UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീര്‍ കത്തുന്നു; താഴ്വര 1990-കളിലേക്ക് മടങ്ങുകയാണ്

ടീം അഴിമുഖം

ഡല്‍ഹിയിലെ പുതിയ രാഷ്ട്രീയ നേതൃത്വം കാശ്മീരിന് നല്‍കുന്നത് ദുരന്തവും ദുരിതവുമാണ്.

ഒരു സ്കൂള്‍ അദ്ധ്യാപകന്റെ മകനായ, നവ സാമൂഹ്യ മാധ്യങ്ങളുടെ സാധ്യതകള്‍ ഉപയോഗിച്ച ആദ്യത്തെ ഇന്ത്യന്‍ തീവ്രവാദിയും, അന്യവത്കരിക്കപ്പെട്ട കാശ്മീരി യുവാക്കളുടെ ഒരു തലമുറയുടെ വീരനായകനുമായി മാറിയ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെക്കുറിച്ചല്ല നമ്മള്‍ പറഞ്ഞുവരുന്നത്. തോക്ക് കയ്യിലെടുത്ത ഒരു തീവ്രവാദിയുടെ ഒഴിവാക്കാനാകാത്ത അന്ത്യമായിരിക്കാമത്. അയാളുടെ  തീവ്രവാദ വീരകൃത്യങ്ങള്‍ വാസ്തവമാണോ എന്നത് ഇനിയുമറിയില്ലെങ്കിലും.

വാനിയുടെ ജൂലായ് 9-ലെ കൊലപാതകത്തിന് ശേഷം കാശ്മീരില്‍ ഉയര്‍ന്ന വലിയ പ്രതിഷേധത്തിന് പിറകില്‍ വാനിയുടെ കുറച്ച് ആരാധകര്‍ മാത്രമല്ല, കഴിഞ്ഞ കുറച്ചു മാസങ്ങളായി താഴ്വരയോടുള്ള ന്യൂ ഡല്‍ഹിയുടെ മാറിയ സമീപനത്തില്‍ അസംതൃപ്തരായ താഴ്വരയിലെ ജനങ്ങളുടെ പുകയുന്ന പ്രതിഷേധമായിരുന്നു അവിടെ ആളിക്കത്തിയത്. തിങ്കളാഴ്ച പുലരുമ്പോള്‍ പ്രതിഷേധത്തിലും കലാപത്തിലും 21 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു.

പുതിയ തന്ത്രം
മോദി സര്‍ക്കാരിന്റെ കാര്‍ക്കശ്യഭാവമുള്ള നയങ്ങള്‍ പുതിയ പല പ്രവണതകളും സൃഷ്ടിച്ചിരിക്കുന്നു.

അതിലൊന്ന് മോദി അധികാരത്തില്‍ വന്ന 2014-വേനലിന് ശേഷം കാശ്മീര്‍ താഴ്വരയില്‍ പ്രതിഷേധങ്ങളിലുണ്ടായ വലിയ വര്‍ധനവാണ്. ഈ പുതിയ പ്രതിഷേധ പരമ്പരകള്‍ക്ക് തുടക്കമിട്ട പല സംഭവങ്ങളും നിഗൂഢവുമാണ്.

നിരവധി നിഗൂഢമായ കൊലപാതകങ്ങള്‍, മൊബൈല്‍ ശൃംഖലകള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍, ആയുധങ്ങള്‍ തട്ടിയെടുക്കുന്നതുപോലുള്ള 25 വര്‍ഷത്തെ കാശ്മീര്‍ തീവ്രവാദത്തിന്റെ സ്വഭാവത്തില്‍ കാണാത്ത തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തങ്ങള്‍.

ഏറ്റവും കുറവ് തീവ്രവാദ സംഭവങ്ങള്‍ ഉണ്ടായത് 2013-ലായിരുന്നു, 113 എണ്ണം. എന്നാല്‍ 2014-ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ അത് ക്രമാതീതമായി ഉയരാന്‍ തുടങ്ങി. 2014-ല്‍ അത് 155 ആയി. രണ്ടുവര്‍ഷം കഴിയുമ്പോള്‍ അത് കുതിച്ചുകയറുകയാണ്.

1990-നു ശേഷം ഏറ്റവും ശാന്തമായ വര്‍ഷമായിരുന്നു 2013 എന്നുകൂടി മനസിലാക്കണം. പ്രാദേശികമായി വേരുകളുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നിരവധി വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായി നിര്‍ണായക തീവ്രവാദി സംഘമായിരിക്കുന്നു എന്നും ഇതിനോട് ചേര്‍ത്തുവായിക്കണം. 1980-കളുടെ അവസാനത്തില്‍ താഴ്വര തീവ്രവാദത്തിലേക്ക് തിരിഞ്ഞതിനുശേഷമുള്ള പതിവ് തീവ്രവാദ ശൈലികളോട് ചേരാത്ത രീതികളിലാണ് 2014, 2015, 2016 വര്‍ഷങ്ങളിലെ കുത്തനെ ഉയരുന്ന തീവ്രവാദ സംഭവങ്ങളുടെ അസാധാരണമായ സ്വഭാവം എന്നും കാണാം.

താഴ്വരയിലെ ആളുകളുടെ അജ്ഞാതമായ തരത്തിലുള്ള കൊലപാതകങ്ങളും അതിനെത്തുടര്‍ന്നുള്ള പ്രതിഷേധ പരമ്പരകളും ഇതില്‍പ്പെട്ടതാണ്. ശ്രദ്ധേയമായ കാര്യം ഇവരില്‍ പലരും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളാണെന്ന സുരക്ഷാസേനയുടെ അവകാശവാദമാണ്.

2014-ല്‍ മൂന്നു യുവാക്കള്‍ ഇങ്ങനെ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ക്ക് ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമില്ലെന്ന് സംഘത്തിന്റെ തലവന്‍ സയിദ് സലാഹുദ്ദീന്‍ പറഞ്ഞു. സുരക്ഷാസേന പീഡിപ്പിച്ച് കൊന്നതാണെന്നായിരുന്നു അയാള്‍ ആരോപിച്ചത്.

മറ്റൊന്നു 2015-ല്‍ മൊബൈല്‍ ഫോണ്‍ ടവറുകള്‍ക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങളാണ്. സൊപോറില്‍ തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന ഒരു വാര്‍ത്താവിനിമയ സംവിധാനം പിടിച്ചെടുത്തത്തിന്റെ പ്രതികാരമാണ് ഇതെന്ന് സുരക്ഷാ സേന പറയുന്നു.

മൊബൈല്‍ ഫോണ്‍ കച്ചവടം നടത്തുന്നവര്‍ അതവസാനിപ്പിക്കണമെന്നും തങ്ങളുടെ സ്ഥലത്തു മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചവര്‍ അത് നിര്‍ത്തലാക്കണമെന്നും താക്കീതു നല്‍കുന്ന ഉറുദുവിലെഴുതിയ പോസ്റ്ററുകള്‍ മെയ് അവസാന വാരം ലഷ്കര്‍-ഇ-തൊയ്ബ താഴ്വരയിലെ വിവിധ നഗരങ്ങളില്‍ പതിച്ചിരുന്നു.

പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന പോസ്റ്ററുകള്‍ താഴ്വരയിലെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടിരുന്നു.

നൂറുകണക്കിനു ടവറുകളാണ് പരിഭ്രാന്തമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. മൊബൈല്‍ ഫോണ്‍ കച്ചവടവുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളും ആക്രമിക്കപ്പെട്ടു. 2015-ല്‍ സുരക്ഷാ സൈനികരില്‍ നിന്നും ആയുധങ്ങള്‍ തട്ടിയെടുക്കുന്ന രീതിയും കണ്ടുതുടങ്ങി. കാശ്മീര്‍ തീവ്രവാദികളുടെ പതിവ് രീതികളില്‍ ഇല്ലാത്തതായിരുന്നു ഇത്.

ഇതെല്ലാം താഴ്വരയിലെ കലാപത്തെ കൂടുതല്‍ ആളിക്കത്തിച്ചു.

തന്റെ യന്ത്രത്തോക്കുകളുമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട താഴ്വരയിലെ ക്ഷുഭിത യൌവനത്തിന്റെ പ്രതീകമായ ബുര്‍ഹാന്‍ വാനിയാണ് പിറകെ വന്നത്. ശ്രദ്ധേയമായ കാര്യം 2010-ല്‍ തന്റെ 15-ആം വയസില്‍ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന ബൂര്‍ഹാന്‍ 2016 ജൂലായ് 9-നു കൊല്ലപ്പെടുംവരെ സുരക്ഷാസേനയുമായുള്ള കാര്യമായ ഒരേറ്റുമുട്ടലിലും പങ്കെടുത്തിട്ടില്ല എന്നാണ്.

സൂക്ഷ്മ നിരീക്ഷണത്തില്‍ ബുര്‍ഹാന്‍ വാനി നിഗൂഢതകളുള്ള പടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമാണ്, അതിനോടുള്ള പ്രതികരണമല്ല. പ്രതികരണം വന്നുകൊണ്ടിരിക്കുകയാണ്. വരുന്ന ഏറെക്കാലം കാശ്മീര്‍ കത്തിക്കൊണ്ടിരിക്കും. അതേ, നമ്മള്‍ 1990-കളിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍