UPDATES

വിപണി/സാമ്പത്തികം

പല മോഡലുകളും ജോഡിയായി നിൽക്കാൻ വിസമ്മതിച്ച കരാള്‍ക്കടയുടെ സൂപ്പര്‍ മോഡല്‍

‘ജെൻഡറിന് പല നിറങ്ങളുണ്ട്. പക്ഷേ കസവ് ഒറ്റ നിറത്തിലേ ഒള്ളൂ’ എന്നാണ് ഈ ഹോര്‍ഡിംഗുകളിൽ എഴുതിയിരിക്കുന്നത്

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

കൃത്യമായ സൗന്ദര്യ മാനദണ്ഠങ്ങൾ പാലിക്കുന്ന പ്രൊഫഷണല്‍ മോഡലുകൾ വാഴുന്ന പരസ്യചിത്രങ്ങളാണ് നമ്മുടെ പാതയോരങ്ങൾക്ക് സുപരിചിതം. ആണുങ്ങളേയും പെണ്ണുങ്ങളേയും മാത്രം മോഡലാക്കിയിരുന്ന പരസ്യ മേഖലയിലെ കിടുക്കനൊരു മാറ്റം കാണണമെങ്കിൽ തൃശ്ശൂർ റൗണ്ടിലെ ഒരു പരസ്യ ബോർഡ് പോയി നോക്കൂ.

കരാൾക്കട എന്ന കസവു കടയുടെ ഏറ്റവും പുതിയ പരസ്യത്തിൽ സ്വർണ്ണക്കസവിന്‍റെ ലാസ്യഭംഗിയിൽ പോസ് ചെയ്തിരിക്കുന്നത്
ഒരു ട്രാൻസ്ജെൻഡറാണ്. കേരളം ആദ്യമായിട്ടാകും ഇത്തരമൊരു പരസ്യ ബോർഡ് കാണുന്നത്. അഭിനേത്രിയായ ഗൗരി സാവിത്രിയാണ് കരാൾക്കടയുടെ ഈ സൂപ്പർ മോഡൽ. അരലക്ഷത്തിലേറെ പേർ സോഷ്യല്‍ മീഡിയയിൽ പിന്തുടരുന്ന, മോഡലിങ്ങ് രംഗത്ത് മുൻപരിചയമുള്ള ആളാണ് ഗൗരി.

“എന്നെ പോലൊരാളെ സംബന്ധിച്ച് വളരെ നല്ലൊരു അവസരമായിരുന്നു. ശർമ്മിള ആദ്യം വിളിച്ച് ഇത്തരം ഒരു പ്രൊജക്ടിനെ കുറിച്ച് പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. ഒരുപാട് മോഡലുകളെ കിട്ടുമായിരുന്നിട്ടും കരാൾക്കട പോലെ മുൻ നിരയിലുള്ള ഒരു സ്ഥാപനം എന്നെ തിരഞ്ഞെടുത്തതെന്താണെന്നായിരുന്നു സംശയം. അന്ന് അങ്ങനെ സംസാരിച്ചെങ്കിലും പിന്നെ ഞാനത് മറന്നു. യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്നാണ് സത്യം. പിന്ന് ഷർമ്മിള വിളിക്കുന്നത് സാരിയുടേയും ആഭരണങ്ങളുടേയും കാര്യം പറയാനാണ്. വർക്ക് തുടങ്ങിയപ്പൊ എല്ലാം എളുപ്പമായിരുന്നു. എന്‍റെ ഒരു ഫോട്ടോയിലെ ഒരു പ്രത്യേക ലുക്കായിരുന്നു അവർക്ക് ആവശ്യം. അതങ്ങനെ കിട്ടാൻ വേണ്ടി എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാമല്ലോ. ഹോം വർക്കൊന്നും വേണ്ടി വന്നില്ല. ഒരു ദിവസം കൊണ്ട് ഷൂട്ട് തീർന്നു.” ഗൗരി പറയുന്നു.

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ജീവിതം; അല്ല, പോരാട്ടം

തിരുവനന്തപുരത്തുകാർക്ക് വർഷങ്ങളുടെ പരിചയമുള്ള വസ്ത്രശാലയാണ് കരാൾക്കട. തിരുവിതാംകൂർ രാജാക്കൻമാർക്ക് കസവ് വസ്ത്രങ്ങൾ നെയ്യാനായി എത്തിച്ച നെയ്ത്തുകാർ ആരംഭിച്ച സ്ഥാപനം. സ്വന്തം നെയ്ത്തുശാലയിൽ നെയ്തെടുക്കുന്ന കസവുവസ്ത്രങ്ങൾ മാത്രം വിൽപനക്കുള്ള സ്ഥാപനത്തിൻറെ ഇപ്പോഴത്തെ മേൽനോട്ടക്കാരി കുടുംബത്തില്‍ മരുമകളായെത്തിയ ദീപ സദാനന്ദനാണ്.

തൃശ്ശൂര്‍ ഇക്കണ്ടവാര്യര്‍ റോഡിൽ ആരംഭിക്കുന്ന പുതിയ കടയുടെ പ്രചരണാർത്ഥം പരസ്യങ്ങൾ ചെയ്യുമ്പോഴാണ് പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഒന്ന് ചെയ്യണമെന്ന് ദീപ ആലോചിക്കുന്നത്. ഡോക് ആർട്ട് പ്രൊഡക്ഷനിലെ രതീഷ് രവീന്ദ്രനും ഷർമിളയുമാണ് ആ ആവശ്യത്തെ മനോഹരമായ ആശയങ്ങളിലേക്ക് രൂപമാറ്റം ചെയ്തത്.

‘ജെൻഡറിന് പല നിറങ്ങളുണ്ട്. പക്ഷേ കസവ് ഒറ്റ നിറത്തിലേ ഒള്ളൂ’ എന്നാണ് ഈ ഹോര്‍ഡിംഗുകളിൽ എഴുതിയിരിക്കുന്നത്. ആൺ പെൺ ബൈനറികളിൽ നിന്ന് ലിംഗ സങ്കൽപ്പങ്ങളെ മാറ്റി ചിന്തിക്കുകയെന്ന ഉദ്ദേശത്തോടു കൂടിയാണ് ഇങ്ങനെയൊരു കാപ്ഷനിലേക്കെത്തിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ മുഖചിത്രം; വനിതയുടെ അഴകളവുകള്‍ മാറിയിട്ടേയില്ല

ഡോക് ആർട്ടിലെ ഷർമ്മിളയുടെ ഡിസൈനിങ്ങ് ബ്രാൻഡായ റെഡ് ലോട്ടസിന്‍റെ മോഡലായാണ് ഗൗരി സാവിത്രി മോഡലിങ്ങ് രംഗത്ത് ചുവട് വെയ്ക്കുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്ത ഡിസൈനർ സാരികളിൽ ഒരുങ്ങിയ ഗൗരിയുടെയും സുഹൃത്ത് മായ ആൻ ജോസഫിന്റെയും പരസ്യ ചിത്രങ്ങളെ കുറിച്ചു അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാൾക്കടയുടെ പരസ്യത്തിൽ ഗൗരിക്കൊപ്പമെത്തുന്നത് മത്തായി ബിബിനാണ്. ‘ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത്’ എന്ന സോഷ്യല്‍ മീഡിയയിൽ വൈറലായ ഷോർട്ട് ഫിലിമിലെ അച്ചന്‍ പട്ടത്തിന് പോയ അതേ ‘ചക്കര’! പല മോഡലുകളും ഒരു ട്രാന്‍സ്ജെന്‍ഡറിന്‍റെ ജോഡിയായി നിൽക്കാൻ വിസമ്മതിച്ച് പിൻമാറിയപ്പോഴാണ് ബിബിൻ ആവേശപൂർവ്വം ഇത് ഏറ്റെടുത്തത്.

വെളുത്ത നിറമല്ലാത്തതോ, തടി കൂടിയതോ ഒക്കെ സൗന്ദര്യ പ്രശ്നങ്ങളായി കാണുന്നതും ട്രാന്‍സ്ജെൻഡർ കമ്മ്യൂണിറ്റിയോടുള്ള മോശം സമീപനവും മാറാന്‍ സഹായിക്കുന്ന ചെറിയ ഒരു ഇടപെടലെങ്കിലും ആകാൻ ഈ കാംപയിന്‍ ഇടയാകണം എന്നതാണ് ദീപയുടെ ആഗ്രഹം. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് സമീപം റൗണ്ടിലായി വെച്ചിരിക്കുന്ന ഗൗരിയുടെ ചിത്രമുള്ള ബോർഡിന് പുറമേ മറ്റ് രണ്ട് ചിത്രങ്ങളും കാംപയിന്‍റെ ഭാഗമായുണ്ട്. ഐപാഡിൽ നോക്കി പല്ലില്ലാത്ത വാ തുറന്ന് പൊട്ടിച്ചിരിക്കുന്ന അമ്മൂമ്മയും, ബുള്ളറ്റിലിരിക്കുന്ന, ബുൾഗാനും കൂളിങ്ങ് ഗ്ളാസും കുഞ്ഞി കുടവയറുമൊക്കെയുള്ള സ്റ്റൈലൻ അപ്പൂപ്പനുമാണ് അതിലെ മോഡലുകൾ!

ഞാനും ഭിക്ഷ യാചിച്ചിട്ടുണ്ട്, ജീവിക്കാന്‍ വേണ്ടി; കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയാകാന്‍ തൃപ്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍