UPDATES

ബുര്‍ഖ ധരിച്ചു കോളേജില്‍ വരുന്നതിനെതിരെ കര്‍ണ്ണാടകയില്‍ ഹിന്ദു വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം

അഴിമുഖം പ്രതിനിധി

ഫ്രാന്‍സില്‍ ബുര്‍ക്കിനി നിരോധിച്ച വാര്‍ത്ത ചര്‍ച്ച ചെയ്യുന്നതിനിടെ ഇന്ത്യയില്‍ പുതിയൊരു യുദ്ധം ആരംഭിച്ചു കഴിഞ്ഞു. ബുര്‍ഖ ധരിച്ച് കോളേജിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പുതിയ പ്രതിഷേധം. രാജ്യത്ത് പലയിടത്തും മുസ്ലിം മതത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കെതിരെ പല വിധത്തിലുള്ള പ്രതിഷേധങ്ങളാണുയരുന്നത്. 

ക്യാംപസിനുള്ളില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബും ബുര്‍ഖയും ധരിക്കാനനുമതി നല്‍കുന്നതിനെതിരെ കര്‍ണാടകയിലെ ഒരു കോളജില്‍ ഹിന്ദു വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തി. കാവിനിറത്തിലുള്ള ഷോളുകള്‍ ധരിച്ചാണ് കഴിഞ്ഞ ആഴ്ച വിദ്യാര്‍ഥികള്‍ കോളജിലെത്തിയത്. ഹിന്ദുമതത്തിന്‍റെ സൂചകമായാണ് കാവി നിറവും കടും ഓറഞ്ച് നിറവും കണക്കാക്കുന്നത്. ഹിന്ദുദേശീയവാദി ഗ്രൂപ്പുകള്‍ ഈ നിറമുള്ള കൊടികളും ഷോളുകളും ഉപയോഗിക്കുന്നതും മതത്തിന്‍റെ പ്രതീകമായാണ്.

മാംഗളൂരിലെ ഫാര്‍മസി കോളജിലും ഹിജാബ് ധരിച്ചെത്തുന്നവര്‍ക്കെതിരെയും നീണ്ട താടി വളര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയും പ്രതിഷേധം നടന്നു. മുസ്ലിം വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള ഇത്തരം വിലക്കുകള്‍ക്കെതിരെ മുസ്ലിം വിദ്യാര്‍ഥി ഗ്രൂപ്പായ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിഷേധം ആരംഭിച്ചു. അവരവരുടെ മതാനുഷ്ഠാനങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് മുസ്ലിം വിദ്യാര്‍ഥി ഗ്രൂപ്പ് കോളജ് ഗേറ്റിനു മുമ്പില്‍ പ്രതിഷേധിച്ചു. ചില വിദ്യാര്‍ഥികളുടെ മാതാപിതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ബെല്ലാരിയിലുള്ള ഒരു കോളജിലും വിദ്യാര്‍ഥികള്‍ കാവി ഷാളണിഞ്ഞ് പ്രതിഷേധിച്ചിരുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഹിന്ദു ദേശീയവാദ വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ ക്യാംപസുകളില്‍ കൂടുതല്‍ ശക്തി പ്രാപിച്ചിരുന്നു. കരാവലി അലെ എന്ന പ്രാദേശിക പത്രത്തിന്‍റെ എഡിറ്റര്‍ ബി വി സീതാറാം പറയുന്നു. ക്യാംപസുകളില്‍ നടക്കുന്നത് ഒരു തരം വടംവലിയാണ്. രണ്ടു വിദ്യാര്‍ഥി ഗ്രൂപ്പുകളും മതപരമായ സ്വത്വവും കായികബലവും കാണിക്കാനാണ് ശ്രമിക്കുന്നത്. ഈ അടുത്ത കാലത്താണ് കര്‍ണാടകയിലെ ഹിന്ദു മുസ്ലിം പ്രശ്നങ്ങള്‍ ഇത്ര രൂക്ഷമായത്. സര്‍വകലാശാല അദ്ധ്യാപകനും എഴുത്തുകാരനുമായ കല്‍ബുര്‍ഗിയെ ഹിന്ദു യാഥാസ്ഥികര്‍ കൊലപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമാണ്. അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. ഇന്ത്യയുടെ സെന്‍സസ് കണക്കു പ്രകാരം കര്‍ണാടകയുടെ മൊത്തം ജനസംഖ്യയുടെ 12 ശതമാനം മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണ്.

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഹാളില്‍ ഹിജാബും ബുര്‍ഖയും ധരിച്ചെത്തുന്നത് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിലക്കിയതും വിവാദമായിരുന്നു. വിലക്കിനെതിരെ നിരവധി മുസ്ലിം സംഘടനകള്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായില്ല. ദിവസം പരീക്ഷ ഹാളില്‍ ഹിജാബില്ലാതെ വന്നാല്‍ മതവിശ്വാസം നഷ്ടപ്പെടില്ല എന്നായിരുന്നു കോടതി പരാമര്‍ശം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍