UPDATES

വിപണി/സാമ്പത്തികം

കൂടുമത്സ്യ കൃഷിയില്‍ സംരംഭകത്വം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ

പെരിയാറിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കടമക്കുടി പഞ്ചായത്തില്‍ കൂടുമത്സ്യ കൃഷി ഒരു മികച്ച വരുമാനമാര്‍ഗമാണ്

കടമക്കുടി പഞ്ചായത്ത് നിവാസികളെ കൂടുമത്സ്യ കൃഷിയിലൂടെ ചെറുകിട സംരംഭകരാക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കോരാമ്പാടം സര്‍വീസ് സഹകരണ ബാങ്കിന്റെ പിന്തുണയോടെയാണ് പ്രദേശവാസികളെ കൂടുമത്സ്യ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍, പഞ്ചായത്തിലെ 114 പേര്‍ക്ക് കൂടുകൃഷി ചെയ്യുന്നതിനുള്ള പരിശീലനം നല്‍കി. കൂടുനിര്‍മാണം, കൃഷി ചെയ്യുന്നതിനുള്ള സ്ഥല നിര്‍ണയം, സാമ്പത്തിക ആസൂത്രണം, യോജിച്ച മത്സ്യക്കുഞ്ഞുങ്ങളെ കണ്ടെത്തല്‍, പരിപാലനം, തീറ്റ നല്‍കല്‍, വിളവെടുപ്പ്, വിപണനം തുടങ്ങിയ മേഖലകളില്‍ മൂന്ന് ദിവസത്തെ പരിശീലനമാണ് നല്‍കിയത്. നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ (എന്‍എഫ്ഡിബി) സഹായത്തോടെ സിഎംഎഫ്ആര്‍ഐ കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ ഭാഗമായായിരുന്നു പരിശീലനം.

പരിശീലനം ലഭിച്ചവരില്‍ നിന്ന് കൂടുമത്സ്യ കൃഷി തുടങ്ങുന്നവര്‍ക്ക് കുറഞ്ഞ പലിശയില്‍ കോരമ്പാടം സര്‍വീസ് സഹകരണ ബാങ്ക് വായ്പ നല്‍കും. കൃഷിയുടെ തുടക്കം മുതല്‍ വിളവെടുപ്പ് വരെ സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക സഹായവും കര്‍ഷകര്‍ക്ക് ലഭിക്കും. മോദ, കരിമീന്‍, കാളാഞ്ചി, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളാണ് കൂടുകൃഷി ചെയ്യാന്‍ ഉപയോഗിക്കുക.

പെരിയാറിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കടമക്കുടി പഞ്ചായത്തില്‍ കൂടുമത്സ്യ കൃഷി ഒരു മികച്ച വരുമാനമാര്‍ഗമാണ്. ആഭ്യന്തര മത്സ്യോല്‍പാദനം ഉയര്‍ത്താനും തീരദേശ നിവാസികള്‍ക്ക് അധികവരുമാനം നേടാനും കൂടുമത്സ്യ വഴിയൊരുക്കുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിളവെടുക്കുന്ന മത്സ്യങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി വില്‍പന നടത്തുന്നതിനും കര്‍ഷകര്‍ക്ക് സാഹചര്യമൊരുക്കും.

ദേശീയ തലത്തില്‍ 5000 പേര്‍ക്ക് കൂടുമത്സ്യ കൃഷിയില്‍ പരിശീലനം നല്‍കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് സിഎംഎഫ്ആര്‍ഐ ആരംഭിച്ചത്. 2500-ഓളം പേര്‍ക്ക് ഇതിനകം പരിശീലനം നല്‍കിയതായി സിഎംഎഫ്ആര്‍ഐ മാരികള്‍ച്ചര്‍ വിഭാഗം മേധാവി ഡോ ഇമല്‍ഡ ജോസഫ് പറഞ്ഞു. സാമ്പത്തിക സഹായത്തോടെ കേരളത്തില്‍ മാത്രമായി 500 കൂടുകൃഷി യൂണിറ്റുകള്‍ സ്ഥാപിക്കുന്ന മറ്റൊരു പദ്ധതിയും എന്‍എഫ്ഡിബിയുടെ പിന്തുണയോടെ സിഎംഎഫ്ആര്‍ഐ നടപ്പിലാക്കി വരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍