UPDATES

വിപണി/സാമ്പത്തികം

സ്നാപ്പ്ഡീലിനെ സ്വന്തമാക്കാന്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ 1 ബില്യണ്‍ ഡോളറിന്റെ വാഗ്ദാനം

ഫ്‌ളിപ്പ്കാര്‍ട്ടിന്റെത് അനൗപചാരിക വാഗ്ദാനം മാത്രമാണെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്ലറായ ഫ്‌ളിപ്പ്കാര്‍ട്ട് തങ്ങളുടെ എതിരാളികളായ സ്നാപ്ഡീലിനെ സ്വന്തമാക്കാന്‍ മുന്നോട്ട് വെച്ചത് 1 ബില്യണ്‍ ഡോളറിന്റെ വാഗ്ദാനമാണ്. സ്നാപ്ഡീലിന്റെ പ്രധാന നിക്ഷേപകരായ സോഫ്റ്റ്ബാങ്കും മറ്റ് പ്രധാന ഓഹരിയുടമകളും തമ്മില്‍ വില്‍പ്പനക്കാര്യത്തിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഫ്‌ളിപ്പ്കാര്‍ട്ട് അനൗദ്യോഗികമായി ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

പുതിയതായി നടത്തിയ ചര്‍ച്ചകളിലും സ്നാപ്ഡീലിലെ നിക്ഷേപകരായ കലാരി ക്യാപിറ്റല്‍, നെക്സസ് വെഞ്ച്വേഴ്സ് എന്നിവരുമായി പ്രധാന നിക്ഷേപകരായ സോഫ്റ്റ്ബാങ്കിനുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെന്നാണ് വിവരം. ഫ്‌ളിപ്പ്കാര്‍ട്ടിന്റെത് അനൗപചാരിക വാഗ്ദാനം മാത്രമാണെന്നും ഔപചാരികമായ കരാറില്‍ കമ്പനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒപ്പുവെക്കുമെന്നുമാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

വില്‍പ്പനയുടെ ഭാഗമായി അറുപത് മില്യണ്‍ ഡോളര്‍ നെക്സസിനും മുപ്പത്ത് മില്യണ്‍ ഡോളര്‍ കലാരിയ്ക്കും കൈമാറാമെന്നാണ് സോഫ്റ്റ്ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നത്. സ്നാപ്ഡീല്‍ സഹസ്ഥാപകരായ ബഹലിനും ബന്‍സാലിനും പതിനഞ്ച് മില്യണ്‍ ഡോളര്‍ വീതം ലഭിക്കും. തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ അടുത്ത ആഴ്ച തന്നെ കരാര്‍ നടപടികള്‍ ആരംഭിക്കും.

2016 ഫെബ്രുവരിയില്‍ 6.5 ബില്യണ്‍ ഡോളറിന്റെ മൂല്യമായിരുന്നു സ്നാപ്ഡീല്‍ കൈവരിച്ചിരുന്നത്. നിക്ഷേപകരില്‍ നിന്ന് 50 മില്യണ്‍ ഡോളറാണ് സ്നാപ്ഡീല്‍ അന്ന് സ്വീകരിച്ചത്. സ്നാപ്ഡില്‍ ഉടമസ്ഥരായ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാസ്പര്‍ ഇന്‍ഫോടെകിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഫ്‌ളിപ്പ്കാര്‍ട്ടുമായുള്ള കരാറിലേക്ക് നീങ്ങുന്നതായി മേയ് ആദ്യം തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍