UPDATES

വിപണി/സാമ്പത്തികം

ഖാദി ടാഗ്; 525 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫാബ് ഇന്ത്യക്ക് നോട്ടീസ്

ഖാദി കമ്മീഷന്‍ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്

ഖാദി ടാഗിട്ട് കച്ചവടം നടത്തി, പുലിവാലു പിടിച്ച് ഫാബ് ഇന്ത്യ. പരമ്പരാഗത വസ്ത്രങ്ങളുടെ വിപണനരംഗത്തെ പ്രമുഖരായ ഫാബ് ഇന്ത്യയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് ഖാദി.

ഖാദി&വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ ട്രേഡ് മാര്‍ക്കായ ചര്‍ക്ക ‘അനധികൃതമായി’ ഉപയോഗിക്കുകയും, ഖാദി ടാഗോടു കൂടി ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും ചെയ്തതിനാണ് 525 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.

ചെറുകിട സംരഭക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ് ഖാദി കമ്മീഷന്‍. ജനുവരി 29 നയച്ച നോട്ടീസ് പ്രകാരം ഒരാഴ്ചക്കകം ഫാബ് ഇന്ത്യ മറുപടി നല്‍കേണ്ടതുണ്ടെന്നും അതില്‍ വീഴ്ച വരുത്തുന്ന പക്ഷം തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫാബ് ഇന്ത്യയുടെ ഉത്പന്നങ്ങള്‍ ഖാദി എന്നെഴുതിയ പ്രൈസ് ടാഗോടു കൂടിയാണ് വില്‍ക്കുന്നത്. യന്ത്ര നിര്‍മ്മിതമായ കോട്ടണ്‍ വസ്ത്രങ്ങളെ ഖാദി എന്നെഴുതി വില്‍ക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കലാണെന്ന് ഖാദി കമ്മീഷന്റെ അഭിഭാഷകന്‍ പറഞ്ഞു.

ഖാദി എന്നോ ചര്‍ക്ക എന്നോ ബ്രാന്‍ഡ് ചെയ്തിട്ടുള്ള മുഴുവന്‍ സ്‌റ്റോക്കും കമ്മീഷന്റെ മുമ്പാകെ ഹാജരാക്കി, മൂന്ന് വര്‍ഷത്തെ ചരക്ക് വിവരപ്പട്ടികയും കണക്കുകളും കൈമാറാനും ഫാബ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ നിരുപാധികമായി മാപ്പും പറയണം.

ഈ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും തങ്ങള്‍ യാതൊരു തരത്തിലുള്ള നിയമവിരുദ്ധമായ പ്രവ്യത്തികള്‍ ചെയ്തിട്ടില്ലെന്നും ഫാബ് ഇന്ത്യയുടെ വക്താവ് പറഞ്ഞു. ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും നിലവില്‍ കിട്ടിയ നോട്ടീസിലെ ആരോപണങ്ങള്‍ അമ്പരപ്പിച്ചെന്നും ഇവര്‍ പറയുന്നു.

 

2013 ലെ ഖാദി മാര്‍ക്ക് റെഗുലേഷന്‍ ആക്ട് പ്രകാരം ഖാദി മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരു ഉല്‍പന്നവും ഖാദി എന്ന പേരില്‍ വില്‍ക്കാനാകില്ല. 2015 ല്‍ ഖാദി കമ്മീഷന്‍ ഫാബ് ഇന്ത്യക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇവര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുക പോലും ചെയ്തിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍