UPDATES

വിപണി/സാമ്പത്തികം

ചന്ദ കൊച്ചാറിന്റെ വീടും വീഡിയോകോണും തമ്മിലെന്ത്? ഇന്‍കം ടാക്‌സ് അന്വേഷണം മുറുകുന്നു

ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറാണ് ദക്ഷിണ മുംബൈയിലെ ഈ വീട് വാങ്ങിയത്. ഈ ഇടപാടില്‍ വീഡിയോകോണുമായി ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിരിക്കുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐസിഐസിഐ ബാങ്ക് സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറിന്റെ മുംബൈയിലെ വീടും വീഡിയോകോണ്‍ കമ്പനിയുമായുള്ള ബന്ധം സംബന്ധിച്ച അന്വേഷണം ആദായ നികുതി വകുപ്പ് ഊര്‍ജ്ജിതമാക്കി. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറാണ് ദക്ഷിണ മുംബൈയിലെ ഈ വീട് വാങ്ങിയത്. ഈ ഇടപാടില്‍ വീഡിയോകോണുമായി ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിരിക്കുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വായ്പ ഇടപാടുകളുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാറിനെതിരെയുള്ള അന്വേഷണം മുറുകുകയാണ്. അന്വേഷണം അവസാനിക്കുന്നത് വരെ ചന്ദ കൊച്ചാര്‍ അവധിയിലായിരിക്കുമെന്ന് ഐസിഐസിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മുംബൈയില്‍ ചര്‍ച്ച്‌ഗേറ്റ് ഭാഗത്ത് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യക്ക് എതിര്‍വശത്തായാണ് സിസിഐ ചേംബേര്‍സിലെ കൊച്ചാര്‍ കുടുംബത്തിന്റെ നമ്പര്‍ 45 ഫ്‌ളാറ്റ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന് (സിബിഡിടി) ഇന്‍കം ടാക്‌സ് ടിപ്പാര്‍ട്ട്‌മെന്റ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. മാര്‍ച്ച് 29നാണ് വീഡിയോകോണുമായുള്ള ചന്ദ കൊച്ചാറിന്റെ സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോകോണ്‍ പ്രൊമോട്ടര്‍ വേണുഗോപാല്‍ ദൂത്, ദീപക് കൊച്ചാറിന്റെ എന്‍ആര്‍പിഎല്ലിന് (ന്യൂപവര്‍ റിനീവബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്) കോടിക്കണക്കിന് രൂപ നല്‍കിയതായി ആയിരുന്നു റിപ്പോര്‍ട്ട്. വേണുഗോപാല്‍ ദൂതിന് കൂടി പങ്കാളിത്തമുള്ള കമ്പനിയാണിത്. 2012ല്‍ ഐസിഐസിഐ ബാങ്കില്‍ നിന്ന് 3250 കോടി രൂപ ലോണ്‍ നേടിയതിന് ശേഷം ആറ് മാസം കഴിഞ്ഞാണ് ഈ ഇടപാട് നടന്നത്.

ഒമ്പത് ലക്ഷം രൂപയ്ക്കാണ് ദീപക് കൊച്ചാറിന്റെ ട്രസ്റ്റിന് വേണുഗോപാല്‍ ദൂത്, കമ്പനിയുടെ പ്രൊപ്രൈറ്റര്‍ഷിപ്പ് കൈമാറിയത്. 2017ല്‍ വീഡിയോകോണ്‍ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു.  1998 മുതല്‍ കൊച്ചാര്‍ കുടുംബം താമസിച്ചുവരുന്ന ഈ വീട് വാങ്ങിയത് ദീപക് കൊച്ചാറും സഹോദരന്‍ രാജീവ് കൊച്ചാറും ചേര്‍ന്ന് സ്ഥാപച്ച ക്രെഡന്‍ഷ്യല്‍സ് ഫിനാന്‍സ് ലിമിറ്റഡ് വഴിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനി ലിക്വിഡേഷന്‍ അപേക്ഷ നല്‍കി. 1996-97ല്‍ ട്രേഡിംഗില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെട്ടു. 2001ല്‍ വീഡിയോ കോണ്‍ ഇന്റര്‍നാഷണലിന് രണ്ട് ശതമാനവും കൊച്ചാര്‍ കുടുംബത്തിലെ ഏഴ് പേര്‍ക്കുമായി 17.74 ശതമാനവും ഓഹരിയുണ്ടായിരുന്നു. 2009ല്‍ വീഡിയോ കോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, വീഡിയോകോണുമായി ബന്ധപ്പെട്ട ക്വാളിറ്റി അപ്ലൈന്‍സസ് പ്രൈവറ്റ് ലിമിറ്റഡിനെ ഈ ഫ്‌ളാറ്റ്, ക്രെഡന്‍ഷ്യലില്‍ നിന്ന് വാങ്ങാനായി ചുമതലപ്പെടുത്തി. ക്രെഡന്‍ഷ്യല്‍ വിഐഎല്ലിന് നല്‍കാനുണ്ടായിരുന്ന പണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ 2010ല്‍ മാര്‍ക്കറ്റ് വിലയിലും കുറഞ്ഞ പണത്തിന് ദീപക് കൊച്ചാര്‍ ഈ ഫ്‌ളാറ്റ് വീണ്ടും വാങ്ങി.

അതേസമയം സിസിഐ ചേംബറിന്റെ ഉടമസ്ഥന്‍ താനാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും അത് ഇന്‍കം ടാക്‌സ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് ദീപക് കൊച്ചാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്. ഫ്‌ളാറ്റുമായി വീഡിയോകോണിനോ തനിക്കോ ഒരു ബന്ധവുമില്ലെന്നും 20 വര്‍ഷം മുമ്പ് ദീപക് കൊച്ചാര്‍ വാങ്ങിയതാണ് സിസിഐ ചേമ്പറെന്നുമാണ് വേണുഗോപാല്‍ ദൂത് പറയുന്നത്.

രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകള്‍ പ്രകാരം ക്വാളിറ്റി അപ്ലൈന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് 2009 മുതല്‍ സിസിഐ ചേംബേര്‍സ് ഉടമസ്ഥര്‍. നിലവില്‍ കമ്പനിയുടെ പേര് ക്വാളിറ്റി ടെക്‌നോ അഡൈ്വസേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. നരിമാന്‍ പോയിന്റ് 618 വിലാസത്തിലുള്ള കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസ് തന്നെയാണ് ദീപക് കൊച്ചാറിന്റെ നൂപവര്‍ റിനീവബിള്‍സിന്റേയും ഓഫീസ്. 2008ല്‍ നിലവില്‍ വന്ന ക്വാളിറ്റി അപ്ലൈന്‍സസിന്റെ സ്ഥാപകര്‍ വിലാസ് സലുങ്കെയും കവീശ്വര്‍ പാട്ടീലുമാണ്. ഇരുവര്‍ക്കും 5000 വീതം ഈക്വിറ്റി ഷെയറുകള്‍. രജിസ്റ്റേര്‍ഡ് അഡ്രസ് അന്ധേരിയിലായിരുന്നു. വീഡിയോകോണ്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും ഇതേ രജിസ്‌റ്റേര്‍ഡ് അഡ്രസില്‍. വിലാസ് സലുങ്കെയും കവീശ്വര്‍ പാട്ടീലും വീഡിയോകോണിന്റെ വിവിധ കമ്പനികളില്‍ ഇരുവരും ഡയറക്ടര്‍മാരാണ്.

2009-2010ല്‍ ക്വാളിറ്റി അപ്ലൈന്‍സസ് ഓഫീസ് കെട്ടിടവും കോംപൗണ്ടും വാങ്ങിയത് 3.54 കോടി രൂപയ്ക്ക്. ഒഫീഷ്യല്‍ അഡ്രസ് അന്ധേരിയില്‍ നിന്ന് ദക്ഷിണ മുംബൈയിലെ സിസിഐ ചേംബേര്‍സിലേയ്ക്ക് മാറ്റി. 2010 മാര്‍ച്ചില്‍ വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, പ്രൊമോട്ട് ചെയ്യുന്ന മൂന്ന് കമ്പനികള്‍ – ടേക്ക് കെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇവാന്‍സ് ഫ്രേസര്‍ ആന്‍ഡ് കമ്പനി ലിമിറ്റിഡ്, നിപ്പോണ്‍ ഇന്‍വെസ്റ്റ് മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് ഒരു ലക്ഷത്തിന്റെ ഈക്വിറ്റി ഷെയറുകളാണ് നല്‍കിയത്. പ്രീമിയം 3.5 കോടി രൂപ. 90.91 ശതമാനം ഓഹരിയുമായി പ്രധാന ഓഹരിയുടമയായി. ബാക്കി ഓഹരികള്‍ സലുങ്കെയ്ക്കും പാട്ടീലിനും.

വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസിന്റെ 2011ലെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്, സുപ്രീം എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൂപവര്‍ റിനീവബിള്‍സിന്റെ പേരില്‍ ഏഴ് കോടി രൂപയുടെ പെര്‍ഫോമന്‍സ് ഗാരണ്ടി (2013 മാര്‍ച്ച് 31 വരെ) അനുവദിച്ചിരുന്നു എന്നാണ്. 2009-10ല്‍ ഓഫീസും സ്ഥലവും വാങ്ങിയ ഇടപാട് ഇന്‍വെസ്റ്റ്‌മെന്റ് ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും ക്വാളിറ്റി അപ്ലൈന്‍സസ് പറയുന്നു. 2012ല്‍ ടേക്ക് കെയര്‍ ഇന്ത്യ, ഇവാന്‍സ് ഫ്രേസര്‍ ആന്‍ഡ് കമ്പനിയും നിപ്പോണ്‍ ഇന്‍വെസ്റ്റ്‌മെന്റും 90.91 ശതമാനം ഓഹരികള്‍ പാട്ടീലിനും ക്വാളിറ്റി അപ്ലൈന്‍സസിനുമായി വിറ്റു. ഇതോടെ പാട്ടീലിന്റെ ഓഹരിപങ്കാളിത്തം 95.45 ശതമാനമായി ഉയര്‍ന്നു. 2016 മാര്‍ച്ച് വരെ പാട്ടീലിന് 95.45 ശതമാനം ഓഹരിപങ്കാളിത്തമുണ്ടായിരുന്നു. 2017 മാര്‍ച്ചിലെ ഏറ്റവും പുതിയ, ലഭ്യമായ രേഖ പ്രകാരം ഈ കമ്പനി പൂര്‍ണമായും ക്വാളിറ്റി അഡൈ്വസേര്‍സ് ട്രസ്റ്റ് മുഖേന ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍