേയും സുരക്ഷയും വേഗതയും പടിപടിയായി മെച്ചപ്പെടുത്തുന്നതിനായിരിക്കണം മുന്‍ഗണനയെന്ന് റെയില്‍വേ വിദഗ്ധര്‍ പറയുന്നു. എന്നിരുന്നാലും ഹൈസ്പീഡ് റെയില്‍ കൊറിഡോറുകള്‍ക്ക് യാത്രക്കാരുടേയും ചരക്കുകളുടേയും നീക്കത്തെ കാര്യമായി മെച്ചപ്പെടുത്താന്‍ കഴിയുമെന്നത് ഒരു വസ്തുതയാണ്. ഇത് ആഗോള പ്രവണതകള്‍ക്ക് അനുസൃതമായിരിക്കുകയും വേണം.

ലോകത്തെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളിലൊന്നാണ് ഇന്ത്യയിലേത്. എങ്കിലും മണിക്കൂറില്‍ 200 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയുള്ള ഹൈസ്പീഡ് റെയില്‍ (എച്ച്എസ്ആര്‍) ഗണത്തില്‍ ഒരു ലൈന്‍ പോലും ഇന്ത്യന്‍ റെയില്‍വേക്കില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ ഡല്‍ഹിക്കും ആഗ്രയ്ക്കുമിടയില്‍ സര്‍വ്വീസ് നടത്തുന്ന ഗാട്ടിമാന്‍ എക്‌സ്പ്രസ് ആണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍. 200 കിലോമീറ്റര്‍ ദുരം സഞ്ചരിക്കാന്‍ ഈ ട്രെയിന്‍ 105 മിനുട്ടുകളാണ് എടുക്കുന്നത്.

ബുള്ളറ്റ് ട്രെയിനുകള്‍
പരമ്പരാഗത ട്രെയിനുകളില്‍ നിന്നു വ്യത്യസ്തമായി  വേഗതയേറിയ ബുള്ളറ്റ് ട്രെയിനുകള്‍ പ്രത്യേകമായി നിര്‍മ്മിച്ച ട്രാക്കുകളിലൂടെയാണ് ഓടുന്നത്. 1964-ല്‍ ജപ്പാനിലാണ് ആദ്യമായി ബുള്ളറ്റ് ട്രെയ്ന്‍ ഓടിത്തുടങ്ങിയത്. രണ്ടാം ലോക യുദ്ധത്തിന്റെ കെടുതികളില്‍ നിന്നും കരകയറാനുള്ള ജപ്പാന്റെ പുനര്‍നിര്‍മ്മാണ ശ്രമങ്ങളുടെ ഭാഗമായാണ് ബുള്ളറ്റ് ട്രെയിന്‍ ഒരു ആധുനിക യാഥാര്‍ത്ഥ്യമായത്. പരിമിതമായ വിഭവങ്ങളും വലിയ ജനസംഖ്യയും ലോക യുദ്ധ ദുരന്തത്തിന്റെ ദുരിതാനുഭവങ്ങളുമുള്ള ജപ്പാന്‍ തങ്ങളുടെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇറക്കുമതി ചെയ്ത പെട്രോളിയത്തെ ആശ്രയിച്ചാല്‍ മാത്രം മതിയാവില്ലെന്ന് തിരിച്ചറിയുകയായിരുന്നു.

ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ടോക്യോ-ഒസാക ഇടനാഴിയില്‍ റോഡും റെയിലും തിരക്കേറിയതായിരുന്നു. ഷിന്‍കാന്‍സെന്‍ എന്നു പേരിട്ട പുതിയ സര്‍വീസിനായി ഈ നഗരങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക ട്രാക്കുകള്‍ നിര്‍മ്മിക്കുകയും മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാവുന്ന പുതിയ എഞ്ചിന്‍ ഉപയോഗിച്ച് സര്‍വീസ് ആരംഭിക്കുകയുമായിരുന്നു. 1963-ല്‍ ഈ ട്രാക്കില്‍ നടത്തിയ പരീക്ഷണ ഓട്ടത്തില്‍ കൈവരിച്ച പരമാവധി വേഗത മണിക്കൂറില്‍ 256 കിലോമീറ്റര്‍ ആയിരുന്നു. നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം 1964 ഒക്ടോബറില്‍ ടോക്യോ ഒളിംപ്കിസിനോടനുബന്ധിച്ച് ആദ്യത്തെ ആധുനിക ഹൈസ്പീഡ് റെയില്‍ ആയ ടൊകായിഡോ ഷിന്‍കാന്‍സെന്‍ പ്രവര്‍ത്തനമാരംഭിച്ചു. മണിക്കൂറില്‍ പരമാവധി 210 കിലോമീറ്ററും ശരാശരി 162.8 കിലോമീറ്ററും വേഗത്തില്‍ ചീറിപ്പാഞ്ഞ ഈ ബുള്ളറ്റ് ട്രെയിനുകള്‍ ഇരു നഗരങ്ങള്‍ക്കുമിടയിലെ 515 കിലോമീറ്റര്‍ ദൂരം മൂന്ന് മണിക്കൂറും പത്തു മിനിറ്റുമായി കുറച്ചു. നഗോയ, ക്യോട്ടോ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നത്.

ജപ്പാനില്‍ ഈ അത്ഭുതം സംഭവിച്ചതിനു ശേഷം നിരവധി രാജ്യങ്ങള്‍ വലിയ നഗരങ്ങളെ ബന്ധിപ്പിച്ച് ഹൈസ്പീഡ് റെയില്‍ വികസിപ്പിക്കാന്‍ തുടങ്ങി. ഓസ്ട്രിയ, ബെല്‍ജിയം, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോളണ്ട്, പോര്‍ച്ചുഗല്‍, റഷ്യ, യുഎസ്, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, തായ്വാന്‍, തുര്‍ക്കി, യുകെ, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. 16000 കിലോമീറ്റര്‍ ആണ് ചൈനയിലെ ഹൈസ്പീഡ് റെയില്‍വേയുടെ മൊത്തം ദൈര്‍ഘ്യം. ഇത് ലോകത്തെ മൊത്തം ഹൈസ്പീഡ് റെയില്‍വേ ദൈര്‍ഘ്യത്തിന്റെ 60 ശതമാനം വരും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍