UPDATES

വിപണി/സാമ്പത്തികം

നോട്ട് നിരോധനം ഇന്ദിരാ ഗാന്ധി നടപ്പാക്കിയ നിര്‍ബന്ധിത വന്ധ്യംകരണത്തിന് തുല്യം: ഫോബ്‌സ് ചീഫ് എഡിറ്റര്‍

ഒരു നോട്ട് മാറ്റം കൊണ്ടുമാത്രം ഭീകരവാദത്തെയും ഭീകരാക്രമണത്തെയും ചെറുക്കാം എന്ന് വിചാരിക്കുന്നത് ശുദ്ധ ഭോഷ്‌കാണെന്ന് ഫോബ്‌സ്

സംഭവം പരാജയപ്പെട്ടതുകൊണ്ടാണെന്ന് തോന്നുന്നു, നോട്ടു നിരോധനത്തിന്റെ വിപ്ലവമാധുര്യത്തെ കുറിച്ച് ഇപ്പോള്‍ വലിയ അവകാശവാദങ്ങള്‍ ഒന്നും കേള്‍ക്കാറില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വലിയ പരാജയമായിരുന്നു എന്ന കാരണത്താല്‍ തന്നെ മുഖ്യധാര മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് എടുക്കാറുമില്ല. എന്നാല്‍ നവംബര്‍ എട്ട് അര്‍ദ്ധരാത്രിക്ക്, പെട്ടെന്നുണ്ടായ ഒരു ഉള്‍വിളി പോലെ പ്രഖ്യാപിക്കപ്പെട്ട ആ തീരുമാനം ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ താഴേത്തട്ടില്‍ നിന്നും തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍, ഫോബ്‌സ് മാസികയുടെ എഡിറ്റര്‍-ഇന്‍-ചീഫ് സ്റ്റീവ് ഫോബ്‌സ് നോട്ടുനിരോധന തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചത് കൂടുതല്‍ പ്രസക്തമാവുന്നു.

തീരുമാനം മനംപുരട്ടല്‍ ഉളവാക്കുന്നതും അസാന്മാര്‍ഗ്ഗികവുമാണെന്ന് ഫോബ്‌സ് മാസികയില്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹം പറയുന്നു. തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഫോബ്‌സ്, നോട്ടു നിരോധനത്തെ ‘ഇന്ത്യന്‍ ജനതയുടെ സമ്പത്തിന്റെ കൂട്ടക്കൊള്ള’ എന്നാണ് വിശേഷിപ്പിച്ചത്. പണക്ഷാമം, എടിഎമ്മുകളിലെ നീണ്ട ക്യൂ, വ്യക്തി ജീവിതത്തിന് മേലുള്ള സര്‍ക്കാരിന്റെ കൂടുതല്‍ നിയന്ത്രണം എന്നിവ മാത്രമാണ് നോട്ട് നിരോധനം കൊണ്ടുണ്ടായ നേട്ടങ്ങളെന്ന് അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കുന്നു. 1970-കളില്‍ ഇന്ദിര ഗാന്ധി നടപ്പിലാക്കിയ കുപ്രസിദ്ധമായ നിര്‍ബന്ധിത വന്ധീകരണത്തിന് സമാനമാണ് നോട്ടു നിരോധനമെന്ന് അദ്ദേഹം പറയുന്നു.

നോട്ട് നിരോധന നീക്കത്തെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ആഖ്യാനങ്ങളൊക്കെ ഫോബ്‌സ് തള്ളിക്കളയുന്നു. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ എങ്ങനെയാണ് കമ്പനികള്‍ പൂട്ടിപ്പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന അനാവശ്യ നിയമങ്ങളെയും നികുതികളെയും ഫോബ്‌സ് വിമര്‍ശിക്കുന്നുണ്ട്. ഇതാണ് പണാധിഷ്ടിത സമ്പദ്‌വ്യസ്ഥയ്ക്ക് കാരണമാകുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു നോട്ട് മാറ്റം കൊണ്ടുമാത്രം ഭീകരവാദത്തെയും ഭീകരാക്രമണത്തെയും ചെറുക്കാം എന്ന് വിചാരിക്കുന്നത് ശുദ്ധ ഭോഷ്‌കാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണമായ നികുതി ഘടനയാണ് നികുതി വെട്ടിപ്പിന് കാരണമാകുന്നത്.

ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ചത് പോലെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ട് നിരോധനം പോലെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങളെയും ഫോബ്‌സ് വിമര്‍ശിച്ചു. സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കാന്‍ മാത്രമേ ഇത്തരം തീരുമാനങ്ങള്‍ സഹായിക്കൂവെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ സര്‍ക്കാരുകളെയും സാമ്പത്തിക വിദഗ്ധരെയും മയക്കുന്ന പണവിരുദ്ധ ആശയഭ്രാന്തിന്റെ ഏറ്റവും കടുത്തതും വിനാശകരവുമായ ഉദാഹരണമാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോകത്തിന് വളരെ തെറ്റായ ഒരു സന്ദേശമാണ് ഈ തീരുമാനത്തിലൂടെ ഇന്ത്യ നല്‍കിയതെന്നും സ്റ്റീവ് ഫോബ്‌സ് വിശദീകരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍