UPDATES

വിപണി/സാമ്പത്തികം

കനേഡിയന്‍ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധന

കനേഡിയന്‍ പൗരനായിക്കഴിഞ്ഞാല്‍ യുഎസില്‍ ജോലി ചെയ്യാനായുള്ള ട്രേഡ് നാഷണല്‍ വിസക്ക് അപേക്ഷിക്കാം

കനേഡിയന്‍ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ 50 ശതമാനം വര്‍ധന. 2018 ജനുവരി-ഒക്ടോബര്‍ കാലയളവില്‍ 15,000 ഇന്ത്യക്കാരാണ് കാനഡയിലെ പൗരന്മാരായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 50 ശതമാനം കൂടുതലാണ്. കനേഡിയന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. ഒന്നാം സ്ഥാനം ഫിലിപ്പൈന്‍സിനും.

ഈ വര്‍ഷം ഇതുവരെ 1.39 ലക്ഷം സ്ഥിരതാമസക്കാരാണ് കനേഡിയന്‍ പൗരത്വം നേടിയത്. ഇതില്‍ 11 ശതമാനം പേരും ഇന്ത്യക്കാരാണ്. 2017 ല്‍ സ്ഥിരതാമസക്കാരായത് 51,000 ഇന്ത്യക്കാരാണ്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കനേഡിയന്‍ പൗരത്വം നേടിയത് 2015 ലാണ്; 28,000 പേര്‍. ഇതിന് ശേഷം രണ്ട് വര്‍ഷത്തോളം തണുത്ത പ്രതികരണമായിരുന്നു. എന്നാലിപ്പോള്‍ വീണ്ടും ആ ട്രെന്‍ഡ് തിരികെ എത്തിയിരിക്കുന്നു.

ഒക്ടോബര്‍ 2017 മുതല്‍ കനേഡിയന്‍ പൗരത്വത്തിന് അപേക്ഷ നല്‍കുന്നതിനുള്ള യോഗ്യത നേടാന്‍ കൂടുതല്‍ എളുപ്പമായിരിക്കുകയാണ്. മുന്‍പ് ഒരു പ്രവാസിക്ക് പൗരത്വം നേടുണമെങ്കില്‍ അയാള്‍ കാനഡയിലേക്ക് കുടിയേറിപ്പാര്‍ത്തതിന് ശേഷമുള്ള ആറ് വര്‍ഷത്തില്‍ നാല് വര്‍ഷമെങ്കിലും കാനഡയില്‍ തന്നെ താമസിച്ചിരിക്കണം. ഇപ്പോള്‍ ഇത് അഞ്ച് വര്‍ഷത്തില്‍ മൂന്ന് വര്‍ഷം എന്നാക്കി ചുരുക്കി.

കനേഡിയന്‍ പൗരനായിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷ നല്‍കാനൊക്കെ സാധിക്കും. മാത്രമല്ല, കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് യുഎസില്‍ ജോലി ചെയ്യാനായുള്ള ട്രേഡ് നാഷണല്‍ വിസക്ക് അപേക്ഷിക്കാം. എച്ച് 1ബി വിസയ്ക്ക് തുല്യമാണെങ്കിലും യുഎസില്‍ ട്രേഡ് നാഷണല്‍ വിസക്ക് അനുവദിക്കാവുന്ന വിസയുടെ എണ്ണത്തിന്റെ കാര്യത്തില്‍ വാര്‍ഷിക പരിധിയൊന്നുമില്ല. കിട്ടാനും എളുപ്പമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍