ഐ.എ.എ.യുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ലോക ഉച്ചകോടിക്ക് ഒരു ഇന്ത്യന്‍ നഗരം വേദിയാകുന്നത്.
ആഗോള പരസ്യ വിപണിയുടെ തലസ്ഥാനം ഈയാഴ്ച കൊച്ചിയായി മാറും. പരസ്യരംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്റെ (ഐ.എ.എ.) ലോക ഉച്ചകോടി 20 മുതല്‍ 22 വരെ ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ്.
മൂന്നു രാവും പകലും നീളുന്ന സംഗമത്തില്‍ 25 രാജ്യങ്ങളില്‍ നിന്നായി നാല്‍പതോളം പ്രഗത്ഭര്‍ പ്രഭാഷണം നടത്തും. ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി 2, 000 ത്തോളം പ്രതിനിധികളും സംഗമത്തിനെത്തുന്നുണ്ടെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രതിനിധികളില്‍ മുന്നൂറുപേര്‍ വിദ്യാര്‍ത്ഥികളാണ്. പരസ്യവിപണനരംഗത്തിന്റെ വര്‍ത്തമാനവും ഭാവിയും ചര്‍ച്ചയാകുന്ന സമ്മേളനത്തിലെ പങ്കാളിത്തം യുവതലമുറക്ക് മുതല്‍ക്കൂട്ടാകുമെന്നും അവര്‍ വിവരിച്ചു.
ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനി, ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഐ.എ.എ.യുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ലോക ഉച്ചകോടിക്ക് ഒരു ഇന്ത്യന്‍ നഗരം വേദിയാകുന്നത്. 44-ാം ലോക സമ്മേളനമാണ് ഇത്തവണത്തേത്. രണ്ടുവര്‍ഷത്തിലൊരിക്കലാണ് സമ്മേളനം. വാഷിങ്ടണ്‍ ഡി.സി., മോസ്‌കോ, ബീജിങ് എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ മൂന്നു സമ്മേളനങ്ങള്‍ അരങ്ങേറിയത്. ‘ബ്രാന്‍ഡ് ധര്‍മ’ എന്നതാണ് ഇത്തവണത്തെ പ്രമേയം. അതുകൊണ്ടുതന്നെ പരസ്യരംഗത്തെ നൈതികത ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ.
യൂണീലിവര്‍ ചെയര്‍മാന്‍ പോള്‍ പോള്‍മാന്‍, വീഡിയോ കോളിങ് ആപ്പായ സ്‌കൈപ്പിന്റെ സഹസ്ഥാപകന്‍ ജോനാസ് കെല്‍ബെര്‍ഗ്, പരസ്യരംഗത്തെ ഇതിഹാസം പീയുഷ് പാണ്ഡേ, സാംസങ്ങിന്റെ ആഗോള വൈസ് പ്രസിഡന്റ് പ്രണവ് മിസ്ത്രി, ഇന്‍ഫോസിസ് ചെയര്‍മാനും ആധാറിന്റെ ഉപജ്ഞാതാവുമായ നന്ദന്‍ നിലേകനി, ആലിബാബയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ക്രിസ് തുങ് തുടങ്ങിവര്‍ പ്രഭാഷകരായി എത്തുന്നുണ്ട്. ഇതിനോടകം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഹ്യൂമനോയ്ഡ് റോബോട്ടായ ‘സോഫിയ’യുടെ സാന്നിധ്യമായിരിക്കും മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്.
ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, കജോള്‍ ദേവ്ഗണ്‍, മുന്‍ ടെന്നീസ് താരങ്ങളായ ആന്ദ്രെ അഗാസി, വിജയ് അമൃത്രാജ് എന്നിവരുടെ സാന്നിധ്യവും സമ്മേളത്തിന് തിളക്കം കൂട്ടും.ഫെയ്സ്ബുക്കിന്റെ ഗ്ലോബല്‍ ബിസിനസ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ മാര്‍ക്ക് ഡിയാര്‍സി, ക്വാല്‍കോം ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ പെന്നി ബാല്‍വിന്‍, സോഫ്റ്റ്ബാങ്ക് പാര്‍ട്ട്ണര്‍ മുനിഷ് വര്‍മ്മ, ഗൂഗിളിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ സൈമണ്‍ ഖാന്‍, പ്രോക്ടര്‍ ആന്‍ഡ് ഗാംബിളിന്റെ ചീഫ് ബ്രാന്‍ഡ് ഓഫീസര്‍ മാര്‍ക്ക് പ്രിച്ചാര്‍ഡ്, പ്രൊഫസര്‍മാരായ ഹോഡ് ലിപ്സണ്‍, ബൈറോണ്‍ ഷാര്‍പ്പ് തുടങ്ങിയ പ്രമുഖരും വിവിധ സെഷനുകളില്‍ അതിഥികളായെത്തും.
കാഴ്ചപരിമിതിയുള്ളയാളും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറുമായ ഷീന ആങ്കര്‍, ശശി തരൂര്‍ എം.പി. എന്നിവരും പ്രഭാഷകരായി എത്തുന്നതാണ്. മുപ്പതുരാജ്യങ്ങളില്‍നിന്നുള്ളവരാണ് സമ്മേളന പ്രതിനിധികളായെത്തുന്നത്. മൂന്നുദിവസവും വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. ആദ്യദിനം കേരളത്തിനായാണ് സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടാം ദിവസം മുപ്പത് മോഡലുകളെ അണിനിരത്തിയുള്ള ഫാഷന്‍ ഷോയുമുണ്ട്. 76 രാജ്യങ്ങളിലായി 56 ചാപ്റ്ററുകളാണ് ഐ.എ.എ.യ്ക്കുള്ളത്.
പത്രസമ്മേളനത്തില്‍ ഐ.എ.എ. ആഗോള പ്രസിഡന്റ് ശ്രീനിവാസന്‍ സ്വാമി, സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് ഗുഹ, ഐ.എ.എ. ആഗോള വൈസ് പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍, പ്ലാനിങ് ആന്‍ഡ് മാര്‍ക്കറ്റിങ് ചെയര്‍മാന്‍ രമേഷ് നാരായണന്‍, മാനേജിങ് ഡയറക്ടര്‍ ഡക്മാറ സ്ലൂയിസ് എന്നിവരാണ് സംബന്ധിച്ചത്.