UPDATES

യാത്ര

മഴ നനഞ്ഞ് ഉന്മാദവഴികളിലൂടെ ഗോവയിലേക്ക്

Avatar

ഗോപകുമാര്‍ ജി കെ

മനസുകൊണ്ട് യാത്ര ചെയ്യാത്ത വഴികള്‍ വിരളമാണ്, അതുപോലെ രാജ്യങ്ങളും…ഓരോ സ്ഥലങ്ങളും വഴികളും നിഗൂഢമായ പലതും കാത്തുവച്ച് വിളിക്കുന്നത് പോലെയാണ് ഓരോ യാത്രകളും…

ഒരു കാടിന്റെ് ഹൃദയം തൊടുമ്പോള്‍, കാട്ടാറില്‍ കുളിക്കുമ്പോള്‍, അറിയാത്ത വഴികളില്‍ ചുറ്റി തിരിയുമ്പോള്‍, പുല്‍ നാമ്പുകളിലെ നനവറിഞ്ഞുകൊണ്ട് ആകാശം നോക്കി വെറുതെ കിടക്കുമ്പോള്‍, ഇലയനക്കങ്ങളും കാറ്റും മഴയും മഞ്ഞും കടലിരമ്പങ്ങളും അറിഞ്ഞു കൊണ്ട് പ്രകൃതിയുടെ ലഹരിയങ്ങനെ മെല്ലെയാസ്വദിച്ച് ഞരമ്പുകളിലേക്കാവാഹിച്ചു കൊണ്ട് ഒരുന്മാദത്തീയിലങ്ങനെ കത്തിയില്ലാതാവുന്നതിന്റെ സുഖം.. ഞങ്ങള്‍ക്കിതാണ് യാത്രകള്‍…

ഒരു ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഡയറിയെന്ന വലിയ സ്വപ്നത്തിന്റെ ആദ്യ പടിയായാണ് ഞങ്ങള്‍ മൂവായിരത്തി ഒരുന്നൂറു കിലോമീറ്റര്‍ പിന്നിടുന്ന ആദ്യ ബുള്ളറ്റ് യാത്രയ്ക്ക് ഗോവ തെരഞ്ഞെടുത്തത്.

സെപ്തംബര്‍ 11 വെള്ളിയാഴ്ച്ച രാവിലെ പറവൂരില്‍ നിന്നും തൃശ്ശൂര്‍ വഴി പാലക്കാടന്‍ മല നിരകള്‍ തഴുകി വരുന്ന കാറ്റേറ്റും ഉലയുന്ന പനയോലകള്‍ കണ്ടും വാളയാര്‍ പിന്നിട്ട് കോയമ്പത്തൂരിലേക്കടുക്കുമ്പോള്‍ വഴി മുഴുവന്‍ വരണ്ട പൊടിക്കാറ്റ് നിറഞ്ഞിരുന്നു. രാത്രി ബെംഗളൂരൂവില്‍ എത്തേണ്ടതിനാല്‍ കോയമ്പത്തൂരില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചാണ് അവിനാശിയിലേക്ക് തിരിച്ചത്, അവിടെ നിന്നും തിരുപ്പൂര്‍, ഈറോഡ്, സേലം, ധര്‍മ്മപുരി വഴി ഹൊസൂര്‍ എത്തുമ്പോള്‍ സമയം രാത്രിയോടടുത്തിരുന്നു. പ്രതീക്ഷിക്കാതെ വന്ന ഒരു മഴ ഞങ്ങളുടെ രണ്ടു മണിക്കൂറുകള്‍ നഷ്ടപ്പെടുത്തി. ബൈക്കില്‍ കെട്ടി വച്ച ബാഗുകളിലെ വസ്ത്രങ്ങളും മറ്റും നനയാതിരിക്കാന്‍ എവിടെയെങ്കിലും കയറി നില്‍ക്കുക എന്നതല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു.

രാത്രി ഭക്ഷണത്തിനു ശേഷം യാത്ര ഒരു മണി പിന്നിട്ടപ്പോള്‍ ഉറക്കം കണ്ണുകളെ മൂടി തുടങ്ങിയിരുന്നു. വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്ന് തോന്നിയ നിമിഷത്തില്‍ ഞങ്ങള്‍ തീര്‍ത്തും വിജനമായ വഴിയരികിലെ ഒരു ബസ് സ്‌റ്റോപ്പില്‍ അഭയം തേടി. അവിടെയുണ്ടായിരുന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ കിടന്ന് അര മണിക്കൂര്‍ ഉറക്കം.. ചില തെരുവ് നായ്ക്കള്‍ കുരച്ചു കൊണ്ടടുത്തെങ്കിലും ഏലിയാസ് എന്റെ ഉറക്കത്തിന് കാവലിരുന്നു. വീണ്ടും ആരംഭിച്ച യാത്ര മൂന്ന് മണിയോടെ ബെംഗളൂരുവില്‍ എത്തി. അന്ന് ഏലിയാസിന്റെ ഫ്‌ളാറ്റില്‍ തങ്ങി, പിറ്റേന്ന് വിശ്രമം. 

ഞങ്ങളുടെ പ്രിയ സുഹൃത്തും അനിയത്തിക്കുട്ടിയും ഏലിയാസിന്റെ നല്ലപാതിയുമായ അനുവിന്റെ പാചകം ആസ്വദിച്ച് ബെംഗളൂരുവില്‍ ചെറിയ യാത്രകള്‍ നടത്തി ശനിയാഴ്ച്ച അവസാനിപ്പിച്ചു.

പിറ്റേന്ന് രാവിലെ ഏലിയാസിനും അനുവിനും ഒപ്പം ഗോവയിലേക്ക് യാത്ര തിരിച്ചു. ആദ്യ ലക്ഷ്യം ചിക്മഗ്ലൂര്‍ ആയിരുന്നു, അതിനു ശേഷം ശിവ്‌മോഗയും മുരുദെശ്വരും കറങ്ങി കാര്വാമര്‍ വഴി പനാജിയിലേക്ക്…

ബെംഗളൂരുവില്‍ നിന്നും ചിക്മഗ്ലൂരിലേക്കുള്ള യാത്ര മനോഹരമായിരുന്നു, ആകാശം തെളിഞ്ഞു കിടന്നു, താഴ്‌ന്നോടുന്ന വെള്ള മേഘങ്ങള്‍ നിറഞ്ഞ നീലാകാശത്തിനു താഴെ ഞങ്ങള്‍ കാഴച്ചകളാസ്വദിച്ചുകൊണ്ട് പാഞ്ഞു നടന്നു. ഉച്ച ഭക്ഷണം ഹസ്സനില്‍ നിന്നായിരുന്നു. ഹസ്സനില്‍ അനു പഠിച്ച കോളെജിനു മുന്നില്‍ അല്‍പ്പ സമയം ചിലവഴിച്ചതിനു ശേഷം ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.

തുടര്‍ന്നുള്ള യാത്ര പ്രകൃതി ഒരുക്കിയ സ്വര്‍ഗത്തിലൂടെയായിരുന്നു, മൈലുകളോളം നീളുന്ന കൃഷിയിടങ്ങള്‍, നെല്‍പ്പാടങ്ങള്‍, കാപ്പി തോട്ടങ്ങള്‍, വിവിധയിനം പച്ചക്കറിപ്പാടങ്ങള്‍ അങ്ങനെ റോഡിനിരുവശത്തും മനസ്സു നിറയ്ക്കുന്ന കാഴ്ചകളായിരുന്നു. 

പിന്നെയങ്ങോട്ട് ഹള്ളികളായിരുന്നു, വിവിധ ഹള്ളികളിലൂടെ കടന്നു പോകുമ്പോള്‍ ഞങ്ങള്‍ മോഹന്‍ ലാലിനെ ഓര്‍ത്തു, പിന്നെയൊരു ശ്രീ ഹള്ളിയും, ശ്രീഹള്ളി പോള വഴിയും…

ലിംഗടഹള്ളിയും മില്ലെനഹള്ളിയും പിന്നിട്ട് ഒരുള്‍നാടന്‍ ഗ്രാമത്തിലൂടെ തരിക്കേറിലേക്ക് പോകുമ്പോള്‍ സമയം സന്ധ്യയായിരുന്നു. 

വിജനമായ റോഡില്‍ ഇടയ്ക്ക് ചില കാളവണ്ടികള്‍, ഇരുവശവും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന കരിമ്പിന്‍ തോട്ടങ്ങള്‍, രാത്രിയാത്രക്ക് ഉള്‍നാടന്‍ വഴികള്‍ അത്ര സുഖകരമല്ലാത്തതിനാല്‍ ഏറ്റവുമടുത്ത തരിക്കേറില്‍ അന്ന് രാത്രി തങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ നെല്‍പ്പാടങ്ങള്‍ക്കും കരിമ്പിന്‍ തോട്ടങ്ങള്‍ക്കും നടുവിലൂടെ ശിവമോഗയിലേക്ക് യാത്ര തുടര്‍ന്നു. ശിവമോഗയെത്തുമ്പോള്‍ നനുങ്ങനെ മഴ ചാറി തുടങ്ങിയിരുന്നു. ശിവമോഗയില്‍ നിന്നും ഹരനഹള്ളിയും ആനന്ദപുരവും സാഗറും പിന്നിട്ടാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ്ഫാള്‍സില്‍ എത്തിച്ചേരാമെന്നതിനാല്‍ യാത്ര ആ വഴിക്കായിരുന്നു. 

സാഗര്‍ പിന്നിട്ടാല്‍ ജനവാസം കുറവുള്ള പ്രദേശങ്ങളാണ്, ജോഗ് ഫാള്‍സിനു മുന്നേ തലഗുപ്പ എത്തിയപ്പോഴേക്കും മഴ കനത്തിരുന്നു. കാലാവസ്ഥ മാറിയത് പെട്ടന്നാണ്. മഴയത്ത് കയറി നില്‍ക്കാന്‍ ഇടമില്ലാത്തതിനാല്‍ നനഞ്ഞു കുളിച്ചായിരുന്നു പിന്നീടുള്ള യാത്ര…

ഉച്ചയ്ക്ക് ഞങ്ങള്‍ ജോഗ് ഫാള്‍സില്‍ എത്തുമ്പോള്‍ അവിടമാകെ മഞ്ഞു മൂടി കിടക്കുകയായിരുന്നു. ഏതാനും സമയത്തിനു ശേഷം മഞ്ഞു നീങ്ങിയപ്പോള്‍ ഞങ്ങളാ മനോഹരമായ കാഴ്ച്ച കാമറയില്‍ പകര്‍ത്തി. പ്രകൃതി സൗന്ദര്യം മതിയാവോളം ആസ്വദിച്ച് അവിടെ നിന്നും ഉച്ച ഭക്ഷണവും കഴിച്ചാണ് മുരുദെശ്വരിലേക്കുള്ള യാത്ര തുടര്‍ന്നത്.

അവിടെ നിന്നിറങ്ങുമ്പോള്‍ ഒപ്പം കൂടിയ മഴ ഹോന്നാവര്‍ റൂട്ടിലെ കാടുകള്‍ക്കുള്ളില്‍ എത്തിയപ്പോള്‍ ശക്തി കൂടിയിരുന്നു. മഴയത്ത് ആര്‍ത്തലച്ചൊഴുകുന്ന കാട്ടരുവികളുടെ ശബ്ദം കാടിന്റെ ഇരുട്ടും മഴയുടെ തണുപ്പുമായി കൂടിച്ചേര്‍ന്നു ഞങ്ങളെ പൊതിഞ്ഞു നിന്നു… മഴയൊന്നടങ്ങിയപ്പോള്‍ കാട്ടുവഴികള്‍ മഞ്ഞു മൂടിപ്പോയിരുന്നു. അപകടകരമായ വളവുകളും കുഴികളും നിറഞ്ഞ റോഡില്‍ കനത്ത മഞ്ഞിലൂടെയുള്ള യാത്ര അത്യന്തം ദുഷ്‌ക്കരം തന്നെയായിരുന്നു. ഇടയ്ക്ക് ഞങ്ങള്‍ വണ്ടി നിര്‍ത്തി മഞ്ഞു കാഴ്ച്ചകള്‍ ആസ്വദിച്ച് കാടിന്റെ് കൊല്ലുന്ന സൗന്ദര്യവും നനുത്ത മഴയും നുകര്‍ന്ന് വെറുതെ നിന്നു. മഴയടങ്ങിയപ്പോള്‍ വീണ്ടും യാത്ര തുടര്‍ന്നു. സന്ധ്യയോടെ ഹോന്നാവറിലും അവിടെ നിന്ന് മുരുദെശ്വറിലുമെത്തി.

മുരുദെശ്വറിലെ അസ്തമയ കാഴ്ച്ചകള്‍ മനോഹരമായിരുന്നു. മഴക്കാര്‍ മൂടിയ ആകാശം, ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍, ശാന്ത ഗംഭീരമായ കൂറ്റന്‍ ശിവപ്രതിഷ്ഠ. കടലോരം ഇരുട്ടില്‍ മുങ്ങിയപ്പോള്‍ ഞങ്ങള്‍ താമസസ്ഥലത്തേക്ക് തിരിച്ചു. കൊണ്ട് വന്ന ബാഗുകള്‍ എല്ലാം തന്നെ നനഞ്ഞു പോയിരുന്നു. അതെല്ലാം ഒരു വിധത്തില്‍ ഉണക്കിയെടുത്ത് പിറ്റേന്ന് രാവിലെ വീണ്ടും ക്ഷേത്രവും പരിസരവും കടല്‍ കാഴ്ച്ചകളും കണ്ടതിനു ശേഷമാണ് അവിടെ നിന്നും യാത്ര തിരിച്ചത്. അപ്പോഴേക്കും മഴ, യാത്ര തുടരാന്‍ കഴിയാത്ത വിധം ശക്തിപ്പെട്ടിരുന്നു. 

അങ്ങനെ ഞങ്ങള്‍ മഴക്കോട്ടുകള്‍ വാങ്ങി, പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് ബാഗുകള്‍ ഭദ്രമായി കെട്ടി വച്ചുകൊണ്ട് ആ തകര്‍പ്പന്‍ മഴയില്‍ യാത്ര തുടര്‍ന്നു.

ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവമായിരുന്നു ആ മഴയാത്ര.. കുത്തി നോവിക്കുന്ന മഴ നൂലുകളെ വക വയ്ക്കാതെ റോഡിലെ വെള്ളവും തണുപ്പ് കാറ്റും കാര്യമാക്കാതെ ഇരുന്നൂറ്റി അമ്പതോളം കിലോമീറ്ററുകളാണ് മഴയത്ത് ഞങ്ങളന്ന് ബൈക്കോടിച്ചത്. വീണ്ടും ഹോന്നാവറും പിന്നീട് ഗോകര്‍ണ്ണവും അങ്കോളയും കടന്നു കാര്‍വാര്‍ എത്തുമ്പോള്‍ സമയം അഞ്ചു മണി കഴിഞ്ഞിരുന്നു. 

കാര്‍വാറിലെ കടല്‍ത്തീരത്ത് കുറച്ചു സമയം ചെലവഴിച്ചതിനു ശേഷം ഞങ്ങള്‍ വീണ്ടും ഗോവയിലേക്കുള്ള യാത്ര തുടര്‍ന്നു.

കനാകൊനയില്‍ നിന്നും വാര്‍സയിലേക്കും അവിടെ നിന്ന് മര്‍ഗാനവോയിലെക്കുമുള്ള യാത്ര അതി മനോഹരമായിരുന്നു. എങ്ങും പച്ച പുതച്ചു കിടക്കുന്ന ഭൂമി, പൊന്നു വിളയുന്ന മണ്ണ്, മഴത്തണുപ്പ് പല സ്ഥലങ്ങളും കേരളത്തോട് സമാനമായിരുന്നെങ്കിലും കൃഷി ഭൂമികള്‍ കേരളത്തേക്കാള്‍ സുന്ദരമായിരുന്നു.

ഗോവന്‍ മണ്ണിലേക്ക് കടന്ന് യാത്ര ചെയ്യുമ്പോള്‍ മഴ വീണ്ടും കനത്തു. അതുപക്ഷെ ഞങ്ങളുടെ ആവേശത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.

റോഡുകള്‍ നല്ലതായിരുന്നത് കൊണ്ട് മഴയിലും വേഗത കുറയ്‌ക്കേണ്ടി വന്നില്ല, മുഖത്തും കൈകളിലും കുത്തി നോവിച്ചു കൊണ്ടിരുന്ന മഴത്തുള്ളികളെ ഞങ്ങള്‍ സ്‌നേഹിച്ചു തുടങ്ങിയിരുന്നു.

മഴ വെള്ളം കുടിച്ചും നനഞ്ഞ കാഴ്ച്ചകള്‍ ആസ്വദിച്ചു കൊണ്ടും രാത്രിയോടെ ഞങ്ങള്‍ അന്ന് താമസം ബുക്ക് ചെയ്തിരുന്ന ബാഗ ബീച്ചിനടുത്തുള്ള ‘എസ്‌ട്രെല ഡു മാര്‍’ ബീച്ച് റിസോര്‍ട്ടിലെത്തി. സീസണ്‍ അല്ലാത്തതിനാല്‍ തിരക്ക് കുറവായിരുന്നെങ്കിലും നോര്‍ത്തിന്ത്യന്‍ വിനോദ സഞ്ചാരികള്‍ കൂടുതലായുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ ഞങ്ങള്‍ ബാഗ ബീച്ച് സന്ദര്‍ശിച്ചു, നാട്ടിലെ ബീച്ചുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ എടുത്തു പറയാന്‍ മാത്രം സവിശേഷതകള്‍ ഗോവന്‍ ബീച്ചുകള്‍ക്കില്ലെങ്കിലും നനുത്ത മഴയത്തെ കടല്‍ കാഴ്ച്ചകള്‍ രസകരമായിരുന്നു.

വീണ്ടും മഴ കനത്തപ്പോള്‍ ഞങ്ങള്‍ ബീച്ചില്‍ നിന്നും തിരിച്ചു റിസോര്‍ട്ടിലെത്തി, 

എസ്‌ട്രെലയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് അവിടത്തെ കോംപ്ലിമെന്റനറി ബ്രേക്ക് ഫാസ്റ്റ് തന്നെയായിരുന്നു. ഞങ്ങള്‍ ഭക്ഷണം കഴിച്ചു ക്ഷീണിച്ചു എന്ന് പറയുന്നതാവും ശരി.

പത്തു മണിയോടെ ബാഗാ കാഴ്ച്ചകള്‍ മതിയാക്കി ഞങ്ങള്‍ അന്‍ജുന ബീച്ചിനടുത്തുള്ള മെരാഡന്‍ ലാ ഒയാസിസ് റിസോര്‍ട്ടിലേക്ക് താമസം മാറ്റുകയും അവിടെ നിന്നും ചരിത്രമുറങ്ങുന്ന ലോക പ്രശസ്ത പള്ളികള്‍ സ്ഥിതി ചെയ്യുന്ന ഓള്‍ഡ് ഗോവയിലേക്ക് തിരിച്ചു. ചെറുതായി പൊടിഞ്ഞ മഴയില്‍ നൂറ്റാണ്ടുകളുടെ കഥാഭാരവും പേറി പള്ളികള്‍ തലയുയര്‍ത്തി നിന്നിരുന്നു. ആദ്യം സന്ദര്‍ശിച്ച മ്യൂസിയം ഞങ്ങള്‍ക്ക് പഴയ പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഗോവയുടെ പ്രതാപ കാല തിരുശേഷിപ്പുകളുടെ കഥകള്‍ പറഞ്ഞു തന്നു…

മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ കുറവായിരുന്നു, അഞ്ചു മണിക്ക് ശേഷം മ്യൂസിയത്തിലേക്ക് സന്ദര്‍ശനം അനുവദിക്കില്ല.

ചരിത്ര കാഴ്ച്ചകള്‍ക്കുശേഷം ഞങ്ങള്‍ മ്യൂസിയത്തിന് എതിര്‍ വശത്ത് സ്ഥിതി ചെയ്യുന്ന 1605 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലോക പ്രശസ്ത ദേവാലയമായ ബോം ജീസസ് ബസലിക്ക സന്ദര്‍ശിച്ചു. ലോക ചരിത്രത്തില്‍ ഇടം പിടിച്ച പള്ളിയെ ചുറ്റിപ്പറ്റി നിരവധി കഥകളുണ്ട്. ആ ചുമരുകള്‍ സഞ്ചാരികളെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് കൊണ്ടു പോകുമെന്നത് തീര്‍ച്ചയാണ്. 

1552 ല്‍ മരണമടഞ്ഞ സെന്റ്. ഫ്രാന്‍സിസ് സേവ്യറിന്റെ മൃതശരീരം നൂറ്റാണ്ടുകള്‍ക്കുശേഷവും കേടാവാതെ ഈ പള്ളിക്കകത്ത് സൂക്ഷിച്ചിട്ടുള്ളത് സന്ദര്‍ശകരെ കാത്തിരിക്കുന്ന മറ്റൊരു അത്ഭുതക്കാഴ്ച്ചയാണ്.

പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍ സന്ധ്യയായിരുന്നു, രാത്രി ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ തിരിച്ച് റിസോര്‍ട്ടിലെത്തുമ്പോഴേക്കും മഴ മുറുകിയിരുന്നു. രാത്രി മഴയുടെ ഭംഗി ആവോളം ആസ്വദിച്ചുകൊണ്ട് നേരം വെളുപ്പിച്ച ഞങ്ങള്‍ രാവിലെ തന്നെ അന്‍ജുന ബീച്ചിലെത്തി. ഏതാനും വിദേശികളും നോര്‍ത്ത് ഇന്ത്യന്‍ സന്ദര്‍ശകരും അവിടെയുണ്ടായിരുന്നു. കടല്‍ കാഴ്ച്ചകളുടെ ചിത്രം പകര്‍ത്തിയും കടലിലോടിയും ഏതാനും സമയം ചിലവഴിച്ചതിനു ശേഷം ഞങ്ങള്‍ ഗോവയിലെ പ്രശസ്തമായ സിങ്ക്വെരിം ബീച്ചിനടുത്ത് നിലകൊള്ളുന്ന പുരാതന കാല നിര്‍മ്മിതികളിലൊന്നായ അഗ്വാഡ ഫോര്‍ട്ടിലെത്തി. 1613 ല്‍ പണി കഴിപ്പിക്കപ്പെട്ട ഈ കോട്ട ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ്…

ഗോവയുടെ ദേശീയപാതകളും ചെറു വഴികളും മൂന്നു ദിവസം കൊണ്ട് ഓടി തീര്‍ത്ത് ഞങ്ങള്‍ മൊല്ലം, ലോണ്ട, ദര്‍വാഡ്, ഹുബ്ലി വഴി ബെംഗളൂരുവിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. തിരികെയുള്ള യാത്രയിലും വിടാതെ ഞങ്ങളെ പിന്തുടര്‍ന്ന മഴ മൊല്ലം ഭഗവാന്‍ മഹാവീര്‍ സാഞ്ച്വറി എത്തുമ്പോഴേക്കും തകര്‍ത്തു പെയ്യാന്‍ തുടങ്ങിയിരുന്നു. കാടിന്റെറ വിജനതയില്‍ ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ മല മുകളില്‍ നിന്നും ചെറു നീര്‍ച്ചാലുകള്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നു. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലെ വലിയ കുഴികളും വളവുകളും ആ തകര്‍പ്പന്‍ മഴയില്‍ വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. സന്ധ്യയോടെ ദര്‍വാഡ് എത്തിയ ഞങ്ങള്‍ ഒമ്പത് മണിയോടെ ഹുബ്ലിയിലെ അന്ന് ബുക്ക് ചെയ്ത താമസ സ്ഥലത്തെത്തി.

പിറ്റേന്ന് വീണ്ടും സവനൂര്‍, ഹവേരി, റാണെബന്നൂര്‍, ഹരിഹര്‍, ദാവന്‍ഗര വഴി ബെംഗളൂരുവിലേക്കു യാത്ര തുടര്‍ന്നു. അതിനിടക്ക് വഴിയില്‍ യാത്രാക്ഷീണം കാരണം ഞങ്ങളൊന്ന് ഉറങ്ങിപ്പോയി. ഉറക്കം അനര്‍വചനീയമായ ആനന്ദം പ്രധാനം ചെയ്യുന്ന പ്രക്രിയയാകുന്നത് നമ്മുടെ മനസ്സും ശരീരവും അതിനുവേണ്ടി കൊതിക്കുന്ന നിമിഷങ്ങളിലൊന്നില്‍ തന്നെയാവണം.ഭൂമിയും ആകാശവും ചുറ്റുമുള്ള ലോകവും അറിയാതെ എല്ലാം മറന്നു കൊണ്ട് അതിലേക്കങ്ങനെ ഞെട്ടറ്റു വീഴുമ്പോഴാവണം. സ്ഥലം കൃത്യമായി ഓര്‍ക്കുന്നില്ല, ദേശീയ പാതയോരത്തുള്ള ഏതോ ഒരമ്പലം, ഒരാല്‍ മരത്തിന്റെ മോഹിപ്പിക്കുന്ന തണല്‍, വിശാലമായ ആല്‍ത്തറ. തണലുറക്കത്തിന് ഏറ്റവും ശ്രേഷ്ഠം ആല്‍ മരമത്രെ! 
ഇഷ്ടം പോലെ ശുദ്ധ വായു, കുളിര്‍ കാറ്റ്.. വെയിലിനെ കൊല്ലുന്ന തണല്‍.. കാറ്റിലുലയുന്ന ആലിലകളുടെ സംഗീതം.

വഴിയിലോടുന്ന വണ്ടികളുടെ ഇരമ്പലുകളറിയാതെ, നേരവും കാലവും സമയവുമറിയാതെ, വെയില്‍ മഴകളുടെ ചൂടറിയാതെ, ഇനിയുമോടി തീര്‍ക്കേണ്ട വഴികളുടെ ദൂരമറിയാതെ, ഈ ലോകത്തിലെ മറ്റൊന്നുമറിയാതെ ഏതോ ഒരുന്മാദ തലത്തിലേക്ക് ഞെട്ടറ്റു വീണുപോയ ഒരുറക്കം…

രാത്രി ഞങ്ങള്‍ ബെംഗളൂരുവില്‍ എത്തി. 

പിന്നിട്ട കാഴ്ച്ചകളുടെ മോഹിപ്പിക്കുന്ന ഓര്‍മകളും അതു പകര്‍ന്നു തന്ന ഊര്‍ജവും പിന്നീട് താണ്ടിയ ദൂരങ്ങളുടെ ക്ഷീണത്തെ ഇല്ലാതാക്കി…പിന്നീടൊരു ഒമ്പത് മണിക്കൂര്‍ യാത്ര കൊണ്ട് ബെംഗളൂരുവില്‍ നിന്നും പറവൂരിലെത്തുമ്പോള്‍ ഞങ്ങള്‍ ആവേശത്തിന്റെ കൊടുമുടിയൊരെണ്ണം കീഴടക്കിയിരിന്നു…

ഏതൊരു യാത്രയേയും സ്വപ്ന തുല്യവും അവിസ്മരണീയവുമാക്കുന്നത് അതിനു വേണ്ടിയുള്ള നിങ്ങളുടെ മനസ്സിന്റെ ദാഹവും തയ്യാറെടുപ്പുമാണ്..

പിന്നെയൊരുന്മാദം.. .

മൂവായിരത്തി ഒരുന്നൂറു കിലോമീറ്റര്‍ ദൂരം ഹൃദയം ബുള്ളറ്റിനൊപ്പമാണ് മിടിച്ചത്…

ഡുക് ഡുക് ഡുക്…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍