UPDATES

കേരളം

ഇനിയും മുടക്കരുത്; ബിനേഷ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിക്കട്ടെ

അദിവാസിക്കും ദളിതനും സ്വപ്‌നം കാണാന്‍ അവകാശമില്ല

ഞാന്‍ മാവില സമുദായത്തില്‍പ്പെട്ട ആദിവാസിയാണ്, ഒരു നിര്‍ദ്ധനന്‍. പഠിക്കണം എന്നതുമാത്രമായിരുന്നു ആകെയുണ്ടായിരുന്ന ‘അത്യാഗ്രഹം’. എന്റെ മാതാപിതാക്കള്‍ക്ക് അതിലെന്നെ എത്രമാത്രം സഹായിക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടു കൂലി വേല ചെയ്തും പഠിക്കാനാവശ്യമായ പണം സ്വയം കണ്ടെത്തുകയായിരുന്നു. വാര്‍ക്കല്‍ പണി മുതല്‍ ട്യൂഷന്‍ എടുക്കാന്‍ വരെ പോയി.

ഡെവലപ്‌മെന്റ് ഇക്കണമോക്‌സില്‍ ബിരുദവും മാര്‍ക്കറ്റിംഗില്‍ എംബിഎയും നേടി. പിന്നെയും പഠിക്കാനുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നു. അങ്ങനെയാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ എംഎസ്‌സി സോഷ്യല്‍ ആന്ത്രോപ്പോളജിക്ക് പ്രവേശനം കിട്ടുന്നത്. 

പക്ഷേ ഇപ്പോഴും എനിക്ക് ഉറപ്പില്ല, അവിടെ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമോയെന്ന്. കാരണം, സ്വാധീനമോ സമ്പത്തോ ഇല്ലാത്ത ഒരു ആദിവാസിയാണ് ഞാന്‍...; ബിനേഷ് എന്ന ചെറുപ്പക്കാരന്റെ വാക്കുകളാണിത്.

വാര്‍ത്ത മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കേരളം ഇതിനകം കേട്ടു കഴിഞ്ഞ, കാസര്‍ഗോഡ് കോഴിച്ചാലിലെ പതിനെട്ടാം മൈല്‍ സ്വദേശി ബി. ബിനേഷിന്റെ വാക്കുകള്‍.

ദളിതന്റെയും ആദിവാസിയുടെയും ജീവിതോന്നമനത്തിന് അക്ഷീണം പണിയെടുക്കുന്ന ഭരണകൂട-ഉദ്യോഗസ്ഥവൃന്ദത്തിന്റെ തനിനിറം കൂടിയാണ് ബിനേഷിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത് എന്നതിനാല്‍ ഒരിക്കല്‍ കൂടി ഈ ചെറുപ്പക്കാരന്റെ ദുരനുഭവങ്ങളിലൂടെ കടന്നുപോകാം.

അഭിമാനകരമായ നേട്ടം
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്. ലോകത്തിലെ അതിപ്രശസ്തമായ വിദ്യഭ്യാസസ്ഥാപനങ്ങളില്‍ ഒന്ന്. ഡോ. ബി ആര്‍ അംബേദ്കര്‍ തൊട്ട് മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ വരെ പഠിച്ചിട്ടുണ്ട് ഇവിടെ. അങ്ങനെയൊരിടത്തേക്കാണ് കേരളത്തില്‍ നിന്നും സ്വപ്രയത്‌നത്താല്‍ പഠിച്ചു മുന്നേറിയ ഒരു ചെറുപ്പക്കാരനും പ്രവേശനം കിട്ടുന്നത്.

2014ലാണ് ലണ്ടന്‍ സ്‌കൂളില്‍ നിന്നും ബിനേഷിന് ഓഫര്‍ ലെറ്റര്‍ കിട്ടുന്നത്. സെപ്തംബറില്‍ ക്ലാസ് ആരംഭിക്കും. എന്നാല്‍ പിറ്റേവര്‍ഷം ജനുവരിയില്‍ ജോയിന്‍ ചെയ്യാനാണ് ബിനേഷ് തീരുമാനിച്ചത്. പ്രവേശനം കിട്ടിയെങ്കിലും അതിനാവശ്യമായി വലിയൊരു തുക വേണ്ടതുണ്ട്. തനിക്കോ കുടുംബത്തിനോ കൂട്ടിയാല്‍ കൂടാത്തയത്രയും. അതുകൊണ്ടാണ് സര്‍ക്കാരിന്റെ സഹായം തേടി ബിനേഷ് എത്തിയത്. അവിടെ തുടങ്ങി ആ ചെറുപ്പക്കാരന്റെ ദുര്യോഗവും.

കാശു തരാന്‍ പറ്റില്ല
2014 ഡിസംബറില്‍ ആണ് പഠന ചെലവ് അനുവദിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. അധികകാലം മുന്നേയല്ലാതെ എസ് ടി വിഭാഗത്തില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് ഫ്രാന്‍സില്‍ പോയി ഉപരിപഠനം നടത്താന്‍ തുക അനുവദിച്ചിരുന്നു. അതൊരു പ്രതീക്ഷയായിരുന്നു.

ബിനേഷിന്റെ പ്രതീക്ഷകള്‍ തെറ്റിയത് വളരെ പെട്ടെന്നായിരുന്നു. അപേക്ഷിച്ച തുക നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. നിനക്ക് കാശു തന്നാല്‍ മറ്റുള്ളവര്‍ക്കും കൊടുക്കേണ്ടി വരും. ഇത്രയും തുകയുണ്ടെങ്കില്‍ ഇവിടെ എത്ര കുട്ടികളെ പഠിപ്പിക്കാമെന്നറിയുമോ? ഇതൊക്കെയായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് പറയാനുണ്ടായിരുന്നത്. എങ്കിലും ബിനേഷ് തന്റെ അപേക്ഷയുമായി മുന്നോട്ടു പോയി.

വീണ്ടുമൊരു പ്രതിസന്ധി. അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ അനുവദിക്കണമെങ്കില്‍ കാബിനറ്റ് അംഗീകാരം വേണം. കാബിനറ്റില്‍ എത്തിയാല്‍ തനിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് ബിനേഷ് കരുതി. അത് സംഭവിച്ചില്ല. കാബിനറ്റില്‍ എത്തുന്നതിനു മുന്നേ സെക്രട്ടേറിയേറ്റില്‍ തന്നെ ഫയല്‍ ക്ലോസ് ചെയ്തു. ധനസഹായവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ ബന്ധപ്പെട്ടുകൊള്ളാന്‍ മാത്രമായിരുന്നു ബിനേഷിന് ഇതുസംബന്ധിച്ച് കിട്ടിയ മറുപടി. കൂടുതല്‍ വിശദീകരണമൊന്നും നല്‍കാന്‍ ആരും താത്പര്യപ്പെട്ടില്ല.

ബിനേഷ് തന്റെ ഫയല്‍ കൈകാര്യം ചെയ്തിരുന്ന സെക്ഷന്‍ ഓഫിസറെ വീണ്ടും വിളിച്ചു. മുകളില്‍ നിന്നുള്ള തീരുമാനമായിരുന്നത്രെ  ഫയല്‍ ക്ലോസ് ചെയ്യുക എന്നത്, സെക്ഷന്‍ ഓഫിസറുടെ മറുപടി. പണം അനുവദിക്കുന്നതില്‍ നിയമപരമായ തടസമില്ലെന്നിരിക്കെയും, ഇതിനു മുന്നേ മറ്റൊരാള്‍ക്ക് ഇതേ ആവശ്യത്തിന് പണം അനുവദിച്ചിട്ടുള്ളതും കൊണ്ട് തന്റെ കാര്യത്തില്‍ എന്തുകൊണ്ട് പ്രതികൂലമായ തീരുമാനം എടുത്തൂ എന്ന ബിനേഷിന്റെ ചോദ്യത്തോടായിരുന്നു ആ ഉദ്യോഗസ്ഥയുടെ കടുപ്പം നിറഞ്ഞ മറുപടി.

അവര്‍ക്ക് എന്നോട് സംസാരിക്കാന്‍ തന്നെ താത്പര്യമില്ലാത്തതുപോലെയായിരുന്നു. ഒന്നോ രണ്ടോ വാക്കില്‍ ഒതുക്കി ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു; ബിനേഷ് പറയുന്നു. അവര്‍ക്ക് എന്നെ സഹായിക്കാന്‍ താത്പര്യമില്ലെന്നു തിരിച്ചറിഞ്ഞതോടെ മന്ത്രിയെ നേരില്‍ കണ്ട് അപേക്ഷ നല്‍കാന്‍ തീരുമാനിച്ചു. അതിനൊപ്പം എസ് ടി കമ്മിഷനു മുന്നില്‍ പ്രശ്‌നങ്ങള്‍ വ്യക്തമാക്കി ഒരു പരാതിയും നല്‍കി.

നിനക്കതിനുള്ള യോഗ്യതയില്ല
മന്ത്രിക്കു പുതിയ അപേക്ഷ സമര്‍പ്പിച്ചശേഷം ബിനേഷ് കാത്തിരുന്നു.

എന്തെങ്കിലും തീരുമാനം അയിട്ടുണ്ടോയെന്നറിയാന്‍ സെക്രട്ടേറിയേറ്റില്‍ എത്തി. ബന്ധപ്പെട്ട വകുപ്പിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പോയി കണ്ടു. എന്റെ ഫയലിനെ കുറിച്ച് ചോദിക്കും മുന്നേ അദ്ദേഹം തിരിച്ചു ചോദിച്ചത്, നീ കമ്മിഷനില്‍ പരാതി കൊടുത്തോ എന്നായിരുന്നു. കൊടുത്തൂ. എന്തടിസ്ഥാനത്തില്‍ ആണ് എനിക്ക് അവകാശം നിഷേധിക്കപ്പെടുന്നതെന്ന് അറിയണം; ഞാന്‍ പറഞ്ഞു. കുറച്ചു നേരം ആ സംസാരം നീണ്ടശേഷം എന്നോട് ഇരിക്കാന്‍ പറഞ്ഞു, ഒരു സുഹൃത്തും എനിക്കൊപ്പം ഉണ്ടായിരുന്നു.

അതിനുശേഷം ആ ഉദ്യോഗസ്ഥന്‍ ചോദിച്ച ചോദ്യം എന്നെ അത്ഭുതപ്പെടുത്തുകയാണുണ്ടായത്.

വികസനം എന്നാല്‍ എന്ത്?

ഫയലിന്റെ വിവരം അറിയാനെത്തിയ എന്നോട് അതുമായി ബന്ധപ്പെട്ട വിവരം പറയാതെ ഒരഭിമുഖകാരനെ പോലെ പെരുമാറുകയാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് സഹകരിച്ചു. എന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ മൂലം ഒന്നും മുടങ്ങരുത്. ഇവര്‍ വിചാരിച്ചാല്‍ എന്റെ യാത്ര മുടക്കാം. അതുകൊണ്ട്, എന്താണു വികസനം എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് എനിക്കറിയാവുന്ന വികസനത്തെ കുറിച്ച് ഉത്തരം പറഞ്ഞു. തുടക്കം മുതല്‍ എന്റെ സംസാരം മുടക്കി കൊണ്ട് അദ്ദേഹം ഇടപെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ വികസനത്തെ കുറിച്ച് ഞാന്‍ പറഞ്ഞത് അബദ്ധമാണെന്ന സ്വയം തീരുമാനത്തില്‍ അദ്ദേഹം എത്തി. പിന്നെ അറിയേണ്ടത് കേരളത്തിന്റെ അവസ്ഥയെകുറിച്ചായിരുന്നു. ആദ്യം സംഭവിച്ചതു തന്നെ ആവര്‍ത്തിച്ചു. ഒടുവില്‍ അദ്ദേഹത്തിന്റെ വിലയിരുത്തല്‍; ലണ്ടന്‍ സ്‌കൂളില്‍ പോയി പഠിക്കാനുള്ള യോഗ്യതയൊന്നും നിനക്കില്ല!

എനിക്ക് യോഗ്യത ഉണ്ടെന്നതിനു തെളിവാണ് ലണ്ടന്‍ സ്‌കൂളില്‍ നിന്നും വന്നിട്ടുള്ള, എന്റെ കൈയിലുള്ള ഓഫര്‍ ലെറ്റര്‍. ഞാനത് പക്ഷേ പുറത്തു പറഞ്ഞില്ല. പകരം എന്റെ അവസ്ഥ പറഞ്ഞു. എന്റെ ഐഡന്റിറ്റി പറഞ്ഞു. നിര്‍ദ്ധനനായൊരു ആദിവാസിയാണ് ഞാനെന്നു പറഞ്ഞു. അതിനുള്ള മറുപടി, നീ ആരാണെങ്കിലും നിന്റെ ഐഡിന്റിറ്റി എന്താണെങ്കിലും എനിക്കൊരു പ്രശ്‌നവുമില്ലെന്നായിരുന്നു. 

അദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ത്ഥം മനസിലായത് എന്റെ ഫയലിന്റെ കാര്യത്തില്‍ വന്ന കാലതാമസത്തില്‍ നിന്നാണ്. അതോടെ വീണ്ടും മന്ത്രിയെ കണ്ടു. പി കെ ജയലക്ഷ്മി എന്റെ കാര്യത്തില്‍ അനുഭാവപൂര്‍ണമായി ഇടപെട്ടു.

മന്ത്രിയുടെ വാക്കിനും വിലയില്ല
2014 ല്‍ ഞാന്‍ ആദ്യം നല്‍കിയ അപേക്ഷയുടെ ഫയല്‍ 2015 മേയ് വരെ എന്നെ നടത്തിച്ചശേഷം ക്ലോസ്  ചെയ്തതിനെ തുടര്‍ന്ന് വീണ്ടും അതേ ഫയല്‍ റി ഓപ്പണ്‍ ചെയ്യാന്‍ മന്ത്രിക്കും എംഎല്‍എയ്ക്കുമെല്ലാം അപേക്ഷ കൊടുത്തില്‍ പ്രകാരം 2015 ജൂണില്‍ അനുകൂലമായ തീരുമാനം ഉണ്ടായി. മന്ത്രി പ്രത്യേക താത്പര്യമെടുത്ത് ഫയലില്‍ അര്‍ജന്റ് എന്നെഴുതി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുച്ചു. സെപ്തംബറില്‍ ക്ലാസ് തുടങ്ങും. അതിനു മുമ്പ് തീരുമാനം ഉണ്ടാകണമായിരുന്നു. പക്ഷേ…

മന്ത്രി അടിയന്തിരമായി പരിഗണിക്കുക എന്നെഴുതി നല്‍കിയിട്ടുപോലും ഫയല്‍ അനങ്ങിയില്ല.

ഇതെന്നെ ഒട്ടൊന്നുമല്ല മാനസിക സമ്മര്‍ദ്ദത്തിലാക്കിയത്. ഓരോ തവണയും ഫയല്‍ എന്തായി എന്നറിയാന്‍ കാസര്‍ഗോഡ് നിന്നാണ് തിരുവനന്തപുരത്തേക്ക് ഞാന്‍ വരേണ്ടത്. അതെത്ര കഷ്ടപ്പാടാണെന്ന് ഓര്‍ക്കണം. സങ്കടവും വേദനയും സഹിക്കാന്‍ കഴിയാതെയായി. ദിവസങ്ങള്‍ക്കുശേഷം ഞാന്‍ സെക്ഷന്‍ ഓഫിസറെ വീണ്ടും വിളിച്ചു. തണുത്ത മറുപടി തന്നെ. പക്ഷേ എന്റെയാ വിളി അവര്‍ എങ്ങനെയാണ് വളച്ചൊടിച്ചതെന്ന് ഞാന്‍ മനസിലാക്കുന്നത് വീണ്ടും സെക്രട്ടേറിയേറ്റില്‍ എത്തിയപ്പോഴാണ്.

സംസ്‌കാരമില്ലാത്തവന്‍
ഞാന്‍ സെക്ഷന്‍ ഓഫിസറെ വിളിച്ചു അധിക്ഷേപം പറഞ്ഞെന്നും സഭ്യമല്ലാത്ത രീതിയില്‍ ഒരു സ്ത്രീയോട് പെരുമാറിയെന്നുമുള്ള പരാതിയാണ് കേള്‍ക്കേണ്ടി വന്നത്. സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിക്കും ഈ പരാതി പോയി. അവര്‍ക്ക് വളരെ എളുപ്പം എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു. ഞാന്‍ മോശമായി പെരുമാറിയോന്ന് മന്ത്രി വിളിച്ചു ചോദിച്ചു. അവരെയെന്നല്ല, ഒരാളെയും അറിഞ്ഞുകൊണ്ട് തെറി വിളിക്കാനോ അധിക്ഷേപിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. 

ഈ സംഭവം നടന്നു കഴിഞ്ഞാണ് സെക്ഷന്‍ ഓഫിസറെ കാണാന്‍ ചെന്നത്. സെക്രട്ടറിയേറ്റിനകത്ത് എന്നെയൊരു ക്രിമിനലിനെയെന്നപോലെയാണ് എല്ലാവരും നോക്കിയത്. സെക്ഷന്‍ ഓഫിസറുടെ മുന്നില്‍ കുറെ സമയം നിന്നു. അവര്‍ എന്നെ കണ്ടിട്ടുണ്ട്. പക്ഷേ ശ്രദ്ധ മുഴുവന്‍ ഏതോ ഫയലില്‍ ആണ്. അതെന്റെതായിരിക്കുമെന്നാണു വിചാരിച്ചത്. എന്നാല്‍ അവരെന്നെ ഒഴിവാക്കുകയായിരുന്നു. 

അവരുടെ മേലുദ്യോഗസ്ഥനെ കാണുകയാണ് അടുത്ത പടി (സെക്രട്ടറി റാങ്കിലുള്ള അതേ ഉദ്യോഗസ്ഥനെ തന്നെ). അദ്ദേഹം ആദ്യം ചോദിച്ചത്, നീ സെക്ഷന്‍ ഓഫിസറെ ഫോണില്‍ വിളിച്ച് തെറി പറഞ്ഞോ എന്നായിരുന്നു. ഞാന്‍ നിഷേധിച്ചു. ഉടന്‍ തന്നെ അദ്ദേഹം സെക്ഷന്‍ ഓഫിസറെ കാബിനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് ആരമണിക്കൂറോളം ഇരുവരും ചേര്‍ന്ന് എന്നെ മാനസികമായി തേജോവധം ചെയ്യുകയായിരുന്നു. അവരെന്റെ സംസ്‌കാരത്തെ പുച്ഛിച്ചു. എന്നെപ്പോലൊരുത്തന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നതിനെ ചോദ്യം ചെയ്തു. എത്രത്തോളം തകര്‍ക്കാമോ അത്രത്തോളം മാനസികമായി അവരെന്നെ തകര്‍ത്തു.

മലയാളത്തില്‍ ചെയ്ത ഉപകാരം
ഇതെല്ലാം അനുഭവിക്കേണ്ടി വന്നെങ്കിലും ആശ്വാസകരമായൊരു വാര്‍ത്ത ഉണ്ടായി. എന്റെ ഫയല്‍ കാബിനറ്റില്‍ വരികയും അത് അംഗീകരിക്കുകയും ചെയ്തു.

മന്ത്രിസഭയുടെ അംഗീകാരം കിട്ടിയാല്‍ അതിന്റെ ഉത്തരവ് രണ്ടുദിവസത്തിനകം കിട്ടണമെന്നാണ് നിയമം. പക്ഷേ ഒക്‌ടോബറില്‍ ഉണ്ടായ മന്ത്രിസഭ തീരുമാനത്തിന്റെ ഉത്തരവ് കിട്ടിയത് ഒരു മാസം കഴിഞ്ഞ് നവംബറില്‍! എന്നാല്‍ ആ ഉത്തരവ് വീണ്ടുമെന്നെ പ്രതിസന്ധിയിലാക്കിയതേയുള്ളൂ. സെപ്തംബറില്‍ ആരംഭിക്കുന്ന കോഴ്‌സിന് 27 ലക്ഷം അനുവദിച്ചുകൊണ്ടുള്ളതായിരുന്നു ആ ഉത്തരവ്. സെപ്തംബറില്‍ എനിക്ക് ജോയിന്‍ ചെയ്യാന്‍ പറ്റില്ലെന്നും 2016 ജനുവരിയില്‍ പ്രവേശനം നേടാനാണ് ആഗ്രഹിക്കുന്നതെന്നും അപേക്ഷയില്‍ ഞാന്‍ വ്യക്തമായി എഴുതിയിരുന്നതാണ്. കാരണം 2014 സെപ്തംബറില്‍ കിട്ടിയ ഓഫര്‍ ലെറ്ററില്‍ രണ്ടുവര്‍ഷത്തിനകം എപ്പോഴെങ്കിലും ജോയിന്‍ ചെയ്യാനുള്ള ഓപ്ഷന്‍ പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് 2016 ല്‍ പ്രവേശനം കിട്ടാനും പഴയ ഓഫര്‍ ലെറ്റര്‍ തന്നെ മതി. 

ഓര്‍ഡറില്‍ തീയതി വ്യത്യാസം വന്നതുകൊണ്ട് അനുവദിച്ച പണം പിന്‍വലിക്കണമെങ്കില്‍ ധനവകുപ്പിന്റെ അനുമതി വേണമെന്നായി. തീയതി മാറ്റി കിട്ടണമെങ്കില്‍ ഫയല്‍ വീണ്ടും കാബിനറ്റിന്റെ മുന്നില്‍ എത്തണം. ഇതു തന്നെ എത്തിയത് എത്ര നാള്‍ കൊണ്ടാണെന്നോര്‍ക്കണം. അതുമാത്രമല്ല, പുതിയ ഓഫര്‍ ലെറ്റര്‍ ഹാജരാക്കണമെന്നും നിര്‍ബന്ധം പിടിക്കുകയാണ്. മറ്റൊരു സഹായം കൂടി ഇതിനിടയില്‍ ഉദ്യോഗസ്ഥര്‍ ചെയ്തു തന്നിരുന്നു. എംബസിയില്‍ കൊടുക്കാനുള്ള കത്ത് മലയാളത്തില്‍ അടിച്ചു തന്നു! ഭരണഭാഷ മലയാളമാണത്രേ!

വീസയ്ക്ക് അപേക്ഷിക്കാന്‍ എംബസിയില്‍ നല്‍കാനുള്ള കത്ത് മലയാളത്തില്‍ കിട്ടിയിട്ട് എന്തുകാര്യം. മാറ്റി എഴുതി തരുമോയെന്നു ചോദിച്ചപ്പോള്‍ അവര്‍ക്കു പറയാന്‍ സാങ്കേതിക തടസങ്ങള്‍ പലതുണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ ആ കത്ത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തു അയച്ചു നോക്കി. പ്രതീക്ഷിച്ചിരുന്നതുപോലെ എംബസി റിജക്ട് ചെയ്തു.

പിന്നീട് ചെയ്യാനുണ്ടായിരുന്നത് അനുവദിച്ച തുക തത്കാലത്തേക്ക് മരവിപ്പിച്ച് വയ്ക്കുകയോ അല്ലെങ്കില്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലേക്ക് മാറ്റുകയോ ആണ്. അതിനുള്ള വഴികളും നോക്കി. എനിക്കു മുന്നിലെ വഴികളെല്ലാം അടഞ്ഞതായിരുന്നു.

അദിവാസിക്കും ദളിതനും സ്വപ്‌നം കാണാന്‍ അവകാശമില്ല
ഇതിനിടയില്‍ ഞാന്‍ ഒരു സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചു. കഴിഞ്ഞ മേയില്‍ അതിന്റെ ഇന്റര്‍വ്യു നടന്നു. അങ്ങനെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് ഞാന്‍ അര്‍ഹനായി. ഇന്ത്യയില്‍ നിന്ന് മൊത്തം 20 പേരാണ് അര്‍ഹരായത്. അവരില്‍ ദക്ഷിണേന്ത്യയില്‍ നിന്നുണ്ടായിരുന്നത് ഞാന്‍ മാത്രമാണ്.

എന്നാല്‍ ഈ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക്, ഐ ഇ എല്‍ ടി സി പരിശീലനത്തിനും വിമാന ടിക്കറ്റിനും ഒക്കെയായി പണം. വേണം. അടിയന്തരമായി ലഭ്യമാക്കേണ്ട ഒന്നരലക്ഷത്തോളം രൂപയെങ്കിലും കിട്ടുമോയെന്നറിയാന്‍ ഞാന്‍ വീണ്ടും സര്‍ക്കാരിനെ ബന്ധപ്പെട്ടു. പുതിയ സര്‍ക്കാരാണ്. മന്ത്രി എ കെ ബാലനോട് നേരിട്ടാണ് ആവശ്യം പറഞ്ഞത്. സ്‌കോളര്‍ഷിപ്പ് കിട്ടുന്ന മുറയ്ക്ക് ഇപ്പോള്‍ അനുവദിക്കുന്ന തുക തിരിച്ചടച്ചോളാം എന്ന വ്യവസ്ഥയിലാണ് ഞാന്‍ അപേക്ഷിച്ചത്. ഒന്നര ലക്ഷമല്ല, ഒന്നരക്കോടി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നാണ് മന്ത്രി എ കെ ബാലന്‍ പറഞ്ഞത്. ഉടന്‍ തന്നെ എക്‌സ്ട്ര അര്‍ജന്റ് എന്നെഴുതി ഫയല്‍ അയക്കുകയും ചെയ്തു.

പക്ഷേ ഈ ഫയലും എത്തിയിരിക്കുന്നത് അതേ ഉദ്യോഗസ്ഥരുടെ പക്കലാണ്. അവര്‍ എന്തായിരിക്കും ഇനിയും എന്നോടു കാണിക്കുക? നാളെ മന്ത്രിയെ വീണ്ടും കാണുന്നുണ്ട്, അതില്‍ പ്രതീക്ഷയുണ്ട്.

എനിക്ക് ഇപ്പോള്‍ ആവശ്യമുള്ള പണം എങ്ങനെയെങ്കിലും ഉണ്ടാക്കി തരാമെന്ന് വാക്ക് പറഞ്ഞിരിക്കുകയാണ് എന്റെ സുഹൃത്തുക്കള്‍. അവരത് ചെയ്തു തരുമെന്ന് ഉറപ്പുണ്ട്. ഒരുപക്ഷേ എനിക്ക് ഈ വഴിയിലൂടെയെങ്കിലും എന്റെ സ്വപ്‌നം നിറവേറ്റാന്‍ കഴിയുമായിരിക്കും. പക്ഷേ ഞാനൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് സമൂഹം അറിയണം. എനിക്കു മുമ്പും പലരും ഉദ്യോഗസ്ഥരുടെ കനിവു കാത്ത് സെക്രട്ടേറ്റിയേറ്റ് വരാന്തകളില്‍ നിന്നിട്ടുണ്ട്. ആദിവാസിയോ ദളിതനോ ആയിപ്പോയതുകൊണ്ട് സ്വപ്നം കാണാന്‍ അവകാശമില്ലെന്ന തിരിച്ചറിവില്‍ എല്ലാം ഉപേക്ഷിച്ചു തിരിച്ചു പോന്നിട്ടുമുണ്ട്. ഇനിയും ഇത് ആവര്‍ത്തിക്കപ്പെടും. അതിനെ കുറിച്ചുള്ള ഒര്‍മപ്പെടുത്താന്‍ മാത്രമാണ് ഈ അനുഭവം.

എനിക്കു മുമ്പ് ഉപരി പഠനത്തിന് പണം അനുവദിച്ചു കൊടുത്ത ഒരു വിദ്യാര്‍ത്ഥിയുടെ കാര്യം പറഞ്ഞിരുന്നല്ലോ. അയാള്‍ അധികാരമുള്ളൊരാളുടെ മകനാണ് (ഭരണഘടന സ്ഥാപനമായ ഒരു കമ്മിഷനിലെ അംഗം) എന്നോട് സംസാരിച്ച സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പറഞ്ഞത്;

അവന് പണം കിട്ടിയെങ്കില്‍ അതവന്റെ കഴിവ്, നിനക്ക് കിട്ടിയില്ലെങ്കില്‍ നിന്റെ കഴിവുകേട്…

ഞാന്‍ ചോദിച്ചു; ഇവിടെയെല്ലാം സുതാര്യമായിട്ടാണ് നടക്കുന്നതെന്നല്ലേ സാര്‍ പറയുന്നത്? 

അദ്ദേഹം പറഞ്ഞ മറുപടി എനിക്ക് ഒരു കാര്യം മനസിലാക്കി തന്നു; എന്തൊക്കെ എങ്ങനെ നടക്കണമെന്ന് ചിലര്‍ ചേര്‍ന്ന് തീരുമാനിക്കുകയാണ്.

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍