UPDATES

വിപണി/സാമ്പത്തികം

കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനബന്ധങ്ങളില്‍ പൊളിച്ചെഴുത്ത് വേണം: രാമകുമാര്‍

നമുക്ക് നല്ല മാനവവിഭവശേഷിയുണ്ടായിട്ടും അതൊന്നും കേരളത്തില്‍ ഉപയോഗിക്കാനാവുന്നില്ല.

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനബന്ധങ്ങളില്‍ കാതലായ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് പ്ലാനിങ് ബോര്‍ഡംഗം ഡോ. ആര്‍ രാമകുമാര്‍ പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ‘കേരളം: സാമ്പത്തിക മാതൃക’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയില്‍നിന്നുള്ള നേട്ടം കര്‍ഷകന് ലഭ്യമാക്കാനുള്ള സംവിധാനം വേണം. കാല്‍പ്പനിക കാര്‍ഷിക സങ്കല്‍പ്പങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിയണം. കാര്‍ഷിക മേഖലയില്‍ വലിയ നിക്ഷേപങ്ങളുണ്ടാകണം. കൃഷി വ്യവസായികാടിസ്ഥാനത്തില്‍ നടത്തണം. ഗ്രൂപ്പ് ഫാമിങ് പോലുള്ള സംരംഭങ്ങള്‍ തുടരണം.

കൃഷിക്കാരുടെ കൂട്ടായ്മകള്‍ നടത്തുന്ന കാര്‍ഷിക സംരംഭങ്ങളും കൂട്ടുകൃഷി സമ്പ്രദായങ്ങളും പ്രോത്സാഹിപ്പിക്കണം. അവര്‍ക്ക് ഉല്‍പ്പാദനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനാകണം. സ്റ്റാര്‍ട് അപ്പുകള്‍ക്ക് വിവരസാമ്പത്തിക രംഗത്ത് നല്‍കുന്നതുപോലുള്ള പ്രാധാന്യം ഉല്‍പ്പാദനമേഖലയ്ക്കും നല്‍കണം. ഉള്‍നാടന്‍ മത്സ്യക്കൃഷി, പൂക്കൃഷി, പോലുള്ള സൂക്ഷ്മകൃഷികള്‍ വ്യാപിപ്പിക്കണം.

നമ്മുടെ സംസ്ഥാനം ഇപ്പോഴും പൊതുപശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തില്‍ പിന്നോക്കമാണ്. നഗരവല്‍ക്കരണത്തില്‍ വേണ്ടത്ര ദീര്‍ഘവീക്ഷണം ഇപ്പോഴും നമുക്കില്ല. പൊതുഗതാഗത സൗകര്യങ്ങള്‍ വികസിക്കുന്നില്ല. കോസ്‌മോപൊളിറ്റന്‍ സംസ്‌കാരത്തിലേക്ക് ജനം മാറുമ്പോള്‍ അതനുസരിച്ചുള്ള മാറ്റങ്ങള്‍ പൊതുപശ്ചാത്തലത്തിലുമുണ്ടാകേണ്ടതുണ്ട്. നമുക്ക് നല്ല മാനവവിഭവശേഷിയുണ്ടായിട്ടും അതൊന്നും കേരളത്തില്‍ ഉപയോഗിക്കാനാവുന്നില്ല. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയ തോതിലുള്ള അപചയം ഇപ്പോഴുമുണ്ട്. ഈ മേഖലയില്‍ വലിയ പരിഷ്‌കാരങ്ങള്‍ കരിക്കുലത്തിലും പ്രവൃത്തി പരിചയമേഖലയിലും ഉണ്ടായേ പറ്റൂ. അനൗദ്യോഗിക നൈപുണ്യത്തില്‍ നാം വളരെ പിന്നിലാണ്. പ്രചോദിതമായ ഒരു അധ്യാപകസമൂഹത്തെ വാര്‍ത്തെടുക്കാനാകണമെന്നും രാമകുമാര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍