UPDATES

വിപണി/സാമ്പത്തികം

ഒമ്പതാം വയസില്‍ സ്വന്തം മൊബൈല്‍ ആപ്പ് ; 13-ാം വയസില്‍ ദുബയില്‍ സോഫ്റ്റ്വെയര്‍ കമ്പനി ഉടമ

12ലേറെപ്പേര്‍ക്ക് ഇതിനോടകം സേവനം നല്‍കിയിട്ടുണ്ടെന്നും ഡിസൈനും കോഡിങ്ങും പൂര്‍ണമായും സൗജന്യമായാണ് ചെയ്തുകൊടുത്തതെന്നും ആദിത്യന്‍ പറഞ്ഞു.

ഒമ്പതാം വയസില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ച ബാലന്‍ നാല് വര്‍ഷത്തിന് ശേഷം ദുബയില്‍ സ്വന്തമായി സോഫ്റ്റ്വെയര്‍ കമ്പനി ആരംഭിച്ചു. തിരുവല്ല സ്വദേശിയായ ആദിത്യന്‍ രാജേഷാണ് ഈ കൊച്ചു മിടുക്കന്‍. ആദിത്യന് അഞ്ച് വയസുള്ളപ്പോഴാണ് കുടുംബം ദുബയിലേക്ക് എത്തിയത്. സമയം പോക്കാനായി അന്നുമുതല്‍ ആദിത്യന്റെ ഉറ്റ കുട്ടുകാരന്‍ കമ്പ്യൂട്ടറായിരുന്നു.ലോഗോ ഡിസൈനിങില്‍ തുടങ്ങി വെബ് ഡിസൈനിങ്ങിലേക്കും പിന്നീട് പ്രോഗ്രാമിങിലേക്ക് വരെ എത്തിയപ്പോള്‍ ഒന്‍പതാം വയസില്‍ ആദിത്യന്‍ തന്റെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കി. നാല് വര്‍ഷത്തിനിപ്പുറം സ്വന്തം സോഫ്റ്റ്വെയര്‍ കമ്പനിയായ ‘ട്രിനെറ്റ് സൊല്യൂഷന്‍സ്’ (Trinet Solutions) ആരംഭിച്ചിരിക്കുകയാണ് ഈ ആദിത്യന്‍ രാജേഷ്.

അച്ഛന്‍ തനിക്ക് ആദ്യമായി കാണിച്ചുതന്ന വെബ്‌സൈറ്റ് ബിബിസി ടൈപ്പിങ് ആയിരുന്നുവെന്ന് ആദിത്യന്‍ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ചെറിയ കുട്ടികളെ ടൈപ്പിങ് പഠിക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണ് ബിബിസി ടൈപ്പിങ്. ട്രിനെറ്റ് സൊല്യൂഷന്‍സില്‍ ആദിത്യനെ സഹായിക്കാന്‍ സുഹൃത്തുക്കളും സഹപാഠികളുമായ മൂന്ന് പേര്‍ കൂടിയുണ്ട്.

‘ഔദ്യോഗികമായി കമ്പനി ആരംഭിക്കണമെങ്കില്‍ 18 വയസാകേണ്ടതുണ്ട്. എങ്കിലും ഞങ്ങള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്’ – ആദിത്യന്‍ പറയുന്നു. 12ലേറെപ്പേര്‍ക്ക് ഇതിനോടകം സേവനം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഡിസൈനും കോഡിങ്ങും പൂര്‍ണമായും സൗജന്യമായാണ് ചെയ്തുകൊടുത്തതെന്നും ആദിത്യന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍