UPDATES

വിപണി/സാമ്പത്തികം

ഒയോ റൂംസിന് ഇന്ത്യയിലേക്കാള്‍ പിടി അങ്ങ് ചൈനയിലാണ്

ഇന്ത്യയുള്‍പ്പടെ ദക്ഷിണേഷ്യയില്‍ 1,49,000 മുറികള്‍ മാത്രം മാനേജ് ചെയ്യുന്ന ഒയോ-യ്ക്ക് ചൈനയില്‍ 1,80,000 റൂമുകളുടെ പങ്കാളിത്തമുണ്ട്

ഇന്ത്യയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ പ്രവര്‍ത്തനം ചൈനയില്‍ അതിവേഗം വളരുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യത്ത് തങ്ങളുടെ ആഭ്യന്തരവിപണിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കമ്പനിക്ക് സാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജപ്പാനിലെ ടെക്‌നോളജി സംരംഭമായ സോഫ്റ്റ്ബാങ്കിന്റെ പിന്തുണ ഒയോ റൂമ്‌സിന്റെ വളര്‍ച്ചയ്ക്ക് വേഗത പകരുന്നു.

ഉപയോക്താക്കള്‍ക്ക് ഉചിതമായ നിരക്കില്‍ ആപ്പിലൂടെയും ഓണ്‍ലൈനിലൂടെയും ഹോട്ടല്‍ റൂമുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന സംരംഭത്തിന്റെ ആശയത്തിന് തുടക്കമിട്ടത് റിതേഷ് അഗര്‍വാള്‍ എന്ന യുവ സംരംഭകനാണ്. ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മൂല്യം സെപ്റ്റംബറിലെ അവസാന ഫണ്ടിംഗ് റൗണ്ട് കഴിഞ്ഞപ്പോള്‍ 5.5 ബില്യണ്‍ ഡോളറായാണ് കണക്കാക്കുന്നത്.

നിലവില്‍ ചൈനയില്‍ 1,80,000 റൂമുകള്‍ ഒയോയുടെ പങ്കാളിത്തത്തിലുണ്ടെന്ന് ഒയോ റൂംസ് സിഇഒ റിതേഷ് അഗര്‍വാള്‍ പറഞ്ഞു. സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 87,000 മുറികളില്‍ നിന്ന് രണ്ട് മടങ്ങിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ കമ്പനി ആരംഭിച്ച് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലും ദക്ഷിണേഷ്യയിലുമായി 1,49,000 മുറികള്‍ മാത്രമാണ് ഒയോ മാനേജ് ചെയ്യുന്നത്.

ഇന്ത്യയും ചൈനയും തങ്ങളുടെ ആഭ്യന്തര വിപണികളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ചൈനയിലെ പ്രമുഖ ഹോട്ടല്‍ സംരംഭങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടാന്‍ കമ്പനി കഴിഞ്ഞതായി അഗര്‍വാള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചൈനയില്‍ പ്രവര്‍ത്തനമാരംഭിച്ച ഒയോ റൂംസിന് രാജ്യത്തെ 265 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ഷാങ്ഹായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചൈന ലോഡ്ജിംഗ് ഗ്രൂപ്പിനെ എട്ട് മാസം മുമ്പ് ഒയോ ഏറ്റെടുത്തിരുന്നു.

ചൈനയില്‍ പ്രാദേശികമായി ഒരു നേതൃത്വ സംഘത്തെ വളര്‍ത്തിയെടുക്കാനും ഒയോ ശ്രമിക്കുന്നുണ്ട്. വന്‍കിട ടെക് കമ്പനികളില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ കമ്പനിയിലേക്കെത്തിക്കുകയും ഒയോ ചെയ്യുന്നുണ്ട്. വില്‍സണ്‍ ലിയെ ചൈനയിലെ പ്രവര്‍ത്തനങ്ങളുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഒഫീസറായി(സിഎഫ്ഒ) നിയമിച്ചിട്ടുണ്ട്. ഒയോയിലെത്തുന്നതിന് മുമ്പ് കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന കാര്‍ ഇന്‍കിന്റെ പ്രവര്‍ത്തന, സാമ്പത്തിക വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. ടെക്‌നോളജി മേധാവിയായി ഗൂഗിള്‍, യുബര്‍ ഉദ്യോഗസ്ഥനായിരുന്ന ജിയാ സുവിനെയും, ചീഫ് എച്ച് ആര്‍ ഓഫിസറായി ടോണി ലിയാംഗിനെയും നിയമിച്ചു.

ഉയര്‍ന്ന മൂല്യമുള്ള സംരംഭങ്ങളില്‍ പ്രവൃത്തിച്ച് അനുഭവസമ്പത്ത് കരസ്ഥമാക്കിയ ഉദ്യോഗസ്ഥര്‍ കമ്പനിക്കൊരു മുതല്‍ക്കൂട്ടായിരിക്കുമെന്നും കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുമെന്നും അഗര്‍വാള്‍ പ്രതീക്ഷിക്കുന്നു. ഈ മാസം ആദ്യം ഇന്‍ഡിഗോ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷിനെ ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗം ചീഫ് എക്‌സിക്യുട്ടിവായി നിയമിച്ചിരുന്നു. നിലവില്‍ ഒയോക്ക് ചൈനയില്‍ 5,500 മുഴുവന്‍ സമയം ജോലിക്കാരും കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 60,000ഓളം ജോലിക്കാരും ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍