UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മയക്കാത്ത അനസ്തേഷ്യ മരുന്ന്; 95 ശതമാനം ഉപയോഗിച്ച് കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ വക നിരോധനം

നട്ടെല്ലില്‍ കുത്തിവയ്ക്കുന്ന ബ്യൂപി വാകെയിനാണ് നിരോധിച്ചത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ്ക്കു വിധേയരാകുന്ന രോഗികളെ മയക്കാന്‍ നട്ടെല്ലില്‍ കുത്തിവച്ചിരുന്ന മരുന്ന് ഗുണനിലവാരമില്ലാത്തതെന്നു കണ്ടെത്തി പിന്‍വലിച്ചു. രണ്ടുകൊല്ലമായി സാധാരണക്കാരായ രോഗികളില്‍ ഉപയോഗിച്ചിരുന്ന മരുന്നാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. 2015 മേയ് മുതല്‍ 2017 ഏപ്രില്‍വരെ കാലാവധിയുള്ള ബ്യൂപി വാകെയിന്‍ ഇഞ്ചക്ഷന്റെ വില്‍പ്പന ഈ മാസം ആറിനാണു നിരോധിച്ചത്. രണ്ടു കമ്പനികളുടെ മരുന്നുകളാണു നിരോധിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വാങ്ങിയ മരുന്നിന്റെ 95 ശതമാനവും ഉപയോഗിച്ചശേഷമാണ് ഈ നിരോധനം വന്നിരിക്കുന്നത്.

ഈ മരുന്നുകള്‍ ആശുപത്രികളില്‍ എത്തിയകാലം മുതല്‍ അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ പരാതി ഉയര്‍ത്തുന്നതാണ്. മരുന്നു കുത്തിവച്ചാലും രോഗികള്‍ യഥാസമയം മയങ്ങുന്നില്ല, നിശ്ചിത സമയത്തിനുള്ളില്‍ മയക്കം വിട്ടുണരുകയും കുടല്‍ ചുരുങ്ങാതിരിക്കുകയും ചെയ്യുന്നു, ശസ്ത്രക്രിയയ്ക്കിടയില്‍ വീണ്ടും മരുന്നു കുത്തിവയ്‌ക്കേണ്ടി വരുന്നു തുടങ്ങിയ പരാതികളാണു ഡോക്ടര്‍മാര്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനു മുന്നില്‍ നിരത്തിയത്. എന്നാല്‍ ഈ കാര്യങ്ങളില്‍ വേണ്ട പരിശോധന നടത്താനോ മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാനോ കെഎംഎസ്‌സിഎല്‍ തയ്യാറായില്ല. ഗുണനിലവാരമില്ലെങ്കില്‍ മരുന്നു കുത്തിവയ്ക്കുന്നത് രോഗിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പ് ഡോക്ടര്‍മാര്‍ നല്‍കിയിട്ടും കുറ്റകരമായ അനാസ്ഥയാണു കെഎംഎസ്‌സിഎല്‍ പുലര്‍ത്തിയത്.

ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തെ മരുന്നിന്റെ ഗുണനിലവാരത്തെ കുറിച്ച് അറിയിച്ചപ്പോഴും കുഴപ്പമില്ലെന്ന മറുപടിയാണ് ഡോക്ടര്‍മാര്‍ക്ക് കിട്ടിയതെന്നു കേരള ഗവണ്‍മെന്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ഇതിനു പിന്നാലെ അസോസിയേഷന്‍ വഴി രേഖാമുലം നല്‍കിയ പരാതിയുടെ പുറത്തു നടത്തിയ പരിശോധനയിലാണു മരുന്നിനു ഗുണനിലവാരം ഇല്ലെന്നു കണ്ടെത്തിയതും നിരോധിച്ചതും. അപ്പോഴേക്കും വാങ്ങിയ മരുന്നെല്ലാം രോഗികളുടെ മേല്‍ ഉപയോഗിച്ചു കഴിഞ്ഞിരുന്നൂവെന്നു മാത്രം.

പ്രമുഖ ബ്രാന്‍ഡുകള്‍ വിപണിയിലിറക്കുന്ന മരുന്നുകള്‍ ചില നിലവാരം കുറഞ്ഞ കമ്പനികളും പുറത്തിറക്കാറുണ്ട്. സ്വാധീനം ചെലുത്തി തങ്ങളുടെ മരുന്നുകള്‍ ആശുപത്രികളില്‍ എത്തിക്കാനും ഇവര്‍ക്കു കഴിയും. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയും ഇതിനു കൂട്ടുണ്ടാകും. ഇത്തരത്തില്‍ വരുന്ന പല മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപയോഗിക്കുന്നുണ്ട്. ഗുണനിലവാരം നോക്കിയാണു മരുന്നുകള്‍ വാങ്ങുന്നതെന്നു കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ പറയുന്നുണ്ടെങ്കിലും വ്യാജന്മാരും ഈ കൂട്ടത്തില്‍ ആശുപത്രികളിലേക്ക് എത്തുന്നുണ്ട്. അടിയന്തര ചികിത്സകള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വിപണയില്‍ മികവു തെളിയിച്ച അംഗീകൃത കമ്പനികളുടെതാവണം എന്നാണു വ്യവസ്ഥ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍