UPDATES

വിദേശം

ബുര്‍ക്കിനിയുടെ യാഥാര്‍ത്ഥ്യങ്ങള്‍

Avatar

ലിയോനിഡ് ബെര്‍ഷിദ്‌സ്‌കി
(ബ്ലൂംബര്‍ഗ് വ്യൂ)

ശരീരം മറയ്ക്കുന്ന നീന്തല്‍ വേഷത്തിന് ഫ്രാന്‍സിലെ തീരദേശപട്ടണങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം കോടതി നീക്കം ചെയ്യുമെന്നത് വ്യക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വില്ലിനേവ് ലൗബെ മേയര്‍ ആദ്യ നിരോധനം നീക്കി. നിരോധനം നീക്കേണ്ടതിന്റെ ആവശ്യകത മറ്റുമേയര്‍മാര്‍ക്ക് ഇനിയും മനസിലായിട്ടില്ലെങ്കിലും. വലതുപക്ഷ ആക്ടിവിസ്റ്റുകള്‍ അവരുടെ കേസുകളുമായെത്തിയേക്കും. പക്ഷേ മുന്‍ കോടതി വിധികള്‍ പരിശോധിച്ചാല്‍ കേസുകളുടെ ഫലം ഇപ്പോഴത്തേതുതന്നെയാകുമെന്ന് മനസിലാക്കാം.

ബുര്‍ക്കിനി നിരോധനത്തിനു വഴിവച്ച അടിസ്ഥാന പ്രശ്‌നം പക്ഷേ, കോടതിവിധികള്‍ കൊണ്ടു പരിഹരിക്കാവുന്നതല്ല. സംസ്‌കാരങ്ങളുടെ ഇടകലരലിന്റേതാണത്. പരസ്പരം തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനുമുന്‍പ് വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്ക് എത്രത്തോളം ഒരു സമൂഹമായി ജീവിക്കാനാകും എന്നതാണ് ചോദ്യം.

ഫ്രഞ്ച് കവി ജോര്‍ജ് ബ്രസന്‍സ് ഒരിക്കല്‍ പറഞ്ഞു: ‘ നല്ല മനുഷ്യര്‍ക്ക് അവരില്‍നിന്നു വ്യത്യസ്തമായൊരു പാത തിരഞ്ഞെടുക്കുന്നവരെ ഇഷ്ടമല്ല.’ വ്യത്യസ്തതയോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തിയ ദീര്‍ഘകാല ചരിത്രമാണ് ഫ്രാന്‍സിന്റേത്. അത് യൂറോപ്യന്‍ പാരമ്പര്യവുമാണ്. പലപ്പോഴും ഭീകരമായ ക്രൂരതകളിലും ചിലപ്പോഴൊക്കെ വിഡ്ഢിത്തങ്ങളിലും ആ നിലപാടുകള്‍ രാജ്യത്തെ എത്തിച്ചു. അവയെ നിയമത്താല്‍ പൊതിയാനുള്ള ശ്രമം വിജയിക്കണമെങ്കില്‍ സമൂഹത്തില്‍ ഏകവികാരമുണ്ടാകണം.

31 ഫ്രഞ്ച് പട്ടണങ്ങളില്‍ നിലവില്‍ വന്ന ബുര്‍ക്കിനി നിരോധനം കടല്‍ത്തീരങ്ങളെ മതനിരപേക്ഷമാക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു.  വില്ലിനേവ് ലൗബെ മേയര്‍ ലയണല്‍ ലൂക്കയുടെ തീരുമാനത്തെ നൈസ് അഡ്മിനിസ്‌ട്രേറ്റിവ് കോടതി ശരിവച്ചു. ‘ഫ്രാന്‍സില്‍ പല ഇസ്ലാമിക് തീവ്രവാദസംഭവങ്ങള്‍ ഉണ്ടായിക്കഴിഞ്ഞതിനാല്‍ ബുര്‍ക്കിനി ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്നുവെന്നും ഏതു മതവിശ്വാസമായാലും അതു പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല കടല്‍ത്തീരങ്ങള്‍’ എന്നുമായിരുന്നു കോടതി നിരീക്ഷണം. എന്നാല്‍ ഈ ഉത്തരവ് നീക്കിയകൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ നിരീക്ഷണം ‘ കടല്‍ത്തീരത്തെ സമാധാനവും ശാന്തിയും കെടുത്താന്‍ ആരുടെയെങ്കിലും വസ്ത്രധാരണത്തിനാകും എന്നതിനു തെളിവില്ല’ എന്നായിരുന്നു.

വസ്ത്രധാരണം ക്രമസമാധാന തകരാറുണ്ടാക്കും എന്നതിനു തെളിവുവേണം എന്നതാണ് കോടതി പരാമര്‍ശത്തിന്റെ സാരം. അത്തരമൊരു തെളിവുണ്ടാക്കുക എളുപ്പമല്ല. കടല്‍ത്തീരത്ത് അക്രമത്തെത്തുടര്‍ന്ന് ബുര്‍ക്കിനി നിരോധിച്ച കോര്‍സിക്കയിലെ സിസ്‌കോ മേയര്‍ക്കു പോലും അക്രമത്തിനു കാരണം ബുര്‍ക്കിനിയാണെന്നു തെളിയിക്കാനായേക്കില്ല. മുഴുവന്‍ വസ്ത്രവും ധരിച്ച ചില നോര്‍ത്ത് ആഫ്രിക്കന്‍ വനിതകള്‍ കടലില്‍ കുളിക്കുമ്പോള്‍ മറ്റൊരു സഞ്ചാരി അവരുടെ ചിത്രമെടുക്കുന്നുവെന്ന് ആഫ്രിക്കന്‍ പുരുഷന്മാര്‍ സംശയിച്ചതായിരുന്നു പ്രശ്‌നത്തിനു കാരണം. അഞ്ചുപേര്‍ക്കു പരുക്കേറ്റ സംഭവം നിയന്ത്രിക്കാന്‍ നൂറു പൊലീസുകാര്‍ വേണ്ടിവന്നു. മുസ്ലിം വനിതകളുടെ വസ്ത്രമാണോ മറ്റുള്ളവരുടെ എടുത്തുചാട്ടമാണോ പ്രശ്‌നമുണ്ടാക്കിയത്? രണ്ടാമത്തേതു തന്നെ.

സിസ്‌കോ മേയര്‍ ആന്‍ജെ പിയറി വിവോനി ഒരു സോഷ്യലിസ്റ്റാണ്. മറ്റുനഗരങ്ങളിലേതുപോലെ തന്റെ നഗരത്തിലെ വിലക്ക് എടുത്തുചാട്ടമല്ലെന്നും ലഹളയ്ക്കുശേഷമുള്ള മുന്‍കരുതലാണെന്നുമാണ് വിവോനിയുടെ പക്ഷം. ബുര്‍ക്കിനിയെ എതിര്‍ക്കുന്ന മേയര്‍മാരില്‍ ഭൂരിപക്ഷവും വലതുപക്ഷക്കാരാണ്. ഫ്രാന്‍സിന്റെ കോളനികാലത്തെ ന്യായീകരിക്കുന്നയാളാണ് ലൂക്ക. നഗരത്തില്‍ നടന്നുകൊണ്ടിരുന്ന മോസ്‌കിന്റെ നിര്‍മാണം തടയുമെന്ന വാഗ്ദാനത്തില്‍ പ്രചാരണം നടത്തി വിജയിക്കുകയും വാഗ്ദാനം നടപ്പാക്കുകയും ചെയ്തയാളാണ് ഫ്രെയുസ് മേയര്‍ ഡേവിഡ് റാഷ്‌ലിന്‍. വലതു തീവ്ര നാഷനല്‍ ഫ്രണ്ട് അംഗമായ റാഷ്‌ലിന് കോടതി ഉത്തരവിനെത്തുടര്‍ന്ന് മോസ്‌ക് നിര്‍മാണം അനുവദിക്കേണ്ടതായി വന്നു. കാനിലെ മേയര്‍ മധ്യ, വലത് രാഷ്ട്രീയക്കാരനായ ഡേവിഡ് ലിസ്‌നാഡ് ബുര്‍ക്കിനികളെ തീവ്രവാദത്തിന്റെ ലക്ഷണമെന്നാണു വിശേഷിപ്പിച്ചത്.

ഈ രാഷ്ട്രീയക്കാരുടെയും സിസ്‌കോയിലെ അവരുടെ അനുയായികളുടെയും ദൃഷ്ടിയില്‍, ലിസ്‌നാഡ് പറഞ്ഞതുപോലെ ‘മുസ്ലിങ്ങള്‍ ഫ്രാന്‍സിന്റെ നിയമങ്ങളോടു പൊരുത്തപ്പെടുന്നില്ല’. അവര്‍ മതത്തെ പ്രദര്‍ശിപ്പിക്കുന്നു. സമുദായത്തിലെ ബാക്കിയുള്ളവരില്‍നിന്നകന്ന് നിലനില്‍ക്കുന്നു.

തൊഴിലില്ലായ്മയും ജയില്‍വാസവും സംബന്ധിച്ച കണക്ക് നോക്കിയാല്‍ യൂറോപ്യന്‍ സമൂഹങ്ങളില്‍ ഇഴുകിച്ചേരുക എന്നത് മുസ്ലിങ്ങള്‍ക്കു ബുദ്ധിമുട്ടാണെന്നു കാണാം. ഇത് പ്രാദേശവാസികളെയും അവരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയക്കാരെയും മുസ്ലിങ്ങളോട് ഒന്നുകില്‍ ഒത്തുജീവിക്കുക അല്ലെങ്കില്‍ നാടുവിടുക എന്ന നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതിനു നിയമത്തിന്റെ പിന്‍ബലം നല്‍കുമ്പോള്‍ വികാരപരമായ നേട്ടമേ ഉണ്ടാകുന്നുള്ളൂ. കടല്‍ത്തീരങ്ങളില്‍ സ്ത്രീകള്‍ പൊലീസിനാല്‍ ഉപദ്രവിക്കപ്പെടുന്നത് വംശീയ സംഘര്‍ഷം കുറയ്ക്കാന്‍ സഹായകമാകില്ല. എന്നാല്‍ വ്യത്യസ്തരായ എല്ലാവരെയും ഒരുപോലെയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് വെള്ളക്കാരായ ക്രിസ്റ്റ്യന്‍ വോട്ടര്‍മാര്‍ക്ക് ആശ്വാസമേകും.

കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ വിധിക്കുശേഷം ബുര്‍ക്കിനി വിലക്ക് തുടരാന്‍ പ്രത്യേക നിയമം വേണമെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ‘ഇന്നു നാം ബുര്‍ക്കിനിയെ സ്വീകരിച്ചാല്‍ നാളെ ശരിയ അംഗീകരിക്കേണ്ടിവരും,’ പാര്‍ലമെന്റ് അംഗമായ നിക്കോളാസ് ഡ്യൂപോണ്ട് എയ്ഗനന്‍ പറഞ്ഞു. അതൊരു വികാരപരമായ വാദമായിരുന്നു. പക്ഷേ എന്തുതരം ഇടകലരലാണ് 7.5 ശതമാനം വരുന്ന മുസ്ലിം ജനതയില്‍നിന്ന് ഫ്രാന്‍സ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു അത്.

കൂടിക്കലരല്‍ സമഗ്രമാകണമെന്നാണ് വലതുപക്ഷ രാഷ്ട്രീയക്കാരുടെ നിലപാട്. ഫ്രാന്‍സിലോ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യത്തോ ജീവിക്കുന്ന എല്ലാവരും വംശീയ ഭൂരിപക്ഷത്തിനു സമാനമായി പ്രവര്‍ത്തിക്കുകയും കാണപ്പെടുകയും ചെയ്യണം. സമൃദ്ധിയിലേക്ക് അവരെ നയിച്ചതെന്ന് അവര്‍ വിശ്വസിക്കുന്ന അതേ മൂല്യങ്ങളില്‍ വിശ്വസിക്കണം. മറ്റുള്ളവരുടെ മതവും ആചാരങ്ങളും ഉപേക്ഷിക്കപ്പെടുക എന്നതാണ് ഏറ്റവും നല്ലത്. അതിനാകുന്നില്ലെങ്കില്‍ അവ സ്വകാര്യമായും മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെയും നടത്തണം. ഇതു പറ്റില്ലെങ്കില്‍ ചരിത്രപരമായി ഒരു ജീവിത രീതി പിന്തുടരുന്ന ഒരു രാജ്യത്ത് ജീവിക്കാന്‍ വന്നതെന്തിന്?

ഇതിനു വിപരീതമായ സമീപനം – ആംഗെല മെര്‍ക്കലിന്റെ ജര്‍മന്‍ സര്‍ക്കാരിന്റേതു പോലെ – പ്രായോഗികതയില്‍ ഊന്നിയതാണ്. അഭയാര്‍ത്ഥികളുടെ സമൂഹസംയോജനത്തെപ്പറ്റി ഈയിടെ അംഗീകരിച്ച നിയമം ഇങ്ങനെ പറയുന്നു.’ തൊഴിലാണ് ഏറ്റവും നല്ല സംയോജനം’. മുസ്ലിമോ പുതുതായി രാജ്യത്തെത്തുന്ന മറ്റാരെങ്കിലുമോ പ്രാദേശിക ഭാഷ സംസാരിക്കുകയും തൊഴില്‍ നേടുകയും ചെയ്താല്‍ അവര്‍ സമൂഹവുമായി ഏകീകരിക്കപ്പെട്ടതായി കണക്കാക്കും.

ഈ രണ്ടു സമീപനങ്ങളെയുംകാള്‍ സങ്കീര്‍ണമാണ് യൂറോപ്യന്‍ സമൂഹങ്ങളുടെ നിലപാടുകള്‍. അവ കൂടുതല്‍ ഏകരൂപമുള്ളവയാകാന്‍ ആഗ്രഹിക്കുന്നു. ഒപ്പം യൂറോപ്പിലെ ഭൂരിപക്ഷത്തെപ്പോലെ ‘വ്യത്യസ്തരായി കാണപ്പെടാനുള്ള മുസ്ലിങ്ങളുടെ പ്രവണത’യെ എതിര്‍ക്കുന്നു. എന്നാല്‍ പ്യൂ ഗ്ലോബലിന്റെ കണക്കനുസരിച്ച് ഇങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. 2005ല്‍ 88 ശതമാനം പേര്‍ മുസ്ലിങ്ങള്‍ മറ്റുള്ളവരില്‍നിന്നു മാറിനില്‍ക്കുന്നുവെന്നു കരുതിയിരുന്നു. ഈ വര്‍ഷം അങ്ങനെ കരുതുന്നവരുടെ ശതമാനം 61 ആണ്. മുസ്ലിങ്ങള്‍ പരമ്പരാഗത വേഷം ഉപേക്ഷിച്ചു എന്ന് ഇതിനര്‍ത്ഥമില്ല. ജര്‍മന്‍ നഗരങ്ങള്‍ നിറയെ തലമറച്ച മുസ്ലിം സ്ത്രീകളെ കാണാം. ധാരാളം വ്യാപാരസ്ഥാപനങ്ങളില്‍ തുര്‍ക്കിഭാഷയിലും അറബിയിലുമുള്ള ബോര്‍ഡുകള്‍ കാണാം. സമൂഹം കൂടുതല്‍ നാനാത്വമുള്ളതായി മാറി. വ്യത്യസ്തതകള്‍ അധികം ശ്രദ്ധിക്കപ്പെടുന്നില്ല.

ഇത് സാവധാനം മാത്രം നടക്കുന്ന കാര്യമാണ്. സമൂഹത്തിലേക്കുള്ള ഇഴചേരല്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പുകളാണ്. കാരണം സമൂഹഘടന സ്ഥിരമല്ല. ചില മുസ്ലിങ്ങള്‍ പരമ്പരാഗത വേഷഭൂഷാദികള്‍ ഉപേക്ഷിച്ച് പൂര്‍ണമായും പടിഞ്ഞാറന്‍ ജീവിതരീതി സ്വീകരിക്കും. രണ്ടും തമ്മിലുള്ള തുലനം തേടുന്നവര്‍ അതു കണ്ടെത്തും. ചെറിയൊരു വിഭാഗം അവര്‍ കാണുന്നതിനെ വെറുക്കും, ശത്രുതയുള്ളവരായിത്തീരും, ഒറ്റപ്പെട്ടതോ കുറ്റകൃത്യങ്ങള്‍ നിറഞ്ഞതോ ആയ ജീവിതം തിരഞ്ഞെടുക്കും. ബുര്‍ക്കിനി ധരിച്ച് കടല്‍ത്തീരത്തെത്തുന്നവര്‍ രണ്ടാമത്തെ സംഘത്തില്‍പ്പെടുന്നു. യൂറോപ്പിലെ സമകാലീനരെപ്പോലെ സമയം ചെലവിടുമ്പോള്‍ത്തന്നെ പാരമ്പര്യം കാക്കുന്നവരാണവര്‍. അങ്ങനെയായിരുന്നില്ലെങ്കില്‍ അവര്‍ ഒന്നുകില്‍ ബിക്കിനി ധരിക്കുമായിരുന്നു. അല്ലെങ്കില്‍ കടല്‍ത്തീരം ഒഴിവാക്കുമായിരുന്നു.

ഇത്തരമൊരു മധ്യപാത അംഗീകരിക്കണോ നിരസിക്കണോ എന്നത് തീരുമാനിക്കേണ്ടത് യൂറോപ്യന്‍ സമൂഹമാണ്. ആദ്യപാതയാണ് യുക്തിസഹമെന്ന് ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് കരുതുമ്പോള്‍ രണ്ടാമത്തെ പാതയെ പിന്തുണയ്ക്കുന്നവരാണ് ബുര്‍ക്കിനി നിരോധനത്തെ പിന്തുണയ്ക്കുന്ന പൊതുസമൂഹത്തിലെ മൂന്നില്‍ രണ്ട് വിഭാഗം. മിക്ക ഫ്രഞ്ച് തീരങ്ങളിലും ബിക്കിനികള്‍ – ബുര്‍ക്കിനികളല്ല – നിരോധിക്കപ്പെട്ട 1952ല്‍ എഴുതപ്പെട്ട ബ്രസന്റെ ഗാനം കാലഹരണപ്പെട്ടിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍