UPDATES

വിപണി/സാമ്പത്തികം

ഇംപ്രസ തുണിക്കച്ചവടം മാത്രമല്ല, നെയ്ത്തുകാര്‍ക്ക് ഒരു കൈത്താങ്ങ് കൂടിയാണ്: വിപ്രോയിലെ ജോലി ഉപേക്ഷിച്ച് സംരംഭകയായ അഞ്ജലി ചന്ദ്രന്റെ വിജയരഹസ്യം

കോഴിക്കോട്ടെ ആദ്യ ഓണ്‍ലൈന്‍ ബ്യൂട്ടിക്കായ ഇംപ്രസ്സ ഹിറ്റാക്കിയത് കോട്ടണ്‍ ലവേഴ്സ്

കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശിയായ അഞ്ജലി ചന്ദ്രന്‍ തികച്ചും യാദൃശ്ചികമായാണ് ഇംപ്രസ എന്ന ബ്യൂട്ടിക്കുമായി ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. ബിറ്റ്സ് പിലാനിയില്‍  നിന്നു എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം നേടിയ അഞ്ജലി വിപ്രോയില്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു. മകള്‍ ചാരു നൈനികയുടെ ജനനത്തോടെ ബാംഗ്ലൂര്‍ വിടാന്‍ തീരുമാനിച്ച അഞ്ജലി നാട്ടിലേക്ക് പോരുന്നതിന് കുറെ കൈത്തറി ചുരിദാര്‍ മെറ്റീരിയലുകള്‍ വാങ്ങി. അന്ന് തുണി വാങ്ങിയ നടത്തിപ്പുകാര്‍ ഇത് നഷ്ടമാണെന്നും തങ്ങള്‍ പൂട്ടാന്‍ പോവുകയാണെന്നും പറഞ്ഞത് അഞ്ജലിയുടെ മനസില്‍ തറച്ചു. അന്ന് കുറേ തുണി നാട്ടിലേക്ക് കൊണ്ടുവന്നു. അതാണ് കോഴിക്കോട് നഗരത്തിലെ ആദ്യ ഓണ്‍ലൈന്‍ ബ്യൂട്ടിക് ആയ ഇംപ്രസയുടെ പിറവിക്ക് കാരണമായത്.

പൊതുവെ വായനയും എഴുത്തും യാത്രകളും ഇഷ്ടപ്പെടുന്നവരായിരുന്നു അഞ്ജലിയും ഭര്‍ത്താവ് ലാജുവും. വ്യത്യസ്തമായ എന്തെങ്കിലും സംരംഭം തുടങ്ങണം എന്ന അഞ്ജലിയുടെ ആഗ്രഹത്തിന് ഭര്‍ത്താവിന്‍റെ പൂര്‍ണ്ണ പിന്തുണയും ഉണ്ടായിരുന്നു. അച്ഛനും അമ്മയുമൊക്കെ പിന്തുണച്ചെങ്കിലും കുടുംബത്തില്‍ നിന്നും മറ്റ് ബന്ധുക്കളില്‍ നിന്നുമൊക്കെ ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ടാണ് അഞ്ജലി തന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കുന്നത്. അഞ്ജലി ഇംപ്രസ തുടങ്ങുമ്പോള്‍ കോഴിക്കോട് നഗരത്തില്‍ മറ്റ് ഓണ്‍ലൈന്‍ ബ്യൂട്ടിക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു വര്‍ഷം കൊണ്ട് അഞ്ജലിയുടെ ഇംപ്രസ ഓണ്‍ലൈനില്‍ ഹിറ്റായി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി മെറ്റീരിയലുകള്‍ വീവേഴ്സിന്റെ കയ്യില്‍ നിന്നു നേരിട്ടുപോയി കളക്ട് ചെയ്താണ് അഞ്ജലി ഫേസ്ബുക്ക് പേജില്‍ വില്‍പ്പനക്ക് വെച്ചത്. യാത്രകളില്‍ ആദ്യകാലങ്ങളില്‍ ഭര്‍ത്താവ് സഹായത്തിനുണ്ടായിരുന്നെങ്കിലും ഫോട്ടോ എടുക്കുന്നതും അപ്ലോഡ് ചെയ്യുന്നതും ഓര്‍ഡര്‍ അനുസരിച്ചു പാക്ക് ചെയ്ത് അയക്കുന്നതും ഒക്കെ അഞ്ജലി തന്നെയായിരുന്നു. അച്ഛനും അമ്മയും സഹായത്തിന് ഉണ്ടായിരുന്നു. രണ്ട് വര്‍ഷത്തെ ഓണ്‍ലൈന്‍ വില്‍പ്പന വിജയമായതോടെ അഞ്ജലി കോഴിക്കോട് എമറാള്‍ഡ് മാളില്‍ ഒരു ഷോപ്പ് തുടങ്ങി. പരസ്യങ്ങള്‍ ഒന്നും ഇല്ലാതെ തന്നെയാണ് അഞ്ജലിയുടെ ബിസിനസ് സംരംഭം വിജയിച്ചത്. ഇപ്പോള്‍ ഓണ്‍ലൈനിലും ഷോപ്പ് വഴിയും വലിയ കുഴപ്പമില്ലാതെ കച്ചവടം നടക്കുന്നുണ്ടെന്ന് അഞ്ജലി പറയുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സംരംഭകര്‍ക്കായി പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാപ്ജെമിനി ഐ ടി കമ്പനി നടത്തുന്ന ഇന്നവേഴ്സ് റൈസിലേക്ക് അഞ്ജലി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. വ്യവസായ മേഖലയിലെ സ്ത്രീ ശാക്തീകരണം, കൂടുതല്‍ വനിതകളെ വ്യവസായ മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നീ ഉദ്ദേശ്യങ്ങളുമായി ഗൂഗിള്‍ ഡെവലപ്പര്‍ ഫോര്‍ വിമെന്‍ ടെക് മേക്കേര്‍സ് നടത്തിയ സമ്മേളനത്തിലും, ഐഐഎമ്മില്‍ ഹെഡ് സ്റ്റാര്‍ട്ട് നടത്തിയ WOW പ്രോജക്റ്റിലും വനിതാ വ്യവസായ സംരംഭക എന്ന നിലയില്‍ സ്റ്റാര്‍ട്ട് അപ്പ് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു സംസാരിക്കാന്‍ അഞ്ജലിക്ക് അവസരം കിട്ടിയിട്ടുണ്ട്. കൂടാതെ കൈരളി പീപ്പിള്‍ യുവ സംരംഭകര്‍ക്കായി നടത്തുന്ന ജ്വാല അവാര്‍ഡില്‍ മികച്ച സാമൂഹ്യോന്‍മുഖ സംരംഭകയ്ക്കുള്ള അവാര്‍ഡും അഞ്ജലിക്ക് ലഭിച്ചു. അവാര്‍ഡുകളൊക്കെ വലിയ പ്രോത്സാഹനമായി കരുതുന്ന അഞ്ജലി ഇപ്പൊഴും കൈത്തറിയിലെ വ്യത്യസ്തതകള്‍ തേടിയുള്ള യാത്രകളിലാണ്.

ഐ ടി മേഖലയിലെ മികച്ച ജോലി വേണ്ടെന്ന് വെച്ചാണ് അഞ്ജലി ഇങ്ങനെയൊരു സംരംഭത്തിന് ഇറങ്ങുന്നത് എന്നോര്‍ക്കണം.

അഞജലിയെ ഇത്തരമൊരു സംരംഭത്തിലേക്ക് നയിച്ചത് കോട്ടണ്‍ വസ്ത്രങ്ങളോടുള്ള ഇഷ്ടം തന്നെയാണ്. കോട്ടണ്‍ ലവേഴ്സ് തന്നെയാണ് ഈ സംരംഭം വിജയിപ്പിച്ചു തന്നതെന്ന് അഞ്ജലി പറയുന്നു.

ഞാന്‍ വിപ്രോയില്‍ അഞ്ചു വര്‍ഷം ജോലി ചെയ്തിരുന്നു. മോളുണ്ടായ സമയത്ത് ബാംഗ്ലൂരില്‍ നിന്നു കോഴിക്കോട്ടേക്ക് ഷിഫ്ട് ചെയ്യാന്‍ തീരുമാനിച്ചു. മോള്‍ നാട്ടില്‍ വളരണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. നാട്ടില്‍ വന്നിട്ട് വേറെ എന്തെങ്കിലും ചെയ്യണം എന്നു തീരുമാനിച്ചിരുന്നു. അങ്ങനെ ഒരു പ്ലാനൊന്നും ഉണ്ടാരുന്നില്ല. നാട്ടിലേക്കു മടങ്ങുന്ന സമയത്ത് ഞാന്‍ വെറുതെ ഒരു സ്ഥലത്തു പോയിട്ട് എനിക്കു കുറച്ചു കോട്ടണ്‍ മെറ്റീരിയല്‍ വേണം എന്നു പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു ഞങ്ങള്‍ ഇതൊക്കെ പൂട്ടാനുള്ള ശ്രമത്തിലാണ്. ആള്‍ക്കാരുടെ ഡിമാന്‍ഡ് ഒന്നും ഇല്ല. എല്ലാം നഷ്ടത്തിലാണ് എന്നൊക്കെ. അങ്ങനെ കുറച്ചു തുണികളും വാങ്ങിയാണ് ഞാന്‍ വന്നത്. ഞാന്‍ അവരോടു പറഞ്ഞു, നിങ്ങള്‍ ചെയ്തോളൂ ഞാന്‍ എന്നെകൊണ്ടാകുന്ന രീതിയില്‍ ഹെല്പ് ചെയ്യാം എന്ന്. അങ്ങനെയാണ് ഞാന്‍ ഫേസ്ബുക്ക് പേജ് തുടങ്ങി ഇത് സ്റ്റാര്‍ട്ട് ചെയ്തത്. അങ്ങനെ തുടങ്ങിയപ്പോള്‍ അവരുടെ പ്രൊഡക്ഷനും കൂടി. ഞങ്ങള്‍ തുടങ്ങിയ സമയത്ത് ഓണ്‍ലൈനില്‍ ഏറ്റവും നല്ല കളക്ഷന്‍സ് ഇംപ്രസയുടെതായിരുന്നു. ഇപ്പോള്‍ ഒരുപാട് പേര്‍ ചെയ്യുന്നുണ്ട്.

ഫേസ്ബുക്കില്‍ അധികം പേജുകളും ഇല്ലായിരുന്നു. കോഴിക്കോട് ആദ്യത്തെ ഓണ്‍ലൈന്‍ ബ്യൂട്ടിക് ഇംപ്രസ ആയിരുന്നു.

ബിറ്റ്സില്‍ പഠിക്കുമ്പോള്‍ എനിക്കു എല്ലാ സ്റ്റേറ്റ്സിലെയും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരോടു ചോദിച്ച് ചോദിച്ച് ഞാന്‍ പല സംസ്ഥാനങ്ങളില്‍ നിന്നു വെറൈറ്റിയായിട്ടുള്ള തുണികള്‍ കൊണ്ടു വരാന്‍ തുടങ്ങി. രണ്ട് വര്‍ഷം ഒക്കെ ആകുമ്പോഴേക്കും ഫേസ്ബുക്ക് അത്യാവശ്യം നന്നായിട്ടു ക്ലിക്കായി. ഞാന്‍ സ്ഥിരമായി കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന ഒരാളാണ്. ശരിക്കും കോട്ടണ്‍ ലവേര്‍ഴ്സ് ആണ് ഇത് ഹിറ്റാക്കി തന്നത്.

ആദ്യത്തെ രണ്ടു വര്‍ഷം ഞാനും കുടുംബവും തന്നെയായിരുന്നു ഓണ്‍ലൈന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. തുടക്കത്തില്‍ ഭര്‍ത്താവ് നാട്ടില്‍ ഉണ്ടായിരുന്നത് കൊണ്ട് യാത്രകളില്‍ ഒക്കെ പുള്ളി കൂടെ വരുമായിരുന്നു. പിന്നെ ഞാനും അച്ഛനും അമ്മയും ഒക്കെ ചെയ്തു. ഫോട്ടോ എടുക്കലും അപ്ലോഡ് ചെയ്യലും അയയ്ക്കലും ഒക്കെ ഞാന്‍ തന്നെയാണ് ചെയ്തത്. സത്യം പറഞ്ഞാല്‍ ഒരു വണ്‍മാന്‍ ഷോ തന്നെയായിരുന്നു. പിന്നെ ഷോപ്പ് ആയപ്പോഴാണ് ഞാന്‍ സ്റ്റാഫിനെ ഒക്കെ നിറുത്തിയത്.

രണ്ടു വര്‍ഷം ആയപ്പോള്‍ തന്നെ ആളുകള്‍ നേരിട്ടു വന്ന് എടുക്കട്ടെ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഇത് ഡെവലപ് ചെയ്യാന്‍ തീരുമാനിച്ചത്. ഞാന്‍ ആ സമയത്ത് കിന്‍ഫ്രയില്‍ പ്രൊജക്റ്റ് മാനേജരായിട്ട് വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. കോഴിക്കോട് മാവൂര്‍ റോഡില്‍ എമറാള്‍ഡ് മാളില്‍ കട തുടങ്ങുന്നത് അങ്ങനെയാണ്. അത് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ പിന്നെ ഞാന്‍ പൂര്‍ണ്ണമായി ഇതില്‍ തന്നെയായി. അത് ആദ്യമേ ഞാന്‍ ഉറപ്പിച്ചതായിരുന്നു. ഷോപ്പ് തുടങ്ങി രണ്ട് വര്‍ഷമായപ്പോള്‍ ഞങ്ങള്‍ സ്വന്തമായി വെബ് സൈറ്റ് തുടങ്ങി. അന്നത്തെ നാഷണല്‍ ഹാന്‍റ്ലൂം ബോര്‍ഡ് ഡയറക്ടറായിരുന്നു അത് ഉദ്ഘാടനം ചെയ്തത്. കടയില്‍ ഒരു സ്റ്റാഫ് ഉണ്ട്. പിന്നെ സൈറ്റില്‍ രണ്ട് പേരുണ്ട്. കട വഴിയും ഓണ്‍ലൈന്‍ വഴിയും കച്ചവടം ഉണ്ട്. കടയില്‍ വരുന്നത് കൂടുതലും മൌത്ത് പബ്ലിസിറ്റിയിലൂടെ അറിഞ്ഞു വരുന്നവരാണ്. കൂടുതലും ഓണ്‍ലൈന്‍ വഴിയാണ്. ഞങ്ങള്‍ അധികം പരസ്യത്തിന്‍റെ പിറകെ പോകാറില്ല. ഞങ്ങളുടെത് ഒരു ചെറിയ സംരംഭമാണ്. നാലു വര്‍ഷം കഴിഞ്ഞു അഞ്ചാമത്തെ വര്‍ഷം സ്റ്റാര്‍ട്ട് ചെയ്തു. രണ്ടാമത്തെ വര്‍ഷം കഴിഞ്ഞപ്പോഴാണ് കട തുടങ്ങിയത്. വലിയ നഷ്ടങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഞങ്ങള്‍ സ്റ്റോക് ചെയ്യാതെ പ്രൊഡക്ട് വെക്കാറില്ല. പലരും സ്റ്റോക് ചെയ്യാതെയാണ് പ്രൊഡക്ട് വെക്കുന്നത്.

വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും സപ്പോര്‍ട്ടാണ് ഈ സംരംഭം വിജയിപ്പിക്കുന്നതില്‍ പ്രധാനം എന്നാണ് അഞ്ജലിയുടെ അഭിപ്രായം.

കോഴിക്കോട് തിരുവങ്ങൂരാണ് എന്‍റെ വീട്. ഇപ്പോള്‍ പാറോപ്പടിയാണ് ഞാന്‍ താമസിക്കുന്നത്. അച്ഛന്‍ ചന്ദ്രന്‍ നായര്‍ വെറ്റനറി ഡിപ്പാര്‍ട്മെന്‍റില്‍ ആയിരുന്നു. അമ്മ സതി ഹൌസ് വൈഫാണ്. അമ്മയാണ് എന്‍റെ റോള്‍ മോഡല്‍. രണ്ട് ചേട്ടന്‍മാരുണ്ട്. ഭര്‍ത്താവ് ഇപ്പോള്‍ ജിദ്ദയിലാണ്. ഫാമിലി ലൈഫും ബിസിനസും ഒക്കെ ഒരു വിധം ബാലന്‍സ് ചെയ്തു പോകുന്നു. മോള്‍ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്നു. യാത്രകളില്‍ ഒക്കെ ഞാന്‍ മോളെയും കൊണ്ടു പോകാറുണ്ട്. വണ്‍ വീക് ടൂ വീക് ഒക്കെ ലീവെടുത്താണ് മോളെ കൊണ്ട് പോകുന്നത്. വീട്ടില്‍ നിന്നു തുടക്കം മുതല്‍ നല്ല സപ്പോര്‍ട്ടാണ്.

ഹസ്ബന്റ് ഫുള്‍ സപ്പോര്‍ട്ട് ആയിരുന്നു. വായന, എഴുത്ത്, യാത്രകള്‍ ഇതൊക്കെയാണ് ഞങ്ങള്‍ക്ക് താത്പര്യം. പുള്ളി എപ്പോഴും പറയും നമ്മള്‍ എത്ര നേടി എന്ന് ഒരിക്കലും നോക്കണ്ട. എന്തു നേടി എന്ന് നോക്കി ജീവിച്ചാല്‍ മതിയെന്ന്. പൈസ എത്ര എന്ന് നോക്കിയിട്ടല്ല, നേരെ മറിച്ച് നീ ചെയ്യുന്ന ജോലിയില്‍ നീ സംതൃപ്ത ആകുന്നുണ്ടെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം അതൊന്നും ഒരു പ്രശ്നം അല്ല എന്ന് പറയും. നമ്മള്‍ ഇതില്‍ നിന്നു ഒരുപാട് പ്രതീക്ഷിക്കുന്നൊന്നും ഇല്ല.  ആദ്യം ഞാന്‍ വല്യ പബ്ലിസിറ്റി ഒന്നും കൊടുത്തിട്ടില്ല. ബന്ധുക്കളില്‍ നിന്നൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. നല്ല ജോലി കളഞ്ഞിട്ട് ഇങ്ങനെ ഒരു ഫീല്ഡ് തിരഞ്ഞെടുത്തതിന്. പി എസ് സി ടെസ്റ്റുകള്‍ എഴുതാനൊക്കെ ഉപദേശിച്ചവരുണ്ട്. പിന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തിയിട്ട് നമ്മള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ പിന്നെ എല്ലാവരും പറയുന്നത് നിര്‍ത്തി. ഇപ്പോള്‍ കുറെ പേര്‍ക്കൊക്കെ കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു.

പണവും പ്രശസ്തിയും മാത്രം മോഹിച്ചല്ല അഞ്ജലി ഈ സംരംഭം തുടങ്ങിയത്. കൈത്തറി തൊഴിലാളികള്‍ക്ക് ഒരു കൈത്താങ്ങ് കൂടിയായിട്ടാണ്. ഇംപ്രസ്സയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്ന വീവേഴ്സുമായി നല്ല അടുപ്പമാണ് അഞ്ജലിക്ക്. അവരുടെ പ്രശ്നങ്ങളില്‍ ഒക്കെ അഞ്ജലി ഇടപെടാറുണ്ട്.

ഞാന്‍ തന്നെയാണ് കളക്ഷന് പോകുന്നത്. ആദ്യകാലങ്ങളില്‍ ഭര്‍ത്താവ് സ്ഥലത്തുള്ളപ്പോള്‍ കൂടെ വരുമായിരുന്നു. പിന്നെ അച്ഛനും അമ്മയും ഒക്കെ വരുമായിരുന്നു. മോള്‍ കൈക്കുഞ്ഞായിരിക്കുമ്പോള്‍ അവളെയും കൊണ്ടായിരുന്നു യാത്രകള്‍. കുറെയൊക്കെ ഞാന്‍ തനിയെയാണ് പോകുന്നത്. ഇപ്പോള്‍ എല്ലാവരുമായി പരിചയമായി. പിന്നെ വീവെഴ്സും ഫാമിലിയും ഒക്കെ ആയിട്ട് നല്ല ബന്ധമാണ്. അതുകൊണ്ട് ചെന്നു കഴിഞ്ഞാല്‍ വല്യ കുഴപ്പമില്ലാതെ കാര്യങ്ങള്‍ നടക്കും. നമ്മള്‍ അഡ്ജസ്റ്റ് ആകണം എന്നേയുള്ളൂ. കാരണം ഇവിടത്തെ ഒരു സ്റ്റൈല്‍ അല്ലല്ലോ. ടെക്നോളജി ഒക്കെ ഞങ്ങള്‍ ഇവരെ പഠിപ്പിച്ചിട്ടുണ്ട്. വാട്സ് ആപ്പും ഫേസ്ബുക്കുമൊക്ക. ഇവരെ ഒരുപാട് പേര്‍ പറ്റിക്കുന്നുണ്ട്. ഇവര്‍ക്ക് ഒന്നും അറിയില്ലായിരുന്നു. സ്റ്റോക് എടുക്കാതെ ചെയ്യുന്ന ചിലരുണ്ട്. ഇവരുടെ അടുത്ത് നിന്ന് ഫോട്ടോ വാങ്ങി, അത് പോകുന്നുണ്ടെങ്കില്‍ മാത്രം എടുക്കാം എന്നുള്ള രീതിയില്‍ ഓണ്‍ലൈനില്‍ ഇടും. അത് നമുക്കും അടിയാണ്. അതേപോലെ തന്നെ വീവേഴ്സിനും അടിയാണ്. അവരെ സംബന്ധിച്ചിത്തോളം ഈ സാധനം പോകുന്നില്ല എന്ന് കാണുമ്പോള്‍ ഇവര്‍ ഈ പ്രൊഡക്ഷന്‍ എടുക്കില്ല. ശരിക്കും അത് ഇന്‍ഡസ്ട്രിയെ തകര്‍ക്കുന്ന പരിപാടിയാണ്. ഞങ്ങള്‍ ശരിക്കും ഒരു മിഷന്‍ ആയിട്ടാണ് ചെയ്യുന്നത്. അവരുടെ പ്രൊഡക്ഷന്‍ നിന്നു പോകാത്ത രീതിയിലാണ് ഞങ്ങള്‍ ചെയ്യുന്നത്.

ഇംപ്രസ ഹിറ്റായപ്പോള്‍ ഓണ്‍ലൈന്‍ തുടങ്ങാന്‍ വേണ്ടി പലരും വിളിച്ച് ചോദിക്കും സോഴ്സ് പറഞ്ഞു തരുമോ എന്ന്. ഞങ്ങള്‍ ദിവസങ്ങളോളം വെള്ളം പോലും കുടിക്കാതെ കണ്ടു പിടിക്കുന്ന സാധനങ്ങളാണ് അവര്‍ക്ക് ഓരോറ്റ സെക്കന്‍റ് കൊണ്ട് വേണ്ടത്. ആള്‍ക്കാരുടെ വിചാരം ഇതിന്റെ പ്രശസ്തിയും പണവുമാണ്. പക്ഷേ അതിനൊക്കെ അപ്പുറത്ത് ഇതിന് വേറെ ഒരു ഫെയ്സ് ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കാര്യങ്ങളോ വീട്ടിലെ കാര്യങ്ങളോ വരുന്നതിന് മുന്‍പ് വീവേഴ്സിന്റെ കാര്യമാണ് വരുന്നത്. അവരുടെ പേഴ്സണല്‍ കാര്യങ്ങളില്‍ ഒക്കെ ഞാന്‍ ഇടപെടാറുണ്ട്. നീ വീവേഴ്സിന്റെ മക്കളുടെ കല്യാണമൊക്കെ നടത്താന്‍ നടന്നോ എന്നൊക്കെ എല്ലാവരും എന്നെ കളിയാക്കാറുണ്ട്. കുറേയൊക്കെ അങ്ങനെ വേണം. അല്ലാതെ അവരെ ചൂഷണം ചെയ്തു നമ്മള്‍ ലാഭം ഉണ്ടാക്കുകയല്ല വേണ്ടത്- അഞ്ജലി പറയുന്നു.

 

തുടക്കത്തില്‍ അധികം വെല്ലുവിളികള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും ഓണ്‍ലൈന്‍ ബിസിനസ് രംഗത്തേക്ക് കുറെ പേര്‍ കടന്നു വന്നതോടെ ഒരുപാട് പ്രശ്നങ്ങളും ഉണ്ടെന്ന് അഞ്ജലി പറഞ്ഞു.

ഞാന്‍ ഇഷ്ടംപോലെ ഓണ്‍ലൈന്‍ സൈറ്റുകാരെ കാണാറുണ്ട്. ഒന്നുകില്‍ ഇതിന്റെ വില അവര്‍ ഒരുപാട് കൂട്ടിയിടും. അല്ലെങ്കില്‍ നമ്മള്‍ എങ്ങനെ ഇടുന്നു എന്ന് നോക്കിയിട്ട് അതിന്റെ താഴെയുള്ള വിലയിടും. അപ്പോള്‍ ഞങ്ങള്‍ക്ക് കസ്റ്റമേഴ്സ് കുറയുമല്ലോ. ആദ്യത്തെ ഒരു ആവേശം മാത്രമേ ഉണ്ടാകൂ. പിന്നെ അവര്‍ തുണി വാങ്ങില്ല. പലപ്പോഴും വീവേഴ്സ് ഇക്കാര്യം ഞങ്ങളോടു പറയാറുണ്ട്. അങ്ങനെയൊക്കെയുള്ള പ്രശ്നങ്ങള്‍ ഇതിനകത്തുണ്ട്. ഇപ്പോള്‍ പലരും വെറുതെ ഒരു പേജ് തുടങ്ങിയിട്ട് ആളുകളെ പറ്റിക്കുന്നുണ്ട്. പൈസ വാങ്ങിയിട്ട് അയച്ചുകൊടുക്കാത്ത പ്രശ്നങ്ങള്‍ ഒക്കെയുണ്ട്. അത് ഞങ്ങളെപ്പോലെ സത്യസന്ധമായി ചെയ്യുന്നവര്‍ക്ക് വലിയ വെല്ലുവിളിയാണ്. കുറെ പേര് പൈസ പോയെന്ന് പരാതി പറയുന്നത് കണ്ടിട്ടുണ്ട്. അത് ക്രെഡിബിലിറ്റിയുടെ പ്രശ്നമാണ്. എനിക്ക് അതത്ര പ്രശ്നം ഉണ്ടാക്കുന്നില്ല. കാരണം കുറെ ഫീച്ചറുകള്‍ ഒക്കെ വന്നത് കൊണ്ട് ഇങ്ങനെ ഒരാള്‍ മുന്നിലുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം.

കാപ്ജെമിനി മത്സരത്തില്‍ ഒന്നാം റൌണ്ടില്‍ എത്തിയതിലും കൈരളി ജ്വാല അവാര്‍ഡ് ലഭിച്ചതിലും സന്തോഷമുണ്ടെന്നും എന്നാല്‍ അവാര്‍ഡുകള്‍ക്കും പ്രശസ്തിക്കും വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നതെന്നും അഞ്ജലി പറയുന്നു. അവാര്‍ഡ് ലഭിച്ചതും വാര്‍ത്തകള്‍ വന്നതുമൊക്കെ മുമ്പ് കുറ്റപ്പെടുത്തിയവരുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും അഞ്ജലി പറഞ്ഞു.

കൈരളി ജ്വാലയുടെ സാമൂഹ്യോന്മുഖ യുവ സംരംഭക അവാര്‍ഡാണ് കിട്ടിയത്. കാഷ് പ്രൈസും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. കൈരളിയുടെ ഈ സംരംഭം പ്രശംസനീയമാണ്. മികച്ച സാമൂഹ്യോന്മുഖ അവാര്‍ഡ് ഒന്നും ആരും കൊടുക്കാറില്ല. അത് ഇത്തരം സംരംഭകര്‍ക്ക് ഒരു പ്രചോദനമാണ്. ഞാന്‍ ഇതില്‍ ഒന്നും ഇടപെടാറില്ല. നോമിനേഷന്‍ അയയ്ക്കുന്നതൊക്കെ കൂട്ടുകാരാണ്. തുടക്കം മുതല്‍ സുഹൃത്തുക്കള്‍ നല്ല സപ്പോര്‍ട്ടായിരുന്നു. കാപ് ജെമിനിയുടെ മത്സരത്തില്‍ പങ്കെടുത്തത് എന്‍റെ ഒരു ഫ്രണ്ട് വഴിയാണ്. കമ്പനിയുടെ 50-ആം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ഈ മത്സരം നടന്നത്. അഞ്ചു വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തില്‍ സാമൂഹിക സംരംഭകര്‍ക്കുള്ള വിഭാഗത്തിലാണ് എന്നെ തിരഞ്ഞെടുത്തത്. 100 കമ്പനികളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. ഇന്ത്യയില്‍ നിന്നു കുറെപ്പേരുണ്ടായിരുന്നു. പക്ഷേ അതില്‍ വുമണ്‍ ഫൌണ്ടര്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, 1400 കമ്പനികള്‍ മത്സരിച്ചതില്‍ ഇംപ്രസയ്ക്കായിരുന്നു ഹൈയസ്റ്റ് പബ്ലിക് വോട്ടിംഗ്. ഇപ്പോള്‍ ടോപ് ഫിഫ്റ്റിയില്‍ ഞങ്ങളും ഉണ്ട്. ഇനിയും രണ്ട് റൌണ്ട് ഉണ്ട്. ഇന്‍റര്‍വ്യൂസും മറ്റ് കാര്യങ്ങളും ഒക്കെ ഉണ്ടാകും. എന്തൊക്കെയാണെന്ന് കൃത്യമായിട്ട് അറിയില്ല. ഫോറിനേഴ്സിനോടാണ് മത്സരിക്കേണ്ടത്. അതിനെ കുറിച്ചൊന്നും ആലോചിക്കുന്നില്ല. ഇതൊന്നും പ്രതീക്ഷിച്ചല്ല ഇംപ്രസ്സ തുടങ്ങിയത്.

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാരമ്പര്യ കൈത്തറി തൊഴിലാളികളില്‍ നിന്നു മെറ്റീരിയലുകള്‍ കളക്ട് ചെയ്താണ് അഞ്ജലി ഇംപ്രസയിലൂടെ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ പവര്‍ലൂമിനെയും ആശ്രയിക്കേണ്ടി വരാറുണ്ടെന്നും പൂര്‍ണ്ണമായി ഹാന്‍റ്ലൂമിലേക്ക് മാറ്റണം എന്നാണ് ആഗ്രഹം എന്നും അഞ്ജലി പറയുന്നു.

ഞങ്ങള്‍ ഇപ്പോള്‍ പവര്‍ലൂമിനെ കുറച്ചൊക്കെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ എന്റെ ഫോക്കസ് ഇപ്പോള്‍ ഉള്ള പവര്‍ലൂമിനെ കൂടി ഒഴിവാക്കിക്കൊണ്ട് മാക്സിമം ഹാന്‍ഡ് ലൂമിന്റെ വെറൈറ്റീസ് കൊണ്ട് വരിക എന്നുള്ളതാണ്. അതത്ര എളുപ്പമല്ല.

പുതിയ കുറച്ച് പദ്ധതികളുടെ ആലോചനയിലാണ് അഞ്ജലി. “മൂന്നു വര്‍ഷത്തിനുള്ളില്‍ പുതിയ പ്രോഡക്ട്സ് വരുന്നുണ്ട്. ശാരീരികമായി വെല്ലുവിളി നേരിടുന്ന ആള്‍ക്കാര്‍ക്ക് വേണ്ടിയിട്ടുള്ള ചില കാര്യങ്ങളും ആലോചിക്കുന്നുണ്ട്.” ബിസിനസിന് സാമൂഹ്യ പ്രതിബദ്ധതയുടെ മുഖം കൂടി നല്കിയ അഞ്ജലിയുടെ വാക്കുകളില്‍ ആത്മവിശ്വാസം നിറഞ്ഞു നില്‍ക്കുന്നു.

ഇംപ്രസയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം: http://impresa.in/

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍