UPDATES

വിപണി/സാമ്പത്തികം

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ബിസ്‌കറ്റ് വില്‍പ്പനയും കുറയുന്നു; പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടും

പാര്‍ലെയുടെ മുഖ്യ വിപണി എതിരാളികളായ ബ്രിട്ടാനിയയും സമാനമായ സാഹചര്മാണ് നേരിടുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്‌കറ്റ് നിര്‍മ്മാതാക്കളായ പാര്‍ലെ പ്രൊഡക്ട്ര പ്രൈവറ്റ് ലിമിറ്റഡ് പതിനായിരം ജോലിക്കാരെ പിരിച്ചുവിടുന്നു. ഗ്രാമപ്രദേശങ്ങളില്‍ വലിയതോതില്‍ വില്‍പ്പന ഇടിഞ്ഞതാണ് പിരിച്ചുവിടലിന് കാരണമായി പറയുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ കാര്‍ മുതല്‍ വസ്ത്രങ്ങള്‍ വരെയുള്ളവയുടെ വിപണി തകര്‍ച്ച നേരിടുകയാണ്.

ഇതോടെ ഉല്‍പ്പാദനം കുറച്ച ഈ സ്ഥാപനങ്ങള്‍ സാമ്പത്തിക സുസ്ഥിരതയ്ക്കായി സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ്. അതേസമയം പാര്‍ലെയുടെ ബിസ്‌കറ്റ് വിപണനത്തില്‍ കുത്തനെയുള്ള ഇടിവാണുണ്ടായത്. ഇത് വന്‍തോതില്‍ ഉല്‍പ്പാദനം കുറയ്ക്കാനും 8000 മുതല്‍ 10000 വരെ തൊഴിലാളികളെ പിരിച്ചുവിടാനും കാരണമാകും. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെട്ടില്ല സ്ഥിതിഗതികള്‍ കൂടുതല്‍വഷളാകുമെന്നാണ് പാര്‍ലെയുടെ കാറ്റഗറി ഹെഡ് മയങ്ക് ഷാ പറയുന്നത്.

1929ല്‍ ആരംഭിച്ച പാര്‍ലെയ്ക്ക് ഉടമസ്ഥതയിലുള്ള 10 ഫാക്ടറികളിലും 125 കരാര്‍ കേന്ദ്രങ്ങളിലുമായി ഒരു ലക്ഷം ജീവനക്കാരാണുള്ളത്. 2017ല്‍ സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയതോടെ അഞ്ച് രൂപ വിലയുള്ള പാര്‍ലെ-ജി ബിസ്‌കറ്റിന് പോലും വലിയ ലെവി നല്‍കേണ്ട അവസ്ഥയാണ്. അതോടെ പാക്കറ്റിലെ ബിസ്‌കറ്റുകളുടെ എണ്ണം കുറയ്‌ക്കേണ്ട അവസ്ഥയിലാണ് തങ്ങളെത്തിയതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഗ്രാമീണ ഇന്ത്യയിലെ പാവപ്പെട്ടവരാണ് പാര്‍ലെ-ജിയുടെ ഈ പാക്കറ്റുകള്‍ വാങ്ങുന്നത്. പാര്‍ലെയുടെ വരുമാനത്തിന്റെ പകുതി ഇതില്‍ നിന്നാണ്.

ഉപഭോക്താക്കള്‍ വിലയില്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. അതേസമയം പഴയ വിലയ്ക്ക് തന്നെ ഇപ്പോഴും എത്ര ബിസ്‌കറ്റ് കിട്ടുന്നുണ്ടെന്നും അവര്‍ നിരീക്ഷിക്കും. മുന്‍ വര്‍ഷങ്ങളില്‍ 1.4 ബില്യണ്‍ ഡോളര്‍ ആയിരുന്നു പാര്‍ലെ ജിയുടെ വാര്‍ഷിക വരുമാനം. പാര്‍ലെ ഗ്ലൂക്കോ എന്നറിയപ്പെട്ടിരുന്ന ഇവര്‍ പിന്നീട് പാര്‍ലെ-ജി എന്ന് പേര് മാറ്റുകയായിരുന്നു. 80കളിലും 90കളിലും വീടുകള്‍ക്കുള്ളിലെ പരിചിതമായ പേരായി ഇത് മാറി. 2003ല്‍ ലോകത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ബിസ്‌കറ്റ് ആയി ഇത് പരിഗണിക്കപ്പെട്ടു.

പാര്‍ലെയുടെ മുഖ്യ വിപണി എതിരാളികളായ ബ്രിട്ടാനിയയും സമാനമായ സാഹചര്മാണ് നേരിടുന്നത്. ഇന്ന് മാത്രം ബ്രിട്ടാനിയയുടെ ഓഹരി സൂചിക 1.5 ശതമാനം താഴ്ന്നിരുന്നു. ബുധനാഴ്ച തുടക്കത്തില്‍ 3.9 ശതമാനം വിലയിടിവില്‍ ആരംഭിച്ച ഓഹരി വിപണി ഉച്ചയോടെ 1.5 ശതമാനം ഇടിവിലെത്തുകയായിരുന്നു.

also read:ഇടതനായി തുടങ്ങി, കോര്‍പ്പറേറ്റുകളുടെയും അതിശക്ത ഭരണകൂടത്തിന്റെയും വക്താവായി, ഒളിവില്‍ പോകേണ്ടി വന്ന പളനിയപ്പന്‍ ചിദംബരത്തിന്റെ ജീവിതമിങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍